ADVERTISEMENT

വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയിലേക്ക് പ്രേക്ഷകരെ കൊരുത്തിടുന്ന ചില കഥാപാത്രങ്ങളുണ്ട്. പൊട്ടിച്ചിരിയുടെ മാലപ്പടക്കത്തിനു തിരി കൊളുത്താൻ തയാറായി നടക്കുന്ന ഉണ്ണി അളിയൻ, ടെൻഷൻ മാറാൻ കല്യാണത്തിനു വന്നവരോടൊക്കെ കൗണ്ടറടിച്ച് നടക്കുന്ന കല്യാണച്ചെറുക്കൻ ആരോമൽ, ഇതിനിടയിൽ നാടകീയസംഭവങ്ങളുടെ ചുരുളഴിക്കാൻ കച്ച കെട്ടിയിറങ്ങുന്ന വീട്ടിലെ പെണ്ണുങ്ങൾ! ഇവരുടെ രസികൻ വർത്തമാനങ്ങളിൽ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചിടുന്നതിൽ പ്രധാന പങ്ക് ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും വഹിച്ചിട്ടുണ്ട്. ഒരു അസൽ അങ്കമാലി കല്യാണവും കല്യാണവീടിന്റെ ഫീലും പകർത്തി വയ്ക്കുന്നതായിരുന്നു മന്ദാകിനിയിലെ പാട്ടുകളും ബിജിഎമ്മും. യുവസംഗീതസംവിധായകനായ ബിബിൻ അശോക് ആണ് ഇതിന്റെ ക്രെഡിറ്റ്. 12 വർഷമായി മലയാള സിനിമയുടെ പിന്നണിയിലുണ്ട് ബിബിൻ. സ്വതന്ത്ര സംഗീതസംവിധായകനെന്ന നിലയിൽ ബിബിൻ പാട്ടും പശ്ചാത്തലസംഗീതവും നിർവഹിച്ച് റിലീസായ ആദ്യ ചിത്രമാണ് മന്ദാകിനി. പ്രേക്ഷകരുടെ കയ്യടിയും പൊട്ടിച്ചിരികളും നേടിയ മന്ദാകിനിയുടെ വിശേഷങ്ങളുമായി ബിബിൻ അശോക് മനോരമ ഓൺലൈനിനൊപ്പം ചേരുന്നു. 

കാണികൾക്കൊപ്പം ചിരിച്ച് കണ്ടു

കൊച്ചിയിലെ വനിത–വിനീത തിയറ്ററിലാണ് സിനിമ കണ്ടത്. പ്രേക്ഷകർക്കൊപ്പം സിനിമ കണ്ടത് വേറിട്ട അനുഭവം ആയിരുന്നു. പ്രതീക്ഷിച്ചതിലും മേലെ ആളുകൾ ആസ്വദിക്കുന്നതു കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഞാൻ ഒരുപാടു തവണ കണ്ട സിനിമയാണ്. പക്ഷേ, കാണികൾക്കൊപ്പം തിയറ്ററിൽ ഇരുന്നു കണ്ടപ്പോൾ, അവർക്കൊപ്പം ചിരിച്ചു, കയ്യടിച്ചു. കാരണം, അവർ ചിരിക്കുന്നതു കാണുമ്പോൾ, അറിയാതെ അവർക്കൊപ്പം ചിരിച്ചു പോകും. എന്റെ കരിയറിൽ ഇങ്ങനെ ഒരു അനുഭവം ആദ്യമായാണ്. 

കയ്യടി കിട്ടിയ മാസ് സീൻ

സംവിധായകൻ വിനോദ് ലീലയാണ് എന്നെ ഈ പ്രോജക്ടിലേക്കു വിളിക്കുന്നത്. ഞാൻ മുൻപ് ഒരു ഹ്രസ്വചിത്രത്തിനു വേണ്ടി ചെയ്ത മ്യൂസിക് അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് ഈ ചിത്രത്തിനു വേണ്ടി എന്നെ സമീപിച്ചത്. കൊറോണ ധവാൻ, നീരജ എന്നീ സിനിമകളിലും ഞാൻ പശ്ചാത്തലസംഗീതം ചെയ്തിട്ടുണ്ട്. ബിജിഎം ചെയ്യാൻ എനിക്കു പാട്ടു ചെയ്യുന്നതിലും എളുപ്പമായി തോന്നിയിട്ടുണ്ട്. സിനിമ ഹ്യൂമർ ആണെങ്കിലും ഇതിൽ ചില മാസ് സീനുകളുണ്ട്. അതിന്റെ മ്യൂസിക് ചെയ്യുക എന്നത് അൽപം ചലഞ്ച് ആയിരുന്നു. തിയറ്ററിൽ പക്ഷേ, ആ സീനിൽ കയ്യടി വന്നപ്പോൾ ശരിക്കും വേറെ ഫീൽ ആയിരുന്നു. 

ആരോമലിനു കിട്ടാതെ പോയ 'വിധുമുഖി'

ഒരു സിനിമയ്ക്കു വേണ്ടി പാട്ടുകൾ ചെയ്യുന്നത് ആദ്യമായിട്ടാണ്. മുൻപും ചില സിനിമകൾക്കു വേണ്ടി പാട്ടുകൾ‍ ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും റിലീസ് ആയിട്ടില്ല. പാട്ടാണല്ലോ പ്രേക്ഷകരുമായി കണക്ട് ചെയ്യുന്ന പ്രധാന ഘടകം. ഞാൻ ചെയ്ത പാട്ടുകൾ ആളുകൾ എങ്ങനെയാകും സ്വീകരിക്കുക എന്നൊരു സംശയം ഉണ്ടായിരുന്നു. പ്രേക്ഷകരുടെ നല്ല കമന്റുകൾ കൂടുതൽ ലഭിച്ചത് 'വിധുമുഖി' എന്ന ട്രാക്കിനാണ്. 'ആരോമലിനു മിസ് ആയ പാട്ട്' എന്ന ഡയലോഗ് ശരിക്കും വർക്ക് ആയി. സിനിമയിലെ ആ ഡയലോഗ് പാട്ടിനു ഗുണം ചെയ്തു. മന്ദാകിനിക്കു വേണ്ടി ആദ്യം ചെയ്ത പാട്ടും ഇതായിരുന്നു. സത്യത്തിൽ ഇപ്പോഴുള്ളത്രയും പാട്ടുകൾ ആദ്യം പ്ലാനിൽ ഉണ്ടായിരുന്നില്ല. ഒരു റൊമാന്റിക് ട്രാക്ക് വേണമെന്നു പറഞ്ഞതിനുസരിച്ചു ചെയ്തതാണ്. പാട്ടു ചെയ്തു കഴിഞ്ഞപ്പോൾ ഇതിൽ നായികയായി അഭിനയിക്കുന്ന അനാർക്കലിയെക്കൊണ്ടു തന്നെ പാടിക്കാമെന്നു കരുതി. അനാർക്കലി ഒരു അസാധ്യ ഗായികയാണ്. അങ്ങനെയാണ് അനാർക്കലിയും സൂരജ് സന്തോഷും ഈ പാട്ടു പാടുന്നത്. 

വടകരയിൽ നിന്ന് ചെന്നൈ വഴി കൊച്ചിയിലേക്ക്

കോഴിക്കോട് വടകരയാണ് സ്വദേശം. പ്ലസ്ടു പഠിക്കുമ്പോൾ തന്നെ മ്യൂസിക് പ്രഫഷൻ ആയി എടുക്കണമെന്നു തീരുമാനിച്ചിരുന്നു. ഡിഗ്രി വേണമെന്നു വീട്ടുകാർക്കു നിർബന്ധം ഉണ്ടായിരുന്നു. അച്ഛൻ ഒരു മ്യൂസിഷ്യൻ ആണ്. മറ്റ് എതിർപ്പുകളൊന്നും വീട്ടിൽ നിന്നുണ്ടായിരുന്നില്ല. അതിനാൽ, ഗവ.കോളജ് മടപ്പള്ളിയിൽ ഫിസിക്സിൽ ബിരുദമെടുത്തതിനു ശേഷം ചെന്നൈയിൽ സൗണ്ട് എൻജിനീയറിങ് ചെയ്യാൻ പോയി. കോഴ്സ് കഴിഞ്ഞതിനു ശേഷം അവിടെ ഫ്രീൻലാസ് ആയി കുറച്ചു വർക്ക് ചെയ്തു. പിന്നീടാണ് സംഗീതസംവിധായകൻ രതീഷ് വേഗയ്ക്കൊപ്പം ജോയിൻ ചെയ്തത്. ഒരു വർഷത്തിനു ശേഷം ബിജിയേട്ടനൊപ്പം (ബിജിബാൽ) ചേർന്നു. അദ്ദേഹത്തിനൊപ്പം ഏകദേശം 10 വർഷത്തോളം ഉണ്ടായിരുന്നു.

സുഹൃത്തുക്കൾ, അവസരങ്ങൾ

മ്യൂസിക് ഇൻഡസ്ട്രിയിൽ ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നതുകൊണ്ട് അവസരങ്ങൾക്കായി ഒരിക്കലും അലയേണ്ടി വന്നിട്ടില്ല. സംഗീതസംവിധായകൻ ജസ്റ്റിൻ വർഗീസ്, തൈക്കുടത്തിലെ വിപിൻ ലാൽ എന്നിവരെയൊക്കെ എനിക്കു നേരത്തേ അറിയാമായിരുന്നു. അവർ വഴിയാണ് ഞാൻ ബിജിയേട്ടനെ പരിചയപ്പെടുന്നതും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുന്നതും. എല്ലാവർക്കും വേണ്ടി മ്യൂസിക് പ്രോഗ്രാമിങ് ആണ് ചെയ്തുകൊണ്ടിരുന്നത്. ദൃശ്യം ചെയ്ത അനിലേട്ടനു (അനിൽ ജോൺസൺ) വേണ്ടിയും വർക്ക് ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ദൃശ്യം 2ന്റെ ക്രെഡിറ്റിൽ പേരു വന്നത്.  

മന്ദാകിനി നൽകിയ ആത്മവിശ്വാസം

12 വർഷം പല സംഗീതസംവിധായകർക്കൊപ്പവും ഫ്രീലാൻസറായും പ്രവർത്തിച്ചു. സിനിമ എന്തെങ്കിലും വന്നാൽ ചെയ്യാം എന്ന നിലപാടിലായിരുന്നു ഞാൻ. നീരജ, കൊറോണ ധവാൻ, മന്ദാകിനി ഒക്കെ അങ്ങനെ എന്നിലേക്കു വന്ന പ്രോജക്ടുകളാണ്. മന്ദാകിനിക്കു ശേഷം സിനിമ ചെയ്യാനുള്ള ആത്മവിശ്വാസം വർധിച്ചിട്ടുണ്ട്. ഭാര്യ രമ്യ ബാങ്ക് ജീവനക്കാരിയാണ്. ഒരു മകളുണ്ട്, തന്മയി. കുടുംബത്തോടൊപ്പം ഇപ്പോൾ കൊച്ചിയിലാണു താമസം. 

English Summary:

Music director Bibin Ashok opens up about Mandakini movie

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com