മകന്റെ വിവാഹത്തിന് ഒപ്പിട്ടത് ദാസേട്ടൻ, പ്രഭ ചേച്ചി വിളിക്കാറുണ്ട്; അവരുമായി സൗഹൃദം സൂക്ഷിക്കാൻ എനിക്കെന്ത് യോഗ്യത: മാഷിന്റെ ശോഭ
Mail This Article
ആ ഈണങ്ങള്‍ കേൾക്കുമ്പോൾ ഇപ്പോഴും ചോര പൊടിയുന്നുണ്ട് ശോഭയുടെ ഉള്ളിന്റെയുള്ളിൽ. ആരും കാണാതിരുന്നു കണ്ണീർ പൊഴിക്കാറുണ്ട് അവർ. അസാധാരണ ഈണക്കൂട്ടുകൾ നൽകി, നിനച്ചിരിക്കാത്ത നേരത്ത് കൈവീശിക്കാണിച്ച് മറ്റേതോ ലോകത്തിലേക്കു കടന്നുപോയ പ്രിയപ്പെട്ട രവിയേട്ടന്റെ മായാത്ത ഓർമകളിലാണ് ശോഭയുടെ ജീവിതം. മലയാളിയെ മാന്ത്രികപ്പാട്ടുകളുടെ മഹാവലയത്തിൽ ബന്ധിച്ച് രവീന്ദ്രൻ മാസ്റ്റർ എവിടേക്കാണു മാഞ്ഞുപോയത്?
മാഷ് കൂടെയുണ്ടെന്നു തോന്നാൻ അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുകയൊന്നും വേണ്ട പ്രിയപത്നി ശോഭയ്ക്ക്. പക്ഷേ ആ പാട്ടുകൾ കാതോരമെത്തുമ്പോൾ അതിലൂടെ മാഷ് വർത്തമാനം പറയുന്നതായി തോന്നാറുണ്ട് ശോഭയ്ക്ക്. രവീന്ദ്രന്‍ മാസ്റ്ററിന്റെ ഭൂരിഭാഗം ഗാനങ്ങൾക്കും സ്വരമായത് ഗന്ധർവഗായകൻ കെ.ജെ.യേശുദാസ് ആണ്. യേശുദാസിനെ മാത്രം മനസ്സിൽ കണ്ട് മാഷ് അനവധി ഗാനങ്ങൾക്ക് ഈണമൊരുക്കി. ‘മാഷിന്റെ പാട്ട് യേശുദാസ് അല്ലാതെ ആര് പാടാൻ’ എന്നൊരു പൊതുസംസാരം പോലും ഉണ്ടായിട്ടുണ്ട് അക്കാലത്ത്. പാട്ടിൽ മാത്രമല്ല, പാട്ടിനു പുറത്തും അവർ ഏറെ അടുപ്പക്കാരായിരുന്നു. രവീന്ദ്രൻ മാഷിന്റെ വിയോഗ ശേഷം പല വേദികളിലും വച്ച് യേശുദാസിന്റെ കണ്ഠമിടറിയിട്ടുണ്ട്, കണ്ണ് നിറഞ്ഞിട്ടുണ്ട്. മാഷ് പോയതിനു ശേഷവും തന്നോടും കുടുംബക്കാരോടും വലിയ അടുപ്പത്തിൽ തന്നെയാണ് യേശുദാസെന്ന് ശോഭ രവീന്ദ്രൻ പറയുന്നു. മലയാളിക്കൊരു കാലവും മറക്കാൻ കഴിയാത്ത കൂട്ടുകെട്ടിനെക്കുറിച്ച് യേശുദാസിന്റെ പിറന്നാൾ ദിനത്തിൽ മനസ്സു തുറക്കുകയാണ് മാഷിന്റെ ശോഭ.
