ADVERTISEMENT

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിലെ, കൊടൈക്കനാലിൽ ഗുണ കേവിലേതായി കാണിക്കുന്ന അപകടകരമായ രംഗങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. വർഷങ്ങൾക്കു മുൻപ് കമലഹാസൻ അഭിനയിച്ച ഗുണ എന്ന ചിത്രത്തിൽ നായികയെ തട്ടിക്കൊണ്ടുപോയി പാർപ്പിക്കുന്ന സ്ഥലമായി കാണിച്ച ഗുഹയാണ് മുൻപു ചെകുത്താന്റെ അടുക്കള എന്നും ഇന്ന് ഗുണ കേവ് എന്നും അറിയപ്പെടുന്ന സ്ഥലം. എം.പദ്മകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ ശിക്കാർ എന്ന സിനിമയുടെ ക്ലൈമാക്‌സും ഗുണ കേവിൽ ആയിരുന്നു ഷൂട്ട് ചെയ്തതെന്ന് അധികമാരും അറിയാത്ത സത്യമാണ്.

Read more at: മഞ്ഞുമ്മൽ ബോയ്സിന് സെറ്റിട്ട 'മൂത്താശാരി'; ഗുണ കേവ്സ് തയാറാക്കിയത് പെരുമ്പാവൂരിൽ

 മോഹൻലാലിന്റെ മകളായി അഭിനയിച്ച അനന്യയെ വില്ലൻ പിടിച്ചുകെട്ടി തൂക്കി ഇടുന്നത് ഗുണ കേവിലെ വലിയ ഗർത്തത്തിൽ ആയിരുന്നു. ഡ്യൂപ്പ് പോലും ഇല്ലാതെയാണ് അനന്യയും മോഹൻലാലും ആ രംഗങ്ങളിൽ അഭിനയിച്ചത്. വളരെ അപകടം പിടിച്ച ആ ക്ലൈമാക്‌സ് രംഗം ഷൂട്ട് ചെയ്ത അനുഭവം മനോരമ ഓൺലൈനിനോട് പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ എം.പദ്മകുമാർ. മഞ്ഞുമ്മൽ ബോയ്സ് ആദ്യദിനം തന്നെ കണ്ടെന്നും ഇത്രയും അപകടം പിടിച്ച രംഗം മനോഹരമായി ഒരുക്കിയ അണിയറപ്രവർത്തകരെ അഭിനന്ദിക്കുന്നെന്നും പദ്മകുമാർ പറയുന്നു.

ശിക്കാർ സിനിമയുടെ ക്ലൈമാക്‌സ്

ഞാൻ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് കൊടൈക്കനാലിലെ ഗുണ കേവ് എന്നറിയപ്പെടുന്ന സ്ഥലത്തായിരുന്നു. അതുപോലെ ഒരു സ്ഥലത്താണ് ക്ലൈമാക്സ് വേണ്ടിയിരുന്നത്. അതാണ് ഗുണ കേവിൽ ഷൂട്ട് ചെയ്യാൻ കാരണം. വില്ലൻ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അവിടെ കെട്ടിവച്ചിരിക്കുകയാണ് ആ കുട്ടിയെ ലാലേട്ടന്റെ കഥാപാത്രം രക്ഷിക്കുന്നതാണ് കഥ. ത്യാഗരാജൻ മാസ്റ്റർ ആണ് ആക്‌ഷൻ ഡയറക്ടർ. അദ്ദേഹം സിനിമാട്ടോഗ്രാഫറെയും കൊണ്ട് കുറെ ലൊക്കേഷൻ നോക്കാൻ പോയി.

കൊടൈക്കനാലിൽ ഇങ്ങനെ ഒരു സ്ഥലം ഉണ്ടെന്നറിഞ്ഞ് അദ്ദേഹമാണ് പോയി കണ്ടുപിടിക്കുന്നത്. കമലഹാസന്റെ ഗുണ അവിടെയാണ് ചിത്രീകരിച്ചത് എന്ന് ഞങ്ങൾ മനസ്സിലാക്കി. അവിടെ പോയി വിഡിയോ എടുത്തുകൊണ്ടുവന്ന് എന്നെയും ലാലേട്ടനെയുമൊക്കെ കാണിച്ചു. ഇവിടെ ഫൈറ്റ് ഒന്നും അങ്ങനെ ഷൂട്ട് ചെയ്തിട്ടില്ല, അധികം ആരും ഷൂട്ട് ചെയ്‌തിട്ടില്ലാത്ത സ്ഥലമാണ്.

