ADVERTISEMENT

കാറ്റിൽ മൃദുലമായി പറന്നുവന്ന് കവിളിൽ മെല്ലെയൊന്നു തഴുകുന്ന അപ്പൂപ്പൻതാടിയില്ലേ? നാം പോലുമറിയാതെ വന്ന് തലോടി, ഇക്കിളിയാക്കി വീണ്ടും പറന്നങ്ങു‌പോകുന്നവ. അതുപോലെയാണ് മിഥുൻ ജയരാജ് എന്ന പാട്ടുകാരനും ആ പാട്ടുകളും. നിനച്ചിരിക്കാത്ത നേരത്തെപ്പോഴോ മലയാളിയുടെ കാതുകളിലേക്ക് മെല്ലെ ഒഴുകിവന്ന് പടർന്നു കയറിയതാണ് ആ സ്വരഭംഗി. പിന്നീട് ഈണക്കൂട്ടുകളുമായും മിഥുൻ പ്രേക്ഷകരുടെ കാതോരത്തെത്തി. കച്ചേരിവേദികളിലും റിയാലിറ്റിഷോ വേദികളിലുമെല്ലാം നിറസാന്നിധ്യമാണ് മിഥുന്‍. പാട്ടും കൂട്ടുമായി മലയാള സിനിമാ മേഖലയിൽ ചുവടുറപ്പിച്ചിരിക്കുന്ന മിഥുൻ ജയരാജ് പാട്ടുവിശേഷങ്ങൾ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

സംഗീതപഠനം?

എനിക്ക് നാലു വയസ്സുള്ളപ്പോൾ തലശ്ശേരിയിലെ ഒരു വാടകവീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ആ വീടിനു മുൻപിലായി ഒരു കസെറ്റ് കട ഉണ്ടായിരുന്നു. അവർ അവിടെ ഇടുന്ന പാട്ടുകൾ കേട്ടു പഠിച്ച് ഞാനത് പാടുമായിരുന്നു. അങ്ങനെ അവിടെ അടുത്തുള്ള കൃഷ്ണൻ മാഷിന്റെ അടുത്ത് പാട്ട് പഠിക്കാൻ പോയി. പിന്നീട് സച്ചിൻ ബാലുവിന്റെ അച്ഛനായ ബാലൻ മാഷിന്റെ കീഴിലും സഹദേവൻ ഭാഗവതരുടെ കീഴിലുമൊക്കെ സംഗീതം അഭ്യസിച്ചു. ഒരിക്കൽ മൂകാംബികയിൽ പോയപ്പോൾ അവിടെവച്ച് വടകരയിലെ പ്രമോദ് ഏട്ടനെ പരിചയപ്പെടുകയും അദ്ദേഹം വഴി ദക്ഷിണാമൂർത്തി സ്വാമികളുടെ അടുത്ത് സംഗീതം അഭ്യസിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്തു. മാവേലിക്കര പി.സുബ്രഹ്മണ്യൻ സാറിന്റെ അടുത്തുനിന്നും സംഗീതം പഠിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അതൊക്കെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. തൃപ്പൂണിത്തുറ ആർഎൽവിയിൽ പഠിക്കുന്ന സമയത്ത് സന്തോഷ് ഏട്ടന്റെ അടുത്ത് നിന്നും മ്യൂസിക് പ്രൊഡക്‌ഷൻ പഠിച്ചു. പിന്നീട്‌ രാജാമണി സാറിന്റെ അടുത്ത് നിന്നും ഓഡിയോ പ്രൊഡക്‌ഷൻ തുടർന്ന് പഠിക്കാൻ സാധിച്ചു.

റിയാലിറ്റി ഷോകളിലെ സാന്നിധ്യം?

ജീവിതത്തിൽ മറക്കാനാവാത്ത അനുഭവങ്ങളാണ് അതൊക്കെ. 2005ലാണ് ആദ്യമായി ഒരു റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്. അവിടെ നിന്നുമാണ് സിതാരയെ (സിതാര കൃഷ്ണകുമാർ) പരിചയപ്പെടുന്നത്. പിന്നെ സംഗീതസംവിധായകരായ തേജ് മെർവിൽ സർ, രാജാമണി സർ, രാഹുൽ രാജ് സർ, ദീപക് ഏട്ടൻ തുടങ്ങിയവരോടൊപ്പം റിയാലിറ്റി ഷോകളുടെ ഭാഗമായി. 

സിനിമയിലേക്ക്?

