ADVERTISEMENT

ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സ് ആണ് ഈ വിവാഹമെന്ന് ക്യാപ്റ്റൻ  പ്രശാന്ത് ബാലകൃഷ്ണൻ നായർ. ബെംഗളൂരുവിൽ നടന്ന വിവാഹ റിസപ്‌ഷനിലാണ് പ്രശാന്ത് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘‘നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരനിമിഷത്തിൽ ഞങ്ങൾക്കൊപ്പം ചേർന്നതിൽ നന്ദിയുണ്ട്. ഇതു ഞങ്ങൾ രണ്ടുപേരുടെയും സെക്കൻഡ് ഇന്നിങ്സ് ആണ്. പക്ഷേ ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സ് ആണെന്നു തന്നെ പറയുന്നു. സ്നേഹം മാത്രം.’’–പ്രശാന്ത് ബാലകൃഷ്ണന്റെ വാക്കുകള്‍.

പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് വിവാഹ റിസപ്‌ഷനിലെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സുരേഷ് പിള്ളയുടെ അടുത്ത സുഹൃത്തുക്കളാണ് ലെനയും പ്രശാന്ത് ബാലകൃഷ്ണനും.

ലെനയുടെ വിവാഹവാർത്തയ്ക്കു പിന്നാലെ ഇരുവർക്കുമൊപ്പമുള്ള ചിത്രം സുരേഷ് പിള്ള സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ‘‘പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്ത് ബ്രോക്കും, നിങ്ങൾക്ക് നന്മ നേരുന്നു. എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാർ, ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി. ബെംഗളൂരുവിൽ ലളിതവും മനോഹരവുമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി.’’– സുരേഷ് പിള്ളയുടെ വാക്കുകൾ.

ജനുവരി 17 ന് ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിലായിരുന്നു വിവാഹം. ചടങ്ങിൽ ഇരുവരുടെയും വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.

ലെന ആത്മീയതയെപ്പറ്റിയടക്കം സംസാരിക്കുന്ന, സമൂഹ മാധ്യമങ്ങളിൽ വൈറലായ വിഡിയോ പ്രശാന്തും കാണാനിടയായിരുന്നു. ആ വിഡിയോ കണ്ടാണ് ലെനയെ പ്രശാന്ത് വിളിക്കുന്നത്. ആ സൗഹൃദം മുന്നോട്ടുപോകുകയും അതൊരു വിവാഹാലോചനയിൽ എത്തുകയുമായിരുന്നു.

Read more at: ഹൃദയത്തിൽ ചേർത്തു നിർത്തിയവർ ഇത്രയധികമോ?: ലെന അഭിമുഖം

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തിയിരുന്നു.

ജനുവരിയിൽ വിവാഹം കഴി‍ഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ലെന മനോരമ ഓൺലൈനിനോടു വ്യക്തമാക്കിരുന്നു.

English Summary:

Prasanth Balakrishnan Nair about wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com