∙ പാട്ട് നിർത്താൻ തീരുമാനിച്ച യേശുദാസിനെ പാട്ടിലേക്കു തിരികെയെത്തിച്ചത് രവീന്ദ്രൻ മാസ്റ്ററാണ്; പ്രമദവനത്തിലൂടെ. പിൽക്കാലത്ത് യേശുദാസ് തന്നെ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. ആ സംഭവത്തെക്കുറിച്ചു പറയാമോ?
പ്രമദവനം പാടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് മുൻപ് പലതവണ ദാസേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഹിസ് ഹൈനസ് അബ്ദുള്ള പുറത്തുവന്നത്. ഒരേ തരത്തിലുള്ള ഗാനങ്ങൾ ആലപിച്ച് മടുപ്പ് തോന്നി, സിനിമാ പാട്ടുകളിൽനിന്നു മാറി നിൽക്കാമെന്ന് ദാസേട്ടൻ തീരുമാനിച്ചിരുന്ന കാലമായിരുന്നു അത്. അപ്പോഴാണ് രവിയേട്ടന് പ്രണവം എന്ന, മോഹൻലാലിന്റെ സിനിമാ കമ്പനിയിൽനിന്ന് ആദ്യമായി ഒരു ചിത്രത്തിൽ പാട്ടൊരുക്കാനുള്ള അവസരം കിട്ടിയത്. പാട്ട് ചിട്ടപ്പെടുത്തിക്കഴിഞ്ഞപ്പോൾ, ഈ പാട്ട് ദാസേട്ടനല്ലാതെ ആര് പാടുമെന്ന് പറഞ്ഞാണ് രവിയേട്ടൻ ദാസേട്ടനെ സമീപിച്ചത്. പാട്ട് കേട്ടപ്പോൾ ദാസേട്ടനും തോന്നി, അത് താൻ പാടേണ്ട പാട്ടാണെന്ന്. അങ്ങനെ അദ്ദേഹം സമ്മതിച്ചു. എടുത്ത തീരുമാനം മാറ്റി വച്ച് അദ്ദേഹം വീണ്ടും സിനിമാ സംഗീതത്തിലേക്കു തിരിച്ചു വന്നു. ആ പാട്ട് കേട്ടതുകൊണ്ടു മാത്രമാണ് ദാസേട്ടൻ തിരിച്ചു വന്നതെന്നു പറയാൻ പറ്റില്ല. തിരിച്ചുവരവിന് പ്രമദവനം ഒരു കാരണമായി എന്നു മാത്രം.
∙ കൈതപ്രം–രവീന്ദ്രൻ മാസ്റ്റർ–യേശുദാസ്! ഈ കൂട്ടുകെട്ടിനെ എങ്ങനെ കാണുന്നു?
ഇതേക്കുറിച്ച് ഞാൻ എടുത്തുപറയേണ്ട ആവശ്യമില്ല. മൂവരും ചേർന്നപ്പോൾ പിറന്നത് എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്. അതാണ് ആ കൂട്ടുകെട്ടിന്റെ മഹത്വം. ഒരു ഗാനരചയിതാവും സംഗീതസംവിധായകനും ഗായകനും ഒത്തുചേരുമ്പോഴാണ്, മികവ് തെളിയിക്കുമ്പോഴാണ് ആ ഗാനം ഏറ്റവും മികച്ചതാകുന്നത്. ഒരു പാട്ട് ഹിറ്റാകുന്നത് ഈ മൂന്നു പേരുടെയും സംഭാവന മികച്ചതാകുമ്പോൾ മാത്രമാണ്. ഈണത്തിനനുസരിച്ചു വരികൾ എഴുതി ഹൃദ്യമായി പാടുമ്പോഴാണ് ഗാനം വിജയിക്കുക. കൈതപ്രം– രവീന്ദ്രൻ മാസ്റ്റർ– യേശുദാസ് കൂട്ടുകെട്ടിന്റെ വിജയവും മികവും അതുതന്നെയായിരുന്നു. എല്ലാവരും മികച്ച രീതിയിലാണ് അവരവരുടെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയത്. അവർ ഒരുമിച്ച ഏതു ഗാനം എടുത്തു നോക്കിയാലും മനസ്സിലാകും ആ ആത്മാർപ്പണവും കൂട്ടായ പ്രയത്നവുമെല്ലാം.
