ADVERTISEMENT

മലയാളിയുടെ പാട്ടുപുരാണത്തില്‍ യേശുദാസിനോളം ഇടംനേടിയ മറ്റൊരു പാട്ടുകാരനില്ല. ജനപ്രിയ സംഗീതത്തിലേറെയും ആ ശബ്ദത്തില്‍ പിറന്നതുകൊണ്ടു മാത്രമല്ല അത്. തലമുറകളെ പാടി സുഖിപ്പിച്ച യേശുദാസ് തന്നെയാണ് സംഗീതമെന്ന് വിശ്വസിക്കുന്നവരെ എങ്ങനെയാണ് തിരുത്തുവാന്‍ കഴിയുക? ആ സ്വരമാധുരിയെ ഗന്ധര്‍വനാദമെന്നോ അതിശയമെന്നോ വിശേഷിപ്പിച്ചാല്‍ ചിലപ്പോള്‍ ചെറുതായിപ്പോയേക്കാം. അത്രമേല്‍ നമ്മിലേക്ക് ഇഴുകി ചേര്‍ന്ന ആ ശബ്ദത്തിന് ജീവിതത്തിന്റെ സൗന്ദര്യവും ചിന്തകളുടെ ഭാവവുമുണ്ട്. 

പതിറ്റാണ്ടുകള്‍ തുടര്‍ച്ചയായി പാടിയ യേശുദാസ്, ഒരു സിനിമാഗാനമെങ്കിലും പാടണം എന്ന് ആശിച്ചിരുന്നൊരു കാലമുണ്ടായിരുന്നു. അതൊക്കെ ഒരു കാലമെന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ. ജീവിതം അപശ്രുതി മീട്ടിയ ആ നാളുകളുടെ ഓര്‍മകളും സൗഹൃദവുമൊക്കെ ഇന്നും ആ മനസ്സിലുണ്ട്. അതുകൊണ്ടു തന്നെയാകാം തന്റെ പഴയ ചങ്ങാതി ഗോവിന്ദന്‍കുട്ടിയെ യേശുദാസ് എന്നും പുതുതായിത്തന്നെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളജിലെ പഠനകാലയളവ്, യേശുദാസിന് ഇല്ലായ്മകളുടെ പെരുമഴക്കാലമായിരുന്നു. അപ്പോഴും രാത്രികളില്‍ വയറുനിറച്ചതൊക്കെയും സംഗീതം മാത്രം. ആ സംഗീതം പോലെ ശുദ്ധമായ സൗഹൃദ്ദമായിരുന്നു യേശുദാസും ഗോവിന്ദന്‍കുട്ടിയും തമ്മില്‍. ഇല്ലായ്മകളുടെ ആ പോയ കാലത്തെ നല്ലതാക്കിയ കൂട്ടുകാരന്‍ ഒരു പാട്ടെന്ന പോലെ ഗോവിന്ദന്‍കുട്ടിയിലേക്ക് ഒഴുകി എത്തി. 

അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി...

പ്രസവത്തോടെ മരണഗൃഹം പൂകിയ അമ്മിണി, തന്റെയുള്ളിലെ സംഗീതം കുഞ്ഞിനു കൂടി പകര്‍ന്നു. ഗോവിന്ദന്‍കുട്ടി അങ്ങനെ പാട്ടുകാരനായി. സംഗീതാവേശം മൂത്തതോടെ ഗാനഭൂഷണം പഠിക്കാനായി തൃപ്പൂണിത്തുറ ആര്‍. എല്‍. വി കോളജിലെത്തി. അച്ചടക്കത്തോടെ ജീവിക്കണമെന്ന അച്ഛന്റെ ഉപദേശം എപ്പോഴും കാതില്‍ മുഴങ്ങി. കൂട്ടുകാരെ തിരഞ്ഞെടുക്കുന്നതിലും ആ ചിട്ട മറന്നില്ല. കാഴ്ചയില്‍ സൗമന്യനായ ഫോര്‍ട്ടു കൊച്ചിക്കാരനൊപ്പമായി ആദ്യം തന്നെ കൂട്ട്. ഇടപെടലിലും സംസാരത്തിലുമൊക്കെ മാന്യനായ യേശുദാസെന്ന ആ പയ്യനൊപ്പം ഗോവിന്ദന്‍കുട്ടി താമസവും ആരംഭിച്ചു. ഒരുപാട് അന്വേഷണങ്ങള്‍ക്കൊടുവിലാണ് താമസം ശരിയാക്കി എടുക്കുന്നത്. ഒരു വീടിന്റെ മച്ചിലായി കൊപ്രാ സൂക്ഷിക്കുന്ന ഭാഗത്ത് ഒരു മൂല ശരിയാക്കി എടുത്തു. നിലത്ത് പായ് വിരിച്ച് അവിടെയാണ് കിടപ്പ്. മാസം രണ്ടു രൂപ വാടക നല്‍കണം. ഊണും ഉറക്കവുമൊക്കെ ഒന്നിച്ചായതോടെ ഇരുവര്‍ക്കും ഇടയിലെ സൗഹൃദവും ഊഷ്മളമായി. 