Mohanlal-Shikkar1

ഇവിടെയെടുത്താൽ രസമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ലൊക്കേഷൻ ഭയങ്കര ഇംപാക്ട് ആയിരിക്കും എന്നുള്ളതുകൊണ്ടാണ് അവിടെ ചെയ്യാൻ തീരുമാനിച്ചത്. ഞങ്ങൾ ഓക്കേ പറഞ്ഞു. അവിടെ ചെന്നപ്പോഴാണ് ഇത്രയും അപകടം പിടിച്ച സ്ഥലം ആണെന്ന് അറിയുന്നത്. ത്യാഗരാജൻ മാസ്റ്റർ വളരെയധികം എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ. അദ്ദേഹത്തിന്റെ ധൈര്യത്തിലാണ് അവിടെ ചെയ്യാമെന്ന് തീരുമാനിച്ചത്.

Mohanlal-Shikkar3

ലാലേട്ടൻ പറഞ്ഞു: മോളേ സൂക്ഷിക്കണം

കേവിനുള്ളിൽ മുകളിൽ നിന്ന് താഴേക്ക് ഇറങ്ങാൻ വലിയ ബുദ്ധിമുട്ടാണ്. കയർ ഏണി കെട്ടിയിട്ടാണ് താഴേക്ക് ഇറങ്ങുന്നത്. അവശ്യ സാധനങ്ങൾ എത്തിക്കുന്നതും അങ്ങനെയാണ്. അധികം ആൾക്കാരെ താഴേക്ക് ഇറക്കാൻ കഴിയില്ല. ലാലേട്ടന്റെ മകളായി അഭിനയിച്ചത് അനന്യ ആണ്. രണ്ടു പാറകൾക്കിടയിൽ ആഴത്തിൽ ഒരു ഗർത്തമുണ്ട് അവിടെയാണ് അനന്യയെ കെട്ടിയിട്ടിരിക്കുന്നത് ചിത്രീകരിച്ചത്. വളരെ അപകടം പിടിച്ച ഒരു ഷോട്ട് ആയിരുന്നു. കയർ പൊട്ടിപ്പോവുകയോ അഴിഞ്ഞു പോവുകയോ ചെയ്താൽ പിന്നെ ആളിന്റെ പൊടിപോലും കിട്ടില്ല.

ഞങ്ങൾ അനന്യയോട് പറഞ്ഞു ‘വേണമെങ്കിൽ നമുക്ക് ഡ്യൂപ്പിനെ വച്ച് ഷൂട്ട് ചെയ്യാം, റിസ്ക് എടുക്കണ്ട’ എന്ന്. പക്ഷേ അനന്യ പറഞ്ഞു ‘ഏയ്, ഒരു കുഴപ്പവുമില്ല ഞാൻ തന്നെ ചെയ്യാം’. ലാലേട്ടൻ പറഞ്ഞു ‘മോളേ, സൂക്ഷിക്കണം ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്താൽ മതി. അല്ലെങ്കിൽ ഡ്യൂപ്പിട്ട് ചെയ്യാം’. എന്നാൽ അനന്യ പിൻമാറിയില്ല. അത് ചെയ്യാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിച്ചേ മതിയാകൂ. ലാലേട്ടൻ ചാടി വീണ് അവളെ പിടിക്കുന്ന ഒരു രംഗം ഉണ്ട് അതൊക്കെ ഒരുപാട് മുൻകരുതൽ എടുത്താണ് ചെയ്തത്. അദ്ദേഹവും ഒരുപാട് റിസ്ക് എടുത്താണ് അത് ചെയ്തത്. അദ്ദേഹത്തെയും അഭിനന്ദിക്കാതെ തരമില്ല.

Mohanlal-Shikkar2

തിരിച്ചറിയാൻ കഴിയാത്ത ഗുഹകൾ നിരവധി

മഞ്ഞുമ്മൽ ബോയ്സിൽ കാണിക്കുന്നത് പോലെ ശ്രീനാഥ്‌ ഭാസി താഴേക്ക് പോകുന്നതുപോലെയുള്ള നിരവധി ഗർത്തങ്ങൾ അവിടെയുണ്ട്. പെട്ടെന്ന് നമുക്ക് കുഴികൾ ഉണ്ടെന്നു മനസ്സിലാകില്ല. ചവിട്ടിയാൽ ചിലപ്പോൾ നേരെ താഴേക്ക് പോകും. വലിയ ഗർത്തങ്ങളിൽ ആയിരിക്കും പതിക്കുക. ഷൂട്ടിനിടയ്ക്ക് ലാലേട്ടൻ എല്ലാവരോടും പറയും "മോനെ സൂക്ഷിച്ച് ഇറങ്ങണെ, സൂക്ഷിക്കണേ സൂക്ഷിക്കണേ" എന്ന്. ഷൂട്ട് തുടങ്ങിക്കഴിഞ്ഞാൽ നമ്മൾ അതിന്റെ ഒരു ആവേശത്തിലായിരിക്കും. ഒന്നും ശ്രദ്ധിക്കില്ല.

