ADVERTISEMENT

അധ്യായം: നാല്

ചാത്തുക്കുട്ടിക്ക് സ്വന്തമായി വീടോ നാടോ ഉള്ളതായി ആർക്കുമറിയില്ല. കാടാണവന്റെ താവളം. ഏത് കാട്, എവിടുത്തെ കാട് എന്നൊന്നും ചോദിക്കരുത്. കുറ്റിക്കാട് മുതൽ കൊടുംകാട് വരെയുള്ള ഏത് കാടും അവന്‍ താവളമാക്കും. ഏറിയാൽ രണ്ടോ മൂന്നോ ആഴ്ച മാത്രമേ ഒരു കാട്ടിൽ നിൽക്കുകയുള്ളു. ഒരു മരഞ്ചാടിയെപ്പോലെ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് അതിവേഗതയിൽ സഞ്ചരിക്കാൻ ചാത്തുക്കുട്ടിക്ക് പ്രത്യേക കഴിവാണ്. ആകാശം മുട്ടെ വളർന്ന മരത്തിന്റെ, നീണ്ടു നീണ്ടു പോയ ശിഖരത്തിലൂടെ കാൽവിരലുകൾ മാത്രം ഉപയോഗിച്ച്, സന്തുലനം ചെയ്ത് വേഗത്തിലോടിമറയുന്ന ചാത്തുക്കുട്ടിയെ അത്ഭുതത്തോടെയാണ് സംഘാംഗങ്ങൾ പോലും നോക്കിക്കണ്ടത്. ഏതെങ്കിലും ഒരു കാട്ടിൽ അവനും സംഘവും എത്തിച്ചേർന്നെന്നറിഞ്ഞാൽ, ആ കാടിനു ചുറ്റുമുള്ള നാട്ടിലെ ആൾക്കാർക്ക് പിന്നീടുള്ള രാത്രികൾ ഉറക്കമില്ലാത്തതാകും.

സന്ധ്യ മയങ്ങിയാൽ ഏതിടത്തും ഏത് സമയത്തും ഒരു മാന്ത്രികനെ പോലെ അവൻ പ്രത്യക്ഷപ്പെടും. പൊന്നും പെണ്ണുമാണവന്റെ മോഹവലയം. തറവാടുകളിലും പുതുപണക്കാരന്റെ മാളികകളിലും സമർഥമായി സൂക്ഷിച്ചുവെച്ച പൊന്നും പണവും ഒരു ഈച്ച പോലും അറിയാതെ കടത്തിക്കൊണ്ടു പോകും. അസാമാന്യ മെയ് വഴക്കമുള്ളതിനാൽ, തന്നെ എതിർക്കാൻ വരുന്നവരെ നിഷ്പ്രയാസം കീഴ്പെടുത്താൻ ചാത്തുക്കുട്ടിക്ക് അധികനേരം വേണ്ടിയിരുന്നില്ല. ഞൊടിയിടയിൽ മർമ്മസ്ഥാനം നോക്കി ഒറ്റ കുത്ത്. കത്തി തിരിച്ച് വലിച്ചൂരുമ്പോഴേക്കും ഏത് കൊലകൊമ്പനും ചെറിയ പിടച്ചിലോടെ താഴെ വീഴും. അവസാനത്തെ പിടച്ചിലിൽ ശ്വാസം പാതിയിൽ മുറിയും. എത്രപേരെ കൊന്നുതള്ളിയെന്ന് ചാത്തുക്കുട്ടിക്കുപോലും നിശ്ചയമില്ല.

സുന്ദരികളെ തേടിയാണവൻ കുടിലുകളിൽ പ്രത്യക്ഷപ്പെടാറ്. ഒറ്റ ചവിട്ടിന് പൊട്ടിത്തെറിക്കുന്ന വാതിലിൻ വിടവിലൂടെ ഒരു വഷളച്ചിരിയുമായി ചാത്തുക്കുട്ടി മുന്നിൽ നിറയുമ്പോൾ ആരായാലും പാതി ജീവൻ വഴിയോര ചുഴലി പോലെ പറന്നകലും. പെൺകുട്ടികൾ പലരും കണ്ടമാത്രയിൽ ബോധംകെട്ട് താഴെ വീഴും. ആർത്തലച്ച് കരയുന്ന കുടിലിലേക്ക് അയൽക്കാരാരും സഹായത്തിനായി ഓടി ചെല്ലാറില്ല. കാരണം ഒറ്റക്കുത്തിന്റെ പിടച്ചിലിന്റെ കഥ നാടായ നാടു മുഴുവൻ പാട്ടാണ്. അപ്പുറത്തെ കുടിലിൽ നിന്നും ഉള്ളുലയ്ക്കുന്ന നിലവിളി കാറ്റിലൊരു മൃത്യുഗീതമായി പടരുമ്പോൾ ഇപ്പുറത്തെ കുടിലിലെയാൾക്കാർ കതകടച്ച് എണ്ണവിളക്കൂതി നിശബ്ദതയുടെ കരിമ്പട കൂട്ടിനുള്ളിൽ പേടിയോടെ പതിയിരിക്കും.


മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

കൊമ്പൻ കയറിയിറങ്ങിയ കരിമ്പിൻ കാടുപോലെ ചാത്തുക്കുട്ടി കയറിയിറങ്ങിയ കുടുംബം ഒടിഞ്ഞും ചതഞ്ഞും വാടിപോകും. ഒരിക്കൽ മുള്ളൻകൊല്ലി കുന്നിലെ കൊടുങ്കാട്ടിൽ ചാത്തുക്കുട്ടിയും സംഘവും എത്തിച്ചേർന്നു. മുള്ളൻകൊല്ലി കുന്നിന്റെ കിഴക്കെ താഴ്‌വാരത്തില്‍ നിറഞ്ഞൊഴുകുന്ന മുള്ളൻപുഴയാണ്. വടക്ക് പടിഞ്ഞാറ് മുഴുവൻ കൊക്കർണി വയൽ പരന്നു കിടക്കുന്നു. പാടത്തിനപ്പുറമുള്ള വിശാലമായ പ്രദേശം കോലേരി നാട്. കോലേരി നാടിന്റെ കോലധികാരി കോവാലൻ തിരുവുള്ളന്റെ അറിവോ സമ്മതമോയില്ലാതെ അന്നാട്ടിൽ ഒരു ഈച്ച പോലും പറക്കുകയില്ല എന്നാണ് ചൊല്ല്. പരിശീലനം ലഭിച്ച പത്ത് നൂറ്റമ്പത് നായർ പടയാളികൾ കൂടാതെ മെയ് കരുത്തുള്ള അതിലേറെ കിടാത്തന്മാർ തിരുവുള്ളന്റെ ആജ്ഞ അനുസരിക്കാൻ സദാ ജാഗരൂകരായി നിന്നു. അങ്ങനെ കോലേരി നാട്ടിലെ നാട്ടുപ്രമാണിയായി തിരുവുള്ളൻ തേർവാഴ്ച നടത്തിക്കൊണ്ടിരുന്ന കാലത്താണ് ചാത്തുക്കുട്ടി മുള്ളൻകൊല്ലി കാട്ടിൽ താവളമുറപ്പിച്ചത്.

ചാത്തുക്കുട്ടി മുള്ളൻക്കൊല്ലിയിൽ എത്തി മണിക്കൂറുകൾക്കകം തന്നെ കോലേരി തറവാട്ടിൽ വിവരം എത്തി. കോലേരി തറവാടിന്റെ സുരക്ഷ വർധിപ്പിക്കാനായി നായര്‍ പടയാളികളെ മുഴുവനും പല ഭാഗങ്ങളിലായി വിന്യസിച്ചു. കാളക്കൂറ്റന്മാരെ പോലെ മെയ്ക്കരുത്തുള്ള കിടാത്തന്മാർ കോലേരി നാട്ടിലെ വിവിധ സ്ഥലങ്ങളിൽ റോന്ത് ചുറ്റി. തറവാട്ടിലെ സ്ത്രീകൾ ധരിച്ചിരുന്ന സ്വർണ്ണ പണ്ടങ്ങൾ അഴിച്ചെടുത്ത് പാരമ്പര്യമായി കിട്ടിയ പണ്ടങ്ങളോടൊപ്പം നിലവറയിലെ രഹസ്യ അറയിലേക്ക് മാറ്റി. രാത്രി പകലെന്ന ഭേദമില്ലാതെ കോലേരി തറവാടിനു ചുറ്റുമുള്ള ഓരോ ചലനവും നിരീക്ഷിക്കപ്പെട്ടു.

