ADVERTISEMENT

"മക്കളുറങ്ങിയോ ഗീതേ ?" "ഹൊ ! ഒരു കണക്കിന് ഉറക്കി എന്റെ സുരേട്ടാ. എന്തൊരു വാനരന്മാര്! കൂടെ ഒരു പെൺ കുരങ്ങും! നമുക്കിത്രേം മക്കള് വേണ്ടായിരുന്ന്. അല്ലേ, സുരേട്ടാ?" "അത് ശരി! മുറ്റം നിറയെ മക്കള് വേണംന്ന് നീ തന്നെയല്ലേ പറഞ്ഞത്! എന്നിട്ടോ, പന്ത്രണ്ട് വർഷം കാത്തിരിക്കേണ്ടി വന്നില്ലേ പിള്ളേര് ഉണ്ടാവാൻ! അതിന് റൊമാൻസ് മാത്രല്ല, കാശും കുറേ ചെലവായില്ലേ. ഞാനപ്പഴേ നിന്നോട് പറഞ്ഞതാ. ഇതിന് റൊമാൻസ് മാത്രം മതി. മരുന്നും വഴിപാടും വേണ്ടാന്ന്. എന്നിട്ട് കിട്ടിയപ്പോളോ, വയറ് നിറച്ച് കിട്ടുകേം ചെയ്തു!" "ഒരെണ്ണായാലും മൂന്നെണ്ണായാലും, നിങ്ങൾ ആണുങ്ങൾക്ക് സുഖല്ലെ! പ്രസവിച്ച വേദനേം, വളർത്തിയ വേദനേം, ഊട്ടണ വേദനേം പെണ്ണുങ്ങൾക്ക് തന്നെയല്ലേ ഇപ്പോഴും" "നീ കണക്ക് പറയാതെന്റെ ഗീതേ! പിള്ളേര് ഉറങ്ങിക്കഴിഞ്ഞപ്പൊ ഞാനൊരു റൊമാന്റിക് മൂഡില് വര്വായിര്ന്ന്. ആ ബിജു മേനോൻ പറഞ്ഞ പോലെ, ആ ഫ്ലോ അങ്ങ് പോയി!" സുരേശൻ നിരാശ സ്വരത്തിൽ പറഞ്ഞു. "ആ, പിന്നേ, കണക്കിന്റെ കാര്യം പറഞ്ഞപ്പഴാ ഓർത്തത്. നമ്മൾടെ ഈ പഴേ തറവാട് വീട് പൊളിച്ച്, പുതിയ വീട് പണിയും എന്നൊക്കെ തള്ള്ണ് കേട്ടല്ലോ പെങ്ങളോട്." ഗീത ചോദിച്ചു. "ആ.. അങ്ങനൊരു പ്ലാനുണ്ടടീ എന്റെ മനസ്സില്. ഗവൺമെന്റ് ടീച്ചേഴ്സിനൊക്കെ ഇപ്പൊ ഈസിയായിട്ട് ഹൗസിങ്ങ് ലോൺ കിട്ടും ത്രെ! നമ്മുടെ പുതിയ വീട് പണിയാൻ നിന്റെ പേരില് ഹൗസിങ്ങ് ലോണെടുത്താലൊ നമ്മക്ക്?" "അയ്യട! എന്നിട്ട് ഞാൻ മാത്രം കടക്കാരിയാവാൻ! ആ പൂതി മനസ്സില് വയ്ക്കിട്ടാ പുന്നാര മോൻ!"

