ADVERTISEMENT

"സ്മൃതിതൻ ചിറകിലേറി ഞാനെൻ 

ശ്യാമഗ്രാമഭൂവിൽ അണയുന്നു

അരയാലും കുളവും ഈ കൽപടവും പുനർജന്മമെനിക്കേകുന്നു

ഞാനെന്റെ ബാല്യത്തിൻ തീരത്ത് നിൽക്കുന്നു"

സ്കൂൾ വിട്ട് വന്ന് ടിവി ഓൺ ചെയ്തതേയുള്ളൂ. അതാ ടിവിയിൽ ജയേട്ടൻ പാടുന്നു. ജയചന്ദ്രനെ മുൻപേ അറിയാം. റേഡിയോയിലൂടെ എത്രയെത്ര പാട്ടുകൾ കേട്ടിരിക്കണു. ഹർഷബാഷ്പം തൂകി എന്ന എന്റെ പ്രിയപ്പെട്ട പാട്ട് ജയേട്ടൻ പാടിയതായിരുന്നല്ലോ. പക്ഷെ, ഈ പാട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത്.

ജയേട്ടനെ ടിവിയിൽ കാണുന്നതും അന്നായിരുന്നുവെന്ന് തോന്നുന്നു. ആറാം ക്ലാസിലോ മറ്റോ പഠിക്കുമ്പോൾ ആണ് ദൂരദർശനിൽ ആദ്യം കാണുന്നത്. പിന്നീട് ഇടയ്ക്കിടെ ഈ പാട്ട് ദൂരദർശനിൽ ഉണ്ടായിരുന്നു. സ്കൂൾ വിട്ട് വരുന്ന വൈകുന്നേരങ്ങളിൽ ഞാനും ചേച്ചിമാരും അച്ഛമ്മയും അമ്മയും ഒക്കെ എത്രയോ വട്ടം കണ്ടാസ്വദിച്ചിരിക്കുന്നു.

ഹരി കുടപ്പനക്കുന്ന് എഴുതി എം. ജയചന്ദ്രൻ സംഗീതം പകർന്ന ഗാനത്തിന് മുഴുവൻ എന്റെ ബാല്യകൗമാരത്തിന്റെ ഓർമ്മകളാണ്. ആ ഓർമ്മകളെ തൊട്ടുണർത്തുന്ന വരികളായിരുന്നു പാട്ടിലുടനീളം.

"മുത്തച്ഛനിത്തിരി മധുരവുമുപ്പും

ചേർത്തന്നു ചോറൂണു നൽകിയ നടയിൽ

ഞാനിന്നു നിൽക്കെ അറിയാതെ ഓർപ്പൂ

കനവിൻ മധുരവും കണ്ണീരിനുപ്പും

ഒരു നെയ്ത്തിരിയായ് തെളിയുന്നൂ

ഹൃദയത്തിലെന്നുടെ പൈതൃകം"

എത്ര അർഥവത്തായ വരികളാണ്..! നഷ്ടപ്പെട്ട് പോയ ഒരു കാലത്തിന്റെ കണ്ണീർ നനവുണ്ട് വരികളിൽ. കേൾവിയിൽ കനവിന്റെ മധുരവും കണ്ണീരുപ്പും ഹൃദയത്തിലാണ് നിറയുന്നത്.

"പുഴയോരം നിൽക്കുമീ

കൈത തൻ പൂവുപോൽ

പാതിമെയ് മറഞ്ഞെന്നെ കുളിരമ്പെയ്തവൾ

അന്നെന്റെ മനസ്സോ മുഗ്ദ്ധസൗന്ദര്യത്തിൻ

ആദ്യാനുഭൂതിതൻ ആനന്ദമറിഞ്ഞൂ

നറുനിലാവായിന്നും നിറയുന്നു

ഹൃദയത്തിലവളുടെ സൗന്ദര്യം"

എത്ര മനോഹരമായാണ് കൗമാരത്തിലെ പ്രണയത്തെ വരികളിൽ വരച്ചിട്ടിരിക്കുന്നത്. ഹൃദയത്തിൽ നറുനിലാവായി തെളിയുന്ന ഓർമ്മകൾ എന്റെയുള്ളിലുമുണ്ട്.

വരികളുടെ സൗന്ദര്യവും സംഗീതവും പൂർണ്ണതയിൽ എത്തുന്നത് ഭാവഗായകന്റെ ശബ്ദസൗകുമാര്യത്തിലാണ്. ഗൃഹാതുരത്വം തുളുമ്പി നിൽക്കുകയാണ് ആലാപനത്തിൽ. കാലം പോലും വിസ്മയിച്ചു നിൽക്കുന്ന ആ നാദമാധുരിയിലാണ് ഞാനും സ്മൃതി തൻ ചിറകിലേറുന്നത്.

English Summary:

Malayalam Article ' Smruthi Than Chirakileri Njanum ' Written by Rajeev Kalarikkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com