∙ യേശുദാസ് എല്ലാ പാട്ടുകളും പാടുന്നെന്നും മറ്റു ഗായകർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. അതിൽ എന്താണ് പ്രതികരിക്കാനുള്ളത്?
രവിയേട്ടൻ കൂടുതൽ പാട്ടുകളും കൊടുത്തിട്ടുള്ളത് ദാസേട്ടനു തന്നെയാണ്. പക്ഷേ മറ്റു ഗായകർക്കും അദ്ദേഹം അവസരങ്ങൾ നൽകിയിട്ടുണ്ട്. മാഷിന്റെ പാട്ടുകൾ ആരു പാടിയാലാണ് കൂടുതൽ നന്നാവുകയെന്ന് ശ്രോതാക്കളായ നമുക്കറിയാം. മാഷ് ചെയ്ത പാട്ടുകള്‍ നല്ല രീതിയിൽ പുറത്തുവരാൻ വേണ്ടിയാണ് മികച്ച ഗായകരെത്തന്നെ തിരഞ്ഞെടുത്തു പാടിച്ചത്. അതിൽ മിക്കപ്പോഴും ദാസേട്ടൻ തന്നെ സ്വരമായി. രവീന്ദ്രൻ മാസറ്ററെ സംബന്ധിച്ചിടത്തോളം സിനിമ സംഗീതം, ആൽബം സംഗീതം, നാടകസംഗീതം എന്നിങ്ങനെ ഒരു വ്യത്യാസവുമില്ലായിരുന്നു. എല്ലാത്തിനും തുല്യ പ്രാധാന്യമാണ് അദ്ദേഹം നൽകിയിരുന്നത്. ഒരേ മനസ്സോടെ, അർപ്പണബോധത്തോടെയായിരുന്നു അദ്ദേഹം എല്ലാത്തരം പാട്ടുകളെയും സമീപിച്ചിരുന്നത്. തന്റെ സംഗീതം ഏതു രീതിയിൽ പുറത്തുവന്നാലും അത് വളരെ മികച്ചതായിരിക്കണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തികഞ്ഞ അർപ്പണമനോഭാവം അദ്ദേഹം എല്ലാ പാട്ടിലും ഉൾച്ചേർത്തു. ഒരു പാട്ടിനെ എത്രത്തോളം മെച്ചപ്പെടുത്താൻ പറ്റുമെന്നായിരുന്നു അദ്ദേഹം നോക്കിയിരുന്നത്. അതിനനുസരിച്ചാണ് ഗായകരെ തിരഞ്ഞെടുത്തത്.
∙ യേശുദാസിന്റെ ആലാപനത്തെക്കുറിച്ചൊക്കെ രവീന്ദ്രൻ മാസ്റ്റർ ശോഭയോടു ചര്‍ച്ച ചെയ്തിട്ടുണ്ടാകുമല്ലോ? മാസ്റ്ററിന്റെ അഭിപ്രായത്തിൽ യേശുദാസ് എല്ലാം തികഞ്ഞ ഗായകനാണോ?