"ഏഴുവർഷത്തെ നമ്മുടെ പ്രണയകാലത്തൊന്നും നീ, നിന്റേന്നും എന്റേന്നും പറഞ്ഞിരുന്നില്ലല്ലൊ ഗീതേ. കല്യാണം കഴിഞ്ഞ് മക്കളുണ്ടാവാൻ വൈകിയ കാലത്തും, അതോർത്ത് വിഷമിക്കാതെ, ആ കാലം ഹണിമൂണായി ആഘോഷിച്ചു നടന്നോരല്ലെ നമ്മള്? അന്നൊന്നും നീ, എന്റെ കാശ് നിന്റെ കാശ്, എന്റെ കടം, നിന്റെ കടം എന്നൊന്നും പറഞ്ഞിരുന്നില്ലല്ലൊ! നീയിപ്പോ ഒരുപാട് മാറീട്ടാ..." "സുരേട്ടനും മാറീട്ട്ണ്ട്. ഓഫീസീന്ന് ഇറങ്ങി, നേരെ വീട്ടിലേക്കല്ലെ സുരേട്ടൻ മുൻപൊക്കെ വന്നിരുന്നത്? വന്നപാടെ എന്നെയൊന്ന് മുറുക്കി കെട്ടിപ്പിടിച്ചിട്ടല്ലെ ഇട്ട ഷർട്ട് പോലും ഊരാറുള്ളൂ? ഇപ്പഴോ? ഓഫീസ് വിട്ടാ, ഫ്രണ്ട്സിനൊപ്പം ഒരു ചുറ്റിക്കളീം കഴിഞ്ഞല്ലെ വീട്ടിലേക്കുള്ള വരവ്? എനിക്കാ മണം കേട്ടാൽത്തന്നെ ശർദ്ദിൽ വരും!" ഗീത വെറുപ്പോടെ മുഖം കോട്ടി. "അതല്ലെ നിന്നെ ഞാൻ ഇപ്പൊ കെട്ടിപ്പിടിക്കാത്തെ." സുരേശൻ ഒരു ഓഞ്ഞ ചിരി ചിരിച്ചു. "ആ.. ബെസ്റ്റ്! എന്നാലും കുടി നിർത്താൻ പറ്റില്ല. വെറുതെ തമാശിക്കല്ലെ മോനെ.." "എന്തെങ്കിലുമൊക്കെ ഒരു എന്റർടെയിൻമെന്റ് വേണ്ടേ ടീ.." "എന്നാലേ ആ കുപ്പി വീട്ടിലേക്ക് വാങ്ങിക്കൊണ്ട് വാ. അപ്പൊ നമുക്കൊരുമിച്ചിരുന്ന് മിനുങ്ങാലൊ!" "നീയിങ്ങനെ ഗൗരവൊള്ള തമാശ പറയല്ലെ ഗീതേ. നീയാ ഹൗസിങ്ങ് ലോണിന്റെ കാര്യത്തില് എന്ത് പറയ്ണ്?" "വീട്ട് ചെലവ് മുഴുവൻ സുരേട്ടന്റെ ശമ്പളത്തീന്ന് എടുക്കാമെങ്കിൽ, ഹൗസിങ്ങ് ലോണിന്റെ കാര്യം ഞാൻ ആലോചിക്കാം." "വീട്ടു ചെലവിന്റെ കാര്യം മുഴുവൻ ഞാനേറ്റടീ. അപ്പൊ നാളെത്തന്നെ നമുക്ക് ബാങ്കില് പോയാലൊ?"

