ADVERTISEMENT

അധ്യായം: രണ്ട്

"ചരകൻ, സുശ്രുതൻ, വാഗ്ഭടൻ.. വൈദ്യശാസ്ത്രത്തിലെ മഹാമനീഷികൾ. ഇവരിൽ വാഗ്ഭടൻ വടക്കു പടിഞ്ഞാറുള്ള സിന്ധുരാജ്യത്താണ് ജനിച്ചത്. പാരമ്പര്യമായി വൈദ്യകുടുംബം തന്നെ. മഹാവൈദ്യനായ മുത്തശ്ശന്റെ പേരും വാഗ്ഭടൻ എന്നു തന്നെയാണ് കേള്‍വി. പിതാവായ സിംഹഗുപ്തന്റെ ശിക്ഷണത്തിൽ വളർന്ന വാഗ്ഭടൻ താൻ സ്വായത്തമാക്കിയ അറിവുകൾ കോർത്തിണക്കി അഷ്ടാംഗ സംഗ്രഹം എന്ന ഗ്രന്ഥം രചിച്ചു. പിന്നീട് തന്റെ ശിഷ്യന്മാർക്കെല്ലാം മനസ്സിലാകുന്ന വിധത്തില്‍ വിപുലീകരിച്ച് അഷ്ടാംഗഹൃദയം എന്ന എക്കാലത്തെയും മികച്ച വൈദ്യശാസ്ത്ര കൃതിക്കു രൂപം നൽകി." 

പെട്ടെന്നാണ് കുതിരവണ്ടിയുടെ പിൻ‍ചക്രം ഒരു പാറക്കല്ലിന്മേൽ കയറിയിറങ്ങിയത്. വണ്ടി ശക്തിയിൽ ഒന്നു കുലുങ്ങി, കൂടെ യാത്രക്കാരും. വണ്ടിക്കാരന്റെ തൊട്ടുപിന്നിൽ ഇരുന്ന മൂത്തേടം കഥ പറച്ചില്‍ നിർത്തി വണ്ടിക്കാരന്റെ തലയ്ക്ക് പിന്നിൽ ചെറിയൊരു കൊട്ട് കൊടുത്തു. കൂടെ "നോക്കി വണ്ടിയോടിക്കെടാ കഴുതേ" എന്നൊരു ശകാരവും. സുഭദ്ര തമ്പുരാട്ടിയുടെ മടിയിൽ രണ്ട് കാലും നീട്ടിവെച്ച് ചാഞ്ഞിരുന്ന മകൾ കാർത്തിക അത് കണ്ട് കൊന്ന പൂത്ത പോലെ ചിരിച്ചു. പതിനേഴ് വയസ്സെത്തി നിൽക്കുന്ന കാര്‍ത്തിക ഒരു അപ്സരസ്സിനെപോലെ സുന്ദരിയാണ്. അവളുടെ നീണ്ട് നിറഞ്ഞ കാർകൂന്തൽ വലതുതോളിനു മുകളിലൂടെ മുൻവശത്തേക്ക് വാരിയിട്ടിരുന്നു. തുളുമ്പി നിൽക്കുന്ന ഉത്തരീയത്തിനു മുകളിലൂടെ അത് താഴോട്ടൊഴുകി മടിയിൽ പരന്നു കിടന്നു. 

രണ്ടു കുതിരകൾ വലിക്കുന്ന ആ വലിയ രഥത്തിനുള്ളില്‍ അത്യാവശ്യം വേണ്ട എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. കൊത്തുപണികളാലും ചിത്രങ്ങളാലും അലങ്കരിച്ച, പട്ടുമെത്തകൾ ഘടിപ്പിച്ച, മൂന്നാലുപേർക്ക് സുഖമായി ഇരുന്നും കിടന്നും സ‍ഞ്ചരിക്കാവുന്ന രഥത്തിനുള്ളില്‍ അപ്പോൾ സുഭദ്രയും കാർത്തികയും മാത്രമേ ഉണ്ടായിരുന്നുള്ളു. 