മനസ്സിലുദ്ദേശിച്ച തരത്തിൽത്തന്നെ സൃഷ്ടികളുണ്ടായാല്‍ മാത്രമേ ഒരു സ്രഷ്ടാവിന് പൂർണ തൃപ്തി ലഭിക്കൂ. രവിയേട്ടന്റെ പാട്ടുകൾ ആര് പാടിയാലും ദാസേട്ടൻ പാടുമ്പോൾ കിട്ടുന്ന തരത്തിലുള്ള തൃപ്തി കിട്ടാറില്ലെന്ന് അദ്ദേഹം എന്നോടു പലയാവർത്തി പറഞ്ഞിട്ടുണ്ട്. ഒരു സംഗീതസംവിധായകൻ എന്താണോ മനസ്സിൽ ആഗ്രഹിച്ചത് അതിനേക്കാളുപരി പാടിക്കൊടുക്കാൻ സാധിക്കുന്നയാളാണ് ദാസേട്ടന്‍. അത്രയേറെ സംഗീതജ്ഞാനമുണ്ട് അദ്ദേഹത്തിന്. ഏതൊരു സംഗീതസംവിധായകനും ദാസേട്ടൻ പാടുന്നതു തന്നെയായിരിക്കും ആത്മസംതൃപ്തി നൽകുകയെന്നു തോന്നുന്നു. രവിയേട്ടന് അങ്ങനെയായിരുന്നു. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും ദാസേട്ടനെക്കൊണ്ടു തന്നെ പാടിപ്പിച്ചത്. ദാസേട്ടനു മുകളിലായി മറ്റൊരാൾ ഉണ്ടെന്ന് അന്നും ഇന്നും തോന്നുന്നില്ല. ഗാനഗന്ധർവൻ എന്നു വിളിക്കപ്പെടാൻ യോഗ്യത അദ്ദേഹത്തിനു തന്നെയാണ്. ഇനി ഏതെങ്കിലുമൊരു ജന്മത്തിൽ ദാസേട്ടൻ തന്നെ വീണ്ടും ഇതേ ഗന്ധർവനായി തിരിച്ചുവരുമെന്ന് വിശ്വസിക്കുന്നു. കാരണം, അത്രയേറെ സംഗീതജ്ഞാനം അദ്ദേഹത്തിന്റെയുള്ളിലുണ്ട്.
∙ രവീന്ദ്രൻ മാസ്റ്റർ സംഗീതത്തെ സങ്കീർണമാക്കി എന്നൊരു വിമർശനം ഇടക്കാലത്ത് കേട്ടിരുന്നു. എന്നാൽ അദ്ദേഹമൊരുക്കിയ ഈണങ്ങള്‍ യേശുദാസ് പാടിയപ്പോൾ അതെല്ലാം ചരിത്രമായി. സാധാരണക്കാർക്കു പാടാൻ കഴിയാത്ത തരത്തിലുള്ള ഈണങ്ങളാണ് രവീന്ദ്രൻ മാസ്റ്ററിന്റേതെന്ന് ശോഭയ്ക്കു തോന്നിയിട്ടുണ്ടോ? യേശുദാസിനു വേണ്ടി മാത്രമാണോ അദ്ദേഹം അത്തരം ഈണങ്ങൾ ചിട്ടപ്പെടുത്തിയത്?
രവീന്ദ്രൻ മാഷ് സംഗീതത്തെ സങ്കീർണമാക്കിയെന്നുള്ള പ്രസ്താവന ഞാനും കേട്ടിരുന്നു. എനിക്ക് സംഗീതത്തെക്കുറിച്ച് വലിയ ജ്ഞാനമില്ല. അതുകൊണ്ട് കൂടുതൽ അതിനെക്കുറിച്ചു പറയാനും അറിയില്ല. സംഗീതജ്ഞാനം ഉള്ളവർക്ക് മാഷിന്റെ സംഗീതം ഒരു സങ്കീർണതയായി തോന്നിയിട്ടില്ല. ഏതു രീതിയിലുള്ള സംഗീതം ചെയ്തപ്പോഴും പാടാൻ ആളുണ്ടായിരുന്നു. അപ്പോൾ അതിനെ സങ്കീർണം എന്നെങ്ങനെയാണ് പറയാൻ സാധിക്കുക? നമുക്കു പാടി ഫലിപ്പിക്കാൻ സാധിക്കില്ല എന്നതു കൊണ്ട് അദ്ദേഹം ചെയ്ത സംഗീതം സങ്കീർണമാണെന്ന് പറയാൻ പറ്റുമോ? എല്ലാം ലളിതഗാനമാക്കാൻ സാധിക്കില്ലല്ലോ? അങ്ങനെയാക്കിയാൽ അതിൽ എന്ത് പ്രത്യേകതയാണുള്ളത്? അപ്പോൾ സങ്കീർണത നമുക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല എന്നു പറയുന്നതല്ലേ ശരി? അതുൾക്കൊണ്ടു പാടുന്ന എത്രയോ പാട്ടുകാരുണ്ട്.
