ADVERTISEMENT

എട മാനേ.. എളകട.... നീ... വള്ളമെല്ലാം തള്ളി പോണ്ട്രാ ഡേയ് എളകടാ.. കർമ്മല മാതാവ് എന്ന വള്ളത്തിന്റെ വലക്കാനെ അപ്പൻ വിളിക്കണ വിളിയാണ്. വെള്ളക്ക് തൊടങ്ങിയ വിളിയാണ്. മൂന്നു മണി മൊതല് വിളിക്കേണ് മകനിക്കാണെങ്കി അനക്കോമില്ല. പൊറത്ത് ചീവീടുക്ക ചെത്തം ഒച്ചത്തി കേക്കാം.. അടുത്തൊള്ള ചെറ്റക്കുടിലീന്നെല്ലാം വള്ളക്കാര് കടലി പോണ ഒരുക്കത്തുക്ക ചെത്തം കേക്കാം. വെള്ളക്ക് ആയോണ്ട് പയ്യെപ്പറഞ്ഞാലും ഒച്ചത്തി കേക്കും.. തൊട്ടപ്പുറത്ത് ചെറ്റ പാകിയ ചായക്കടേല തട്ടിക്ക താഴെ ബെഞ്ചില് മൊത്തം നെരന്നിരുന്ന് വള്ളക്കാര് പെയ്ത്ത് പറയണ്.. കൂട്ടത്തി കൊറേ പള്ളുവിളീമൊണ്ട്... കാപ്പിപ്പാര് പതിന്നാലു പാവത്ത് മീനൊണ്ട്, കെളമീനൊണ്ട്, വെള്ളം തെളിവുണ്ട്, പടിഞ്ഞാറ് പെശിരുണ്ട്, കരനേര് ചൊറിയുണ്ട്... പിന്നൊരു കൂട്ടര്, അഞ്ചാറാള് കാണും.. അടുത്ത ബെഞ്ചുക്ക പൊറത്തിരുന്ന് ആറ് ചായക്ക് പറയുന്നു. ദവന്മാരും പെയ്ത്ത് പറയാൻ തൊടങ്ങിയ.. മുണ്ടാക്കല്ല് തൂക്ക് ചാളയൊണ്ട്, പടിഞ്ഞാട്ട് നുവലയ്ക്ക് അയിലയൊണ്ട്, അമ്മനട തൂക്ക് കൊഞ്ചു പട്ടാ, തനിപ്പാരുക്ക പറ്റെ കൊഴുചാളയൊണ്ട്..... അങ്ങനെയങ്ങനെ മീൻ എവിടെയെല്ലാം പട്ടു എന്നൊക്ക പറഞ്ഞു പലരും പലവഴിക്ക് വള്ളം തള്ളി വിടാനുള്ള പെരളിയിലാണ്. വള്ളക്കാരങ്ങനാ.... മീന്റെ പൊറക്കിനെ കരേലിരുന്ന് മനസ്സ് പായിക്കണ പണിയാണ് പെയ്ത്ത് പറച്ചില്... 

