ADVERTISEMENT

‘ഗാന്ധിജി ദർശിച്ച സ്വപ്നത്തിലൊന്നിലെ 

ഇന്ത്യയെ തേടി അലയുന്നു ഞാൻ

ഗാന്ധാരി വിലപിച്ച കുരുക്ഷേത്രത്തിലെ 

ധർമവും തേടി അലയുന്നു ഞാൻ

ഞാൻ ഞാൻ ഭാരതീയൻ’

സർവകലാശാല യുവജനോത്സവത്തിനു പാടാൻ ഗാനരചയിതാവ് ആർ.കെ.ദാമോദരൻ എഴുതി നൽകിയ പാട്ടിന്റെ പല്ലവി വായിച്ചപ്പോൾ തേവര കോളജ് വിദ്യാർഥി സതീഷ് ഭട്ട് അന്തംവിട്ടു. ‘ഇതെന്തു ലളിതഗാനം?’. 

മൂന്നു പതിറ്റാണ്ടു മുൻപാണ്. പ്രണയവും വിരഹവും നിറയുന്ന വരികളിൽ മേമ്പൊടിക്കൊരൽപം സെമി ക്ലാസിക്കൽ സംഗീതം കൂടി ചേർത്തു വിളമ്പിയാലേ ലളിതഗാന മത്സരം ജയിക്കാനാവൂ എന്നു കലാലയ ഗായകർ വിശ്വസിച്ചിരുന്ന കാലത്ത്. ‘ലളിതഗാനത്തിൽ ഗാന്ധിക്കെന്തു സ്കോപ്’ എന്ന ചിന്തയുണർന്നതു സ്വാഭാവികം. എന്നാൽ  32 വർഷങ്ങൾക്കിപ്പുറം സംഗീതദിനത്തിൽ, ആ ഗാന്ധിഗാനം അന്നു ‘പാടിക്കയറിയ’ ഉയരങ്ങളെപ്പറ്റി വീണ്ടും ചിന്തിക്കുമ്പോൾ ഡോ.സതീഷ് ഭട്ടിനു വിസ്മയം മാത്രം. രചയിതാവ് ആർ.കെ.ദാമോദരന്റെയും ഈണമിട്ട ടി.എസ്.രാധാകൃഷ്ണന്റെയും മനസ്സിലും ആ ഗാനം നിത്യഹരിത വർണം പുരണ്ടു കിടക്കുന്നു. കാരണം, ദേശഭക്തി ഗാനങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും ഗാന്ധിയെപ്പറ്റി മലയാളത്തിൽ ഒരു ലളിതഗാനം കേട്ടുകേൾവി പോലുമുണ്ടായിരുന്നില്ല അന്നോളം. 

1989ൽ തേവര എസ്എച്ച് കോളജിൽ  ആദ്യവർഷ സുവോളജി ബിരുദ വിദ്യാർഥിയായിരിക്കെയാണ് സതീഷ് ഭട്ട് എംജി സർവകലാശാലാ കലോത്സവത്തിനു പാടാൻ ലളിതഗാനം എഴുതിക്കിട്ടാനായി ആർകെയെ തേടിയെത്തിയത്. ആർകെ എഴുതിയാൽ താൻ ഈണമിട്ടു തരാം എന്ന ടി.എസ്.രാധാകൃഷ്ണന്റെ ഉറപ്പു മുൻകൂർ വാങ്ങിയിരുന്നു. യുവജനോത്സവങ്ങളിൽ ആർകെ–ടിഎസ് കൂട്ടുകെട്ടിൽ പിറക്കുന്ന ലളിതഗാനങ്ങൾ സമ്മാനം കൊയ്യുന്ന കാലമായിരുന്നു. പക്ഷേ, പാട്ടെഴുതാമെന്നു സമ്മതിച്ച ആർകെ, രാഷ്ട്രപിതാവിനെ ലളിതഗാനത്തിലേക്കു വലിച്ചിടുമെന്നു ഭട്ടിന്റെ മാത്രമല്ല, രാധാകൃഷ്ണന്റെയും വിദൂരചിന്തകളിൽ പോലുമുണ്ടായിരുന്നില്ല. 