"അപ്പൊ എന്റെ ശമ്പളത്തീന്ന് അടച്ചു കൊണ്ടിരിക്ക്ണ കാർ ലോണോ?" "അതിനി ഞാനടയ്ക്കാടീ." "എന്റെ സുരേട്ടാ, അതിന് എന്റെ ചെക്ക് ലീഫുകൾ അവർക്ക് കൊടുത്ത് കഴിഞ്ഞില്ലെ?" "അത് സാരമില്ല. ആ പെയ്മന്റ് വരുന്നതിന് മുൻപ്, എന്റെ എക്കൗണ്ടിൽ നിന്ന് നിന്റെ എക്കൗണ്ടിലേക്ക് എല്ലാ മാസവും ഞാൻ ആ തുക ട്രാൻസ്ഫർ ചെയ്താൽ പോരേ?" "ആ. അത് മതി. അത് മുടങ്ങിയാ എന്റെ വിധം മാറും ട്ടാ.." "നീയെന്താടീ ബ്ളയിഡ് ഗുണ്ടകളുടെ ഭാഷ പറയണ്?" "അയ്യോ, ചേട്ടന് ഫീലായാ? അതെന്റെ വായീന്ന് അങ്ങനെ വന്നുപോയതാ ഏട്ടാ." "ഈയിടെയായിട്ട് നിന്റെ ഭാഷ ഒട്ടും റൊമാന്റിക് അല്ലട്ടാ. നമ്മടെ പിള്ളേര് ജനിക്കിണേലും മുന്നത്തെ കാലം നിനക്കോർമ്മിണ്ടാ? നിന്റെ സംസാരം കേൾക്കുമ്പഴേ എനിക്ക് നിന്നെ കെട്ടിപ്പിടിക്കാൻ തോന്നും. ഇപ്പോ നിന്റെ ശബ്ദോം മാറി." അത് കേട്ട് ഗീതക്ക് കലി കേറി. "ആ.. അത് മാറും. സ്കൂളില് കുട്ടികളുടെ മുന്നില് നിന്ന്, മണിക്കൂറ് കണക്കിന് ഒച്ചയിട്ട് ക്ലാസ്സെടുത്താലേ, കിളിനാദമൊക്കെ പോകും! അതിനെന്താ, പുളിങ്കുരു പോലെ കാശ് കൊണ്ടുവരുന്നില്ലെ ഞാൻ?" "ദേ പിന്നേം കണക്ക്. നീ കണക്ക് പറയല്ലെ ഗീതേ. നീയിങ്ങനെ കണക്ക് പറയുമ്പോ നമ്മുടെ ബന്ധം അകന്നകന്ന് പോണത് നിനക്ക് മനസ്സിലാവണില്ലേ?" "ഓ തേങ്ങാക്കൊല! മനസ്സിലായിട്ടെന്തിനാണ്? കാശ് കാശും കണക്ക് കണക്കും അല്ലാണ്ടാവ്വോ?" "മതി പൊന്നെ! നീയാ ലൈറ്റ് ഓഫാക്ക്. ഒന്ന് ഉറങ്ങാനാ..." "ഓ മാരണം! ആ കടല വെള്ളത്തിലിടാൻ മറന്നു. ഞാനിപ്പ വരാ." ഗീത പിറുപിറുത്ത് കൊണ്ട് അടുക്കളയിലേക്ക് പോയി.

വൈകിട്ട് ഓഫീസിൽ നിന്നിറങ്ങും മുൻപ് സഹപ്രവർത്തകൻ ഇമ്മാനുവലിന്റെ മൊബൈലിൽ കണ്ട, ഷോർട്ട് വീഡിയോ ഉണർത്തിവിട്ട ശൃംഗാരത്തീക്ക് മേൽ ഗീതയുടെ കണക്ക് പറച്ചിലിന്റെ പച്ചവെള്ളം വീണതോടെ അത് കെട്ടു. സുരേശൻ ഒരു ശോകശ്വാസമെടുത്ത് തിരിഞ്ഞ് കിടന്നു. ഗീത അടുക്കളയിൽ നിന്ന് തിരിച്ച് വന്നപ്പോഴേക്കും സുരേശൻ കൂർക്കം വലി തുടങ്ങി. അത് നോക്കി ഒന്നു മുഖം കറുപ്പിച്ച്, ഗീതയും തിരിഞ്ഞ് കിടന്നു. രാവിലെ പാത്രങ്ങളുടെ ഉറക്കെയുള്ള തട്ടലും മുട്ടലും ഗീതയുടെ ഇടക്കിടെയുള്ള ഏകാംഗ ഡയലോഗുകളും മൂന്ന് പിള്ളേരുടെ ബഹളോം കൂടെ ചേർന്ന് ചെവിക്കുള്ളില് കടന്നൽക്കൂടിളകിയ പോലെ തോന്നി സുരേശന്. അതിൽനിന്ന് രക്ഷപ്പെടാൻ അയാൾ പ്രഭാത നടത്തത്തിനിറങ്ങും പോലെ പുറത്തേക്കിറങ്ങി. അടുക്കളയിലെ തായമ്പകയുടെ അവസാന കലാശക്കൊട്ട് കഴിഞ്ഞപ്പോഴേക്കും സുരേശൻ തിരികെ എത്തി. അയാളെ കണ്ട ഗീതയുടെ മുഖത്ത് കനല് കത്തി. അത് കാണാത്ത പോലെ നേരെ അടുക്കളയിൽ ചെന്ന്, തന്നത്താൻ ഒരു ചായയുണ്ടാക്കി, വരാന്തയിൽ കിടക്കുന്ന പത്രമെടുത്ത് വായന തുടങ്ങി സുരേശൻ. "ദേ സുരേട്ടാ, കറണ്ട് ബില്ല് വന്നിട്ട്ണ്ട്. മേശപ്പുറത്തിരുപ്പ്ണ്ട്. അടച്ചൊട്ടാ." അത് കേട്ട് സുരേശൻ പത്രവായനക്കിടെ ഒന്നു തലയാട്ടി.