ചാത്തുക്കുട്ടിയുടെ കൊള്ളയിൽ നിന്ന് കോലേരി തറവാടിനെ സംരക്ഷിക്കുകയെന്നതിനപ്പുറം ചാത്തുക്കുട്ടിയെ ജീവനോടെ പിടിച്ചുകെട്ടി ദേശവാഴിക്ക് മുന്നിൽ എത്തിച്ചു കൊടുക്കുകയെന്ന നിഗൂഢലക്ഷ്യവും തിരുവുള്ളനുണ്ടായിരുന്നു. അതുവഴി ലഭിക്കുന്ന പേരും പ്രശസ്തിയും സമ്മാനങ്ങളും തിരുവുള്ളനെ അങ്ങേയറ്റം ഭ്രമിപ്പിച്ചുകൊണ്ടിരുന്നു. മൂന്നു പകലും മൂന്ന് രാത്രിയും മുള്ളൻകൊല്ലി കാടിനു ചുറ്റും കോലേരി നാട്ടിലും തിരുവുള്ളന്റെ ആജ്ഞാനുവർത്തികൾ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ടും ചാത്തുക്കുട്ടിയുടെ നിഴൽപോലും കണ്ടെത്താനായില്ല. പക്ഷേ, നാലാം ദിവസം നേരം പുലർന്നത് ഞെട്ടിക്കുന്ന വാർത്തയുമായിട്ടായിരുന്നു. നിലവറ വാതിലിനു മുന്നിൽ കൈതോല പായയിൽ കാവൽ കിടന്ന തിരുവുള്ളനെ രക്തത്തിൽ കുളിച്ച നിലയിൽ മരിച്ചു കിടക്കുന്നതാണ് കുടുംബാംഗങ്ങൾ കണ്ടത്. ഇടത് നെഞ്ചിൽ മുലഞെട്ടിന് താഴെ ഒറ്റക്കുത്തിന്റെ മുറിപ്പാടിൽ രക്തം കട്ടപിടിച്ച് കിടന്നു.

നിലവറ വാതിലൊഴിച്ച് കോലേരി തറവാട്ടിലെ മറ്റൊരു വാതിലും തകര്‍ക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. ചാത്തുക്കുട്ടി പടയാളികളുടെയും കിടാത്തന്മാരുടെയും സുരക്ഷാവലയം ഭേദിച്ച് കോലേരി തറവാടിനുള്ളിൽ ഏത് വഴി കയറി എന്നത് അന്നും ഇന്നും അത്ഭുതമായി നിൽക്കുന്നു. വിശദമായ പരിശോധന നടത്തിയെങ്കിലും കോലേരി തറവാടിന്റെ പടിഞ്ഞാറെ മുറ്റത്തുള്ള വലിയ പുളിച്ചിമാവിന്റെ ഉയർന്ന കൊമ്പിൽ തൂങ്ങിക്കിടന്ന തുണിസഞ്ചിയും അതിലെ ഭക്ഷണാവശിഷ്ടങ്ങളും മാത്രമേ കണ്ടുകിട്ടിയുള്ളൂ.

ഒടിവിദ്യ കരസ്ഥമാക്കിയ ചാത്തുക്കുട്ടി അദൃശ്യനായി കോലേരി തറവാട്ടിൽ കയറിയതാണെന്നും അതല്ല മുത്തശ്ശിമാവിന്റെ തുഞ്ചത്തിൽ മൂന്നു ദിവസം മുമ്പേ കയറി പറ്റിയതാണെന്നും അവസരം കിട്ടിയപ്പോൾ മേൽക്കൂര പൊളിച്ച് കയറിയതാണെന്നുമുള്ള അനേകം കഥകൾ ആളുകൾ കൂടുന്ന ഇടങ്ങളിലൊക്കെ ചർച്ചയായി. ചാത്തുക്കുട്ടിയുടെ കുപ്രസിദ്ധി ഇതോടെ അനേകം മടങ്ങ് വർധിച്ചു.

വലിയ നാട്ടുമാവിന്റെ ചോട്ടിലിരുന്ന് മൂത്തേടം കുതിയവണ്ടിയിലേക്ക് അസ്വസ്ഥതയോടെ നോക്കി. അതിനുള്ളിൽ ഇരിക്കുന്ന കാർത്തിക മാത്രമായിരുന്നില്ല മൂത്തേടത്തിന്റെ മനസ്സിനെ അശാന്തമാക്കിയത്. ചെമ്പനേഴിയിലെ മിത്രൻ വൈദ്യർക്ക് കാണിക്കയായി കൊണ്ടുപോകുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ നിറച്ച പെട്ടിയും മൂത്തേടത്തെ പരിഭ്രാന്തനാക്കി. ചാത്തുക്കുട്ടിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് കാര്യങ്ങളും വണ്ടിയിലുണ്ട്. യാത്ര മതിയാക്കി തിരിച്ചു പോയാലോയെന്ന് മൂത്തേടം ചിന്തിച്ചു.

പക്ഷേ, അതും അപകടമാണ്. ഭ്രാന്തൻ നായയാണ് കാർത്തികയെ കടിച്ചത്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ പേവിഷബാധയേറ്റുള്ള മരണം ഉറപ്പാണ്. രണ്ട് വർഷം മുമ്പ് അത്തരത്തിലൊരു മരണം രാജകുടുംബത്തിൽ സംഭവിച്ചതാണ്. എന്തുചെയ്യണമെന്നറിയാതെ മൂത്തേടം ഇരുന്ന് വിയർത്തു.

(തുടരും)

English Summary:

E-novel Chandravimukhi written by Bajith CV

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com