മാഷിന്റെ പാട്ടുകളെല്ലാം സങ്കീർണമാണെന്നുള്ള വിമർശനത്തെക്കാളും ആ പാട്ട് പാടി ഫലിപ്പിക്കുവാൻ സാധിക്കുമോ എന്നാണു ചിന്തിക്കേണ്ടത്. അങ്ങനെ പാടി ഫലിപ്പിക്കാൻ പറ്റുന്ന ഒരുപാട് ഗായകർ നമുക്കുണ്ട്. ഇത്രയും സങ്കീർണമായി ചെയ്തു വച്ചാൽ പാടാൻ പറ്റില്ല എന്ന് എന്നെപ്പോലെ സംഗീതജ്ഞാനവും ആലാപനശേഷിയും ഒന്നും ഇല്ലാത്തവർക്ക് പറയാന്‍ പറ്റും. എല്ലാ കഴിവുകളും ഉള്ളവർക്ക് ഒരിക്കലും അങ്ങനെ തോന്നില്ല. അതുകൊണ്ടാണല്ലോ ഈ പാട്ടുകളൊക്കെ എത്ര സങ്കീർണമായിട്ടും അതെല്ലാം ഇത്രയും സൂപ്പർഹിറ്റുകളായി മാറിയത്. അല്ലെങ്കിൽ അവ ഇത്രയും വർഷത്തിനു േശഷം നിലനിൽക്കുമോ? മാഷിന്റെ പാട്ട് എത്ര സങ്കീർണമാണെങ്കിലും പാടാന്‍ പറ്റുമെന്ന് തെളിയിക്കപ്പെട്ടതാണ്. ആ പാട്ടുകളെല്ലാം നാം കേള്‍ക്കുന്നുമുണ്ട്. എനിക്ക് പാടാനറിയില്ല, ആസ്വദിക്കാനേ സാധിക്കൂ. എന്നേപ്പോലെ ലക്ഷക്കണക്കിന് ആളുകളുണ്ട്. പാടാൻ പറ്റുന്നവർ പാടിക്കോളും. നമ്മളെന്തിനാണ് അതിനെപ്പറ്റി പറയുന്നത്.
തന്റെ കഴിവിനെ യുണീക്ക് ആയി കാണിക്കണമെങ്കിൽ അങ്ങനെയുള്ള ചാലഞ്ചുകൾ ഏറ്റെടുക്കണം. അതാണ് മാഷ് ചെയ്തിരിക്കുന്നത്. ചലഞ്ചിങ്ങ് ആയിട്ടുള്ള പാട്ടുകൾ ചെയ്യുന്നത് മാഷിന് ഇഷ്ടമുള്ള കാര്യമായിരുന്നു. ദാസേട്ടൻ മാഷ് ഉദ്ദേശിച്ചതിലും നന്നായി പാടി ഫലിപ്പിക്കും. അങ്ങനെ അവർ തമ്മിലുള്ള ചലഞ്ചാണ് നമുക്ക് അത്രയും നല്ല പാട്ടുകൾ ലഭിക്കാൻ കാരണമായത്. ദാസേട്ടനോടു ചോദിച്ചു നോക്കൂ, സങ്കീർണമായിരുന്നോ എന്ന്. അദ്ദേഹം അല്ല എന്നേ പറയൂ. കാരണം അദ്ദേഹത്തിനതെല്ലാം വളരെ ഈസിയായിട്ട് പാടാൻ സാധിക്കും. കുറച്ചൊക്കെ സങ്കീർണതകൾ വേണ്ടേ? ജീവിതം തന്നെ സങ്കീർണമല്ലേ? എന്നുകരുതി ആരും ജീവിക്കാതിരിക്കുന്നില്ലല്ലോ? അതിനെ സ്വീകരിക്കുകയാണ് വേണ്ടത്, ജീവിതത്തിന്റെ ഭാഗമായി അംഗീകരിക്കുകയാണു െചയ്യേണ്ടത്.