shikaar-mohanlal

ആദ്യത്തെ ഭാഗമൊക്കെ മുകളിലാണ് ഷൂട്ട് ചെയ്തത്. അനന്യയെ കെട്ടിയിട്ടതും ഫൈറ്റും ഒക്കെ താഴെയാണ് ഷൂട്ട് ചെയ്തത്. കയർ ഏണി കെട്ടി താഴേക്ക് ഇറങ്ങും. വൈകിട്ട് നാല് മണി വരെയേ ഷൂട്ട് ചെയ്യാൻ പറ്റൂ. അതുവരെ ഭക്ഷണം ഒന്നും ഉണ്ടാകില്ല. രാവിലെ ഇറങ്ങുമ്പോൾ കയ്യിൽ സൂക്ഷിക്കുന്ന ബിസ്കറ്റ്, വെള്ളം ഒക്കെയാണ് വൈകിട്ടുവരെ കഴിക്കുന്നത്. ഷൂട്ട് തീർത്തിട്ടേ മുകളിൽ കയറാൻ കഴിയൂ. ഇത്രയും ഭീകരമായ സ്ഥലമാണല്ലോ എന്ന് ഷൂട്ട് നടക്കുന്ന സമയത്ത് ആലോചിച്ചിട്ടില്ല.

khalid-rahman-manjummel-boys

തലയോട്ടിയും മറ്റ് എല്ലുകളുമൊക്കെ ഉള്ളതാണ്

ഗുണകേവിൽ തലയോട്ടിയും എല്ലുകളുമൊക്കെ കിടക്കുന്ന സീനുകൾ മഞ്ഞുമ്മൽ ബോയ്സിൽ കാണിക്കുന്നുണ്ട്. അത് സീനിന് വേണ്ടി വെറുതെയുണ്ടാക്കിയതല്ല. യഥാർഥത്തിൽ അങ്ങനെയുണ്ട്. ഞങ്ങൾ ഇറങ്ങുന്ന വഴിക്ക് തലയോട്ടിയും  എല്ലുകളും ഒക്കെ കിടക്കുന്നത് കണ്ടിട്ടുണ്ട്. മുൻപ് ഒരുപാട് അപകടം നടന്ന സ്ഥലമാണെന്ന് അവിടെയുള്ള സ്ഥലവാസികൾ പറഞ്ഞിരുന്നു. അവിടെ ഇറങ്ങാൻ ആർക്കും അനുവാദം കൊടുക്കില്ല. ഞങ്ങൾ ഷൂട്ടിന് വേണ്ടി സ്‌പെഷൽ പെർമിഷൻ എടുത്തതാണ്. കുറച്ചു നാൾ മുൻപ് ഞാൻ വീണ്ടും അവിടെ പോയിരുന്നു. ഗേറ്റ് കെട്ടി അടച്ചിരിക്കുന്നു. അങ്ങോട്ട് ആരെയും കടത്തി വിടുന്നില്ല. ഞങ്ങൾ പോയ സമയത്ത് കുറച്ചുകൂടി ഉള്ളിലേക്ക് പോകാമായിരുന്നു.

shikaar-mohanlal-1

മഞ്ഞുമ്മൽ ബോയ്സ് കണ്ടു. വളരെ നന്നായി സിനിമ ചെയ്തിട്ടുണ്ട്. സിനിമ കണ്ടപ്പോൾ ഞങ്ങൾ അന്ന് അവിടെ ഷൂട്ട് ചെയ്ത ഓർമകൾ വന്നു. 2010ൽ ആണ് അവിടെ ഷൂട്ട് ചെയ്തത്. അന്ന് ഞങ്ങൾ ഇങ്ങനെ അവിടെ ഒരു അപകടം നടന്ന കാര്യം അറിഞ്ഞില്ല. സിനിമ ഉഗ്രൻ ആയിട്ടുണ്ട്. ആദ്യ ദിവസം തന്നെ കണ്ടു.  വളരെ ഭംഗിയായി അവർ ചെയ്തിട്ടുണ്ട്. യഥാർത്ഥ സംഭവം എന്ന് പറയുമ്പോൾ നമുക്ക് ആ കഥയോട് മാനസികമായി ഒരു അടുപ്പവും ഉണ്ടാകുമല്ലോ. പടത്തിന്റെ അവതരണത്തോടൊപ്പം എല്ലാവരുടെയും അഭിനയവും വളരെ നന്നായിട്ടുണ്ട്.

English Summary:

M Padmakumar about Mohanalal, Ananya Guna cave shooting experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com