പിള്ളേര്ടെ സ്കൂൾ ബസ്സ് വന്നു. അവരെ അതിൽ കയറ്റിവിട്ട്, ചവിട്ടുപടിയിൽ കിടന്ന അവളുടെ ചെരിപ്പ് കഴുകിക്കൊണ്ടിരുന്ന ഗീതയോട് സുരേശൻ ഒരു പാവത്തിനെപ്പോലെ ചോദിച്ചു: "നിന്റേല് ഒര് ആയിരം ഉറുപ്പിക എടുക്കാനുണ്ടാവ്വോ, കറണ്ട് ബില്ലടക്കാൻ?" "ഞാനേ, ഇപ്പത്തന്നെ പിള്ളേരുടെ സ്കൂൾ ഫീസ് കൊടുത്തയച്ചേയുള്ളൂ ഉണ്ണിയുടെ കയ്യില്. അത് എത്രയാണെന്ന് അറിയോ സുരേട്ടന്? പിള്ളേരെ എന്റെ സ്കൂളില് ചേർക്കാൻ പറഞ്ഞപ്പോൾ മലയാളം മീഡിയത്തിനോട് പുച്ഛം! എന്നിട്ടിപ്പോ ഇംഗ്ലിഷ് സ്കൂളിലെ മൂന്ന് ആളുടെ ഫീസും ഞാൻ അടയ്ക്കണം." "ഓ! ഇങ്ങനെ കാലത്ത് തന്നെ കണക്ക് പറയാതെടീ..." "ആ... എന്നാലേ എന്റെ കയ്യിൽ കറണ്ട് ബില്ലടക്കാൻ കാശില്ല. അവര് കട്ട് ചെയ്യുമ്പോ നമുക്ക് മെഴുകുതിരി കത്തിക്കാം." ഓടിപ്പെടഞ്ഞ് സ്കൂളിലേക്ക് പോകാനിറങ്ങുമ്പോൾ, കള്ളിമുണ്ടുടുത്ത് വരാന്തയിൽ റിലാക്സ് മൂഡിലിരുന്ന സുരേശനോട് ഗീത ചോദിച്ചു: "ഒന്ന് ബസ്സ് സ്റ്റോപ്പ് വരെ ബൈക്കിൽ കൊണ്ടു വിടാമോ എന്നെ? ഇന്നും ലേറ്റാ. ആ പ്രിൻസിപ്പാളിന്റെ നോട്ടം ഇന്നും കാണണോലോ എന്റീശ്വരാ!" സുരേശൻ അവളെ ബസ്സ് സ്റ്റോപ്പിൽ കൊണ്ടു വിട്ടു.

പിറ്റേന്ന് സുരേശനും ഗീതയും സ്റ്റേറ്റ് ബാങ്കിൽ പോയി മാനേജരെ കണ്ടു. നല്ലൊരു ലോൺ പാർട്ടിയെ കിട്ടിയ സന്തോഷത്തിലായിരുന്നു അങ്ങേര്. ഗീതയുടെ ഗവൺമെന്റ് ജോലിയുടെ ബലത്തിൽ കുറച്ചുനാൾക്കകം ഹൗസിംഗ് ലോൺ പാസായി. വീടുപണി നടക്കുന്നതിനിടയിൽ ഗീതയുടെ കണക്കു പറച്ചിൽ കൂടിക്കൂടി വന്നു. ഏഴു വർഷത്തെ പ്രണയകാലം ഓർക്കുമ്പോൾ, സുരേശന് അത് വേറെ ആരോ ആയിരുന്നു എന്ന് തോന്നും വിധമായി ഗീതയുടെ പെരുമാറ്റം. പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞു. പുതിയ വീട് ഉണ്ടായതിന്റെ ഒരു പ്രത്യേക സന്തോഷവും സംതൃപ്തിയും സുരേശനും അനുഭവപ്പെട്ടു. അവരുടെ പഴയ വീട്, പുതിയ വീടിന്റെ ഇടതുവശത്ത് തന്നെയുണ്ട്. ഇതുവരെ മേൽക്കൂരയായ കൂടല്ലേ! പെട്ടെന്ന് പൊളിച്ചുകളയാൻ ഒരു മടി. പുതിയ വീടിന്റെ വൃത്തിയും മിനുക്കവുമുള്ള വരാന്തയിലിരുന്ന്, കാലത്തെ ചായയ്ക്കും പത്രവായനക്കുമിടയിൽ സുരേശൻ അവരുടെ പഴയ വീടിനെ ഒന്ന് ഇടങ്കണ്ണാൽ നോക്കി. ആ വീട് ഇപ്പോൾ തലകുനിച്ചു നിൽക്കുകയാണോ എന്ന് തോന്നി അയാൾക്ക്.

