ഗാനഗന്ധർവൻ എന്ന സിനിമയിലെ നായകൻ കലാസദൻ ഉല്ലാസിന്റേതു നാട്ടിൻപുറത്തെ ഓടിട്ടൊരു വീടാണ്. സംവിധായകൻ രമേഷ് പിഷാരടി ഇതിനായി പലയിടത്തും അലഞ്ഞു. ഒടുവിൽ തൃശൂരിനടുത്തു തൃപ്രയാറിൽ നിന്നാണു വീട് കണ്ടെത്തിയത്. ഷൂട്ടിങ്ങിനു വന്ന ആദ്യദിവസംതന്നെ കലാസദൻ ഉല്ലാസായി വേഷമിടുന്ന മമ്മൂട്ടി പിഷാരടിയോട് ചോദിച്ചു: ‘ രമേഷേ നീ എന്തിനാ ലൊക്കേഷൻ തേടി ഇത്രയും അലഞ്ഞത്. വെള്ളൂരിലെ നിന്റെ വീട് നാട്ടിൻപുറത്തല്ലേ. ആദ്യസിനിമ മുഴുവനും അവിടല്ലേ ഷൂട്ട് ചെയ്തത്. അവിടൊരു വീട് കണ്ടുപിടിക്കാമായിരുന്നില്ലേ? ’.
രമേഷ് പിഷാരടി പറഞ്ഞു – ‘ഞാനവിടെ പഞ്ചവർണത്തത്ത ഷൂട്ട് ചെയ്തപ്പോൾ പരിചയക്കാരായ ഒരുപാട് ആളുകൾ വന്നു. ആക്ഷനും കട്ടും ഒക്കെ പറഞ്ഞ് ഒരു സംവിധായകനായി ഞാൻ നിൽക്കുന്നതു കണ്ട് അവർക്കെല്ലാം സന്തോഷം തോന്നി. എനിക്കും സന്തോഷം തോന്നി. മൊത്തം ഹാപ്പി ഫീൽ. ഇതതു പോലല്ല. ഷൂട്ടിനിടെ ഞാൻ ചിലപ്പോൾ വല്ല മണ്ടത്തരവും പറയും. അതുകേട്ടു മമ്മൂക്ക എന്നെ പൂരവഴക്ക് പറയും. അതു നാട്ടുകാരുടെ ഇടയിലാകുമ്പോൾ എന്റെ അവസ്ഥ ഒന്നാലോചിച്ചേ. സത്യം പറഞ്ഞാൽ, അതുകൊണ്ടാണു ഞാൻ ഇത്രയും ദൂരേയ്ക്കു വന്നത്’.
ഈ തുറന്നുപറച്ചിലാണു മമ്മൂട്ടിയും രമേഷ് പിഷാരടിയും തമ്മിലുള്ള സൗഹൃദത്തിന്റെ കാതൽ. നായകന്റെ വീട് മാത്രമല്ല, കഥയും സന്ദർഭങ്ങളുമെല്ലാം തനി നാട്ടിൻപുറത്തു നിന്നുതന്നെ കണ്ടെത്തിയാണു രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം തിയറ്ററുകളിലെത്തിയിട്ടുള്ളത്. ഗാനമേള ട്രൂപ്പുകളിലെ അടിപൊളി പാട്ടുകളുടെ ഗായകൻ എന്ന വ്യത്യസ്ത വേഷവുമണിഞ്ഞു മമ്മൂട്ടി എത്തുന്ന ഗാനഗന്ധർവനെക്കുറിച്ചു സംവിധായകൻ.
∙ പഞ്ചവർണത്തത്തയിൽ നിന്നു ഗാനഗന്ധർവനിലെത്തുമ്പോൾ പിഷാരടി എന്ന സംവിധായകനും സിനിമയും?
