ADVERTISEMENT

മൃദുല ടീച്ചർ അന്ന് സന്തോഷവതിയായിരുന്നു. രണ്ടാം ക്ലാസിന്റെ പടിവാതിക്കലിൽ അനുശ്രീ ടീച്ചർ എത്തിയപ്പോഴാണ് ടീച്ചർ അന്തംവിട്ടുപോയത്. രണ്ടു വർഷത്തിലേറെ ഒന്നിച്ചു പഠിപ്പിച്ച അനുശ്രീ പഠനാവശ്യത്തിനും മറ്റുമായി ആ സ്കൂളിൽ നിന്ന് ടെർമിനേറ്റ് ചെയ്തപ്പോൾ മൃദുലയ്ക്ക് ഏറെ ദുഃഖം തോന്നിയിരുന്നു. നാടൻ പാട്ടിന്റെ മുടി ചൂടാമല്ലയായി കേരളമങ്ങോളമിങ്ങോളം വിരാജിക്കുന്ന അനുശ്രീ ടീച്ചർ, സ്കൂൾ കലാമേളയിൽ നാടൻ പാട്ടിന് ജഡ്ജ്മെന്റിന് വന്നപ്പോഴാണ് ആഹ്ലാദ തിമിർപ്പിന്റെ കാന്തി വിടർന്നത്. മിക്ക ദിവസങ്ങളിലും സോഷ്യൽ മീഡിയയിൽ കാണുമെങ്കിലും നേരിട്ടുള്ള കണ്ടുമുട്ടൽ വേറിട്ട അനുഭവമായി മൃദുലയ്ക്ക് തോന്നി. അനുശ്രീ പറഞ്ഞത് മൃദുല ഓർത്തു. "കാതിൽ ഇട്ടോൻ പോയാൽ കടുക്കനിട്ടോൻ വരും" ആ പഴഞ്ചൊല്ലിന്റെ പൊരുൾ അന്ന് മൃദുലയ്ക്ക് മനസ്സിലായില്ല. കാരണം അതൊരു തീർഥമായിരുന്നു.

അന്നൊരു ക്രിസ്മസ് സുദിനത്തിൽ, ഗലീലയിലെ മലമുകളിൽ വെച്ച് നിർഹിച്ച യേശുവിന്റെ ഗിരിപ്രഭാഷണം പോലെ അനർഘളമായ വാക്ധോരണിയാൽ സംപുഷ്ടമാക്കിയ തീർഥ ടീച്ചറുടെ ക്രിസ്മസ് ദിന സന്ദേശം അക്ഷരാർഥത്തിൽ ഒരു തീർഥയാത്ര തന്നെയായിരുന്നു. അത് മൃദുലയെ അത്ഭുതപ്പെടുത്തിയിരുന്നു. മത്തായിയുടെ സുവിശേഷം 5 മുതൽ 7 വരെയുള്ള അധ്യായങ്ങളിലുള്ള ധർമ്മോപദേശമായിരുന്നു ഗിരി പ്രഭാഷണം. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരും വലിയൊരു ജനതയും ഈ പ്രസംഗത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അപ്പോഴാണ് അനുശ്രീ പറഞ്ഞ വാക്കിന്റെ അർഥതലങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നത്. ശരിയാണ്. അവരുടെ പക്വതയും കൃത്യനിഷ്ഠയും മന:സ്ഥിരതയും ഏറെ മൃദുലയ്ക്ക് ഇഷ്ടപ്പെട്ടിരുന്നു.

അധികം വൈകാതെ ഒന്ന് എയിലേയും ബി യിലേയും ഐശ്വര്യ ടീച്ചറും അപർണ ടീച്ചറും അടങ്ങുന്ന ഒരു സൗഹൃദവലയം സൃഷ്ടിക്കാൻ തീർഥയ്ക്കു കഴിഞ്ഞിട്ടുണ്ട്. തന്റെ ക്ലാസിന്റെ മുന്നിൽ വിരിഞ്ഞു നിൽക്കുന്ന ബോഗെയ്ൻവില്ല (കടലാസ് പൂവ്) ചെടിയുടെ സൗന്ദര്യം തീർഥയുടെ വാക്കുകളിലൂടെ ഒരു തീർഥമായി ഒഴുകുന്നതുപോലെ തോന്നി.

'കത്തിജ്വലിക്കുന്ന കനലിൽ വിരിയുന്ന

കടലാസുപുഷ്പമായ് ഞാൻ ഒതുങ്ങി.