തേജ് മെർവിൻ സർ ആണ് സിനിമയിൽ പാടാൻ ആദ്യമായി അവസരം തന്നത്. പിന്നീട് ഇഷാൻ ദേവിന്റെ ഈണത്തിൽ ഞാനും ഫ്രാങ്കോ ചേട്ടനും ചേർന്നൊരു ഗാനം ആലപിച്ചു.  അതു പക്ഷേ റിലീസ് ആയില്ല. പിന്നീട്‌ കുറച്ച് ചിത്രങ്ങളിൽ പാടാൻ സാധിച്ചു. അവിടെ ഒരു ബ്രേക്ക് കിട്ടുന്നത് അരവിന്ദന്റെ അതിഥികളിലൂടെയും സലാല മൊബൈൽസിലൂടെയുമാണ്. 

ഗായിക സിതാരയുടെ മിത്തു?

റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട അന്നുമുതൽ ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ചിലരെ സുഹൃത്തുക്കൾ എന്ന് നമുക്ക് പറയാൻ പറ്റില്ല. ഒരു കൂടെപ്പിറപ്പിനെ പോലെ ആവും അവർ നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നത്. അങ്ങനെ ഒരാളാണ് സിത്തു. എല്ലാ നല്ല കാര്യങ്ങൾക്കും തീരുമാനമെടുക്കുന്നതിനായി ഞങ്ങൾ പരസ്പരം വിളിക്കാറുണ്ട്. അതിപ്പോൾ സംഗീതവുമായി ബന്ധപ്പെട്ടതാണെങ്കിലും സ്വകാര്യ കാര്യങ്ങൾ ആണെങ്കിലും അതിലൊക്കെ പരസ്പരം ഒരു കമ്മ്യൂണിക്കേഷൻ ഉണ്ടാവാറുണ്ട്. അങ്ങനെ ജീവിതത്തിന്റെ ഭാഗമായ ഒരാളാണ് സിതാര. സിത്തു മാത്രമല്ല അവളുടെ ഭർത്താവ് സജീഷ് ഏട്ടനും അങ്ങനെ തന്നെയാണ്. സിതാരയുടെ മകൾ സായുവും ഞങ്ങളുടെ മകൾ ദക്ഷിണയും നല്ല സുഹൃത്തുക്കളാണ്. ഞാൻ ആദ്യമായി സംഗീതസംവിധാനം ചെയ്യാൻ കാരണമായതും സിത്തുവാണ്. ഉണ്ണികൃഷ്ണൻ ആവള സാറിന്റെ ചിത്രത്തിൽ സംഗീതസംവിധാനം ചെയ്യാൻ സിത്തുവിന് അവസരം ലഭിച്ചപ്പോൾ അവൾ എന്നെയും കൂടെ കൂട്ടി. അങ്ങനെയാണ് ആ ചിത്രം ചെയ്തത്. 

കുടുംബത്തിൻറെ പിന്തുണ?

ഇത്തരത്തിൽ ഒരു പ്രഫഷൻ തിരഞ്ഞെടുക്കുമ്പോൾ വീട്ടുകാരുടെ പിന്തുണ വളരെ പ്രധാനമാണ്. എനിക്ക് ഇങ്ങനെയൊരു കഴിവുണ്ടെന്ന് തിരിച്ചറിഞ്ഞത് എന്റെ അമ്മയാണ്. അമ്മ തന്നെയാണ് എല്ലായിടത്തും കൊണ്ടുനടന്ന് എന്നെ പാട്ട് പഠിപ്പിച്ചതും. അതുകൊണ്ടുതന്നെ തുടക്കം മുതലേ ഈയൊരു മേഖലയിൽ പ്രവർത്തിക്കാനുള്ള എല്ലാ പിന്തുണയും കുടുംബത്തിൽ നിന്നും കിട്ടിയിരുന്നു. വിവാഹം കഴിഞ്ഞതോടെ ഭാര്യ ഇന്ദു പ്രസാദും വലിയ പ്രോത്സാഹനവുമായി കൂടെയുണ്ട്. നമ്മെ മനസ്സിലാക്കി കൂടെ നിൽക്കാത്ത ഒരാളാണ് പങ്കാളിയെങ്കിൽ ഒരുപക്ഷേ ഇഷ്ടമില്ലാത്ത പ്രഫഷൻ തിരഞ്ഞെടുക്കേണ്ടി വന്നേക്കാം. എന്നാൽ സംഗീതത്തെ അറിയുന്ന, അത് ഇഷ്ടപ്പെടുന്ന ഒരാൾ കൂടെ ഉണ്ടാകുമ്പോൾ അത് വലിയ ഭാഗ്യമാണ്. ‘ഇതാണ് നമ്മുടെ വഴി ഇതിലൂടെ തന്നെ മുന്നേറാം’ എന്ന് അവൾ എപ്പോഴും പറയും. ഇന്ദുവും ഈ മേഖലയിൽ നിൽക്കുന്നതു കൊണ്ട് എല്ലാം നന്നായി മനസ്സിലാക്കാനും അവൾക്കു സാധിക്കുന്നുണ്ട്. സിത്തുവിന്റെ ‘ഇടം’ സ്കൂളിൽ ഇന്ദു ക്ലാസ്സുകൾ എടുക്കുന്നുണ്ട്. അത്രയും നന്നായി കൂടെ നിൽക്കുന്ന ഒരു പാർട്ണർ ഉള്ളതുകൊണ്ടാണ് ഈ മേഖലയിൽ സമാധാനത്തോടെ നിൽക്കാൻ എനിക്കു സാധിക്കുന്നതും.

