ADVERTISEMENT

തെന്നിന്ത്യൻ താരം മംമ്ത മോഹൻദാസ് നിർമാണരംഗത്തേക്ക് കടന്നു വരുന്നുവെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ പലരും കരുതി ആദ്യസംരംഭം ഒരു സിനിമയായിരിക്കും എന്ന്. എന്നാൽ, ആ കണക്കുക്കൂട്ടലുകൾ തെറ്റിച്ച് ഒരു മ്യൂസിക് ആൽബത്തിലൂടെയാണ് താരം പ്രൊഡക്ഷൻ കമ്പനിയുടെ പ്രവർത്തനങ്ങൾക്കു തുടക്കമിട്ടത്. പുതിയ കാലത്തിന്റെ സംഗീതവും നിലപാടുകളും ആഘോഷിച്ച 'ലോകമേ' എന്ന മ്യൂസിക് വിഡിയോ, ലോകോത്തര നിലവാരത്തിലുള്ള ദൃശ്യവിരുന്നാണ് പ്രേക്ഷകർക്കായി ഒരുക്കിയത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന ഖ്യാതിയോടെ പുറത്തിറങ്ങിയ 'ലോകമേ' വൻ ഹിറ്റായി. 

lokame-1

മലയാളത്തിൽ സജീവമായിക്കൊണ്ടിരിക്കുന്ന റാപ് സംഗീതത്തെ പുതിയൊരു തലത്തിലേക്ക് എത്തിച്ച ഈ മ്യൂസിക് വിഡിയോ മംമ്ത മോഹൻദാസിനായി ഒരുക്കിയത് ബാനി ചന്ദ് ബാബു എന്ന തിരുവനന്തപുരം സ്വദേശിയാണ്. കഴിഞ്ഞ 12 വർഷങ്ങളായി സിനിമയുടെ വിഎഫ്എക്സ് മേഖലയിൽ പ്രവർത്തിക്കുന്ന ബാനിയുടെ ആദ്യ സംവിധാന സംരംഭമാണ് 'ലോകമേ'. സിനിമയിൽ വിഷ്വൽ ഇഫക്ട്സ് ഡയറക്ടറായി പ്രവർത്തിച്ച പരിചയവും സിനിമയോടുള്ള അടങ്ങാത്ത ആവേശവുമാണ് ബാനിയെ ഒരു സംവിധായകന്റെ വേഷം അണിയിച്ചത്. ആദ്യ പ്രൊഡക്ഷൻ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടതിന്റെ സന്തോഷവും സിനിമയെക്കുറിച്ചുള്ള സ്വപ്നങ്ങളും ബാനി ചന്ദ് ബാബു മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

'പ്രേമ'ത്തിന്റെ പ്രായം ഞങ്ങളുടെ കമ്പനിക്ക്

സിനിമ എന്നും പാഷനായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു മേഖലയിൽ സ്പഷലൈസ് ചെയ്യാനായിരുന്നു ആഗ്രഹം. അങ്ങനെയാണ് വിഷ്വൽ ഇഫക്ട്സ് തിരഞ്ഞെടുത്തത്. സിനിമയിൽ വിഷ്വൽ ഇഫക്ട്സ് ഡയറക്ടറായി പ്രവർത്തിച്ച പരിചയമാണ് എനിക്കുള്ളത്. ഞങ്ങൾക്ക് ഒരു കമ്പനിയുണ്ട്. കോക്കനട്ട് ബഞ്ച് ക്രിയേഷൻസ് എന്നാണതിന്റെ പേര്. 'പ്രേമം' സിനിമയുടെ പ്രായമാണ് കോക്കനട്ട് ബഞ്ച് ക്രിയേഷൻസ് എന്ന കമ്പനിക്കും. അഞ്ചു വർഷം! ആ സിനിമയിലെ കൂടുതൽ വർക്കുകളും മറ്റൊരു കമ്പനി ചെയ്തതാണ്. അതിലെ ചില ഭാഗങ്ങൾ മാത്രമാണ് ഞങ്ങൾ ചെയ്തത്. 12 വർഷമായി ഞാനും സിനിമയിൽ ആക്ടീവ് ആണ്. വിഷ്വൽ ഇഫക്ട്സ് മേഖലയിൽ ആണെന്നു മാത്രം. എന്റെ ആദ്യ സംവിധാന സംരംഭമാണ് 'ലോകമേ'. അതിനു മുൻപ് ചില പരസ്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും സിനിമാ–സംഗീത മേഖലയിൽ സംവിധായകൻ എന്ന നിലയിൽ ആദ്യ വർക്ക് ഇതു തന്നെയാണ്. 

