ADVERTISEMENT

ലോകം മുഴുവൻ ചർച്ചയായ മമ്മൂട്ടി നായകനായ ജിയോ ബേബി ചിത്രം ‘കാതല്‍’ ആമസോൺ പ്രൈമിലൂടെ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി അഞ്ച് പുലർച്ചെ മുതൽ ചിത്രം സൗജന്യമായി സ്ട്രീമിങ് ആരംഭിക്കും. സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിടി റിലീസുകളിലൊന്നാണ് ‘കാതൽ’. ജനുവരി 4 മുതൽ വിദേശത്ത് ചിത്രം വാടകയ്ക്ക് ലഭ്യമായിരുന്നു. ഇന്ത്യയ്ക്കു പുറത്തുള്ള രാജ്യങ്ങളിലാണ് ചിത്രം വാടകയ്ക്ക് ലഭിക്കുക. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നെന്നായിരുന്നു നിരൂപകരടക്കം കാതലിനെ വിശേഷിപ്പിച്ചത്.

സിനിമയെ പ്രശംസിച്ച് ന്യൂയോർക് ടൈംസും രംഗത്തുവന്നു. മികച്ച നിരൂപക പ്രശംസയും വിജയവും നേടിയ കാതൽ- ദ് കോറിലെ മമ്മൂട്ടി അവതരിപ്പിച്ച സ്വവർഗാനുരാഗിയുടെ വേഷത്തെയും അദ്ദേഹത്തിന്റെ അഭിനയ മികവിനെയും ന്യൂയോർക് ടൈംസിന്റെ ലേഖനത്തിൽ പുകഴ്ത്തി. സിനിമയിൽ അഭിനയിക്കാനും നിർമിക്കാനുമുള്ള മമ്മൂട്ടിയുടെ തീരുമാനം സിനിമയ്ക്ക് വലിയ പൊതുസമ്മതി നൽകിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ഗോവയില്‍ നടന്ന ഐഎഫ്എഫ്ഐയിലും ചിത്രം പ്രദർശിപ്പിച്ചു. കേരള രാജ്യാന്തര ചലച്ചിത്രമേളയിലും കാതലിനു വലിയ സ്വീകാര്യതയാണ് ലഭിച്ചത്.. മലയാളം സിനിമ ടുഡേ എന്ന വിഭാ​ഗത്തിലായിരുന്നു പ്രദര്‍ശനം.

നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ഇത്തരമൊരു വിഷയം കൈകാര്യം ചെയ്യുന്ന സിനിമയായിട്ടു കൂടി അദ്ഭുതപ്പെടുത്തുന്ന വിജയമാണ് ചിത്രം നേടിയത്. മുടക്കുമുതൽ തിയറ്റർ കലക്‌ഷനിലൂടെ മാത്രം നേടിയെടുത്തു. വിദേശത്തു നിന്നും ചിത്രം കോടികൾ വാരി.

മലയാളത്തിൽ നിന്നു മാത്രമല്ല തമിഴിൽ നിന്നും നിരവധിപ്പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവരുന്നത്. മമ്മൂട്ടിയെപ്പോലൊരു മഹാനടൻ ഇങ്ങനെയൊരു കഥാപാത്രം ചെയ്യാൻ കാണിച്ച ധൈര്യമാണ് പലരെയും അദ്ഭുതപ്പെടുത്തുന്നത്. ജ്യോതികയുടെ കരിയറിലെയും ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് കാതലിലേത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍.എസ്. പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നു.

കാതലിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയുമാണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ജോർജ് സെബാസ്റ്റ്യൻ. ഛായാഗ്രഹണം: സാലു കെ. തോമസ്, എഡിറ്റിങ്: ഫ്രാൻസിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കൻ, ആർട്ട്: ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിങ്, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ: ടോണി ബാബു MPSE, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമൽ ചന്ദ്രൻ, കോ ഡയറക്ടർ: അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ്: ലെബിസൺ ഗോപി, ഡിസൈൻ: ആന്റണി സ്റ്റീഫൻ.

English Summary:

Kaathal The Core is now streaming on prime video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com