ADVERTISEMENT

സ്വപ്നങ്ങളില്ലാത്ത മനുഷ്യരുണ്ടോ? ഒരുപാട് മോഹങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും അതിൽ പലതും സഫലമാകാറില്ല. നാം ഒരു സ്വപ്നം കാണുമ്പോൾ അത് യാഥാര്‍ഥ്യത്തിലേയ്ക്കെത്തുന്നതിനു നൂറു കണക്കിനു തടസ്സങ്ങളുമുണ്ടാകും. എന്നാൽ ആഗ്രഹങ്ങളൊന്നും പാതിവഴിയിൽ ഉപേക്ഷിക്കരുത്. പരിശ്രമിച്ചുകൊണ്ടേയിരിക്കുക, സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കുക. ഈ ചിന്തയ്ക്ക് ഏറെ പ്രചോദനം പകർന്നാണ് യുവഗായിക ആര്യ ദയാൽ ഏറ്റവും പുതിയ ആൽബമായ ‘King of My Kind’ പുറത്തിറക്കിയത്. പലപ്പോഴായി പല ചേരുവകൾ കൂട്ടിച്ചേർത്ത് താളം മുറിയാതെ പാട്ടു പാടി പ്രമുഖരുടെയുൾപ്പെടെ മനസ്സിൽ കയറിക്കൂടിയ ആര്യ ദയാൽ മലയാളിക്ക് ഏറെ സുപരിചിതയാണ്. സ്വന്തം ജീവിതാവസ്ഥയെ വരച്ചു കാണിച്ച് പുറത്തിറക്കിയ പുതിയ ഗാനത്തെക്കുറിച്ച് ആര്യ ദയാൽ മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

ഞാൻ എന്റെ സ്വപ്നത്തിലേയ്ക്ക്

എന്റെ സ്വപ്നത്തെക്കുറിച്ചും അത് എങ്ങനെ നേടും എന്നതിനെക്കുറിച്ചുമാണ് പാട്ടിൽ പറഞ്ഞു വയ്ക്കുന്നത്. ജീവിതത്തിൽ എനിക്കൊരുപാട് നേടാനുണ്ട്. ഒരുപാട് മോഹങ്ങൾ സഫലമാക്കാനുണ്ട്. പക്ഷേ അതിനൊക്കെ ഏറെ തടസ്സങ്ങളുമുണ്ട്. ഇത്തരം പ്രതിബന്ധങ്ങളെയൊക്കെ തരണം ചെയ്ത് എങ്ങനെ എന്റെ ലക്ഷ്യത്തിലെത്തിച്ചേരാം എന്നാണ് പാട്ടിലൂടെ പറയുന്നത്. എന്റെ യഥാർഥ ജീവിതചിത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്. വളരെ ലളിതമായിത്തന്നെ ഇക്കാര്യം വരികളിൽ പകർത്തിയിട്ടുമുണ്ട്. 

ഞാനും അവരും ചേർന്ന് ‘ഞങ്ങൾ’

അമൽ കൊമത്തും അഭിജിത്ത് കുറ്റിച്ചിറയും ചേർന്നാണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. ഫവാസ് അഫിയും ഫസീനും ചേർന്ന് ഛായാഗ്രഹണവും ശംഭു എഡിറ്റിങ്ങും നിർവഹിച്ചു. ഇതിൽ അബി (അഭിജിത്ത്) ഒഴികെ ബാക്കിയുള്ള എല്ലാവരെയും വളരെ അപ്രതീക്ഷിതമായാണ് ബന്ധപ്പെട്ടത്. അവരുമായി പാട്ടിനെക്കുറിച്ചു ചർച്ച ചെയ്യുകയും എല്ലാവരും താന്താങ്ങളുടെ ആശയങ്ങൾ മുന്നോട്ടു വയ്ക്കുകയും ചെയ്തു. എല്ലാവരും വളരെ വേറിട്ട തലത്തിൽ ചിന്തിക്കുന്നവരും വ്യത്യസ്ത ആശയങ്ങൾ ഉള്ളവരുമാണ്. അതിനാൽ തന്നെ എല്ലാവരെയും ചേർത്തുള്ള ഒരു പരീക്ഷണം തന്നെയായിരുന്നു ഈ വിഡിയോ എന്നു പറയാം. എന്തു തന്നെയായാലും ഏറെ മികച്ച ഒരു പ്രൊഡക്‌ഷൻ തന്നെയുണ്ടായി. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. 

ഒരു വർഷത്തിലെ വളർച്ച

കഴിഞ്ഞ വർഷം ഞാൻ പുറത്തിറക്കിയ ‘Try My Self’ എന്ന വിഡിയോയിലും എന്റെ വ്യക്തിജീവിതത്തിലെ ഒരു ഘട്ടമായിരുന്നു ആവിഷ്കരിച്ചത്. പേരു സൂചിപ്പിക്കും പോലെ തന്നെ പരിശ്രമിക്കുക, മുന്നോട്ടു പോവുക എന്നതു തന്നെയാണ് പാട്ടിൽ അവതരിപ്പിച്ചത്. കഴിഞ്ഞ ഒരു വർഷം കൊണ്ട് ജീവിതത്തിലെ അടുത്ത ഘട്ടത്തിലേയ്ക്കു ഞാൻ എത്തി. ഇനിയെന്തു വേണം എന്നതാണ് ഇപ്പോൾ പുറത്തിറക്കിയ പാട്ടിൽ പറഞ്ഞു വയ്ക്കുന്നത്. ‘Try My Self’ വളരെ പരിമിതമായ സാഹചര്യത്തിൽ നിന്നാണ് പൂർത്തിയാക്കിയത്. കാരണം കുറഞ്ഞ ചിലവിൽ മാത്രമാണ് ആ പാട്ടൊരുക്കാൻ സാധിച്ചത്. പക്ഷേ ഈ തവണ അക്കാര്യങ്ങളിൽ ഏറെ മാറ്റങ്ങളുണ്ടായി. ഇതിനു മുൻപുള്ള പാട്ടിന് ആസ്വാദകർ നല്‍കിയ സ്നേഹത്തിന്റെയും അംഗീകാരത്തിന്റെയും ഫലമായി ലഭിച്ച പൈസ ചിലവഴിച്ച് നല്ല രീതിയിൽ തന്നെയാണ് ഈ ഗാനം ഒരുക്കിയത്. 

ആശങ്കകൾ ഓടിയകന്നു

ഇത് ഇംഗ്ലിഷ് ഗാനമായതിനാൽ ആസ്വാദകർ എത്രത്തോളം അംഗീകരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. കാരണം, എൺപത് ശതമാനത്തോളം പ്രേക്ഷകരും മലയാളികളാണ്. ഇതിനു മുൻപ് പല വിഡിയോയിലും ഞാൻ ഇംഗ്ലിഷിൽ സംസാരിക്കുമ്പോൾ പലരും മലയാളത്തിൽ പറയാമോ എന്ന ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പാട്ട് എത്രത്തോളം അംഗീകരിക്കപ്പെടുമെന്ന പേടി എനിയ്ക്കുണ്ടായിരുന്നു. പക്ഷേ എല്ലാ ആശങ്കകളും അകറ്റി റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം നിരവധി പേർ കാണുകയും മികച്ച പ്രതികരണങ്ങള്‍ രേഖപ്പെടുത്തുകയുമുണ്ടായി. ഇപ്പോൾ പാട്ട് ട്രെൻഡിങ്ങിലാണ്. അതിൽ ഒരുപാടൊരുപാട് സന്തോഷം.

English Summary: Interview with singer Arya Dhayal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com