ADVERTISEMENT

ആധുനിക തിരുവിതാംകൂറിന്റെ ശിൽപി എന്നറിയപ്പെടുന്ന ശ്രീപത്മനാഭദാസ ശ്രീ അനിഴം തിരുന്നാൾ വീരബാല മാർത്താണ്ഡവർമയുടെ ജീവിതത്തിലെ ഒരേടിനെ ആസ്പദമാക്കി ചിത്രീകരിച്ച ‘തിരുവിതാംകൂർ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു.

 

thiruvithamkoor-1
ചിത്രത്തിന്റെ പ്രകാശനം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ നിർവഹിച്ചപ്പോൾ.

കേരളത്തിന്റെ തെക്കും മധ്യത്തിലുമുള്ള പ്രദേശങ്ങളെ ഒന്നാക്കി രാഷ്ട്രീയ ഏകീകരണം നടത്തിയതും സൈനികശക്തിയിൽ അധിഷ്ഠിതമായ കേന്ദ്രീകൃത ഭരണകൂടം സ്ഥാപിച്ച് അതിനെ തിരുവിതാംകൂർ ആക്കിയതും മാർത്താണ്ഡവർമയാണ്. ഏഷ്യയിൽ തന്നെ ആദ്യമായി ഒരു യൂറോപ്യൻ രാജ്യത്തെ യുദ്ധത്തിൽ പരാജയപ്പെടുത്തിയെന്ന ഖ്യാതിയും കുളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ പരാജയപ്പെടുത്തിയതിലൂടെ മാർത്താണ്ഡവർമ്മ നേടി.

 

ആധുനിക തിരുവിതാംകൂറിന്റെ ശിൽപിയാകാൻ മാർത്താണ്ഡവർമ്മയ്ക്കു പ്രേരകമായെന്നു കരുതുന്ന ഒരു ചരിത്രസന്ദർഭമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. ശ്രീപത്മനാഭന്റെ ഭക്തനായിരുന്ന അദ്ദേഹം രാജ്യം തന്നെ ഇഷ്ടദൈവത്തിന് തൃപ്പടിദാനത്തിലൂടെ സമർപ്പിച്ചതിനു പിന്നിലെ ചരിത്ര പശ്ചാത്തലം കൂടിയാണിത്. എട്ടുവീട്ടിൽ പിള്ളമാരുടെ ആക്രമണത്തിൽ നിന്നു രക്ഷനേടാൻ ഇന്നു നെയ്യാറ്റിൻകരയെന്നറിയപ്പെടുന്ന പ്രദേശത്തെ അമ്മച്ചിപ്ലാവിൽ മാർത്താണ്ഡവർമ അഭയം പ്രാപിക്കുന്ന സന്ദർഭമാണ് ഇരുപതു മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ വിവരിക്കുന്നത്. 

 

അക്രമികളുടെ വലയത്തിൽ കാട്ടിൽ വഴിതെറ്റിയ മാർത്താണ്ഡവർമയെ ഒരു ഇടയബാലൻ കണ്ട് കാട്ടിലെ ഒരു പ്ലാവിന്റെ പൊത്തിൽ ഒളിക്കാൻ ആവശ്യപ്പെടുകയും പിന്നീട് അക്രമികൾ ഒഴിഞ്ഞ ശേഷം മാർത്താണ്ഡവർമയ്ക്ക് രാജ്യാവകാശം നേടാൻ ആത്മവീര്യം പകരുന്ന വാക്കുകൾ പറയുന്ന രംഗമാണ് ചിത്രം പശ്ചാത്തലമാക്കുന്നത്. 

 

ജയകുമാർ കേശവദാസ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ വിഷ്ണുവാണ്. ഏഴാമത് ഡൽഹി ഷോർട്സ് ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച എഡിറ്റർക്കുള്ള പുരസ്കാരം ഈ ഹൃസ്വചിത്രത്തിലൂടെ വിജിൽ എഫ്എക്സ് നേടി. മാർത്താണ്ഡ‍വർമയായി മണി നായർ രംഗത്തെത്തുന്നു. മാസ്റ്റർ അക്ഷയ് നാരായണൻ, രതീഷ് സിബി, ഡേവിഡ് പ്രമോദ്, ഗോപീകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു വേഷങ്ങളിൽ. തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമയാണ് ചിത്രം പുറത്തിറക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT