ADVERTISEMENT

മുറ്റത്ത്, പടിഞ്ഞാറേ അതിരിൽ ഒരു മൂവാണ്ടൻ മാവുണ്ട്. നട്ടുവളർത്തിയതൊന്നുമല്ല.. സ്വയംഭൂവാണ്. പണ്ടെങ്ങോ ഉമ്മറത്തിരുന്നു മാങ്ങതിന്നതിനു ശേഷം മുറ്റത്തേക്ക് വലിച്ചെറിഞ്ഞ മാങ്ങാണ്ടി ഞങ്ങളുടെ വീട് വിട്ടുപോകാൻ മടികാണിച്ചതിന്റെ ഫലമായി ഉണ്ടായത്. അതങ്ങനെ ഗ്രഹണി പിടിച്ച പിള്ളേരെപ്പോലെ വിളറിവളർന്നു. തൊട്ടടുത്തുള്ള തെങ്ങിന് നനക്കുമ്പോൾ മാത്രം കിട്ടുന്ന വെള്ളം വലിച്ചെടുത്ത് ജീവൻനിലനിർത്തി എന്നുവേണം കരുതാൻ. ഇടയ്ക്കെപ്പോഴോ അമ്മയുടെ ശ്രദ്ധ ആ മൂവാണ്ടനിലും പടർന്നു.

വെള്ളവും വളവും ആവോളം ലഭിച്ചു എങ്കിലും ചെറുപ്പത്തിൽ പട്ടിണി ആയതുകൊണ്ട് അവനങ്ങനെ വിളറി തന്നെ നിന്നു. അഞ്ചാറ് വർഷം കഴിഞ്ഞപ്പോൾ ഒരു ഫെബ്രുവരി ചുറ്റുപാടുള്ള മാവുകൾ ഒക്കെ പൂത്തു കായ്ച്ചു. ലവൻമാത്രം ശുഷ്കിച്ച ശരീരവും കാണിച്ചങ്ങനെ നിൽപ്പ് തുടർന്നു. വിഷുവിന് പറമ്പ് ചെത്തി വൃത്തിയാക്കാൻ വന്ന സുകുവേട്ടൻ ''ദേവേട്ടാ... ഈ മാത്തയ്യ് വെട്ടിയാലോ?'' ''ആ ഞാൻ കുറെ ദിവസായി ആലോചിക്കാണ് അതങ്ട് വെട്ടിയാലോ ന്ന്'' അച്ഛന്റെ മറുപടി. ''വേണ്ട അടുത്തകൊല്ലാവട്ടെ പൂക്കുന്നുണ്ടോന്ന് നോക്കാം എന്നിട്ട് തീരുമാനിക്കാം'' അച്ഛൻ വീണ്ടും പറഞ്ഞു.

അങ്ങനെ അത്തവണ അവന് ജീവിതം നീട്ടിക്കിട്ടി. എന്നിട്ടും വല്ലകാര്യവുമുണ്ടോ? കക്ഷി പഴയപോലെതന്നെ.. നൂലൻവാസു. അങ്ങനെയിരിക്കെ ഒരു ഓണക്കാലത്ത് വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു അച്ഛനുമമ്മയും. കൊത്തിയും കിളച്ചും അവർ നൂലൻവാസുന്റെ അടുത്തെത്തി. ''രാധേ... ആ വെട്ടുകത്തി ഇങ്ങോട്ടെടുത്തെ.. ഞാനീ മാത്തയ്യ് വെട്ടാൻ പോവാ'' ''ഉം? അതെന്താ ഇങ്ങടെ നെഞ്ചത്താ നിക്കണ്?'' ഒറ്റ ചോദ്യം ഒപ്പം രൂക്ഷമായ ഒരു നോട്ടവും. ''അതുമ്മെ മാങ്ങ ഉണ്ടാവാൻ ഒരു പ്രായം ഉണ്ട് അതായാൽ ഉണ്ടായിക്കോളും വെട്ടിക്കളയാൻ വേഗം പറ്റും ഒരെണ്ണം വളർത്തീണ്ടാക്കാനാണ് പാട്''

അങ്കണതൈമാവിൽനിന്നാ-

ദ്യത്തെ പഴം വീഴ്‌കെ 

അച്ഛന്റെ നേത്രത്തിൽനിന്നുതിർന്നു 

ചുടുകണ്ണീർ...

ഗ്രഹിണിപിടിച്ച ആ നൂലൻവാസു കായ്ക്കുന്നത് കാത്ത് നിൽക്കാതെ അമ്മ പോയി. 2019 മെയ് 9 ഭൂമിയിൽ അമ്മയുടെ അവസാനദിവസം. ഡയാലിസിസിന്റെ ക്ഷീണം വകവെക്കാതെ അമ്മ അന്ന് മുറ്റത്തെ എല്ലാ ചെടികൾക്കും മരങ്ങൾക്കും വെള്ളമൊഴിച്ചു. എല്ലാവരോടും യാത്രപറഞ്ഞ് വൈകുന്നേരം പടിയിറങ്ങി. പിറ്റേക്കൊല്ലം മുതൽ നൂലൻവാസു കായ്ക്കാൻ തുടങ്ങി. ''ഡാ നൂലാ ഞാൻ ഉള്ള കാലം വരെ മാത്രേ എനിക്ക് നിന്നെ സംരക്ഷിക്കാൻ പറ്റൂ എന്റെ കാലം കഴിഞ്ഞാൽ നിന്റെ കാര്യം പോക്കാണ്. മര്യാദക്ക് പൂവിട്ടോ ട്ടാ!!'' അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ടാവുമോ?! 2024 ലെ മാമ്പഴക്കാലം.. ഈ ഗ്രഹിണി പിടിച്ചോൻമാത്രം പൂത്തുലഞ്ഞുനിൽക്കുന്നു.

English Summary:

Malayalam Short Story ' Noolanvasu ' Written by Manoj Abheri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com