കുട്ടി സംവിധായികയ്ക്ക് ചിങ്ങം ഒന്നിന് ബംമ്പർ ഓഫറുമായി മണിയൻപിള്ള രാജു

maniyanpilla-raju-marin
SHARE

കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി ഹ്രസ്വചിത്രം സംവിധാനം ചെയ്ത ആറാം ക്ലാസുകാരിക്ക് ചിങ്ങം ഒന്നിന് ബംമ്പർ ഓഫർ നൽകുകയാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനി മെഹ്റിൻ ഷെബീറിനാണ് ഈ അസുലഭ ഓഫർ കൈവന്നിരിക്കുന്നത്. 

മെഹ്റിൻ സംവിധാനം ചെയ്ത പാഠം ഒന്ന് പ്രതിരോധം എന്ന ഷോർട്ട് ഫിലിം കണ്ട് ഇഷ്ടപ്പെട്ട മണിയൻപിള്ള രാജു മെഹ്റിനുമായി ഫോണിൽ കോൺടാക്ട് ചെയ്യുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തു.മൊബൈൽ ഫോണിൽ ഷൂട്ടിംഗും എഡിറ്റിംഗും നിർവഹിച്ചതിനു പകരം  ക്യാമറയിൽ ഷൂട്ട് ചെയ്യുകയും സാങ്കേതിക തികവോടെ എഡിറ്റ് ചെയാനും പറ്റുന്ന രീതിയിൽ അടുത്ത ഷോർട്ട് ഫിലിം താൻ നിർമ്മിക്കാമെന്ന് വാക്കും കൊടുത്തു. ഒരേയൊരു കണ്ടീഷൻ മാത്രം -പ്രമേയം ഇതു പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ളത് ആവണം.

മലയാള സിനിമയിലെ വൻ ഹിറ്റു സിനിമകളുടെ നിർമ്മാതാവിൽ നിന്ന് ഇങ്ങനെ ഒരു വാഗ്ദാനം കിട്ടിയതിൽ സന്തോഷമുണ്ടെന്ന് കൊച്ചു സംവിധായിക മെഹ്റിൻ ഷെബീർ പറഞ്ഞു. സാമൂഹ്യ പ്രസക്തിയുള്ള ഒരു സബ്ജക്ടുമായി അദ്ദേഹത്തിൻ്റെ അടുത്ത് പോകാനുള്ള ഒരുക്കത്തിലാണ് മെഹ്റിൻ.ഒപ്പം മണിയൻപിള്ള രാജു നിർമിച്ച് ഓണത്തിന് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഫൈനൽസ് എന്ന സിനിമ കാണാൻ കാത്തിരിക്കുകയും ചെയ്യുന്നു.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾക്കെതിരെ  മെഹ്റിൻ ഷെബീർ എഴുത്തും സംവിധാനവും നിർവഹിച്ച ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ചിത്രം സമൂഹമാധ്യമങ്ങൾ ശ്രദ്ധ നേടുകയാണ്. 

5 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മെഹ്റിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെഹ്റിൻ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ക്യാമറയും എഡിറ്റിംഗും മെഹ്റിൻ്റെ സഹോദരൻ അഫ്നാൻ റെഫി നിർവഹിച്ചിരിക്കുന്നു. സുരേഷ് പുന്നശ്ശേരിൽ, തൻവീർ അബൂബക്കർ എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്മിത ആൻ്റണി സംഗീതം. അസോസിയേറ്റ് ഡയറക്ടർ ദുൽഫൻ റെഫി. വിഷ്ണു രാംദാസ് ആണ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ. ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ മുഹമ്മദ് റിഷിൻ.

കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകൾ ദിനേന മാധ്യമങ്ങളിൽ കാണുന്നുണ്ടെന്നും അതാണ് ഹ്രസ്വചിത്രത്തിലേക്ക് വഴി തെളിച്ചതെന്നും മെഹ്റിൻ പറയുന്നു. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂർവം പ്രതികൾ മാത്രം. ജയിലിലാവട്ടെ നല്ല ഭക്ഷണവും സുഖജീവിതവും. സ്വയം തയ്യാറെടുക്കുകയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുകയും ചെയ്യാൻ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികൾ പ്രാപ്തരാവണം എന്നതാണ് താൻ പങ്കു വെയ്ക്കുന്ന ആശയം എന്നും കുട്ടി വിവരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA