ADVERTISEMENT

അയ്യപ്പഭക്തിഗാനങ്ങളിലെ സൂപ്പർ ഹിറ്റുകളുമായി ‘സ്വാമി അയ്യപ്പൻ’ എന്ന സിനിമ ഇറങ്ങിയ വർഷംതന്നെയാണ് എച്ച്എംവി ‘ശ്രീ അയ്യപ്പൻ സോങ്സ്’ എന്ന ആൽബവുമായി എത്തിയത്. (ഗംഗയാർ എന്ന പേരിലാണ് ഈ ആൽബം ഇപ്പോൾ അറിയപ്പെടുന്നത്) പത്തിൽ പത്തും സൂപ്പർ‍ ഹിറ്റായിരുന്നു. പത്തിൽ നാല് പാട്ട് സംഗീതം ചെയ്തത് ബി.എ. ചിദംബരനാഥ്. ബാക്കി ആറെണ്ണത്തിന്റെ സംഗീതം ആരുടേതായിരുന്നെന്നോ? സാക്ഷാൽ യേശുദാസ്! ഇന്നും ഗാനമേളകളിലെ പ്രിയ ഗാനമായ

‘ഗംഗായാറ് പിറക്കുന്നു ഹിമവന്മലയിൽ

പമ്പയാറ് പിറക്കുന്നു ശബരിമലയിൽ’

ഈ ആൽബത്തിലേതാണ്. ഇതിനു പുറമേ, മനസ്സിനുള്ളിൽ, ഒരേയൊരു ലക്ഷ്യം, പമ്പയാറിൻ, ശങ്കരനചലം, സുപ്രഭാതം പൊട്ടിവിടർന്നു എന്നിവ യേശുദാസും പൊന്നും പതിനെട്ടാം പടികേറി, നീലനീല മലയുടെ, ഖേദമേകും, മകരവിളക്കേ എന്നിവ ചിദംബരനാഥും സംഗീതം ചെയ്തു.

മനോഹരമായ ഈ ഗാനങ്ങൾ എഴുതിയത് ടി.കെ.ആർ. ഭദ്രനായിരുന്നു. ഇന്ത്യൻ എയർലൈൻസിലെ കേറ്ററിങ് സൂപ്രണ്ടായിരുന്ന ആലപ്പുഴ പുന്നപ്ര സ്വേദശിയാണ് ഭദ്രൻ. എച്ച്എംവിയുടെ ചെന്നൈയിലെ റിക്കോർഡിങ് ഓഫിസറായിരുന്ന മങ്കപതിയുമായുള്ള അടുപ്പമാണ് ഭദ്രന്റെ ഗാനങ്ങൾ എച്ച്എംവിയിലൂടെ ഈണമാവാൻ വഴിതെളിച്ചത്. മറ്റൊരു സൂപ്പർ ഹിറ്റ് അയ്യപ്പ ഭക്തിഗാന ആൽബവും ഭദ്രന്റേതാണ്.

എച്ച്എംവി ‘ശ്രീ അയ്യപ്പൻ പാട്ടുകൾ’ എന്ന പേരിൽ ഇറക്കിയ ആ ആൽബം ഇന്ന് ‘ആ ദിവ്യനാമം’ എന്നാണ് അറിയപ്പെടുന്നത്. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ എല്ലാ പാട്ടും പാടിയത് യേശുദാസ് തന്നെ. ആ ദിവ്യ നാമം അയ്യപ്പാ, ആനകേറാമല, ഏഴാഴികൾ ചൂഴും, പമ്പാനദിയൊരു തീർഥാടകനായ്, അഭിരാമശൈലമേ, പമ്പയിൽ കുളി കഴിച്ചു, സത്യമായ പൊന്നും പതിനെട്ടാംപടി, കാശി രാമേശ്വരം, നിന്നെ കണ്ട്, കാട്ടിലുണ്ട് വന്യമൃഗങ്ങൾ... എന്നീ പത്തു പാട്ടുകളും ഇന്നും ഏറെ പ്രിയംകരമാണ്.