കുതിരവണ്ടിക്കാരനും പിന്നിലെ വണ്ടിക്കും ഇടയിലുള്ള പ്രത്യേകമായ ഇരിപ്പിടത്തിലായിരുന്നു മൂത്തേടത്തിന്റെ സ്ഥാനം. ഒരേ സമയം വണ്ടിക്കാരനുമായും വണ്ടിയിലുള്ളവരുമായും ആശയവിനിമയം നടത്താൻ അവിടെ ഇരിക്കുന്നവർക്ക് സാധിക്കുമായിരുന്നു. സുഭദ്ര തമ്പുരാട്ടിയുടെ മടിയിൽ നീട്ടിവെച്ച കാർത്തികയുടെ ഇടതുകാലിലെ കസവുമുണ്ട് മുട്ട് വരെ കയറ്റി വെച്ചിരുന്നു. മുട്ടിന് താഴെ കടിയേറ്റ മുറിവായിൽ പച്ചിലമരുന്നുകൾ ചന്ദ്രനിലെ കല പോലെ പറ്റി പിടിച്ചു കിടന്നു. മൂത്തേടം കഥ തുടർന്നു. 

മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം
മിഡ്‌ജേർണി ഉപയോഗിച്ച് സൃഷ്ടിച്ച ചിത്രം

"ബുദ്ധമതത്തില്‍ ആകൃഷ്ടനായ വാഗ്ഭടൻ, മത പ്രചരണാർഥം ഒമ്പതാം നൂറ്റാണ്ടിൽ ശ്രീലങ്ക വഴി നമ്മുടെ നാട്ടിലും എത്തിച്ചേർന്നു. അന്നിങ്ങനെ നാട്ടുരാജ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. കിഴക്കൻ മലനിരകൾക്കും പടിഞ്ഞാറ് അറബിക്കടലിനുമിടയിലുള്ള പ്രദേശങ്ങളുടെ മൊത്തം അധികാരി പെരുമാക്കന്മാരായിരുന്നു. ഭാസ്ക്കര രവി വർമ്മനായിരുന്നു അക്കാലത്തെ പെരുമാൾ. വാഗ്ഭടന് ഇവിടെ ധാരാളം ശിഷ്യന്മാര്‍ ഉണ്ടായി. അഷ്ടാംഗഹൃദയം പെരുമാൾ രാജ്യത്ത് മുഴുവനും പ്രചരിച്ചു. അഷ്ട വൈദ്യന്മാരെന്നും വാഗ്ഭട വൈദ്യന്മാരെന്നും മറ്റും ശിഷ്യന്മാര്‍ അറിയപ്പെട്ടു." 

"അക്കൂട്ടത്തില്‍പ്പെട്ട ഒരു വാഗ്ഭട വൈദ്യ കുടുംബമായിരുന്നു അയ്യനേത്ത് തറവാട്. വാഗ്ഭട ഗുരുവിൽ നിന്നും നേരിട്ട് വൈദ്യം പഠിച്ച ചിരികണ്ടനുശേഷം നാല് തലമുറ കഴിഞ്ഞാണ് മഹാമനീഷിയായ ചെക്കോട്ടി വൈദ്യരുടെ ജനനം. അഷ്ടാംഗഹൃദയത്തിന് ആഖ്യാനവും ഉപാഖ്യാനവും എഴുതി പ്രസിദ്ധിയാർജ്ജിച്ച മഹാന്‍. അദ്ദേഹത്തിന് ഒരേയൊരു മകളെയുണ്ടായിരുന്നുള്ളു. പാണ്ഡിത്യത്തിൽ അച്ഛനോളം പോന്നവൾ.

"ഒരിക്കൽ അച്ഛനും അമ്മയും പെരുമാൾക്കാവിലെ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള ചടങ്ങിൽ പങ്കെടുക്കാൻ പോയ ദിനം. വൈകിട്ടത്തെ നിറദീപം കണ്ട്, സന്ധ്യ മയങ്ങിയിട്ടേ അവർ തിരിച്ചു വരൂ. എന്തുകൊണ്ടോ ചിരുത നിറദീപം കാണാൻ പോയില്ല. വീട്ടിലെ പണികളൊക്കെ തീർത്ത് ചിരുത കുളിക്കാനുള്ള ഒരുക്കത്തിലായിരുന്നു. പനങ്കുല പോലെ ഇടതൂർന്ന മുടിയിഴകളിൽ ഔഷധ തൈലം തേച്ചു പിടിപ്പിച്ചു. പിന്നെ ശരീരം മുഴുവനും എണ്ണ തേച്ചു. പാണന്മാർ പാടി പഴകിയ നാടോടി പാട്ടിന്റെ ഈണം കാറ്റിനൊപ്പം മൂളിക്കൊണ്ടവൾ കുളപ്പുരയ്ക്കരികിലേക്ക് നടന്നു." 

