ഇങ്ങനെയൊരു റൂംമേറ്റ് നിങ്ങൾക്കുണ്ടോ, ബിനീഷേട്ടനെപ്പോലെ? വിഡിയോ

bineesh
SHARE

ജോലിക്കും പഠനത്തിനുമായി വീടുവിട്ട് മാറിത്താമസിക്കുന്ന എല്ലാവർക്കുമുണ്ടാകും രസകരമായ ഹോസ്റ്റൽ അനുഭവങ്ങൾ. അത്തരമൊരു രസികൻ അനുഭവമാണ് കിരൺ ജോസി സംവിധാനം ചെയ്തിരിക്കുന്ന ബിനീഷേട്ടൻ റൂംമേറ്റ് എന്ന ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങളിലെ സതീശൻ സാറിനെ ഗംഭീരമാക്കിയ സജിൻ ചെറുകയിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ചിത്രം ഒരു മുറി പങ്കിടുന്നവരുടെ സ്വകാര്യതയുടെ അതിർവരമ്പുകളെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. 

മുപ്പത്തിനാലുകാരനും വിവാഹിതനുമാണ് ഹസ്വചിത്രത്തിലെ 'ബിനീഷേട്ടൻ'. അയാളുടെ മുറിയിലേക്ക് പുതുതായി താമസിക്കാനെത്തുകയാണ് സന്ദീപ് പ്രദീപ് അവതരിപ്പിക്കുന്ന ജിജോ. കോളജു പഠനം കഴിഞ്ഞ് ആദ്യജോലിയിൽ പ്രവേശിക്കാനെത്തുന്ന ജിജോയോട് ഒരു വല്ല്യേട്ടന്റെ സ്നേഹത്തോടെയും അധികാരത്തോടെയുമാണ് ബിനീഷ് ഇടപെടുന്നത്. തന്റെ സ്വകാര്യതയെ അത്രയേറെ ഇഷ്ടപ്പെടുന്ന ജിജോക്ക് ബിനീഷേട്ടന്റെ ഈ അധികാരം കാണിക്കലുകൾ അരോചകമാകുന്നു. ഇവർ തമ്മിലുള്ള സഹവർത്തിത്വത്തിന്റെ കഥയാണ് 'ബിനീഷേട്ടൻ റൂംമേറ്റ്'. 

ആരുടെയും പക്ഷം പിടിക്കാതെയുള്ള കഥ പറച്ചിൽ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.  നായകൻ– വില്ലൻ എന്ന സങ്കൽപങ്ങൾക്കപ്പുറമുള്ള കഥാപാത്രസൃഷ്ടി നർമം ചാലിച്ചൊരുക്കിയ ഈ ചെറുചിത്രത്തെ മികച്ച കാഴ്ചാനുഭവമാക്കുന്നുണ്ട്. സംവിധായകൻ കിരൺ ജോസിയുടേതാണ് കഥ. സജിൻ ചെറുകയിൽ, സന്ദീപ് പ്രദീപ് എന്നിവർക്കു പുറമെ സ്റ്റീഫൻ മാത്യു, അഭിജിത് നായർ, ആനന്ദ് മുരളി എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സദാനന്ദനാണ് ക്യാമറ ചെയ്തിരിക്കുന്നത്. എഡിറ്റിങ് ഫെബിൻ ജോജോയും സംഗീതം മിലൻ ജോണും നിർവഹിച്ചിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SHORT FILMS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA