ADVERTISEMENT

''ചെന്നൈ കാംദാര്‍ നഗറിലെ ദേവരാജന്‍ മാസ്റ്ററുടെ വീട്ടിലേക്ക് അന്നു വലിയ ആവേശത്തോടെയാണു ഞാന്‍ കയറിച്ചെന്നത്. സുഹൃത്തായ സുരേഷ് മച്ചാട് സംവിധാനം ചെയ്യുന്ന ‘മൗനം’ എന്ന സിനിമയിലെ എന്റെ പാട്ടിനു ട്യൂണിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സംഗീത സംവിധായകനാവാനുള്ള നിയോഗവുമായാണ് അന്നവിടെ നിന്നും തിരിച്ചിറങ്ങിയത്. ''ഏറെ ഖ്യാതി നേടിക്കൊടുത്ത ‘കുറി വരച്ചാലും കുരിശ് വരച്ചാലും’ എന്ന പാട്ടിന്റെ കണ്ണീരും പുഞ്ചിരിയും കലര്‍ന്ന ഓര്‍മ്മകൾ പങ്കിടുകയാണ് എം.ഡി രാജേന്ദ്രൻ.

''ലളിതഗാനം പോലെ എഴുതിയ പാട്ടാണിത്. മാടമ്പ് കുഞ്ഞുക്കുട്ടന്റെ മതേതര സ്വഭാവമുള്ള കഥ സുഹൃത്ത് സുരേഷ് ‘മൗനം’ എന്ന പേരില്‍ സിനിമയാക്കുമ്പോള്‍ പാട്ടിനായി എന്നെ സമീപിച്ചു. ഈ ഗാനം പാടിക്കേള്‍പ്പിച്ചപ്പോൾ സുരേഷിന് ഇഷ്ടമായി. ഞാന്‍ പാടിയ ട്യൂണ്‍ നല്ലതാണ് എന്നു സുരേഷ് പറഞ്ഞെങ്കിലും നമുക്കു ദേവരാജൻ മാസ്റ്ററെ കൊണ്ടു ചെയ്യിക്കാമെന്നു ഞാന്‍ പറഞ്ഞു.

അങ്ങനെ മാസ്റ്ററുടെ വീട്ടിലെത്തി പാട്ടു വായിച്ചു കേള്‍പ്പിച്ചു. അപ്പോള്‍ 'നീ ഇതു പാടി കേള്‍പ്പിക്ക്' എന്നായി മാസ്റ്റര്‍. ഞാന്‍ എന്റെ ട്യൂണില്‍ പാടുന്നു. പാടി കേട്ട ശേഷം മാസ്റ്റർ എണീറ്റ് നിന്നു പ്രഖ്യാപിച്ചു. 'ഞാനിതു ട്യൂണ്‍ ചെയ്യത്തില്ല. എനിക്ക് ഇത് വേണ്ട.' ഞെട്ടലോടെയാണ് ഞാനതു കേട്ടത്. നിരാകരിക്കുന്ന  മുഖമാണു  മുമ്പിലുള്ളത്. ശരി എന്നു പറഞ്ഞ് അദ്ദേഹം മുറിയിലേക്കു നടന്നു. ഇനി അധികം നില്‍ക്കണ്ട എന്നാണു ധ്വനി. മുറിയിലേക്കു  കയറുംമുമ്പേ വാതിലില്‍ പിടിച്ചു തല പിന്നോട്ടാക്കി അദ്ദേഹം പറയുകയാണ്, 'അതു നീ തന്നെ ചെയ്താല്‍ മതി. നിന്റെ ട്യൂണ്‍ നല്ലതാണ്.' പിന്നെ ഒന്നു നിര്‍ത്തി  പ്രഹരശേഷിയുള്ള ശബ്ദത്തിൽ കടുപ്പിച്ചു പറഞ്ഞു, 'പക്ഷേ ഞാന്‍ ചത്തിട്ടു മതി.' മാസ്റ്റര്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് അന്നും ഇന്നും എനിക്കറിയില്ല. എന്തായാലും  അദ്ദേഹം പറഞ്ഞത് അന്വര്‍ത്ഥമായി. എന്റെ ട്യൂണില്‍ തന്നെയാണ് ആ പാട്ട് കമ്പോസ് ചെയ്തു റെക്കോര്‍ഡ് ചെയ്തത്. അങ്ങനെ ഞാനൊരു സംഗീതസംവിധായകനായി. മലയാളത്തില്‍ ഗാനരചയിതാവായി കുറേ പടങ്ങളില്‍ പ്രവര്‍ത്തിച്ചെങ്കിലും സംഗീത സംവിധായകന്റെ മേലങ്കി അദ്ദേഹമെനിക്കു ചാര്‍ത്തി തരികയായിരുന്നോ എന്നു സംശയം. പക്ഷേ ഞാന്‍ ചത്തിട്ടു മതി എന്നത് അറം പറ്റി. അദ്ദേഹം മരിച്ച ശേഷമാണു പാട്ടു പുറത്തു വരുന്നത്. ''മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ സഹായി ഒരു ഫലകം എത്തിച്ചു നൽകി. മാസ്റ്റര്‍ക്കു പ്രിയപ്പെട്ട അഞ്ചു പേര്‍ക്കു സമ്മാനിക്കാനായി അദ്ദേഹം ഏല്‍പിച്ചിരുന്നതാണെന്നു പറഞ്ഞ്. ആ അഞ്ചില്‍ ഒരാള്‍ ഞാനായിരുന്നു.