സെയിന്റ് അൽഫോൺസ എന്ന വള്ളത്തില മൂന്ന് പണിക്കാരും അടവ് ചെക്കനുമായിട്ട് വലക്കൊട്ടേം എണ്ണയും കന്നാസും വെളക്കും എല്ലാം തൂക്കി താപ്പോട്ട് പോയാ.. ചെന്നപാട് മൊത്തം വള്ളത്തി വെച്ച് മാലുക്ക പൊറത്ത് കെടന്ന ചാള വല മാറ്റി നുവല വല പൊറക്കി വച്ചാ... സെയിന്റ് അൽഫോൺസ വള്ളം എറക്കിവിട്ടാ. അതേണക്ക് പത്താണം വള്ളം നുവലക്ക് പടിഞ്ഞാട്ട് തള്ളിവിട്ടാ... വള്ളത്തിലൊക്ക പുതിയ ആളന്മാരാണ് തണ്ട് വലിക്കാനൊള്ളത്. അപ്പ നേരം വെളുപ്പിന നാല് മണിക്ക അകത്തെ ആകത്തൊള്ള. അപ്പഴും കെളവൻ മകനെ എണീപ്പിക്കാൻ വിളിച്ചോണ്ടിരുന്ന....ട്ടേ.. “എട മാനേ.... വെക്കം എളകട.... നീ..... വള്ളമെല്ലാം തള്ളി പോണ്ട്രാ... നമ്മ നേര് മൊത്തം വള്ളോം തള്ളി വിട്ടാടാ... നീ ഒന്നെളകടാ മകനേ. നമ്മ ഏനം മാത്രം കരേലിരിക്കണ്ടറാ... എട മാനേ.... വെക്കം എളകട.... നീ.....” കെളവൻ വീണ്ടും അരട്ടിക്കൊണ്ടിരുന്നു. കൊറേ നേരം മുണ്ടിക്കോണ്ടിരുന്ന കെളവനിക്ക വർത്താനം കേട്ട മകൻ ഒന്നുമുരണ്ടു “അപ്പാ... ഇച്ചി കഴിയട്ടപ്പാ” അപ്പത്തന്നെ കെളവിയും എണീച്ചു വന്നാ.... എടാ മകനെ എണീക്കടാ വെള്ളക്ക് മൂന്ന് മണി മൊതല് വിളിക്കയല്ലേ. എണീരാ.. മകനപ്പോഴും പാതിമയക്കത്തിലാണ്... മണിയഞ്ചായി.... താഴെ കടപ്പുറത്ത് കോടി തൂക്ക് മൊതല് അങ്ങ് താന്നിപ്പാര് വരെയൊള്ള വള്ളം മൊത്തൊമെ തള്ളി പടിഞ്ഞാട്ട് പോയി കഴിഞ്ഞാ... 

അപ്പൻ പിന്നേം “എടാ മകനെ വല്ലോം കിട്ടണേങ്കി എണീരാ നീ.. എല്ലാ വള്ളോം തള്ളിപ്പോയാടാ മകനെ... മകനിക്ക അനക്കം കാണാത്തതുക്ക് കെളവിക്ക മറുപടി വന്നാ. അവനിപ്പ എണീക്കും.. അല്ലേലും അമ്മമാരിക്ക് മക്കേനെ വെക്കം പുടി കിട്ടേലെ. മകനിക്ക കൂട “കർമ്മല മാതാവ്” എന്ന വള്ളത്തി പോണ്ട പണിക്കാര് കടക്ക മുമ്പില് കട്ടൻ ബീഡീം വലിച്ച് ഒറ്റച്ചായേം കുടിച്ച് കാത്തിരിക്കണ്.... വലക്കാരൻ വന്നാലേ വള്ളം എറക്കത്തൊള്ള... വലക്കാരൻ അല്ലെങ്കിൽ തലയാളി, അന്നൊക്ക അവര് പറയണതാണ് നെയമം. ബാക്കിയൊള്ളോന്മാര് ഒറ്റയെണ്ണം അങ്ങോട്ടുമിങ്ങോട്ടും ചലിക്കേല. അഞ്ചര മണിയായപ്പ വലക്കാരൻ എണീറ്റ...ട്ടേ.. എണീറ്റയൊടനെ മൊകം കഴുകി ഒരു ഒറ്റച്ചായ കുടിക്കും. അതാണ് പഴക്കം. തലപ്പാക്കെട്ടീന്ന് ഒരു ബീഡിയെടുത്ത് പൊകച്ചു. കൂട പണിക്ക് പോണ്ടോര് പിറുപിറുത്തു തൊടങ്ങിയ... “ഇന്ന് വല്ലോം കിട്ടുമായിട്ട് തന്നേ... നാമ പട്ടിണി തന്നെ. എല്ലാ വള്ളോം പടിഞ്ഞാട്ട് അയിലക്ക് പോയ പോല്. പിറുപിറുപ്പുകളുടെ ആക്കം കൂടി വന്നു. ഇപ്പ തള്ളി വിട്ടാലും ഒരു നേരമെടുക്കും മീൻ കടലീ ചെന്ന് പറ്റാൻ. നാമ ചെന്ന് പട്ടാലും മീൻ പട തീരേലേ... നമ്മ വലക്കാനിക്കേ...... ഇച്ചി നേരത്തെ എണീച്ചൂടെ... 

