ADVERTISEMENT

അന്തരിച്ച കലാഭവൻ ഹനീഫിന് ആദരാഞ്ജലി അർപ്പിച്ച് ‘ഈ പറക്കും തളിക’യുടെ സംവിധായകൻ താഹ. ഉടൻ ചെയ്യാൻ പോകുന്ന ഒരു സിനിമയിൽ കലാഭവൻ ഹനീഫിന് വേണ്ടി എഴുതിയ കഥാപാത്രത്തെക്കുറിച്ച് ഹനീഫിനോട് ഒന്നു പറയാൻ കഴിയാത്ത വിഷമത്തിലാണ് താഹ. ‘ഈ പറക്കും തളിക’യിൽ ദിലീപ് മേക്കപ്പിടുന്ന മണവാളന്റെ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ഹനീഫ് അവതരിപ്പിച്ചത്. മണവാളനെ മേക്കപ്പ് ചെയ്തു കുളമാക്കിയ ആളോട് പ്രതികാരം ചെയ്യുന്ന ഒരു സീൻ പറക്കും തളികയിൽ ഉണ്ടായിരുന്നെങ്കിലും അത് സിനിമയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ദുഃഖം ഹനീഫിന് എന്നും ഉണ്ടായിരുന്നുവെന്ന് താഹ പറയുന്നു.  വരും ദിവസങ്ങളിൽ ഹനീഫിനെ വിളിച്ച് പുതിയ സിനിമയെക്കുറിച്ച് ചർച്ച ചെയ്യാനിരിക്കുകയായിരുന്നെന്നും ഇത്ര പെട്ടെന്ന് അദ്ദേഹം വിടവാങ്ങുമെന്ന് കരുതിയില്ലെന്നും താഹ മനോരമ ഓൺലൈനിനോടു പറഞ്ഞു.    

‘‘ഒരു പുതിയ ചിത്രം ചെയ്യാനുള്ള ചർച്ചയിലാണ് ഞാൻ. തിരക്കഥയുടെ ചർച്ച നടക്കുന്നതേയുള്ളൂ.  ആ സിനിമയിൽ കലാഭവൻ ഹനീഫിന് ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമുണ്ട്. അത് അദ്ദേഹത്തോട് പറയാൻ ഇരിക്കുകയായിരുന്നു. കഥയുടെ ചർച്ചകൾ പുരോഗമിക്കുന്നതേയുള്ളൂ അതുകൊണ്ടു തന്നെ അദ്ദേഹത്തോട് പറയാൻ കഴിഞ്ഞില്ല. ഈ വിയോഗം വളരെ അപ്രതീക്ഷിതമാണ്. ഒട്ടും പ്രതീക്ഷിച്ചില്ല.  

ഈ പറക്കും തളിക ചെയ്യുന്ന സമയത്ത് കൂടെയുള്ളവരിൽ ആരോ ആണ് അദ്ദേഹത്തെപ്പറ്റി പറഞ്ഞത്. ഒരു ചെറിയ കഥാപാത്രമാണ് അദ്ദേഹം ചെയ്തതെങ്കിലും ഏവരുടെയും ശ്രദ്ധയാകർഷിച്ച വേഷമായിരുന്നു അത്. ദിലീപും ഹരീശ്രീ അശോകനും തമ്മിലുള്ള കോമ്പിനേഷനോട് ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയമാണ് ഹനീഫ് അതിൽ കാഴ്ചവച്ചത്. ആ ബസിന്റെ വരവിന് ഒരു പഞ്ച് കിട്ടാൻ ഉതകിയ കഥാപാത്രമായിരുന്നു. പക്ഷേ സിനിമയിൽ ഹനീഫ് വേറൊരു സീൻ കൂടി ഉണ്ടായിരുന്നു.  ദിലീപിന്റെ കഥാപത്രം മണവാളനായി ഇരിക്കുന്ന ഹനീഫിന്റെ കഥാപാത്രത്തിന് മേക്കപ്പിടുന്ന സീൻ ഉണ്ട്.  ആ കഥാപാത്രത്തിന്റെ കല്യാണം പക്ഷേ ബസ് കാരണം മുടങ്ങുന്നു.  

ഹനീഫിന്റെ കഥാപാത്രം താടിയും മുടിയും നീട്ടി വളർത്തിയിട്ട് ദിലീപിനെക്കൊണ്ട് മുടിവെട്ടിക്കുന്ന സീൻ ഉണ്ടായിരുന്നു. കല്യാണം മുടക്കിയ ആളെക്കൊണ്ട് താടിയും മുടിയും വെട്ടിക്കുക എന്നൊരു പ്രതികാരം ചെയ്യുക.  അത് എല്ലാവരും രസകരമായി ചെയ്തിരുന്നു. അന്ന് ആ സീൻ ഉൾപ്പെടുത്താൻ സാങ്കേതികമായ ചില തടസങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടു അത് ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.  സിനിമ ഇറങ്ങിയപ്പോൾ ഹനീഫ് വിളിച്ച് സങ്കടം പറഞ്ഞിരുന്നു. ഹനീഫിന്റെ സങ്കടം എനിക്കു മനസ്സിലാകും, അതൊരു നല്ല സിറ്റുവേഷൻ ആയിരുന്നു. ആ സീൻ കൂടി ഉണ്ടായിരുന്നെങ്കിൽ ആ എപ്പിസോഡ് ഫിനിഷ് ആയേനെ. പക്ഷെ അത് ഉൾപ്പെടുത്താൻ കഴിയാത്ത അവസ്ഥയായിരുന്നു.   

പിന്നീട് ചെയ്ത പടത്തിലൊന്നും അദ്ദേഹത്തിന് പറ്റിയ കഥാപാത്രം ഉണ്ടായിരുന്നില്ല.  അതുകൊണ്ടാണ് ഇപ്പൊ ചെയ്യാനിരിക്കുന്ന പടത്തിൽ നല്ലൊരു കഥാപത്രം ആലോച്ചിരുന്നത്.  പടത്തിന്റെ ചർച്ചകൾ നടക്കുന്നതേ ഉള്ളൂ. ഹനീഫിന്റെ ഈ അപ്രതീക്ഷിത വിയോഗവാർത്ത കേട്ട് ഞാൻ ഞെട്ടിപ്പോയി.  അസുഖം മൂർച്ഛിച്ച് കിടക്കുന്നെന്ന വാർത്തപോലും കേട്ടില്ല അതുകൊണ്ട് പ്രതീക്ഷിക്കില്ലല്ലോ.  എന്തായാലും കലാലോകത്ത് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അദ്ദേഹത്തിന് ആദരാഞ്ജലി നേരുന്നതിനൊപ്പം കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.  അദ്ദേഹത്തിന്റെ വിയോഗം താങ്ങാനുള്ള ശക്തി അവർക്ക് ലഭിക്കട്ടെ.’’–താഹ പറയുന്നു.

English Summary:

Director Thaha remembering Kalabhavan Haneef

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com