പഠനകാലയളവില്‍ ഇരുവര്‍ക്കും കീറാമുട്ടിയായത് സംസ്‌കൃതം തന്നെ. ഒരിക്കല്‍ പരീക്ഷയുടെ തലേന്ന് എത്ര പഠിച്ചിട്ടും തലയില്‍ കയറുന്നില്ലെന്ന് കണ്ടതോടെ പുസ്തകം മടക്കി സിനിമയ്ക്കു പോകാനായി ഇരുവരുടെയും തീരുമാനം. രാത്രി നേരം വൈകിയോ എന്നൊരു സംശയം ഗോവിന്ദന്‍കുട്ടിയ്ക്ക് തോന്നിയെങ്കിലും പോയേ മതിയാവൂ എന്നായി യേശുദാസിന്. പിന്നെ സെന്‍ട്രല്‍ തിയറ്ററിലേക്ക് ഒരു ഓട്ടമാണ്. എം. ജി. ആറിന്റെ 'ബാഗ്ദാദ് തിരുടന്‍' എന്ന സിനിമയാണ് അവിടെ കളിക്കുന്നത്. ഒന്നര രൂപയ്ക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റുമെടുത്ത് കൊട്ടകയ്ക്ക് ഉള്ളിലേക്ക് കയറുമ്പോഴേക്കും സിനിമ തുടങ്ങി കഴിഞ്ഞിരിക്കുന്നു. "സിനിമ തുടങ്ങിയിട്ട് ഒത്തിരി നേരമായോ?," മുന്നിലിരുന്ന ആളെ തോണ്ടി യേശുദാസ് ചോദിച്ചു. "ഇല്ല പുള്ളേ ഇപ്പോ താന്‍ ആരംഭിച്ചത്," തിരിയാതെ സ്‌ക്രീനില്‍ തന്നെ കണ്ണുനട്ട് മുന്നിലിരുന്നയാള്‍ പറഞ്ഞു. "അയ്യോ ഇത് നമ്മുടെ പ്രിന്‍സിപ്പാളല്ലേ," ആളെ തിരിച്ചറിഞ്ഞതോടെ ഗോവിന്ദന്‍കുട്ടി യേശുദാസിനോട് കാര്യം പറഞ്ഞു. പിന്നെ മിണ്ടാതെ ഇരുവരും തറയില്‍ ഇരുന്നാണ് ആ സിനിമ കണ്ട് അവസാനിപ്പിച്ചത്. ഇന്നും തങ്ങളുടെ പൊടി പിടിക്കാത്ത ഓര്‍മകളില്‍ ഒന്നാണ് ഗോവിന്ദന്‍കുട്ടിക്ക് ഈ സംഭവം.

അടുത്ത ദിവസം സംസ്‌കൃതം പരീക്ഷ എഴുതിയെങ്കിലും ഇരുവരും അത്ഭുതങ്ങളൊന്നും പ്രതീക്ഷിച്ചില്ല. പത്മയമ്മയാണ് സംസ്‌കൃതം അധ്യാപിക. പരീക്ഷ പേപ്പര്‍ നല്‍കി ടീച്ചര്‍ തറപ്പിച്ചു നോക്കി. പിന്നെ ഓരോരുത്തരുടെയും മാര്‍ക്കു ചോദിക്കുവാന്‍ തുടങ്ങി. കടുത്ത അപമാനം ഏറ്റുവാങ്ങേണ്ടി വരുമെന്നു കണ്ടതോടെ യേശുദാസ് ദയനീയമായി ഗോവിന്ദന്‍കുട്ടിയെ നോക്കി. ഗോവിന്ദന്‍കുട്ടി ചാടി എഴുന്നേറ്റു. 'എന്താടാ?' എന്ന് ടീച്ചര്‍ ചോദിച്ചപ്പോള്‍, പറഞ്ഞു തുടങ്ങി, "ആര്‍ക്കെങ്കിലും 98 മാര്‍ക്കുണ്ടെങ്കില്‍ പറയുക. എന്റെയും യേശുദാസിന്റെയും ഓരോ മാര്‍ക്ക് ഞങ്ങള്‍ തരുന്നതായിരിക്കും." ഇതോടെ ക്ലാസ് മുറി മുഴുവന്‍ ചിരി പടര്‍ന്നു. 

യേശുദാസെന്ന കൂട്ടുകാരന്‍....