പാട്ട് റെക്കോര്‍ഡ് ചെയ്യുമ്പോള്‍ യേശുദാസ് പറഞ്ഞു 'ഇത് ഒറ്റപ്പെട്ടു നില്‍ക്കുന്ന പാട്ടാണ്. ഇതുപോലൊരു പാട്ട് ഇനി നിനക്കെഴുതാന്‍ പറ്റില്ല. ഇതു നിന്റെ വരിയല്ല. നിനക്കെവിടെനിന്നോ കിട്ടിയ വരിയാണ്. നിനക്ക് ഈശ്വരന്‍ തന്ന വരികളാണ്, കുറി വരച്ചാലും, കുരിശ് വരച്ചാലും കുമ്പിട്ട് നിസ്‌ക്കരിച്ചാലും എന്ന വാക്കുകള്‍ക്കു പകരം വയ്ക്കാന്‍ മലയാളത്തില്‍ വേറെ വാക്കുകളില്ല. ഇതു പാടാന്‍ സാധിച്ചതില്‍ എനിക്കഭിമാനമുണ്ട്.'

പാട്ടിനു പുരസ്‌ക്കാരം കിട്ടിയപ്പോൾ ദാസേട്ടൻ വിളിച്ചു. അദ്ദേഹത്തിന്റെ അഭിനന്ദനവാക്കുകള്‍ക്കു പുരസ്‌ക്കാരത്തേക്കാള്‍ തിളക്കമുണ്ടായിരുന്നു. കാരണം ആ ശബ്ദമില്ലെങ്കില്‍ ആ പാട്ടില്ല. ആ പുരസ്‌ക്കാരത്തിന്റെ മുഴുവന്‍ അവകാശിയും അദ്ദേഹം തന്നെയാണ്. ദാസേട്ടൻ മാത്രമല്ല പത്നി പ്രഭാ യേശുദാസിനും വളരെയിഷ്ടമായി ഈ പാട്ട്.

തൃശൂരിൽ നടന്ന ഒരു ചടങ്ങില്‍ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സാന്നിധ്യത്തില്‍ ഗാനത്തിന്റെ പിന്നിലുള്ള കഥ പങ്കുവച്ചിരുന്നു. അന്നു ചടങ്ങില്‍ പങ്കെടുത്ത എസ്പിബി പാട്ടു കേട്ട് ആവേശത്തിലായി, ദാസേട്ടന്റെ ആവശ്യപ്രകാരം ഉണ്ടാക്കിയ പാട്ടിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി ഗാനങ്ങളും കേട്ടപ്പോള്‍ അദ്ദേഹം എന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. 'ഇത് ഇന്ത്യയുടെ ഗാനമാണ് ദേശീയ ഗാനമാക്കേണ്ട ഗാനമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ  പ്രതികരണം. 