വിനീത് ശ്രീനിവാസനൊപ്പം പ്രവർത്തിച്ചപ്പോൾ?

വിനീത് ശ്രീനിവാസന്റെ ചിത്രങ്ങൾ കുറച്ചുകൂടി മ്യൂസിക് ഓറിയന്റഡ് ആണ്. ഒരു ആർട്ടിസ്റ്റിന്റെ കഴിവ് പരമാവധി പുറത്തേക്കെടുക്കാൻ ശ്രമിക്കുന്നയാളാണ് വിനീത്. ആർട്ടിസ്റ്റിന് നല്ല ഫ്രീഡം കൊടുക്കുന്ന സംവിധായകൻ. ഒരു രാത്രി കൊണ്ട് ഒരുപാട് ആളുകളുടെ ജീവിതം മാറ്റിമറിച്ചിട്ടുള്ള ഒരാൾ. അക്കൂട്ടത്തിൽ വിനീത് എന്നെയും സഹായിച്ചിട്ടുണ്ട്. വിനീതിന്റെ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലൂടെയാണ് എനിക്ക് നല്ലൊരു ബ്രേക്ക് ലഭിക്കുന്നത്. ചില കാര്യങ്ങളിൽ നന്ദി പറയുന്നതിനേക്കാൾ അത് എപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നതാണ് നല്ലത് എന്ന് തോന്നിയിട്ടുണ്ട്. കാരണം ഒരു ഔദ്യോഗിക നന്ദി പറച്ചിലിന് ചിലപ്പോഴെങ്കിലും ജീവിതത്തിൽ വലിയ സ്ഥാനം ഉണ്ടാവാറില്ലല്ലോ. ഒരൊറ്റ വെള്ളിയാഴ്ച കൊണ്ട് ജീവിതത്തെ മാറ്റുന്ന വ്യക്തി. പലർക്കും അതുമൂലം ഒരുപാട് ലഭിച്ചിട്ടുണ്ട്. നല്ല പാട്ടുകൾ ഉണ്ടാവുക, അതിന്റെ ഭാഗമാവുക എന്നതൊക്കെ വലിയ കാര്യമാണ്‌.

നിരവധി സ്റ്റേജ് ഷോകൾ ചെയ്തിട്ടുണ്ട്. അവയിൽ മറക്കാനാവാത്ത ഒരനുഭവം?

കോവിഡിനു ശേഷം വീണ്ടും സ്റ്റേജിലേക്ക് കയറിയത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഭവമായിരുന്നു. ആ പ്രോഗ്രാം അയർലൻഡിൽ ആയിരുന്നു. ഇന്ത്യയിൽ അന്ന് വലിയ ഇളവുകൾ തുടങ്ങിയിരുന്നില്ല. രണ്ടര വർഷത്തിനു ശേഷം ലഭിച്ച കയ്യടി ശബ്ദം കേട്ട് ഞാൻ ആകെ എക്സൈറ്റഡ് ആയി. ഒരു കലാകാരനു കിട്ടുന്ന ഏറ്റവും വലിയ സന്തോഷം ഓഡിയൻസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന കയ്യടി ശബ്ദം തന്നെയാണ്. അന്നത്തെ ആ അനുഭവം മറക്കാൻ സാധിക്കില്ല. പഴയകാലം എത്രത്തോളം മിസ് ചെയ്യുന്നു, അതിന് നമ്മൾ എത്ര മാത്രം വില കൊടുക്കുന്നു എന്നൊക്കെ തിരിച്ചറിഞ്ഞ വലിയ നിമിഷമായിട്ടാണ് ഞാൻ അതിനെ കാണുന്നത്. 

English Summary:

Interview with singer Midhun Jayaraj

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com