വലക്കാരൻ രണ്ടാമത്തെ ഒറ്റച്ചായക്ക് പറഞ്ഞു. ഒരു ബീഡി കൂടെ പൊകച്ചു. ചായക്കടയുടെ തട്ടിയിൽ തട്ടാതെ നോട്ടം മൊകളിലേക്ക് പായിച്ചു. മാനത്തോട്ട് നോക്കി കപ്പല് വെള്ളീം കുരിശു വെള്ളീം മേഗോം കാറ്റുമെല്ലാം നോക്കീട്ട് പയ്യെ വീട്ടിക്കയറി കടമുണ്ടെടുത്ത് കടച്ചട്ടേമിട്ട് രണ്ട് കെട്ട് ബീഡീം തിരുകി വലക്കാരൻ വീട്ടിന്നെറങ്ങി. വലക്കാരൻ പണിക്കാരോട്: “വാടാ വള്ളമെറക്കാം.” പണിക്കാരുക്ക മറുപടി: ഏയ് അച്ഛാ. നാമ ഇപ്പൊ വള്ളമെറക്കിയാ മീൻകടലിലെത്തുമേ. ഉള്ളേപ്പണിയല്ലേ. വലക്കാരൻ പണിക്കാരോട്: നുവലക്ക വല മാറ്റി പരവക്ക വലയെടുത്ത് വയ്യടാ. പണിക്കാര് സംശയത്തോടെ “പരവക്ക വലയേ?. അതെന്തൊത്തുക്കാ” പണി പടിഞ്ഞാട്ടല്ലേ... വലക്കാരൻ: “പറഞ്ഞത് കേള്. എന്നിട്ട് വള്ളം തള്ളി വിട്. ലൈറ്റോസ് തൂക്ക് കരമാറ് ആറ് പാവം പരുവത്തില് പണുക്ക പറ്റെ തണ്ടുവലിച്ചു വിട്.. 

നേരം വെളുപ്പിനെ ആറ് മണിയായി... വലക്കാരൻ പറഞ്ഞണക്ക് ആറ് മാറില് പണുക്ക പറ്റെ കല്ലുക്ക എടേല് പാരില് വല പെടാതെ കറക്കി കറക്കി ഒരു പരുവത്തിന് ഒരു മീൻ പിടിത്തമൊണ്ട്... അതൊരൊന്നൊന്നൊര പിടിത്തമാണ്. വർഷകാലത്ത് പറ്റേല. കടലടിയില് പെട്ട് പോവും. പരവക്ക വല നീട്ടി വള്ളം നെറയെ നാലടുത്ത് വലിച്ചു വെച്ച് വലക്കാരൻ ഒച്ചത്തിപ്പറഞ്ഞു. “തണ്ടു വലിയടാ കരക്കട്ട്” പടിഞ്ഞാട്ട് പോയ സെയിന്റ് അൽഫോൺസക്ക കൂട ഒള്ള മറ്റേ വള്ളമെല്ലാം കാക്കാശിന് വകയില്ലാതെ കരക്കടുപ്പിച്ചപ്പം നമ്മ കർമ്മല മാതാവ് വള്ളം നെറമ്പിച്ചിരുന്ന പരവ വിറ്റ് കാശാക്കി... ചെല മരക്കാന്മാരങ്ങനാ... മാനോം, വെള്ളീം, കാറ്റും, ഒഴുക്കും, മേഗോം നോക്കി വള്ളമെറക്കും, വലവീശും, മീനും പിടിക്കും.... ചെല മരക്കാന്മാര് മാത്രം... എല്ലാണോം പോണ കടലീ അവങ്ങ പോഗേല... അന്ന് വേളാക്കടപ്പറമാകെ ഇതന്നെ പറച്ചില്. നമ്മ വലക്കാരൻ കൊണ്ട് വന്ന പരവയുടെ കഥ.... കടപ്പറത്ത് ഇപ്പഴും പറയും ഇതണക്കുള്ള കഥകള്... കഥകള് തീരണില്ലാലെ... തീരേലാലെ....

English Summary:

Malayalam Short Story ' Chela Marakkanmar ' Written by Jerson Sebastian

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com