‘കാതൽ’ രാജ്യാന്തര ശ്രദ്ധ നേടുന്നു; വാനോളം പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ്
Mail This Article
മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതലി’നെ പ്രശംസിച്ച് ന്യൂയോർക് ടൈംസ്. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തിയിട്ടുണ്ട്. സിനിമയിൽ അഭിനയിക്കാനും നിർമിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം സിനിമയ്ക്ക് വലിയ പൊതുസമ്മതി നൽകിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ബോളിവുഡ് സിനിമകളുടെ ഗ്ലാമർ, ശബ്ദകോലാഹലങ്ങൾക്കപ്പുറം, കുറഞ്ഞ ബജറ്റിൽ യഥാർഥ മനുഷ്യജീവിതവുമായി അടുത്തു നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള സിനിമകൾ വേറിട്ടു നിൽക്കുന്നതെന്നും ലേഖകൻ മുജീബ് മാഷൽ പറയുന്നു. ആവേശത്തള്ളിച്ചയുണ്ടാക്കുന്ന പതിവ് മലയാളം സിനിമകളിൽ നിന്നും ഈ ചിത്രം വ്യത്യസ്തമാണെന്നും, എന്നിട്ടും തിയറ്ററിൽ സ്വീകരിക്കപ്പെട്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇതാദ്യമായാണ് ഒരു മലയാള സിനിമയെക്കുറിച്ച് ഇത്ര വിശദമായ ലേഖനം ന്യൂയോർക്ക് ടൈംസിൽ വരുന്നത്. ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുന്ന ഗൗരവമേറിയ സിനിമയുടെ പ്രമേയം തന്നെയാണ് ഇവിടെയും ശ്രദ്ധിക്കപ്പെടുന്നത്. മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഇത് അഭിമാന നിമിഷമാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
ലളിതമായ ബജറ്റിലൊരുങ്ങിയ സിനിമ അത് കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ട് ലോകം മുഴുവൻ ശ്രദ്ധേയമാകുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത്. ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്.. മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലായിരുന്നു പ്രദര്‍ശനം.
നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയായിട്ടു കൂടി അദ്ഭുതപ്പെടുത്തുന്ന വിജയമാണ് ചിത്രം നേടിയത്. മുടക്കുമുതൽ തിയറ്റർ കലക്‌ഷനിലൂടെ മാത്രം നേടിയെടുത്തു. വിദേശത്തു നിന്നും ചിത്രം കോടികൾ വാരി.
മലയാളത്തിൽ നിന്നു മാത്രമല്ല തമിഴിൽ നിന്നും നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. മമ്മൂട്ടിയെപ്പോലൊരു മഹാനടൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യമാണ് പലരെയും അദ്ഭുതപ്പെടുത്തുന്നത്. ജ്യോതികയുടെ കരിയറിലെയും ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാതലിലേത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.
കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ.
മലയാള സിനിമ ലോകത്തിനു മുന്നിൽ അറിയപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാതൽ. ചെറിയ ബജറ്റിൽ മികച്ച അവതരണരീതിയിൽ അതിഗംഭീര അഭിനയപ്രകടനങ്ങളോടെ വന്നതാണ് കാതലിനെ മറ്റ് പ്രാദേശിക സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കിയത്.