ADVERTISEMENT

പുറം തരുമൊ

ചൊറിയാനല്ല

എല്ലാം മറന്ന്  

ഇത്തിരി നേരമൊന്ന്

തല ചായ്ക്കാനാ

നട്ടെല്ല് ഊരിത്തരുമൊ

ഒറ്റയാന് കുറവുണ്ട്

ഒരൂന്ന് വടിയുടെ
 

2

ഓർമ്മകളുടെ പഴമുറം തരുമൊ

പതിര് പാറ്റി കളയാനാ

കാറ്റ് അനുകൂലമാകുമ്പൊ

മുറം തന്നെ കത്തിച്ചു കളയാനാ

അതിരില്ലാത്തൊരു സ്നേഹ- 

രാജ്യത്തിന്റെ ചക്രവർത്തിയാകാനാ
 

3

പുറവും എന്റെ മുറവും തരാം

മുറ വിട്ട് ഒന്നും ചെയ്യരുത്

നീ എന്റെ സ്വന്തം എന്നിരിക്കിലും

ഞാൻ നിനക്ക് അങ്ങനെയല്ലല്ലോ

എന്റെ ശരീരത്തെ ഉപയോഗിച്ച്

സുഖം ആവർത്തിക്കുക എന്നതിൽ

കവിഞ്ഞ് നിനക്ക് മറ്റൊരു

ആശയസംഹിതയും 

ജീവിതത്തിൽ പിന്തുടരാനില്ലല്ലോ
 

4

കേറി കേറി

എന്റെ മുറത്തിൽ കേറല്ലേ

കൊത്തിയരിഞ്ഞ് 

നിന്നെ ഞാൻ സൂപ്പാക്കും

വേനലിലെ രോഷം ശമിപ്പിക്കാൻ

ശിശിരകാലം സൂപ്പ്

ആവശ്യപ്പെടുന്നു
 

5

കോട്ടം വന്നവർ തന്നെ

അന്യർക്കും കോട്ടമുണ്ടാക്കുന്നതു

കാണുമ്പോൾ മനസ്സിനൊരു വാട്ടം

എന്തു ചെയ്യാം സ്നേഹം

ഒരു കുരിശിൽ കവിഞ്ഞൊന്നുമല്ലല്ലോ
 

6

സൂര്യപ്രകാശവും മഴവില്ലുകളും

നമുക്ക് പറഞ്ഞതല്ല

ഇരുണ്ട നിമിഷങ്ങളാണിവിടെ

മഹാബലം

പതനമാണ് സ്വർഗ്ഗരാജ്യത്തിലേക്ക്

ഉയരുന്ന പടവുകൾ

ശൂന്യതയിൽ കൊത്തിപ്പണിയുക.

ഏഴ് തവണ വീണാലും

എട്ടാം തവണ നമ്മൾ

ഉയിർത്തെഴുന്നേൽക്കും!

English Summary:

Malayalam Poem ' Kurisu ' Written by Venu Nambiar