പാട്ട് ഇറങ്ങിയ ശേഷം മലയാളത്തില്‍ കുറെ യേശുദാസുമാരുണ്ടായി. ഗാനത്തിനോടും യേശുദാസിനോടും ആരാധന മൂത്ത അനേകർ യേശുദാസിന്റെ ശബ്ദത്തില്‍ തന്നെ കേരളത്തിലങ്ങോളമിങ്ങോളം ഈ ഗാനം പാടി നടന്നു. 2020ലെ ഇന്‍ഡിവുഡ് ഭാഷാസാഹിത്യ പുരസ്‌ക്കാരത്തില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌ക്കാരം നേടിതന്നത് ഈ ഗാനമാണ്. മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്‍ ഈ ഗാനത്തിനോടുള്ള താത്പര്യം മൂലം പല വേദികളിലും പാടിയിട്ടുണ്ട്. പാട്ട് ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടിത്തന്നു. ഇതിൽ‍ കവിഞ്ഞ ഒരു പാട്ടെഴുതാന്‍ എനിക്കാവില്ല. ക്രിസ്തു പറഞ്ഞതു പോലെ ഇത് എന്റെ രക്തമാണ്, മാംസമാണ്, എല്ലാമാണ്. ഇങ്ങനെയൊരു ഗാനം എന്നിലൂടെ പിറന്നതില്‍ അഭിമാനമുണ്ട്.

എന്നാല്‍ ഗാനത്തിന്റെ വരികള്‍ അറം പറ്റിയതുപോലെയായി ശബരിമലയിലെ നിര്‍ഭാഗ്യ സംഭവങ്ങളെന്നും രാജേന്ദ്രൻ‍ പറയുന്നു. പമ്പാസരസ്തടം ലോകമനോഹരം പങ്കിലമാക്കരുതേ.... വര്‍ഷങ്ങള്‍ക്കു മുമ്പേ എഴുതിയതു പോലെ തന്നെ അവിടെ അനിഷ്ട സംഭവങ്ങളുണ്ടായി. എങ്കിലും മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഭിന്നിപ്പുകളെ കൂട്ടിയിണക്കുന്ന സ്‌നേഹമന്ത്രം പോലെ പാട്ടിനു സ്വീകാര്യത കൂടി വരികയാണ്.

ജാതിവെറിയും മതവൈരവും മുമ്പില്ലാത്തവിധം സമൂഹത്തില്‍ വേരാഴ്ത്തുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ ഗാനമാണ് എം.ഡി.ആറിന്റെ കുറിവരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ടു നിസ്‌ക്കരിച്ചാലും എന്ന ഗാനം. മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന വയലാര്‍ ഗാനത്തിനു ശേഷം കേരളം ഏറ്റുപാടിയ മതേതര ഗാനം... ഈ  ഗാനത്തോടെയാണ് സംഗീതസംവിധാന രംഗത്തേക്ക് എംഡിആറിന്റെ ചുവടുവയ്പ്പും. തന്നെ ഗാനരചയിതാവ് ആക്കിയത് മാത്രമല്ല, അനുഗ്രഹിച്ചു സംഗീത സംവിധായകനാക്കിയതും ഗുരുവായ ദേവരാജന്‍ മാസ്റ്റർ തന്നെയാണെന്നും നന്ദിയോടെ എംഡിആര്‍ അനുസ്മരിക്കുന്നു. "ആ പാട്ടിനുള്ള അഭിനന്ദനമെല്ലാം ഗുരുവിന്റെ അനുഗ്രഹങ്ങളാണ്." എംഡിആർ ഗുരുദക്ഷിണ നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com