വിവാഹ മോചിത – ഷഹല മേലാറ്റൂർ എഴുതിയ കവിത
Mail This Article
പാറി നടന്നൊരു പൂമ്പാറ്റയായിരുന്നു ഞാൻ
പ്രായമായെന്ന് പറഞ്ഞൊരു താലിയിട്ട് തന്നു
പിന്നെ പറക്കാൻ ആകാശമില്ലാതെയായി
പുകയും പാത്രങ്ങളും മാത്രമായി കൂട്ടിന്
പരാതിയൊന്നും പറയാൻ തുനിഞ്ഞില്ല
പഠിപ്പ് മുടക്കരുതെന്നൊരാശ മാത്രം പറഞ്ഞു
പടപൊരുതി നേടിയെടുത്തു അനുവാദം
പണിയൊരുക്കി പോകണമെന്ന നിർദേശത്തിൽ
പരിചയമില്ലാത്തൊരീ പാചകക്കാരിക്ക്
പരിഹാസങ്ങളേറെയേറ്റേണ്ടി വന്നു
പഴികളേറെ പറഞ്ഞെന്റെ ഉമ്മയെയും
പണി പഠിപ്പിക്കാത്തത് തെറ്റാണത്രേ
പത്നിയായ് വാഴുന്നവളുടെ കവിളുകൾ
പതി അടിച്ചു വീങ്ങിയത് കണ്ടിട്ടും
പഴിയൊന്നും പറഞ്ഞില്ലയെങ്കിലും
പ്രോത്സാഹനം കുറച്ചതുമില്ലാ വീട്ടുകാർ
പരിഭവമേതുമില്ലാതെയാ പദവിയിൽ തുടരവേ,
പാതിയായവന്റെ പരസ്ത്രീബന്ധം അറിഞ്ഞു
പറയാനുള്ള മറുപടിയെന്തെന്നാരാഞ്ഞു
പോരായ്മകളുണ്ടെനിക്ക്, സുന്ദരിയല്ല ഞാനെന്നും
പിന്നെപ്പിന്നെ ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെ
പലപ്പോഴായെന്റെ തൂലികത്തുമ്പിൽ തൂങ്ങിമരിച്ചു
പറയാതെ വെച്ചതൊക്കെ ഞാനൊരിക്കലന്ന്
പൊട്ടിക്കരഞ്ഞു എന്താ നിനക്കെന്ന ചോദ്യത്തിൽ
പിന്നെയാ വേഷങ്ങളൂരി വെച്ചു
പിറകെ പരിതാപ പ്രകടന പ്രവാഹങ്ങൾ
പലർക്കും മുഖം കൊടുക്കാതെയായി
പിന്മാറി നിന്നു പരിപാടികൾക്കൊക്കെയും
പതിയെ ഞാൻ ഞാനല്ലാതെയായി
പരിഭവം കാണിച്ചു പലരുമെന്റെ മൗനത്തിൽ
പടച്ചോന്റെ വിധിയെന്ന നെടുവീർപ്പുകൾക്കുള്ളിൽ
പൂട്ടിയിട്ടതെന്തിനെന്നാരോട് ചോദിക്കണം?