പല്ലവി കണ്ടപ്പോഴേ മനസ്സിടിഞ്ഞുവെന്നും ‘സംഗതി’ കൈവിട്ടു പോയെന്നുറപ്പിച്ചുവെന്നും സതീഷ് ഭട്ട് . എന്നാൽ, ഗാന്ധി എന്ന പുതുമ തന്നെയാണു പാട്ടിന്റെ ശക്തിയെന്ന ആർകെയുടെ വാക്കുകൾ പുനർചിന്തയ്ക്കു വഴിവച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഭട്ട് അർധസമ്മതം മൂളി. അങ്ങനെ ടി.എസ്.രാധാകൃഷ്ണൻ രാഗമാലികയിൽ മനോഹരമായി ചിട്ടപ്പെടുത്തിയ പാട്ടുമായി ഭട്ട് തട്ടിൽക്കയറി. ആ വർഷത്തെ എംജി കലോത്സവ വേദി രാജേന്ദ്ര മൈതാനമായിരുന്നു. 80 കുട്ടികൾ പങ്കെടുത്ത ആദ്യഘട്ട മത്സരത്തിൽത്തന്നെ ഒന്നാം സ്ഥാനം. തുടർന്ന്, 1990ൽ മൈസൂരിൽ നടന്ന സൗത്ത് സോൺ മത്സരത്തിലും ഒന്നാമതതെത്തി. യുപിയിലെ റൂർക്കിയിലായിരുന്നു ദേശീയ മത്സരം. ഗായകൻ പങ്കജ് ഉധാസ് ഉൾപ്പെടെയുള്ള വിധികർത്താക്കൾക്കു മുന്നിലാണ് അന്നു പാടാൻ അവസരം ലഭിച്ചതെന്നു സതീഷ് ഭട്ട് ഓർക്കുന്നു. മലയാളം വരികളുടെ അർഥം വിധികർത്താക്കൾക്കു മനസ്സിലാകാനായി ഗാനത്തിന്റെ വരികളുടെ തർജിമ ലഭ്യമാക്കിയ ശേഷമായിരുന്നു പാട്ട്. അതിലും ഒന്നാമനായതോടെ 1991ൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നടക്കുന്ന രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുള്ള സ്വപ്നതുല്യമായ അവസരവും കൈവെള്ളയിലെത്തി. എന്നാൽ, ഭട്ടിന്റെ സംഗീത ജീവിതത്തിന് അന്നു വിധിയിട്ട ഈണം ശോകമായിരുന്നു. മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച മകനെ പഠനം കളഞ്ഞു പാട്ടുമത്സരത്തിനു വിടാനില്ലെന്നു മാതാപിതാക്കൾ കർശന നിലപാടെടുത്തു. കരഞ്ഞു പറഞ്ഞിട്ടും അവർ വഴങ്ങാതായതോടെ ജർമനി യാത്ര മുടങ്ങി, ഒപ്പം പാട്ടും.

പാട്ടുകാരനാകാനുള്ള സ്വപ്നം അവിടെ തീർന്നുവെന്നാണു താൻ കരുതിയതെന്ന് ഇന്നു കൊച്ചിയിൽ ഏറെ തിരക്കുള്ള പ്രമേഹ രോഗവിദഗ്ധനായ ഡോ.സതീഷ് ഭട്ട് പറയുന്നു. എന്നാൽ, വർഷങ്ങൾക്കു ശേഷം പാട്ടു വീണ്ടും സതീഷിനെത്തേടിയെത്തി. 1996ൽ എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ വേരുകൾ എന്ന സീരിയലിൽ പാടാനുള്ള അവസരം ലഭിച്ചതായിരുന്നു വഴിത്തിരിവ്. സംഗീതവും ചികിത്സയും ഒരുമിച്ചു കൊണ്ടു പോകാനുള്ള ശ്രമം വിജയിച്ചു. ഒട്ടേറെ ഗാനങ്ങൾക്കു ട്രാക്ക് പാടി. ഐഎംഎയുടെ സംഗീത പരിപാടികളിലും സജീവമാണ്. പ്രമേഹത്തെപ്പറ്റി ആധികാരിക വിവരങ്ങൾ നൽകുന്ന യുട്യൂബ് ചാനലും ഡോ.സതീഷ് ഭട്ട് കൈകാര്യം ചെയ്യുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com