ADVERTISEMENT

ലാളിത്യമായിരുന്നു പൂവച്ചൽ ഖാദറിന്റെ മുഖമുദ്ര. തലസ്ഥാനത്തെ സിനിമാക്കാരുടെ ആൾക്കൂട്ടങ്ങളിൽ ഒന്നും അദ്ദേഹത്തെ കണ്ടിട്ടില്ല.തിരക്കുകളിൽ നിന്നു മാറി ഒതുങ്ങി കഴിയാൻ ഇഷ്ടപ്പെട്ടിരുന്ന ശാന്തനായ കവി.വിവാദങ്ങൾക്കു പിന്നാലെ പോകാറില്ല.തുടക്കക്കാർ പോലും സാംസ്കാരിക നായകരായി വിലസുന്ന ചലച്ചിത്ര രംഗത്ത് അദ്ദേഹം അത്ഭുതമായിരുന്നു.ആവശ്യമില്ലാതെ അഭിപ്രായം പറയാൻ പോയിട്ടില്ല. അതു കൊണ്ടു തന്നെ എല്ലാവരും ഏറെ ബഹുമാനിച്ചിരുന്നു. 

ഒരു കാലത്തു മലയാളത്തിൽ ഏറ്റവുമധികം സിനിമകൾക്കു പാട്ട് എഴുതിയിരുന്ന സൂപ്പർ ഗാനരചയിതാവായിരുന്നു അദ്ദേഹം.എന്നാൽ തിരക്കുള്ളപ്പോഴും ഇല്ലാത്തപ്പോഴും അദ്ദേഹത്തിനു മാറ്റമൊന്നും ഇല്ലായിരുന്നു. 

കുട്ടിക്കാലത്തു തന്നെ ഏകാന്തതയെ ഇഷ്‌ടപ്പെട്ടിരുന്നയാളാണു ഖാദർ.സമ്പന്ന കുടുംബാംഗമായിരുന്നു അദ്ദേഹം.പിതാവ് പലചരക്കു വ്യാപാരി ആയിരുന്നു. സമ്പന്നർക്കു മാത്രമുള്ള വില്ലുവണ്ടിയിലാണു ഖാദർ പള്ളിയിലും മറ്റും പോയിരുന്നത്. 

വീടിനു സമീപത്തുള്ള തിയറ്ററിലെ സിനിമയുടെ പരസ്യത്തിനു ചെണ്ടക്കാർ കാളവണ്ടിയിൽ വരുമ്പോൾ അതിനു പിന്നാലെ നോട്ടിസിനായി ഓടിയിരുന്ന ബാല്യകാലം ഖാദറിന് ഉണ്ടായിരുന്നു.എത്ര ഓടിയാലും അന്നു നോട്ടിസ് ലഭിക്കില്ല.പക്ഷെ പിൽക്കാലത്തു സൂപ്പർ താരങ്ങൾ പോലും പാടി അഭിനയിച്ചത് ആ കുട്ടി എഴുതിയ വരികൾ ആയിരുന്നു എന്നതു ചരിത്രം. 

പ്രേംനസീറിന്റെ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വിവാഹം കഴിച്ചത്.സോമൻ,സുകുമാരൻ,മധു,ഉമ്മർ എന്നിവരുമായും നല്ല സൗഹൃദം ഉണ്ടായിരുന്നു. ഖാദറിന്റെ ഏറ്റവും മികച്ച പ്രണയഗാനം ‘ഉത്സവ’ത്തിലാണ്.‘‘ആദ്യ സമാഗമ ലജ്‌ജയിൽ...’’എന്നു തുടങ്ങുന്ന ഗാനം.മുരുക്കുംപുഴയിലെ പഴയ തിയറ്ററിൽ ചൂടിലും വിയർപ്പിലും മുങ്ങിയ സായാഹ്നത്തിലാണ് അദ്ദേഹം ഈ ചിത്രം ആദ്യമായി കാണുന്നത്.വിവാഹം കഴിഞ്ഞ് ആദ്യമായി ഭാര്യയോടൊപ്പം കണ്ട സിനിമ.ഭർത്താവ് എഴുതിയ പ്രണയഗാനം സിനിമയിൽ കേൾക്കാൻ ഭാര്യയ്ക്കു മോഹമുണ്ടായിരുന്നു. എന്നാൽ പാട്ടിന്റെ രംഗം തിരശീലയിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണു പ്രശ്നം. തിയറ്ററിലെ ശബ്ദ സംവിധാനം ആകെ തകരാറിലായി. പാട്ടിനു പകരം മറ്റെന്തോ ശബ്ദമാണു കേൾക്കുന്നത്. യേശുദാസും ജാനകിയുമാണു പാടുന്നതെന്നു പോലും തിരിച്ചറിയാൻ നിവൃത്തിയില്ല.ഭാര്യയുടെ മുഖത്തു നോക്കിയപ്പോൾ ഖാദറിനു വിഷമം തോന്നി. ഒപ്പം ചിരിയും വന്നു. മരാമത്തു വകുപ്പിൽ എൻജിനീയറായിരുന്ന അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ആ അച്ചടക്കം ദൃശ്യമായിരുന്നു. 

വിജയ നിർമല സംവിധാനം ചെയ്ത ‘കവിത’ എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതി സിനിമയിൽ അരങ്ങേറാൻ അദ്ദേഹത്തിന് അവസരം ലഭിച്ചതാണ്. എന്നാൽ പി.ഭാസ്കരൻ എഴുതണമെന്നു ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടർ വാശി പിടിച്ചു.എന്നാൽ ഈ ചിത്രത്തിലെ ഏതാനും കവിതകൾ എഴുതാൻ അവസരം ലഭിച്ചു.തന്റെ രചനകളിൽ ഒരെണ്ണമെങ്കിലും യേശുദാസ് പാടണമെന്നു മോഹിച്ചിരുന്ന അദ്ദേഹത്തിന്റെ കവിത ആലപിച്ചതു ഗാനഗന്ധർവനായിരുന്നു.എന്നാൽ ഈ കവിതകൾ ചിത്രത്തിന്റെ റെക്കോർഡിൽ ഉൾപ്പെടുത്താത്തതിനാൽ അധികം ആരും കേട്ടില്ല.പിന്നീടു ‘കാറ്റു വിതച്ചവൻ’ എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം ഗാനരചയിതാവാകുന്നത്. 

നാട്യങ്ങളില്ലാത്ത കവി ആയിരുന്നു അദ്ദേഹം.എന്റെ മനസ്സിലെ കവിയെ ഉണർത്തിയതു മുട്ടത്തു വർക്കിയുടെ നോവൽ ആയിരുന്നുവെന്ന് ഒരിക്കൽ അദ്ദേഹം തുറന്നു പറഞ്ഞത് ഉദാഹരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com