ADVERTISEMENT

തീവ്രവാദിക്കു പിന്നാലെ ഓടുന്ന പൊലീസുകാർ, സ്ലോമോഷൻ നടത്തം, വീശിയെടുത്ത് നിർത്തുന്ന പൊലീസ് ജീപ്പ്, ഒട്ടും സ്വാഭാവികതയില്ലാത്ത സംഭാഷണങ്ങൾ, തകർന്നു കൊണ്ടിരിക്കുന്ന പൊലീസുകാരന്റെ കുടുംബം, എവിടേക്കു നോക്കിയാലും സ്ഫോടനങ്ങൾ മാത്രം, നീതിക്കു വേണ്ടിയുള്ള പൊലീസുകാരുടെ പ്രയത്നം– വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ഏതെങ്കിലും സിനിമയെപ്പറ്റിയല്ല പറയുന്നത്. അങ്ങനെ തോന്നിയെങ്കിൽ അതൊരു തോന്നൽ മാത്രമാണ്. 2024 ലും പൊലീസിനെ കേന്ദ്രീകരിച്ച് നിർമിച്ച ഒരു വെബ് സീരീസ് പറഞ്ഞുവയ്ക്കുന്ന കഥ ഇതുതന്നെയാണ്. അത് ബോളിവുഡിൽനിന്ന് ആയതുകൊണ്ട് തന്നെ വലിയ അദ്ഭുതമൊന്നും തോന്നുന്നുമില്ല.

indian-police-force
ഇന്ത്യൻ പോലീസ് ഫോഴ്സിൽ നിന്നുള്ള ദൃശ്യം

സിംഗം, സൂര്യവംശി, ചെന്നൈ എക്സ്പ്രസ് തുടങ്ങിയ സിനിമകളുടെ സംവിധായകനായ രോഹിത് ഷെട്ടിയുടെ ആദ്യ വെബ് സീരീസ് ആയ ഇന്ത്യൻ പൊലീസ് ഫോഴ്സ് (ആമസോൺ പ്രൈം)  ക്ലീഷേ വാർപ്പ് മാതൃകകളുടെ മറ്റൊരു രൂപമാണ്.

സ്ഥിരം തീവ്രവാദികളും അവരെ പിടിക്കാൻ ഓടുന്ന പൊലീസും തന്നെയാണ് ഈ സീരീസിലും ഉള്ളത്. സമുദായത്തിനകത്തെ അക്രമകാരികളെ തുടച്ചുനീക്കാൻ എത്തുന്ന കബീർ മാലിക് എന്ന കഥാപാത്രമായി സിദ്ധാർഥ് മൽഹോത്ര എത്തുന്നു. കൂടെ വിവേക് ഒബ്റോയ് അവതരിപ്പിക്കുന്ന വിക്രം എന്ന മറ്റൊരു ക്ലീഷേ പൊലീസ് കഥാപാത്രം. ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡിൽനിന്ന് എത്തിയ താര എന്ന കഥാപാത്രമായി ആയി ശിൽപ ഷെട്ടിയും സീരീസിലുണ്ട്. 

ഇന്ത്യൻ മുജാഹിദ് ആണ് സീരീസിലെ വില്ലൻ. സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സരാർ എന്ന തീവ്രവാദിക്കു വേണ്ടിയുള്ള പൊലീസിന്റെ അന്വേഷണമാണ് സീരിസിനെ പിന്നീട് മുന്നോട്ട് കൊണ്ട് പോകുന്നത്. കേട്ട് പഴകിയ പശ്ചാത്തലം അയാൾക്കുമുണ്ട്. 

ഭാര്യയെ നഷ്ടപ്പെട്ട പൊലീസുകാരൻ, അയാളുടെ ആന്തരിക സംഘർഷങ്ങൾ എന്നിവയെല്ലാം പൊലീസ് കഥകളിൽ കേട്ടു മടുത്തതാണ്. അത് ഈ പരമ്പരയിലും ആവർത്തിക്കുന്നു. ഒരു അപൂർവ രോഗം മൂലം കബീറിന്റെ ഭാര്യ (ഇഷ തൽവാർ) മരണപ്പെടുന്നു. ഭാര്യയെ പറ്റിയുള്ള സംഭാഷണം കബീറും അമ്മയുമായി നടക്കുന്നുണ്ട്. യാതൊരു വിധത്തിലുള്ള വൈകാരികതയും ആ രംഗങ്ങളിൽ നിന്നും പ്രേക്ഷകനു ലഭിക്കുന്നില്ല.
പൊലീസുകാരുടെ കുടുംബജീവിതം സ്ക്രീനിൽ കൊണ്ടുവന്നാൽ അത്തരം ഒരു വൈകാരിക അടുപ്പും ഉണ്ടായേക്കും എന്ന് തോന്നലിൽ ആവണം കഥയെ രോഹിത് ഷെട്ടി അങ്ങോട്ട് നയിച്ചത്.

indian-police-force-review
ഇന്ത്യൻ പോലീസ് ഫോഴ്സിൽ നിന്നുള്ള ദൃശ്യം

ഒരു സിനിമയിൽ ഒതുങ്ങേണ്ട കഥയെ ഏഴ് എപ്പിസോഡുകളിലായി ദീർഘിപ്പിച്ചിരിക്കുകയാണ് ഇവിടെ. നാടകീയത നിറഞ്ഞ സംഭാഷണങ്ങൾ സീരിയസിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. സന്ദീപ് സാഗേത്, അനുഷ നന്ദകുമാർ, തുടങ്ങി അഞ്ചോളം ആൾക്കാരാണ് സീരിസിന്റെ എഴുത്തിൽ പങ്കു ചേർന്നിരിക്കുന്നത്. എങ്കിൽപോലും നല്ല ഒരു സ്ക്രിപ്റ്റിന്റെ അഭാവം സീരീസിൽ ഉടനീളം ഉണ്ട്.

പൊലീസുകാരെ കോമാളി ആക്കുക, അല്ലെങ്കിൽ അമാനുഷിക പരിവേഷം നൽകുക എന്ന ദ്വന്ദത്തിനപ്പുറം യാഥാർഥ്യം തോന്നിപ്പിക്കുന്ന സംഭവങ്ങൾ ചേർത്ത് യഥാർഥ പൊലീസ് ചുറ്റുപാടുകൾ മനസ്സിലാക്കി ഭരണകൂടത്തിനും ജനങ്ങൾക്കും ഇടയിൽ നിലനിന്നു കൊണ്ട് പ്രവർത്തിക്കുന്ന പൊലീസ് കഥകൾ അപൂർവമായി മാത്രമേ സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുള്ളൂ. അവ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടും അധികം നാളായിട്ടില്ല. മലയാളത്തിലും തമിഴിലും ആണ് ഇത്തരം സിനിമകൾ കൂടുതലായി കാണാൻ കഴിയുക. എന്നാൽ ഡൽഹി ക്രൈം, ദഹാദ് പോലെയുള്ള വെബ് സീരീസുകൾ നിർമിക്കപ്പെട്ട ബോളിവുഡിൽ നിന്നും ഇന്നും ഇത്തരം ക്ലീഷേ പൊലീസ് കഥകൾ വരുന്നു എന്നത് ദൗർഭാഗ്യകരമാണ്.

English Summary:

Rohith shetty presents a cliche police story in the new webseries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com