അവര്‍ കൂട്ടുകൂടി നടക്കാത്ത വഴികളുണ്ടായിരുന്നില്ല. രാത്രിയും പകലും സംഗീതം പോലെ ഇരുവരും ആസ്വദിച്ചു. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഒരു ഉത്സവകാലം. ആലത്തൂര്‍ സഹോദരന്‍മാരുടെ കച്ചേരി ഉണ്ടെന്നു കേട്ടതോടെ യേശുദാസിന് അടങ്ങാത്ത ആവേശം. അഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ വിലക്കുള്ള കാലമാണത്. എങ്കിലും ഒന്നു പോയി നോക്കാം എന്നായി ഗോവിന്ദന്‍കുട്ടി. അങ്ങനെ ഇരുവരും ക്ഷേത്രഗോപുരത്തിന് മുന്നിലെത്തി. ഒരവസരം കിട്ടിയില്‍ ക്ഷേത്ര പരിസരത്തേക്കു കടക്കുവാനാണ് തീരുമാനം. നിര്‍ഭാഗ്യമെന്നു പറയട്ടെ, സഹപാഠികളും പരിചയക്കാരുമായ ചിലര്‍ യേശുദാസിനെ നിരീക്ഷിക്കുവാന്‍ തുടങ്ങി. അതോടെ ആ ശ്രമം ഉപക്ഷേിച്ചു. എങ്കിലും ഗോപുരനടയില്‍ ഇരുന്ന് മുഴുവന്‍ പാട്ടുകളും ആസ്വദിച്ച ശേഷമാണ് ഇരുവരും അവിടം വിട്ടത്. അന്ന് മാറ്റി നിര്‍ത്തിയവര്‍ക്കും മാറി നിന്നവര്‍ക്കും യേശുദാസ് സംഗീതത്തിലൂടെ മറുപടി നല്‍കി എന്നത് കാവ്യനീതി.

അന്നാണ് ശരണമന്ത്ര ജപങ്ങളോടെ വരുന്ന സ്വാമിമാരെ യേശുദാസ് ശ്രദ്ധിക്കുന്നത്. 'സ്വാമിയെ ശരണം അയ്യപ്പാ' എന്നു വിളിക്കുന്ന സ്വാമിമാരെ ദാസ് അന്ന് നോക്കി ഇരുന്നു. "'എടാ എനിക്കും ശബരിമലയ്ക്ക് പോകാന്‍ പറ്റുമോ?' എന്ന് അവന്‍ എന്നോടു ചോദിച്ചു. ദേവസ്വം ബോര്‍ഡിന് കത്തെഴുതി ചോദിക്കാന്‍ ഞാന്‍ പറഞ്ഞു. അവന്റെ ഉള്ളു തുറന്നുള്ള ആ പ്രാര്‍ത്ഥന ഞാനന്നു കണ്ടറിഞ്ഞതാണ്. അതുകൊണ്ടാകാം അവന്‍ തന്നെ പാടി ഉറക്കണമെന്ന് അയ്യപ്പന്‍ നിശ്ചയിച്ചതും!" ഗോവിന്ദന്‍കുട്ടി പറയുന്നു.  

"ശാസ്ത്രീയ സംഗീതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നില്ല ദാസിന്റെ പഠനം. ജനപ്രിയ സംഗീതവും ഒരുപോലെ കരസ്ഥമാക്കി. മുഹമ്മദ് റാഫിയുടെയും മറ്റും സിനിമാഗാനങ്ങള്‍ ദാസ് പാടുമ്പോള്‍ എല്ലാവരും നിശബ്ദരായി കേട്ടിരിക്കുമായിരുന്നു. സംഗീതം ജീവിതവൃതമായിരുന്നു ദാസിന്. സിനിമാപ്പാട്ടു പാടുന്ന ദാസിനെ എല്ലാവരും അഭിനന്ദിക്കുമ്പോഴും 'എനിക്കൊരു സിനിമയിലെങ്കിലും പാടുവാന്‍ കഴിയുമോ എന്ന് പലപ്പോഴും എന്നോട് ചോദിച്ചിട്ടുണ്ട്.' പിതാവ് അഗസ്ത്യന്‍ ഭാഗവതര്‍ അന്ന് സിനിമയില്‍ സജീവമായിരുന്നെങ്കിലും ദാസിന് അറിയാമായിരുന്നു സിനിമയിലേക്കുള്ള പ്രവേശനം അത്ര എളുപ്പമല്ലെന്ന്. 

പഠനത്തിനു ശേഷം ഞാന്‍ അധ്യാപനത്തിലേക്ക് തിരിഞ്ഞപ്പോഴും ദാസുമായുള്ള സൗഹൃദം മുറിഞ്ഞില്ല. അവിചാരിതമായി ഫോണ്‍വിളികളെത്തും. പരിപാടി നടക്കുന്നിടത്തൊക്കെ വിളിച്ചു കൊണ്ടുപോയി വേദിയിലിരുത്തും. മഹാഗായകനിലെ ആ നന്മയാണ് എന്നും എന്നെ അതിശയിപ്പിക്കുന്നത്,"

 ഗോവിന്ദന്‍കുട്ടി പറയുന്നു. 

ചേര്‍ത്തല ടൗണ്‍ എല്‍.പി. എസിലെ സംഗീതാധ്യാപകനായിരുന്നു ചേര്‍ത്തല ഗോവിന്ദന്‍കുട്ടി. വിജയ് യേശുദാസ് അടക്കമുള്ള ശിഷ്യസമ്പത്തും അദ്ദേഹത്തിനുണ്ട്. 1976ല്‍ 'ഉന്മാദം' എന്നൊരു ചിത്രത്തിന് സംഗീതം നല്‍കിയെങ്കിലും ചിത്രം വെളിച്ചം കണ്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com