പാതി കുടിച്ച ചായക്കപ്പ് നിലത്തു വച്ച്, അയാൾ പതിയെ എഴുന്നേറ്റ് പഴയ വീടിന്റെ വരാന്തയിലേക്ക് കയറി. ഒരുപാട് സ്നേഹമുള്ള അമ്മ ഓടിവന്നു മകന്റെ കൈപിടിക്കുംപോലെ തോന്നി സുരേശന്! അയാളുടെ കണ്ണ് നനഞ്ഞു. സുരേശൻ മുൻവാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. രണ്ടുദിവസം മുൻപ് വരെ എല്ലാ സന്തോഷവും സങ്കടങ്ങളും പങ്കുവെച്ചിരുന്ന തുരുത്താണ്.  പുതിയതിന്റെ മിനുക്കം കണ്ട് ഇതിനെ വേണ്ടാതായി. അതല്ലേ സത്യം? ഒന്നു മാറാല തട്ടി, പുതിയ പെയിന്റടിച്ചാൽ ഈ വീടിന് എന്താ ഒരു കുറവ്? എന്റെ ബാല്യവും, എന്റെ മക്കളുടെ ബാല്യവും കണ്ട അമ്മയിടമല്ലെ ഈ വീട് ? 'നീ ഇത് പൊളിച്ചുകളയോ?' വീടിനകത്ത് നിന്ന് ആരോ ചോദിക്കും പോലെ തോന്നി സുരേശന്. 'ഞാനിത് പൊളിക്കില്ലാട്ടാ.' സുരേശൻ നെഞ്ചിൽ കൈവെച്ച്, മനസ്സിൽ പറഞ്ഞു. കനംവച്ച മനസ്സുമായി, പഴയ വീടിന്റെ മുൻവാതിൽ ചാരി, ഒരു മുറ്റത്തിന് അപ്പുറമുള്ള തന്റെ പുതിയ വീടിന്റെ മുന്നിലെത്തി സുരേശൻ. ചവിട്ടുപടി കയറുമ്പോൾ ഗീത മുന്നിൽ. "പഴയ വീട്ടിലെ പൊടി മുഴുവനും ഉണ്ടാകും കാലില്. ആ പൈപ്പിൽ ഒന്ന് കഴുകിയിട്ട് കേറ് ട്ടാ. വെളുത്ത ടൈൽ ആയതുകൊണ്ട് ഇത്തിരി അഴുക്ക് മതി, തെളിഞ്ഞു കാണും." അവള് പുതിയ വീടിന്റെ പത്രാസ് മുഴുവൻ പുറത്തേക്കിട്ടു.

ഗീതയുടെ കണക്കു പറച്ചിൽ നാൾക്കുനാൾ കൂടി വന്നു. മക്കളുടെ ആവശ്യങ്ങളും, ഗീതയുടെ പൊങ്ങച്ചം കാണിക്കാനുള്ള അനുബന്ധ ചിലവുകളും സുരേശന്റെ മിനിമം ശമ്പളത്തിന്റെ താളം തെറ്റിച്ചു തുടങ്ങി. പുതിയ വീടിന് കൂടുതൽ മോടി കൂട്ടാൻ, ഗീത പിന്നേയും ഓരോ പുതിയ സാധനങ്ങൾ വാങ്ങിക്കൂട്ടി. അവളുടെ പണം കൊണ്ട് മാത്രം ഉണ്ടായതാണ് പുതിയ വീട് എന്ന ധ്വനി, ഇടയ്ക്കിടെയുള്ള കണക്കുപറച്ചിലുകൾക്കിടയിലും, അവളുടെ സംസാരങ്ങൾക്കിടയിലും എപ്പോഴും നിഴലിച്ചു നിന്നു. സ്നേഹക്കണക്കുകളൊന്നും പറയാതെ, പണക്കണക്കുകളുടെ അധികസംസാരം നിറഞ്ഞ പുതിയ വീട്ടിലെ അന്തരീക്ഷം സുരേശനെ വല്ലാതെ വെറുപ്പിച്ചു തുടങ്ങി. ഒട്ടും ഭംഗിയില്ലാത്ത ശരീരഭാഷകൊണ്ട്, ഒന്നും പറയാതെപോലും, ഗീതയും അയാളിൽനിന്ന് അകന്നുപോകുംപോലെ തോന്നി സുരേശന്. 