മൂത്തേടം കഥ നിർത്തി തിരിഞ്ഞു കാർത്തികയെ നോക്കി. "നിന്റെ അതേ പ്രായമായിരുന്നു അന്ന് ചിരുതയ്ക്ക്. നിന്നെപോലെ ആരാലും മയങ്ങി പോകുന്ന സൗന്ദര്യവും." അതുകേട്ട് കാർത്തികയുടെ മുഖം ചെമ്പനീർ പൂവു പോലെ വിടർന്നു. എങ്കിലും "ശ്ശോ ഈ മൂത്തേടത്തിന്റെ ഒരു കാര്യം" എന്ന് പറഞ്ഞ് അമ്മയെ നോക്കി. സുഭദ്രതമ്പുരാട്ടി ഒന്നു പുഞ്ചിരിച്ചു. രഥത്തിന് മുന്നിൽ നാല് കുതിരകളിലായി യാത്ര ചെയ്ത സുരക്ഷാ ഭടന്മാർ അവരെയും കാത്ത് നാട്ടുവഴിക്കരികിലുള്ള വലിയ മുത്തശ്ശി മരത്തിന്റെ തണലിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്തെത്തിയപ്പോൾ രഥം നിന്നു. യാത്ര തുടങ്ങിയിട്ടിപ്പോൾ രണ്ട് മൂന്ന് മണിക്കൂറായി. കുതിരക്കാരൻ കുതിരകൾക്ക് തീറ്റപ്പുല്ല് ഇട്ടു കൊടുത്തു. അപ്പോഴാണ് സുരക്ഷാ ഭടന്മാരിലെ പ്രധാനി മൂത്തേടത്തിന്റെ അരികിൽ വന്ന് സ്വകാര്യം പോലെ എന്തോ പറഞ്ഞത്. മൂത്തേടം വണ്ടിയിൽ നിന്നിറങ്ങി ഭടനോടൊപ്പം മുന്നോട്ട് നടന്നു. 

"അൽപദൂരം കൂടി യാത്ര ചെയ്താൽ ഏലത്തൂർ പുഴയാണ്. പുഴ കടക്കാനുള്ള ചങ്ങാടവും തുഴക്കാരെയും നേരത്തെ ഏർപ്പാടാക്കീട്ടുണ്ട്. പക്ഷേ.." എന്താണൊരു പക്ഷേയെന്നർഥത്തിൽ മൂത്തേടം സുരക്ഷാ ഭടന്റെ മുഖത്തേക്ക് ഉറ്റുനോക്കി. പുഴ കടന്ന് കുറച്ചു ദൂരം ചെന്നാൽ പൂക്കാടാണ്. കുറ്റിക്കാടുകളും വന്മരങ്ങളും ചേർന്ന വലിയ വനപ്രദേശം. വർഷത്തിൽ മിക്ക കാലവും നിറയെ പൂത്തു കിടക്കുന്ന മരങ്ങൾ ഉള്ളതിനാൽ പൂക്കാടെന്നാണ് വിളി പേര്. നട്ടുച്ചയ്ക്ക് പോലും മങ്ങിയ വെളിച്ചം മാത്രമുള്ള വനത്തിനുള്ളിലെ ചെറിയ നാട്ടുപാതയിലൂടെയാണ് തുടർന്നുള്ള യാത്ര. പന്തലായനി ചന്തയിലേക്ക് എലത്തൂരിലെ ജനങ്ങൾ വല്ലപ്പോഴും പോകുന്ന കാനന പാത. പൂക്കാടിനതിർത്തി ചുവന്ന ചെളി നിറഞ്ഞ ചേരി പ്രദേശമാണ്. ചേമം ചേരി മുതൽ നീണ്ടു കിടക്കുന്ന വിശാലമായ പാടങ്ങൾ കടന്നു വേണം പന്തലായനിയിലെത്താൻ. 

"ചാത്തുക്കുട്ടിയും സംഘവും പൂക്കാടിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചിട്ടുണ്ട്" പതിഞ്ഞ ശബ്ദത്തിലുള്ള സുരക്ഷാഭടന്റെ വാക്കുകൾ കേട്ട് മൂത്തേടം ഞെട്ടി. "ചാത്തുക്കുട്ടി" പെരുവിരലില്‍ നിന്നും ഒരു തരിപ്പ് ഉടലാകെ പടർന്നു കയറുന്നതായി മൂത്തേടത്തിന് തോന്നി.

(തുടരും)

English Summary:

Chandravimukhi Novel episode two

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com