കനിവിന്റെ നിനവിന്റെ കനലിലൊരു-

തിരി തെളിയുമോർമ്മകൾ

കാട്ടിത്തരുന്നു പുതുജീവൻ

തീഷ്ണമാം ഭാവത്തിൽ ഉൽകൃഷ്ടമാകുന്ന

ഉഷ്ണ കൊടുങ്കാറ്റു താണ്ഡവമാടുമ്പോൾ

സഹനത്തിൻ പുതുഗാഥ രചിക്കുമീ പൂക്കളും

അവനിയിൽ പുത്തൻ വസന്തം'

എന്ന വരികളുടെ ആന്തരികമായ അർഥങ്ങളുടെ വ്യാപ്തി അപർണ ടീച്ചർ വ്യാഖാനിച്ചപ്പോൾ തീർഥ പോലും അമ്പരന്നുപോയി.!! കവിയുടെ കാൽപാടുകൾ കണ്ടെത്തുമ്പോഴാണ് കവിത ഊതി കാച്ചിയ പൊന്നു പോലെ തിളങ്ങുന്നതെന്ന ഐശ്വര്യയുടെ കമന്റ് കേട്ടപ്പോഴും തീർഥ തന്റെ ഉള്ളിലെ ശക്തി തിരിച്ചറിഞ്ഞു. അതങ്ങനെയാണ്. നമ്മുടെ കഴിവുകൾ മറ്റുള്ളവരാണ് കണ്ടെത്തുന്നത്. ശരിയായിരുന്നു. ഏതു പരിതസ്ഥിതിയേയും നേരിടാനുള്ള കരുത്ത് നമ്മെ മുന്നോട്ടു നയിക്കാനും വിജയിക്കാനുള്ള സന്ദേശമാണ് തന്റെ കടലാസു പൂക്കൾ എന്ന കവിതയിലുള്ളതെന്ന് തീർഥ വിശദീകരിച്ചു.

'അപ്പോൾ ഈ തീർഥ ആളു കൊള്ളാമല്ലോ? മൃദുലയുടെ അർഥഗർഭമായ വാക്കുകളിൽ തീഷ്ണതയുടെ നൈരന്തര്യം നിഴലിച്ചിരുന്നു. ആട്ടെ എന്താണ് തീർഥ എന്നതിന്റെ അർഥം? ഐശ്വര്യയുടെ ചോദ്യത്തിനും ഉത്തരമായി. 'ജനായൈ തരന്തി താനി തീർഥാനി (യാതൊന്നിൽ ജനങ്ങൾ ദുഃഖങ്ങളെ തരണം ചെയ്യുന്നുവോ അവയാണ് തീർഥങ്ങൾ) എന്ന് സത്യാർഥ പ്രകാശത്തിൽ സ്വാമീ ദയാനന്ദ സരസ്വതി പറയുന്ന കാര്യം ഓർമ്മിപ്പിച്ചപ്പോൾ മറ്റു മൂന്നു പേരും തീർഥയുടെ അവഗാഹതയിൽ അഭിമാനം കൊണ്ടു.

ക്ഷമ പോലുള്ള സദ്ഗുണങ്ങൾ തീർഥങ്ങളാണെന്നും തീർഥ പ്രതിവചിച്ചപ്പോൾ അവരുടെ വാങ്മയ പ്രതിഭയിൽ അത്ഭുതം കൂറി. നിലനിൽപ്പിന്റെ നിന്മോന്നതങ്ങളെ ഹൃദയത്തിലാവാഹിക്കുമ്പോഴാണ് ജീവിതത്തിന് അർഥമുണ്ടാകുമെന്ന സത്യം അവർ തിരിച്ചറിഞ്ഞത്. ഇവൾ ഒരു പുരാണിക് എൻസൈക്ലോപീഡിയ തന്നെ.! അപർണ ടീച്ചർ തറപ്പിച്ചു പറഞ്ഞു. നന്മയുടെ തെളിനീർ പ്രതിബിംബിക്കുന്ന ആകാശത്തിൽ നിഷ്കളങ്കതയുടെ നക്ഷത്രത്തിളക്കം ആ ഹൃദയ മനസ്സുകളിൽ നിക്ഷിപ്തമായിരുന്നു. അക്ഷരാർഥത്തിൽ തീർഥമായി തന്നെ അത് പരിലസിക്കുന്നു. വാക്കുകളിലെ അർഥത്തിനപ്പുറമുള്ള ചിന്തകൾ സ്വായത്തമാകുമ്പോഴാണ് ആത്മബോധത്തിന്റെ അനുരണനങ്ങൾക്ക് സംഗീതാത്മകത കൈവരുന്നത്. അപ്പോഴും അരുവികളിലെ നിർമ്മലജലം തീർഥമായി ഒഴുകി കൊണ്ടിരുന്നു...

English Summary:

Malayalam Short Story ' Theertham ' Written by Suresh Kumar Punnad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com