∙ ഹിസ് ഹൈനസ് അബ്ദുള്ള മുതലാണ് രവീന്ദ്രസംഗീതത്തിന്റെ ശൈലി മാറിത്തുടങ്ങിയത്. അതിലെല്ലാം യേശുദാസും പങ്കാളിയായി. മാഷിന്റെ വിയോഗത്തോടെ യേശുദാസ് എന്ന ഗായകന് കോട്ടം സംഭവിച്ചുവെന്നു തോന്നുന്നുണ്ടോ?
ഹിസ്ഹൈനസ് അബ്ദുള്ള മുതലാണ് രവീന്ദ്രൻ മാസ്റ്ററുടെ പ്രത്യേക ശൈലി ഒരു പ്രൗഢ സംഗീതമായി മാറിയത്. അതിനുമുൻപും അത്തരം പാട്ടുകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. പ്രമദവനത്തിനു ശേഷം ചെയ്ത പാട്ടുകളെല്ലാം വളരെ ചടുലമായ ഈണങ്ങളുള്ളവയാണ്. അദ്ദേഹത്തിന്റെ മഹത്വം അറിയിക്കുന്ന പാട്ടുകളാണ് കൂടുതലും ചെയ്തത്. അവസരം കിട്ടണം, സിനിമ നല്ലതായിരിക്കണം, പാട്ടിനുള്ള സിറ്റുവേഷൻ ഉണ്ടാകണം ഇതെല്ലാം ഒത്തിണങ്ങി വന്നാൽ മാത്രമേ അത്തരത്തിലുള്ള ഈണങ്ങൾ ചെയ്യാൻ സാധിക്കൂ. മാഷിന്റെ കഴിവുകൾ കൂടുതൽ െതളിയിക്കാൻ അങ്ങനെയുള്ള ചിത്രങ്ങളിലൂടെ സാധിച്ചു. അതിമനോഹരമായിട്ടാണ് ദാസേട്ടൻ അവയെല്ലാം പാടിയത്. മാഷിന്റെ കൂടുതൽ പാട്ടുകളും ദാസേട്ടനാണ് പാടിയത്. കാരണം ആ പാട്ടുകൾ അങ്ങനെ പാടി ഫലിപ്പിക്കാൻ ദാസേട്ടനേ സാധിക്കൂ എന്ന് രവിയേട്ടനു തോന്നിയിട്ടുണ്ടായിരിക്കാം. അതുകൊണ്ട് അദ്ദേഹം അത് ദാസേട്ടനെ ഏൽപിച്ചു. അദ്ദേഹം അത് പാടി ഹിറ്റാക്കി.
ദാസേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ രവീന്ദ്രൻ മാഷ് സംഗീതസംവിധായകനായി വരുന്നതിനും എത്രയോ മുൻപ് പാടിത്തുടങ്ങിയതാണ് അദ്ദേഹം. അന്നേ അദ്ദേഹത്തിന്റെ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞിരുന്നു. ദാസേട്ടന്റെ ശുപാർശയോടെയാണ് രവീന്ദ്രൻ മാഷ് സംഗീതസംവിധായകനായി അരങ്ങേറിയത്. പിന്നീടിങ്ങോട്ട് മാഷിനു വേണ്ടി ദാസേട്ടൻ അനവധി ഗാനങ്ങൾ ആലപിച്ചു. മാഷ് വിടപറഞ്ഞതിനുശേഷവും ദാസേട്ടൻ പാടിക്കൊണ്ടിരിക്കുന്നു. ദാസേട്ടന് ഇന്നും പാടാൻ സാധിക്കും. ഇപ്പോഴും അദ്ദേഹം എത്രയോ പാട്ടുകൾ പാടുന്നു. ഒരുപക്ഷേ രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നുവെങ്കിൽ ദാസേട്ടന്റെ കഴിവുകൾ തെളിയിക്കുന്ന, ഇനിയും കഴിവുകൾ നന്നാക്കാൻ പറ്റുന്ന കൂടുതൽ നല്ല പാട്ടുകള്‍ ചെയ്തു കൊടുത്തേനെ. രവീന്ദ്രൻ മാഷ് പോയതിനുശേഷവും വളരെ നല്ല ഹിറ്റുകൾ ദാസേട്ടൻ സംഭാവന ചെയ്തിട്ടുണ്ട്.