ആദ്യസിനിമയും ഗാനഗന്ധർവനും തമ്മിലൊരു താരതമ്യം ശരിയല്ല. എങ്കിലും ഓരോ ദിവസം കഴിയുന്തോറും നമ്മുടെ എക്സ്പീരിയൻസ് വർധിക്കുമല്ലോ. പഞ്ചവർണത്തത്ത വീണ്ടും വീണ്ടും കാണുമ്പോൾ എനിക്കു തന്നെ ചില തിരുത്തലുകൾ തോന്നും. ജയറാമേട്ടനും ചാക്കോച്ചനുമെല്ലാം ചില തിരുത്തലുകൾ ചൂണ്ടിക്കാട്ടി നീ അടുത്ത പടത്തിൽ അതെല്ലാം ശ്രദ്ധിക്കണമെന്നു പറഞ്ഞിരുന്നു. അത്തരം പിഴവുകളെല്ലാം പരിഹരിച്ചാണ് ഈ ചിത്രമൊരുക്കിയിട്ടുള്ളത്. ആദ്യസിനിമ, രണ്ടാമത്തേത് എന്നൊന്നും ഇല്ല. എല്ലാം ആദ്യത്തേതു തന്നെ. സ്റ്റേജ് പ്രോഗ്രാമാണേലും ആ നിലയ്ക്കാണ് അപ്രോച്ച്.

∙ ഗാനഗന്ധർവൻ എന്ന പേര് ആദ്യം ഈ ചിത്രത്തെക്കുറിച്ചു കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ടല്ലോ ?
ഗാനഗന്ധർവൻ എന്ന പേരു കേട്ടാൽ ദാസേട്ടനെക്കുറിച്ചാകും പെട്ടെന്ന് ആലോചിക്കുക. പക്ഷേ മമ്മൂക്ക ഹീറോ ആകുകയും ഞാൻ സംവിധായകനാകുകയുമൊക്കെ ചെയ്യുമ്പോൾ ഒരിക്കലും ശങ്കരാഭരണം പോലൊരു സംഗീതപടമാണെന്ന് ആരും വിചാരിക്കുമെന്നു തോന്നുന്നില്ല. ഗാനമേള ട്രൂപ്പിലെ ഗായകനാണു നായകൻ ഉല്ലാസ്. എന്നാൽ ഉല്ലാസിന്റെ വ്യക്തിജീവിതത്തിലെ ചില സംഭവങ്ങളിലൂടെയാണു കഥ പോകുന്നത്.
∙ പക്ഷേ പിഷാരടി സിനിമയുമായെത്തുമ്പോൾ കുടുകുടെ ചിരിക്കാനുള്ള ‘സംവിധാന’ മല്ലേ ജനം പ്രതീക്ഷിക്കുക?
എന്നെ മിമിക്രിക്ക് വിളിക്കുന്ന ഒരാൾ എപ്പോഴും തമാശയേ പ്രതീക്ഷിക്കൂ. വേറൊന്നും പറഞ്ഞില്ലെങ്കിലും അവർക്കു പ്രശ്നമില്ല. പക്ഷേ സിനിമ പല കഥാപാത്രങ്ങളിലൂടെ നീങ്ങുന്ന ഒന്നാണ്. അവരുടെ ജീവിതം പറയണം. അതു ജനങ്ങളുമായി കണക്ട് ചെയ്യണം. അവിടെ തമാശ കുത്തിനിറക്കാനാകില്ല. ചിരിക്കാനുള്ളതും ഗാനഗന്ധർവനിലുണ്ട്. തമാശയും ഉള്ള സിനിമ. പല ചേരുവകൾ ചേർന്ന എന്റർടെയ്നറാണ് ഈ ചിത്രം.
∙ ക്യാമറയ്ക്കു പിന്നിലെ തുടക്കക്കാരനായ പിഷാരടിക്കു മുന്നിൽ മമ്മൂട്ടി വന്നപ്പോൾ?
