ADVERTISEMENT

റേഡിയോയുടെ സുവർണകാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന ‘മൈ റേഡിയോ, മൈ ലൈഫ്’ എന്ന ഇന്ത്യൻ ഡോക്യുമെന്ററിക്ക് യുനെസ്കോയുടെ അംഗീകാരം. വിവരവും വിനോദവും വിദ്യാഭ്യാസവും നൽകിയ ഒരു നൂറ്റാണ്ട്' എന്ന വാക്യത്തോടെ ഈ വർഷത്തെ റേഡിയോ ദിനാചരണത്തിന് ഒരുങ്ങുന്ന യുനെസ്കോ അവരുടെ വെബ്‌സൈറ്റിൽ മൈ റേഡിയോ മൈ ലൈഫ് ഉൾപ്പെടുത്തിയിട്ടുണ്ട്.

documentary-my-radio-my-life
ഡോക്യുമെൻററിയിൽ നിന്നുള്ള ദൃശ്യം

ഇന്ത്യയിലെ റേഡിയോയുടെ സുവർണ കാലത്തേക്കാണ് ഡോക്യുമെന്ററി പ്രേക്ഷകനെ എത്തിക്കുന്നത്. വ്യത്യസ്ത കാലഘട്ടത്തിലും, സാഹചര്യങ്ങളിലുമുള്ള മനുഷ്യരിലേക്ക് റേഡിയോ കടന്നു ചെന്നതിന്റെയും ജീവിക്കുന്നതിന്റെയും ദൃശ്യാവിഷ്‌കാരമാണ് ഈ ‍ഡോക്യുമെന്ററി.

ടൈംകാപ്പ് ഡോക്യുമെൻററീസിൻറെ നിർമാണത്തിൽ ബിഡിറ്റ് റോയ്, മകരാന്ദ് വായ്ക്കർ എന്നിവർ ചേർന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഓംകാർ ദിവേകറാണ്. ഡോക്യുമെന്ററി രാജ്യാന്തരതലത്തിൽ ഇതിനോടകം എഴുപത്തിയഞ്ച് ഫിലിം ഫെസ്റ്റുകളിൽ തിരഞ്ഞെടുക്കപ്പെടുകയും, നിരവധി രാജ്യാന്തര പുരസ്കാരങ്ങൾക്ക് അർഹമാവുകയും ചെയ്തിട്ടുണ്ട്. 

നൂറ്റിയെൺപത്തിയഞ്ചോളം പഴയ റേഡിയോകൾ റെസ്റ്റോർ ചെയ്ത സൂക്ഷിക്കുന്ന ഉദയ് കൽബുർഗി, ആദ്യമായി മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയെന്ന അറിയിപ്പ് തന്ന തമിഴ് അനൗൺസർ നല്ലതമ്പി, ഇന്ത്യയുടെ റേഡിയോ സഖി എന്നറിയപ്പെട്ട മമ്‌താ സിങ് തുടങ്ങി പലവിധത്തിൽ റേഡിയോയുമായി ജീവിതം കോർത്തിണക്കിയിട്ടുള്ള മനുഷ്യരാണ് ഡോക്യുമെന്ററിയിലെത്തുന്നത്. ചെറിയ നെറ്റ് വർക്കുകളുടെ കാലത്ത് ലോകം എത്ര ചെറുതായിരുന്നുവെന്നും, ലോകത്തെവിടെയുമുള്ള പ്രോഗ്രാമുകൾ എത്ര അനായാസം മനുഷ്യർക്ക് ലഭ്യമായിരുന്നുവെന്നുമുള്ള ഓർമ്മപ്പെടുത്തലാണ് ഡോക്യുമെന്ററി സാധ്യമാക്കുന്നതെന്ന് സംവിധായകനും നിർമാതാവുവുമായ മകരാന്ദ് വായ്കർ അഭിപ്രായപ്പെട്ടു. 

my-radio-my-life-documentary-still
ഡോക്യുമെൻററിയിൽ നിന്നുള്ള ദൃശ്യം

ടിവി, ഫോൺ, ഇന്റർനെറ്റ് തുടങ്ങിയ വിവരസാങ്കേതിക വിദ്യകൾ എത്തുന്നതിനു മുമ്പെ രാജ്യം അതിന്റെ നാനാഭാഗത്തേയും അടുത്തറിഞ്ഞത് റേഡിയോ ശബ്ദങ്ങളിലൂടെയായിരുന്നു. ആദ്യ കാലങ്ങളിൽ നഗരങ്ങളിൽ മാത്രം ഉണ്ടായിരുന്ന റേഡിയോകൾ പിന്നീട് ഓരോ ഗ്രാമങ്ങളെയും തമ്മിൽ കൂട്ടിയിണക്കിത്തുടങ്ങി. റേഡിയോ കേൾക്കാനായി ഒത്തുകൂടുന്ന കൂട്ടങ്ങളുണ്ടായി, അവിടെ ചർച്ചകളുണ്ടായി, പുത്തനൊരു സാംസ്കാരികത തന്നെ രൂപം കൊണ്ടു. ഇന്ത്യയുടെ കടന്നുപോയ ഒരു നൂറ്റാണ്ട് പരിശോധിച്ചാൽ അതിൽ റേഡിയോക്കുള്ള പങ്ക് ചെറുതല്ല. ഒരു വലിയ കൂട്ടം മനുഷ്യർക്ക് ഇന്നും അതൊരു വൈകാരികതയാണ്. മൊബൈൽ ഫോണും, ടിവിയും ഇന്റർനെറ്റും ലോകം ഭരിക്കുന്ന കാലത്തും അവർ പഴയ റേഡിയോകൾ സംരക്ഷിച്ചും, അതിന്റെ പുതിയ സാധ്യതകൾ കണ്ടെത്തിയും കൂടെക്കൂട്ടി. അങ്ങനെ ചില ജീവിതാനുഭവങ്ങളാണ് 'മൈ റേഡിയോ മൈ ലൈഫ്' ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com