ദേവിക തിരിച്ച് അവരോട് ചോദിച്ചു, ‘ഗാർഹിക പീഡനമോ?’: ആ ദിവസം ഓർത്തെടുത്ത് മുകേഷ്
Mail This Article
വിവാഹമോചനം ജീവിതത്തിന്‍റെ ഒരു ഭാഗമാണെന്ന് നടനും എംഎല്‍എയുമായ മുകേഷ്. തന്‍റെ ജീവിതത്തിലുണ്ടായ രണ്ട് സ്ത്രീകളോടും ദേഷ്യമില്ലെന്നും ഒരു വാക്ക് പോലും അവരെക്കുറിച്ച് മോശം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സരിത, മേതില്‍ ദേവിക. ഈ രണ്ട് സ്ത്രീകള്‍ക്ക് മുകേഷിന്‍റെ ജീവിതത്തിലുള്ള പ്രാധാന്യം വളരെ വലുതാണെന്ന് കരുതുന്നു, അവരെ ഇപ്പോൾ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘‘ഇതുവരെ ഇവരെ മോശമായിട്ടോ, അല്ലെങ്കില്‍ തെറ്റായ രീതിയിലോ ഞാൻ പറഞ്ഞിട്ടില്ല. സാധാരണഗതിയില്‍ ഈ കുടുംബ കോടതിയുടെ മുമ്പില്‍ ചെന്ന് നിന്നു കഴിഞ്ഞാല്‍ തൊണ്ണൂറ്റിയെട്ടോ, തൊണ്ണൂറ്റിയൊന്‍പതോ എന്നില്ല നൂറ് ശതമാനം ഫാമിലി കോര്‍ട്ടിന്‍റെ അവിടെ നില്‍ക്കുന്ന വൈഫ്, ഹസ്ബന്‍ഡിനെയും ഹസ്ബന്‍ഡ് വൈഫിനെയും ചീത്ത വിളിച്ചുകൊണ്ടിരിക്കും. അത് സ്വാഭാവികമാണ്. ഒരിക്കല്‍ പോലും ഞാന്‍ രണ്ടുപേരെയും ഏതെങ്കിലും തരത്തില്‍.. എന്നെ എത്ര മാത്രം സമ്മര്‍ദം ചെലുത്തിയിട്ടുണ്ട് ഒരു വാക്ക് പറയാന്‍.
രണ്ട് പേരെയും ഞാന്‍ അഭിനന്ദിക്കുന്നു. കാരണം, അങ്ങനെയൊരു തീരുമാനം എടുത്താല്‍ അതിനകത്ത് സന്തോഷമുണ്ടെങ്കില്‍ ഗോ ഫോര്‍ ഇറ്റ്. അല്ലാതെ കടിച്ചുതൂങ്ങി, എന്നെ ഇല്ലാതെയാക്കി, അത് ഇവനെ.. ഒന്നുമില്ല. ആ ഒരു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം, നമ്മുടെ കൂടെ എത്ര അടുത്ത സുഹൃത്താണെങ്കിലും ഭാര്യയാണെങ്കിലും മക്കളാണെങ്കിലുമൊക്കെ അത് കൊടുത്തില്ലെങ്കില്‍ അവരുടെ ജീവിതം എന്താകും? എന്‍റെ ജീവിതം എന്താകും? അതിനകത്ത് എനിക്ക് അവരോട് ഒരു ദേഷ്യമില്ല. ഞാന്‍ എന്തെങ്കിലും അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ അഭിനന്ദിച്ചേ പറഞ്ഞിട്ടുള്ളൂ.
എന്‍റെ മക്കളുടെ അടുത്ത് ഒരു കാരണവശാലും നിങ്ങള്‍ അമ്മയെ വേദനിപ്പിക്കരുതെന്നേ പറഞ്ഞിട്ടുള്ളൂ. ദേവികയെ പറ്റി ഞാന്‍ ഒരുതരത്തിലും പറഞ്ഞിട്ടില്ല.. എനിക്ക് ഇപ്പോഴും വളരെ സന്തോഷമാണ്. പ്രധാനപ്പെട്ട കേരളത്തിലെ എല്ലാ പത്രമാധ്യമങ്ങളും ദേവികയുടെ അഭിമുഖത്തിനായി ചെന്നിരുന്നു. ആ വീട് മുഴുവൻ പത്രക്കാരാണ്, ടിവിയിൽ നമുക്ക് കാണാം. സിപിഎമ്മിന്റെ എംഎൽഎയാണ്, സിനിമാ നടനാണ്. ഒരുത്തൻ ഫിനിഷാകുന്നതിന്റെ സന്തോഷമാണത്. ആ ദേഷ്യത്തിൽ എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ നാട്ടിലെ നിയമം അനുസരിച്ച് വേറെ വകുപ്പില്ല. പിന്നെ വഴക്കും ഗാർഹിക പീഡനവും മറ്റേതും. അവിടെ ഇരിക്കുന്ന എല്ലാവരുടെയും ഭാവം ഞാൻ നോക്കുന്നുണ്ട്. വളരെ ഉഷാറായിട്ടാണ് നിൽക്കുന്നത്. ഇന്ന് ചരിത്രത്തിലെ വലിയ ദിവസമാണെന്ന രീതിയിലാണ് നിൽപ്. അത് സ്വാഭാവികമാണ്. മനുഷ്യന്റെ ഓരോ അവസ്ഥയാണ്.
അങ്ങനെ ചോദ്യം ചോദിക്കുന്നു. അദ്ദേഹം എന്താണ് ചെയ്ത തെറ്റ്, ഗാർഹിക പീഡനം എങ്ങനെയായിരുന്നു? ആ തരത്തിലായിരുന്നു ചോദ്യം. അപ്പോൾ ദേവിക പറഞ്ഞു, ‘ഗാർഹിക പീഡനമോ? എന്റെ കേസിൽ അങ്ങനെ ഇല്ലല്ലോ? വളരെ വ്യക്തിത്വമുളള മനുഷ്യനാണ്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനം.’’ കൊഴിഞ്ഞുപോകുന്നതു ഞാൻ കണ്ടു. ‘ഓ മെനക്കെടുത്തി, വെറുതെ വന്നും പോയി’’ എന്നിങ്ങനെ പറഞ്ഞ് ഇവര്‍ കൊഴിഞ്ഞുപോകുകയായിരുന്നു. കേരള ചരിത്രത്തിൽ ഒരു കരിദിനമായി ആ ദിവസം ആചരിക്കണം എന്നാണ് ഞാൻ പറയുന്നത്. അത് മനുഷ്യസ്വഭാവമാണ്. കാരണം എനിക്കെതിരെ മാത്രമാണ് എല്ലാവരും നിൽക്കുന്നത്. ബാക്കിയെല്ലാവരും അത് ആസ്വദിക്കുകയാണ്. ഇങ്ങനെയുള്ള സംഘർഷം വരുന്ന സമയങ്ങളിലാണ് ഞാന്‍ ഏറ്റവും നല്ല പെർഫോമൻസ് കൊടുക്കുന്നത്. അതെന്റെയൊരു തലയിലെഴുത്താണ്, ഒരനുഗ്രഹമാണ്.’’–മുകേഷ് പറഞ്ഞു.