ആക്ഷന്റെയും കട്ടിന്റെയും ഇടയിൽ പുതുമുഖത്തെപ്പോലെയാണു മമ്മൂക്ക. ഷൂട്ടിങ്ങിനിടെ നീ എന്തു പറഞ്ഞാലും ഞാൻ അനുസരിക്കും, പക്ഷേ അതു കഴിഞ്ഞുവന്നു പറഞ്ഞേക്കരുത് എന്നായിരുന്നു എന്നോട് ആദ്യമേ പറഞ്ഞത്. എക്സ്പീരിയൻസിന്റെ വലിപ്പം നമ്മളെ കാണിക്കാനല്ല അദ്ദേഹം നിൽക്കുന്നത്. വലിയൊരു ലിസണറാണ് മമ്മൂക്ക. അനുഭവപരിചയം കൊണ്ട് ചില കാര്യങ്ങളിൽ നിർദേശം തരാനും അദ്ദേഹം തയ്യാറാണ്.
∙ ചിത്രത്തിലെ താരനിരയെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുത്തിയല്ലോ. ഒരു മാസത്തോളം നീണ്ടുവത്. എന്തുകൊണ്ട് ഈ താരബാഹുല്യം ?
താരനിര എന്നല്ല അഭിനേതാക്കളെന്നു വേണം പറയാൻ. എക്സ്പീരിയൻസേറെയുള്ള അഭിനേതാക്കളാണവർ. മുഖപരിചയമുള്ള ആളുകൾ നമുക്കു ബന്ധുക്കളെപ്പോലെയാണ്. ഇടക്കിടെ മാത്രം വരുന്ന ചെറുവേഷങ്ങളായാൽ പോലും അവരെ കാഴ്ചക്കാർക്കു പെട്ടെന്നു മനസിലാകും. മുതിർന്നവർക്കൊപ്പം നായികമാരടക്കമുള്ള ഒട്ടേറെ പുതുമുഖങ്ങൾക്കും അവസരം കൊടുത്തിട്ടുണ്ട്.
∙ സംവിധാനം, നിർമാണം, അഭിനയം, തിരക്കഥ. പിന്നെ സ്റ്റേജ് ഷോയും. ഫെയ്സ്‌ബുക്കിലും സജീവം. ഒരുമിച്ച് ഇതെല്ലാം ?
നിർമാണമൊക്കെ പേരിനേയുള്ളൂ. മമ്മൂക്കയുടെ പടം പിടിക്കാനുള്ള പൈസയൊന്നും എനിക്കില്ല. അഭിനയത്തിനും അത്ര സമയമൊന്നും വേണ്ട. ആരെങ്കിലും എഴുതിവച്ച് വിളിക്കും, പോയി ചെയ്താൽ മതി. തിരക്കഥയും സംവിധാനവും മാത്രമേ സമയമേറെ വേണ്ടതുള്ളൂ. സോഷ്യൽ മീഡിയയൊക്കെ നമ്മുടെ കൈയിലെ ഫോണിൽ തന്നെയല്ലേ. അതിലൂടെ ലോകത്തെ കാണാം, അപ്ഡേറ്റ് ചെയ്യാം. ഇല്ലെങ്കിൽ ഈ തൊഴിലിൽ നിന്നു പതുക്കെ പുറകോട്ടുപോകും.
∙ പിഷാരടിയും ധർമജനും ഒരേ തൂവൽപക്ഷികളാണല്ലോ. ധർമജൻ ബിസിനസിലും കൈവച്ചു. പക്ഷേ പിഷാരടിയെ കണ്ടില്ല ?
ധർമജൻ ബിസിനസിലൊക്കെ വലിയ താൽപര്യമുള്ളയാളാണ്. പിഷാരടിയെ കണ്ടില്ലെന്നു പറയുമ്പോൾ, അവന്റെ ബിസിനസിൽ എന്തെങ്കിലും പറ്റിയാൽ ഞാൻ സഹായിക്കണം. എനിക്കു ബിസിനസ് ഒന്നുമില്ലെങ്കിലും അവൻ സഹായിക്കും. അതുകൊണ്ട് ഒരാൾ പോരേ. പിന്നെ, ബിസിനസൊക്കെ തുടങ്ങാൻ അവൻ അഭിനേതാവാണ്. ഞാൻ പിന്നണിയിലും അവൻ മുന്നണിയിലും നിൽക്കുന്നയാളാണ്. അതുതമ്മിലുള്ള അന്തരം ഉണ്ടല്ലോ !