അവളുടെ പിൻകഴുത്തിലെ ചുഴികൾ തുഴഞ്ഞ്, മുടിച്ചുരുളുകൾ വകഞ്ഞു മാറ്റി അവൻ അമർത്തിച്ചുംബിച്ചു! ഓർമയില്ലേ ആ പ്രണയപ്പൂക്കാലം?
Mail This Article
‘ആരണ്യകം’ എന്ന സിനിമ ഞാൻ ആദ്യമായി കാണുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായൊരു കാലത്താണ്; എന്റെ കൗമാരകാലത്ത്, പ്രണയത്തിന്റെ നനവിലേക്കും ആഴത്തിലേക്കും ഞാനെന്നെത്തന്നെ പറിച്ചുനട്ടൊരു പെൺകുട്ടിക്കാലത്ത്. പ്രണയത്തിന് ഒരു നിറമുണ്ടെങ്കിൽ അതു പച്ചയാണെന്ന് പറഞ്ഞു തന്നത് ആ ചിത്രമായിരുന്നിരിക്കണം.
‘ആത്മാവിൽ മുട്ടി വിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ’
ഒഎൻവി ‘ആരണ്യക’ത്തിലെ നായകനും നായികയ്ക്കും വേണ്ടിയല്ല, എനിക്കുവേണ്ടിയാണ് ആ വരികൾ എഴുതിയതെന്നുപോലും തോന്നിയിട്ടുണ്ട്; ആ പാട്ട് ആദ്യമായി കേട്ട് പിന്നീട് വർഷങ്ങളേറെക്കഴിഞ്ഞ് ഞാനെന്റെ പ്രണയത്തെ കണ്ടുമുട്ടിയപ്പോൾ.
‘ആരണ്യകത്തിലെ അമ്മിണിയും മോഹനും പ്രണയമറിയുന്നത് ഒരു അവധിക്കാലത്താണ്. കൊടുംപച്ചക്കാടുകൾക്കിടയിലും നാട്ടുമൺപാതയോരങ്ങളിലും എത്ര പെട്ടെന്നാണ് അവരുടെ കൗമാരം പ്രണയവിലാസം എഴുതിച്ചേർത്തത്... ചില കാഴ്‌ചൾക്കു ചിലപ്പോൾ കാലങ്ങളോളമുള്ള തിരച്ചിലിനൊടുവിലെ കണ്ടെത്തലിന്റെ സ്വപ്‌നസുഖം നൽകാനാകും. ചില തേടലുകളും അങ്ങനെയാണ്. ആദ്യമായി കണ്ടുമുട്ടുമ്പോൾതന്നെ ആത്മാവിൽ മുട്ടിവിളിക്കുന്നൊരു ആനന്ദനിർവൃതിയിലേക്കു നമ്മെ കൊണ്ടെത്തിക്കും.
നിറയെ രാമുല്ലപ്പൂക്കൾ വിടർന്നു സുഗന്ധം വിതറുന്നൊരു മട്ടുപ്പാവിൽ മോഹൻ കാത്തിരുന്നതോർക്കുന്നില്ലേ? അമ്മിണിയോട് അവനു പറയാനുണ്ടായിരുന്നു അവന്റെ ജീവിതത്തിലെ ആദ്യ രഹസ്യം.. പൊടിമീശക്കാരന്റെ ഏറ്റവും പ്രിയപ്പെട്ടൊരു രഹസ്യം. അന്ന് പറയാനാകാതെ പാതിവാക്കിന്റെ വക്കുടഞ്ഞു പോയ ആ പ്രിയ രഹസ്യം അവന് അവളോടു തോന്നിയ പ്രണയം തന്നെയായിരുന്നു. അതുകൊണ്ടാകാം പിന്നെ പുലർന്ന പകൽനേരത്ത് അമ്മിണിയെ തനിച്ചു കിട്ടിയപ്പോൾ, അവളുടെ പിൻകഴുത്തിലെ ചുഴികൾ തുഴഞ്ഞ്, മുടിച്ചുരുളുകൾ വകഞ്ഞു മാറ്റി, അവളുടെ കവിൾത്തടങ്ങളിൽ അവൻ അമർത്തിച്ചുംബിച്ചത്. ആദ്യം പതിഞ്ഞ ആൺചുംബനം അമ്മിണിയെ ഒരു മഴവില്ലാക്കി മാറ്റാതിരിക്കുമോ?
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ.... കുളിർ പകർന്നു പോകുവതാരോ?
ഒന്നു കണ്ണടച്ചു തുറക്കും വേഗത്തിൽ കഴിഞ്ഞുപോകുമായിരുന്ന വേനലവധിക്കാലം ആ ഒറ്റ ചുംബനംകൊണ്ടു രണ്ടുപേർക്കും മറ്റൊന്നായി മാറുകയായിരുന്നു. ആ പ്രണയത്തിന്റെ മനോഹാരിത അതേ വികാരതീവ്രതയോടെ നമ്മെ പാടിക്കേൾപ്പിക്കുകയാണ് രഘുനാഥ് സേത്തിന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസ്. 1988ൽ എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ‘ആരണ്യകം’ എന്ന ചിത്രം എത്രയെത്ര പേരുടെ കൗമാരക്കാല ഫാന്റസിചിത്രങ്ങളിലൊന്നായിരിക്കണം. ഒരുപക്ഷേ അക്കാലചിത്രങ്ങളിൽ ‘അരവട്ടുകാരി’യെന്നു തോന്നിപ്പിച്ചൊരു അപൂർവത കൂടിയുണ്ടായിരുന്നു നായിക അമ്മിണിക്ക്. അതുതന്നെയായിരിക്കാം പെണ്ണിഷ്ടങ്ങളുടെ പട്ടികയിൽ ‘ആരണ്യകം’ ഇടംപിടിച്ചതിന്റെയും കാരണം.
ഗാനം: ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
ചിത്രം: ആരണ്യകം
രചന: ഒഎൻവി
സംഗീതം: രഘുനാഥ് സേത്ത്
ആലാപനം: യേശുദാസ്
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ
കുളിർ പകർന്നു പോകുവതാരോ
തെന്നലോ തേൻ തുമ്പിയോ
പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു
കൊതിച്ചു പാടിയ കിന്നരകുമാരനോ [കണ്ണിൽ....]
താഴമ്പൂ കാറ്റുതലോടിയ പോലെ
നൂറാതിരതൻ രാക്കുളിരാടിയ പോലെ
കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
കുഞ്ഞുപൂവിന്നഞ്ജനത്തിൻ ചാന്തുതൊട്ടതു പോലെ
ചാന്തുതൊട്ടതു പോലെ [കണ്ണിൽ....]
ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
ഈറനാമൊരിന്ദുകിരണം പൂവുചാർത്തിയ പോലെ
പൂവുചാർത്തിയ പോലെ [കണ്ണിൽ....]