1981ൽ യേശുദാസിന്റെ തരംഗിണി ഇറക്കിയ ആദ്യ അയ്യപ്പഭക്തിഗാന കസെറ്റിലെ എല്ലാ ഗാനങ്ങളും എഴുതിയത് ടി.കെ. ആർ. ഭദ്രൻ തന്നെയാണ്. പത്ത് പാട്ടിനും സംഗീതം നല‍്കിയത് യേശുദാസ്! ഭദ്രന്റെ സ്നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് യേശുദാസ് അതിനു തയാറായത്. അതിലെ ഹിമശീത പമ്പയിൽ, ഇക്കാട്ടിൽ പുലിയുണ്ട്, ഗുരുസ്വാമി.... തുടങ്ങിയവ ശ്രദ്ധേയമായി. എല്ലാത്തിനും ശബ്ദം നൽകിയത് യേശുദാസ് തന്നെ.

യേശുദാസിന്റെ പ്രശസ്തമായ മറ്റൊരു അയ്യപ്പഭക്തിഗാനം

‘സ്വാമി സംഗീതമാലപിക്കും

താപസഗായകനല്ലോ ഞാൻ...’

തരംഗിണിയുടെ രണ്ടാമത്തെ അയ്യപ്പഭക്തിഗാന ആൽബത്തിലേതാണ്. രചനയും സംഗീതവും ആലപ്പി രംഗനാഥ്. എല്ലാ ദുഃഖവും തീർത്തു തരും, എൻ മനം പൊന്നമ്പലം, വൃശ്ചിക പൂംപുലരി... തുടങ്ങിയവയൊക്കെ ഈ ആൽബത്തിലെ ശ്രദ്ധേയഗാനങ്ങളാണ്. യേശുദാസിന്റെ ഏറ്റവും അവസാനത്തെ ആയ്യപ്പഭക്തിഗാനത്തിനും സംഗീതം നൽകിയിരിക്കുന്നത് രംഗനാഥാണ്.

എച്ച്എംവി 1976ൽ ഇറക്കിയ ‘ശരണമയ്യപ്പ’ എന്ന ആൽബത്തിലാണ് ഏറ്റവും കൂടുതൽ പ്രതിഭകൾ അണിനിരന്നത്. ഗാനരചന നിർവഹിച്ചത് പി. കുഞ്ഞിരാമൻ നായർ, പി. ഭാസ്കരൻ, കെ.ജി. സേതുനാഥ്, ഒഎൻവി, ശ്രീകുമാരൻ തമ്പി, കൈപ്പള്ളി കൃഷ്ണപിള്ള, മങ്കൊമ്പ് ഗോപാലകൃഷ്ണൻ. സംഗീതം കൈകാര്യം ചെയ്തത് എം.എസ്. വിശ്വനാഥൻ, എം.ബി. ശ്രീനിവാസൻ, കെ.പി. ഉദയഭാനു, എം.കെ. അർജുനൻ, ജയവിജയ. ഗായകർ– യേശുദാസ്, ഉദയഭാനു, എം.എസ്. വിശ്വനാഥൻ, പി. ജയചന്ദ്രൻ, ജയവിജയ, പി.സുശീല, അമ്പിളി, എസ്. ജാനകി. ഹിറ്റായിരുന്ന ഈ ആൽബത്തിൽ ഏറ്റവും ജനപ്രിയമായത് കെ.ജി. സേതുനാഥ് എഴുതി കെ.പി. ഉദയഭാനു സംഗീതം നൽകി യേശുദാസ് പാടിയ ‘ശബരി ഗിരീശ്വര സൗഭാഗ്യ ദായകാ...’ എന്ന ഗാനമാണ്. പ്രതിഭകളെ അണിനിരത്തി ഇങ്ങനെയൊരു ആൽബം ഒരുക്കിയതിനു പിന്നിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.പി. മംഗലത്തുമഠത്തിന്റെ സംഗീതപ്രേമമായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com