ഒരു രാത്രി, പുതിയ മാസ്റ്റർ ബെഡ്റൂമിന്റെ ഭംഗിയെപ്പറ്റി സ്കൂളിലെ ടീച്ചർമാർ പറഞ്ഞ കമന്റുകൾ പുന:സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ഗീതയോട് സുരേശൻ പറഞ്ഞു: "നമ്മുടെ പഴയ വീടായിരുന്നു നല്ലത് ഗീതേ!" "സുരേട്ടനെന്താ പ്രാന്തായാ?! ഇത്രയും ലക്ഷ്വറി ലുക്കുള്ള ബെഡ് റൂമിൽക്കിടന്നാണോ, ആ ഇടുങ്ങിയ മുറികളുള്ള വീടിന്റെ ചന്തം പറയണത്!" "അവിടെ കുറേ സ്നേഹവും കുറച്ചു കണക്കുപറച്ചിലുകളും മാത്രല്ലേ ഉണ്ടായിരുന്നുള്ളൂ. ഈ വീട്ടില് മുഴുവൻ സമയവും കണക്കുപറച്ചിൽ അല്ലേ? സ്നേഹപ്പറച്ചിലുണ്ടോ?" "അതേ, സുരേട്ടന് ഇത് എന്റെ പൈസകൊണ്ട് ഉണ്ടാക്കിയ വീടായതിന്റെ കോംപ്ലക്സാ. അല്ലാതെ വേറൊന്നുമല്ല. എനിക്ക് മനസ്സിലാവ്ണ് ണ്ട്." "അതൊന്നുമല്ലെടീ. എപ്പോഴും ഉള്ള നിന്റെ കണക്ക് പറച്ചിൽ കേട്ട്, ഞാൻ നിന്റെ ആരുമല്ല എന്ന് തോന്നുന്നു എനിക്ക്. എന്റെ പഴയ നിന്നെ, ഓർമ്മയിൽ പോലും ഇപ്പോൾ കിട്ടുന്നില്ലല്ലോ എനിക്ക്!" അത്രയും പറഞ്ഞ സുരേശന്റെ നെഞ്ചിൽ നൊമ്പരം കനത്തു. അത് കേട്ട്, ഒന്നും പറയാതെ, ഒരു കൂസലുമില്ലാതെ പുതിയ പതുപതുത്ത കിടക്കയിൽ ഗീത തിരിഞ്ഞു കിടന്നു. 

സുരേശൻ വാതിൽ തുറന്ന് പുറത്ത് കടന്നു. പഴയ വീടിന്റെ വരാന്തയിലെ ലൈറ്റിട്ട് അയാൾ അകത്തേക്ക് കയറി. അവരുടെ ആ പഴയ ബെഡ്റൂമിൽ, ഒരുപാട് പ്രണയവും സ്നേഹവും പങ്കുവെച്ച, ആ പഴയ കട്ടിലിൽ അയാൾ ഇരുന്നു. ഒരു കിടക്കയോ, കിടക്കവിരിപ്പോ ഇല്ലാത്ത, ആ കട്ടിലിലേക്ക് നിവർന്നു കിടന്നു സുരേശൻ. കുഞ്ഞുനാളിൽ അമ്മ ആട്ടിയുറക്കിയ തുണിത്തൊട്ടിലിൽ കിടന്ന സുഖത്തിലെന്നപോലെ സുരേശൻ ആ കട്ടിലിൽ കിടന്ന് ശാന്തമായി ഉറങ്ങി. ഒരു കുഞ്ഞിനെപ്പോലെ!

English Summary:

Malayalam Short Story ' Gunichu Harichukalanja Dampathyam ' Written by Hari Vattapparambil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com