അവിചാരിതമായി സംഭവിച്ച 'ലോകമേ'

lokame2

ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ. എന്റെ സുഹൃത്ത് അഭിജിത്താണ് സിനിമ എഴുതിയിരിക്കുന്നത്. ഈ പ്രൊജക്ടിന്റെ ഭാഗമായി പലരെയും കണ്ട കൂട്ടത്തിലാണ് നോയലിനെ (നോയൽ ബെൻ) പരിചയപ്പെടുന്നത്. അതിനിടയിൽ ഏകലവ്യനും വിനീത് എന്ന മ്യൂസിക് ഡയറക്ടറും കൂടി നോയലിനെ കണ്ടിരുന്നു. ഈ മ്യൂസിക് സിംഗിളിനെ കുറിച്ച് ചർച്ച ചെയ്യാൻ വേണ്ടിയായിരുന്നു അത്. അപ്പോൾ നോയലാണ് എന്നെ നിർദേശിച്ചത്. സത്യത്തിൽ ഞങ്ങളെ കണക്ട് ചെയ്യുന്നത് നോയലാണ്. പ്രൊഡക്ഷനിൽ മംമ്തയുടെ പങ്കാളിയാണ് നോയൽ ബെൻ. സിനിമയോട് അത്രയും ആത്മാർത്ഥതയുള്ള ഒരു പ്രൊഡ്യൂസറാണ് മംമ്ത. അഭിനയത്തിലായാലും മറ്റു ടെക്നിക്കൽ കാര്യങ്ങളിലായാലും! അതുകൊണ്ടാണ് ലോകമേ എന്ന മ്യൂസിക് വിഡിയോയ്ക്ക് ഇത്രയും നല്ലൊരു ഔട്ട്പുട്ട് കൊടുക്കാൻ കഴിഞ്ഞത്. ആ പ്രൊജക്ടിന് എന്തൊക്കെ ഞങ്ങൾ ചോദിച്ചോ അതെല്ലാം അവർ നൽകി. ഇതൊരു സിനിമ ഒന്നുമല്ലല്ലോ... അങ്ങനെയുള്ള ഒരു റവന്യൂവിന് സാധ്യതയുമില്ല. എങ്കിലും അവർ ഇതിനു തയാറായി. 