എല്ലാ സംഗീതസംവിധായകരുടെയും പാട്ടുകൾ തികഞ്ഞ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് ദാസേട്ടന്‍ പാടുന്നത്. അദ്ദേഹം ഒരു ചരിത്രപുരുഷനാണ്, ഗാനഗന്ധർവനാണ്. ആ ഗന്ധർവസ്ഥാനം തട്ടിയെടുക്കാൻ ആർക്കും സാധിക്കില്ല. ഈ ജന്മത്തിൽ ഇനി എന്തായാലും സാധ്യമല്ല. ഇനിയും ആരെങ്കിലും ശ്രമിച്ച് ഏതെങ്കിലും ജന്മത്തിൽ സാധിക്കുമോ എന്നറിയില്ല. എന്തായാലും ഈ ജന്മത്തിൽ ആ ഗന്ധർവ പട്ടം ആരു കൊണ്ടു പോവില്ല എന്നതു സംശയമില്ലാത്ത കാര്യമാണ്.
∙മാസ്റ്ററിന്റെ വിയോഗശേഷം പലപ്പോഴും വേദികളിൽ വച്ച് യേശുദാസ് വികാരാധീനനായിട്ടുണ്ട്. ഇരുവരും തമ്മിൽ വലിയ ആത്മബന്ധമായിരുന്നോ?
ഗായകനും സംഗീതസംവിധായകനുമെന്ന നിലയില്‍ മാത്രമായിരുന്നില്ല ദാസേട്ടനും രവിയേട്ടനും തമ്മിലുള്ള അടുപ്പം. അതിനപ്പുറം അവർ തമ്മിൽ വലിയ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. രവിയേട്ടന്റെ വിയോഗശേഷവും അദ്ദേഹത്തെക്കുറിച്ചു സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ പാട്ടുകൾ പാടുമ്പോഴുമൊക്കെ ദാസേട്ടൻ വികാരാധീനനായിട്ടുണ്ട്. സഹോദരന്മാരെപ്പോലെയായിരുന്നു ഇരുവരും. രവിയേട്ടന് ദാസേട്ടനോട് ദൈവത്തോടുള്ളതിനേക്കാൾ ആരാധനയായിരുന്നു. ദാസേട്ടന് തിരിച്ച് അതുപോലെ തന്നെ സ്നേഹമായിരുന്നു. സംഗീതം ദൈവികമാണ്. അതുകൊണ്ടുതന്നെ ദൈവികമായ ബന്ധമായിരുന്നു ഇരുവരും തമ്മിൽ. എന്റെയും രവിയേട്ടന്റെയും ഒരു മകന്റെ വിവാഹത്തിന് ദാസേട്ടനാണ് റജിസ്റ്ററിൽ ഒപ്പുവച്ചത്. എന്റെ രവിക്കു വേണ്ടിയാണ് ഞാനിത് ചെയ്യുന്നതെന്നു പറഞ്ഞ് അന്നും ദാസേട്ടൻ കണ്ണീരണിഞ്ഞു.
∙ യേശുദാസിനോടും കുടുംബത്തോടും ശോഭയ്ക്ക് ഇപ്പോള്‍ അടുപ്പമുണ്ടോ?
