'പ്രായം കൂടുന്തോറും പ്രണയത്തിന്റെ വീര്യം കൂടുമെന്നതിന് ഉദാഹരണമാണ് അവർ...'
Mail This Article
ഉപ്പയെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും ജീവിതത്തിൽ ഇല്ല എന്ന സത്യം ഇവിടെ കുറിക്കുമ്പോൾ മനസ്സിൽ തങ്ങി നിൽക്കുന്ന വേർപാടിന്റെ നൊമ്പരം നികത്താനാവാത്ത ശൂന്യതയുടെ ആഴിയില്‍ കണ്ണീർ കണങ്ങളായി പതിയുകയാണ്, പിന്നിട്ട വഴിയിലെ ഉപ്പയോടൊത്തുള്ള മനോഹരമായ കാൽപ്പാടുകളാണ് മുന്നോട്ടുള്ള പ്രയാണത്തിൽ എനിക്ക് വഴി വിളക്കാവുന്നത്. പ്രവാസ ജീവിതത്തിലെ എണ്ണപ്പെട്ട ദിവസങ്ങളിൽ കൂടെ നടന്ന് ഒരുപാട് സ്നേഹം തന്ന് ലോകത്തിന്റെ കിതപ്പും കുതിപ്പും പരിചയപ്പെടുത്തി ഒരിക്കൽ പോലും ശാസിക്കാതെ ലാളിച്ചു വളർത്തിയ ഉപ്പ... കൂടെ നിന്നപ്പോള്‍ സമ്മാനിച്ച നന്മയുടെ നേർചിത്രങ്ങൾ വർണ്ണ മേഘങ്ങളായി മാറുമ്പോൾ അതിൽ നിന്നും വീഴുന്ന മഴത്തുള്ളികൾ മനസ്സിൽ എവിടെയോ മൃദുവായി സ്പർശിക്കുന്നു. ആ സുഖത്തിന്റെ സൗരഭ്യം ആണ് എന്റെ യാത്രാവഴികളിൽ എനിക്ക് കൂട്ടിനെത്തുന്നത്.
ഉപ്പ കൊണ്ട വെയിലിന്റെ ബാക്കിയാണ് ഞാനെന്ന തിരിച്ചറിവിന്റെ വക്കത്ത് അറിയാത്ത തീരങ്ങൾ തേടിയുള്ള നിശ്ചയം ഇല്ലാത്ത എൻ യാത്ര. ജീവിത വരൾച്ചയുടെ ചൂടിൽ ഉപ്പ എനിക്കെന്നും ആശ്വാസത്തിന്റെ തണൽമരമായിരുന്നു. ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ഉപ്പ യാത്രയായപ്പോൾ ഓർമ്മ വച്ച നാൾ മുതൽ ഒന്നിച്ചു കളിച്ചതും ചിരിച്ചതും സ്നേഹം പങ്കിട്ടതും എല്ലാം ഒന്നൊഴിയാതെ ഒരു വെള്ളപ്പാച്ചിലായി മനസ്സിലെത്തിയത് ഒരു കവിതയായി ഇന്നും ഒഴുകുന്ന പോലെ. ഉപ്പയും ഉമ്മയും തമ്മിലുള്ള പ്രണയാർദ്ര നിമിഷങ്ങൾ സുന്ദരമാക്കാന്‍ ഏറെ കാത്തിരിപ്പിനുശേഷം ഉപ്പയുടെ അധ്വാനത്തിൽ പിറന്ന വീട് വേണ്ടിവന്നു. പരസ്പരം സംസാരിക്കാനും എന്തിന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും വരെ വിലക്കുള്ള ആ വീട്ടിൽ ഉമ്മ പിടിച്ചു നിന്നത് ഉപ്പയുടെ സ്നേഹത്തിനു മുമ്പിലായിരുന്നു. പ്രായം കൂടുന്തോറും പ്രണയത്തിന്റെ വീര്യം കൂടുമെന്ന് പണ്ടേതോ കവി പറഞ്ഞത് അവർ തമ്മിലുള്ള കെമിസ്ട്രിയിൽ കറക്റ്റ് ആയിരുന്നു.
അനന്തതയിലെവിടെയോ ആ വാത്സല്യത്തിന്റെ മുഖവും സ്നേഹത്തിന്റെ പുഞ്ചിരിയും എന്നെ മാടി വിളിക്കും പോലെ.. പച്ചിലചാർത്തിൽ നിന്നിറ്റു വീഴുന്ന മഞ്ഞുതുള്ളികൾ പഴയ ഓർമ്മകൾക്ക് തിളക്കമേകി ഒരു സ്നേഹസാഗരം തീർക്കുന്നതുപോലെ.. ഉപ്പയോടൊത്തുള്ള അനുഭവത്തിന്റെ കുളിർ കാറ്റ് നൽകുന്ന സുഖത്തിന് മനസ്സ് നിറയെ പ്രാർഥനകൾ മാത്രം. ഒരിക്കലും നികത്താനാവാത്ത വിധം നഷ്ടപ്പെട്ട തണൽമരം.. ഉപ്പയുടെ ബർസഖീ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി കൊടുക്കുമാറാകട്ടെ.. ആമീൻ.