മംമ്തയുടെ വാക്കുകൾ ആത്മവിശ്വാസമേകി

പ്രൊഡക്‌ഷന്റെ കാര്യത്തിൽ യാതൊരു വിധ വിട്ടുവീഴ്ചകൾക്കും മംമ്ത ഒരുക്കമായിരുന്നില്ല. ഈ പ്രൊജക്ട് ഡിമാൻഡ് ചെയ്യുന്ന കാര്യങ്ങൾ നൽകാൻ അവർ തയാറായി. മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലാണ് ഷൂട്ട് ചെയ്തത്. ആ സ്ട്രീറ്റിന് പുതിയൊരു മുഖം നൽകിയാണ് ചിത്രീകരിച്ചത്. പെട്ടെന്ന് നോക്കുമ്പോൾ അത് ജൂതത്തെരുവ് ആണെന്ന് തിരിച്ചരിയാൻ കഴിയാത്ത മേക്കോവർ നൽകിയിരുന്നു. അത്യാവശ്യം ജൂനിയർ ആർടിസ്റ്റുകൾ ഈ പ്രൊജക്ടിന്റെ ഭാഗമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചിത്രീകരണം. നവംബർ 11നായിരുന്നു വിഡിയോയുടെ പ്രിവ്യൂ വച്ചിരുന്നത്. മംമ്തയും അവരുടെ മാതാപിതാക്കളും നോയലും സുഹൃത്തുക്കളും എല്ലാം അതിന് എത്തി. കണ്ടു കഴിഞ്ഞതും എല്ലാവരും കയ്യടിച്ചു. മംമ്ത വലിയ സന്തോഷത്തിലായിരുന്നു. അവർ അഭിനന്ദിച്ചു. ഒരു പ്രൊഡ്യൂസർ എന്ന നിലയിൽ എന്താണോ ആവശ്യപ്പെട്ടത് അതിനു മുകളിൽ ചെയ്തിട്ടുണ്ടെന്നായിരുന്നു അവർ പറഞ്ഞത്. സ്വതന്ത്ര സംഗീത സംരംഭങ്ങൾക്ക് നമ്മുടെ മ്യൂസിക് ഇൻഡസ്ട്രിയിൽ ഒരു ഇടമുണ്ട്. ഇതുപോലുള്ള നല്ല പ്രൊഡക്ഷൻ ഹൗസുകൾ വരികയാണെങ്കിൽ തീർച്ചയായും സിനിമാസംഗീതം അല്ലാതെ സ്വതന്ത്ര മ്യൂസിക് ജിങ്കിൾസ് ഇനിയും ഉണ്ടാകും.  

സ്വപ്നത്തിനു പിറകെ

വിജയ് സൂപ്പറും പൗർണമിയും, ബ്രദേഴ്സ് ഡേ, ഉയരെ, ഹെലൻ, കെട്ട്യോളാണെന്റെ മാലാഖ തുടങ്ങി 2019ൽ 32 സിനിമകളിൽ വിഎഫ്എക്സ് ചെയ്തിട്ടുണ്ട്. ഓരോ സിനിമയും ഓരോ വെല്ലുവിളിയാണ്. കാരണം വ്യത്യസ്ത സാഹചര്യങ്ങളും ആവശ്യങ്ങളുമായിരിക്കും ഓരോ സിനിമകൾക്കും ഉണ്ടാവുക. എങ്കിലും, കഴിഞ്ഞ വർഷം ചെയ്തതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതും ആസ്വദിച്ചതുമായ സിനിമ ഹെലൻ ആണ്. ഫ്രീസറിന്റെ അകത്ത് അന്ന ബെൻ പെട്ടു പോകുന്ന സീക്വൻസിൽ, ആ കുട്ടിയുടെ വായ്ക്കകത്തു നിന്നു വരുന്ന ബാഷ്പകണങ്ങൾ ഷൂട്ട് ചെയ്ത സമയത്ത് കൃത്യമായി കിട്ടിയില്ല. അത് എല്ലാ ഷോട്ടിലും ഞങ്ങൾ ക്രിയേറ്റ് ചെയ്തു. സ്വാഭാവികമായി വരുന്ന രീതിയിൽ അതൊരുക്കുക എന്നത് ശരിക്കും വെല്ലുവിളി ആയിരുന്നു. ഓരോ സീനിലെയും ഇമോഷണൽ ഇന്റൻസെറ്റി അനുസരിച്ച് അതിൽ വ്യത്യാസം വരുത്തുക.. തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിച്ചാണ് അതു ചെയ്തത്. അതൊരു ടീം വർക്കാണ്. പിന്നെ, സ്വന്തമായി ചെയ്യുന്ന സിനിമ തന്നെയാണ് വലിയ സ്വപ്നം. ആ സിനിമ നടക്കാൻ ഇനിയും ഒട്ടേറെ കടമ്പകളുണ്ട്. ലീഡ് ആക്ടറെ കണ്ടെത്തുന്നതു മുതൽ ഒത്തിരി കാര്യങ്ങൾ ഇനിയും നടക്കാനുണ്ട്. സിനിമയുടെ കാര്യമല്ലേ... ഒന്നും പറയാൻ കഴിയില്ല. 

English Summary: Interview with Lokame music video director Bani Chand Babu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com