തീർച്ചയായും ദാസേട്ടനും കുടുംബവുമായി നല്ല അടുപ്പമുണ്ട്. രവിയേട്ടന്റെ വിയോഗശേഷവും ആ ബന്ധം അങ്ങനെ തന്നെ തുടരുന്നു. ദാസേട്ടന് ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും നന്നായി അറിയാം. അമേരിക്കയിൽനിന്ന് പ്രഭ ചേച്ചി വിളിക്കാറുണ്ട്, ദാസേട്ടന്‍ സംസാരിക്കും. പിന്നെ ഒരു സഹൃത്ത് എന്നൊന്നും ഒരിക്കലും പറയാൻ പറ്റില്ല. കാരണം, ദാസേട്ടനുമായി സുഹൃദ്ബന്ധം സൂക്ഷിക്കാനുള്ള യോഗ്യതയൊന്നും ഞങ്ങൾക്കുള്ളതായി എനിക്കു തോന്നിയിട്ടില്ല. ഞാൻ ഒരിക്കലും ദാസേട്ടനെ നേരിൽ കാണാൻ സാധിക്കുമെന്നു പോലും വിചാരിച്ചിരുന്നില്ല. കുളത്തൂപ്പുഴ എന്ന ഉൾഗ്രാമത്തിലാണ് ഞാൻ ജനിച്ചത്. രവിയേട്ടനെ വിവാഹം കഴിച്ചതുകൊണ്ടു മാത്രമാണ് ദാസേട്ടനെ നേരിൽ കാണാനും അടുത്തിടപഴകാനുമൊക്കെയുള്ള അവസരം ലഭിച്ചത്. രവീന്ദ്രൻ മാസ്റ്ററിന്റെ ഭാര്യ എന്ന ലേബൽ ഉള്ളതുകൊണ്ടു മാത്രമാണ് അത്രയും വലിയ മനുഷ്യനെ കാണാൻ സാധിച്ചത്. എന്നോടും എന്റെ കുടുംബത്തോടും ദാസേട്ടനും പ്രഭ ചേച്ചിക്കും എപ്പോഴും വാത്സല്യമാണ്. പ്രത്യേക കരുതലും സ്നേഹവുമൊക്കെയാണ്. അത് എല്ലായ്പ്പോഴും അവര്‍ പ്രകടിപ്പിക്കാറുണ്ട്. എന്റെ കുടുംബത്തിനാകട്ടെ, അവരോട് ആരാധനയും. രവിയേട്ടൻ പോയതിനു ശേഷവും ദാസേട്ടനും ചേച്ചിയും ഞങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്. വിളിക്കാറുണ്ട്, നേരിൽ കാണാറുമുണ്ട്. ആ ബന്ധത്തിന് ഒരിക്കൽ പോലും മാറ്റം സംഭവിച്ചിട്ടില്ല.
∙ 84ാം പിറന്നാൾ ആഘോഷിക്കുന്ന യേശുദാസിനോട് എന്താണ് പറയാനുള്ളത്?
ശതാഭിഷേക നിറവിലെത്തിയ നമ്മുടെയെല്ലാം പ്രിയപ്പെട്ട ദാസേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ഇത്തവണ ദാസേട്ടൻ പിറന്നാളിന് നാട്ടിലെത്തുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷയും ആഗ്രഹവും. എങ്കിൽ ദാസേട്ടന്റെ പിറന്നാൾ എല്ലാവർക്കും ചേർന്നു ഗംഭീരമാക്കാമായിരുന്നു. അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കാനും ആശംസകൾ പറയാനും മാത്രമേ നമുക്കു സാധിക്കൂ. എത്ര ദൂരെയാണെങ്കിലും ദാസേട്ടൻ സന്തോഷമായിരിക്കട്ടെ. ആയുസ്സും ആരോഗ്യവും നൽകി ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർഥിക്കുകയാണ്.