ADVERTISEMENT

‘നീ തന്ന ലാളനങ്ങൾ

ഞാനെന്റെ പുണ്യമാക്കി

നീയേകുമീ ദിനങ്ങൾ

മായല്ലെയെന്നുതോന്നി...’

കേൾക്കുന്ന ഓരോ പാട്ടും അനുരാഗിയെ ഓർമപ്പെടുത്തുന്ന പ്രണയകാലം... ഓരോ പാട്ടുവരിയിലും നമ്മൾ നമ്മളെ തിരയുന്ന കാലം.. ഓരോ അനുപല്ലവിയിലും അനുരാഗം മധുരമായൊരോർമയായി പടരുന്ന കാലം... ആ പ്രണയകാലത്തെ വീണ്ടും വീണ്ടും ഓർമപ്പെടുത്തുകയാണ് മനോരമ മ്യൂസിക് പുറത്തിറക്കിയ വാലന്റൈൻ ജ്യൂക് ബോക്സ്... കഴിഞ്ഞ വർഷം മനോരമ മ്യൂസിക് പുറത്തിറക്കിയ ചലച്ചിത്രഗാനങ്ങളിൽനിന്നും തിരഞ്ഞെടുത്ത ഒരുപിടി പ്രണയഗാനങ്ങളുടെ സമാഹാരം. അനുരാഗിക്കൊപ്പം ഒരേ ബ്ലൂടൂത്ത് ഹെഡ്സെറ്റിന്റെ ഇരുകാതോരം കൈകോർത്തുപിടിച്ചു ചേർന്നിരുന്നു കേൾക്കാം പ്രണയഗാനങ്ങളുെട ഈ മനോഹര ശേഖരം...

സോളമന്റെ തേനീച്ചകൾ, സന്തോഷം, കാപ്പിരിത്തുരുത്ത്, ലാവൻഡർ, ചെമ്പരത്തിപ്പൂ അങ്ങനെ വിവിധ ചിത്രങ്ങളിലെ പ്രണയഗാനങ്ങളാണ് ഈ ജ്യൂക്ബോക്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലിയ ആഘോഷങ്ങളോ ആരവങ്ങളോ ഇല്ലാതെ പതിഞ്ഞ ഈണത്തിൽ എവിടെയൊക്കെയോ നാം കേട്ടിട്ടുള്ള പാട്ടുകൾ തന്നെയാണ് പലതും. റേഡിയോയിലോ മറ്റോ ഏതേതോ ഡ്രൈവിങ് നേരങ്ങളിൽ നമ്മുടെ കാതോരം തൊട്ടുതൊട്ടുപോയ പാട്ടുകൾ.. പ്രണയാർദ്രമായ ആ പാട്ടുകൾ മനോരമ വാലന്റൈൻ ജ്യൂക്ബോക്സിലൂടെ വീണ്ടും കേൾക്കുമ്പോൾ ഒരു പുതിയ പാട്ടെന്ന പോലെ നമ്മുടെ ഹൃദയം കാതോർക്കുന്നു.

ശ്വാസമേ.. ശ്വാസമേ...

പാതയിൽ പാതിയായ് തേടി ഞാൻ..

ശ്വാസമേ.. ശ്വാസമേ...

തേടലിൽ കാവലായി മാറി നീ...

‘സന്തോഷം’ എന്ന ചിത്രത്തിൽ കെ.എസ് ഹരിശങ്കറും നിത്യ മേമനും പാടിയ ഈ വരികൾ എത്രപെട്ടെന്നാണ് ഒരു പ്രണയിയുടെ ആത്മഗാനമായി മാറുന്നത്. ഓരോ ശ്വാസവും സംഗീതാത്മകമാകുന്ന പ്രണയകാലത്തോളം നമ്മെ ഉന്മാദിയാക്കുന്ന മറ്റെന്തുണ്ടെന്നു വീണ്ടും ഓർമിപ്പിക്കുന്നു ഈ ഗാനം.

‘കണ്ണിൽ കണ്മൊന്നു കാണാൻ

മോഹം തോന്നുന്നു പെണ്ണേ...’

പറയാൻ മടിക്കുന്ന പ്രണയത്തിനു നുരഞ്ഞുപതയാൻ വെമ്പുന്ന വീഞ്ഞിന്റെ ലഹരിയുണ്ടെന്നു പണ്ടാരോ പറഞ്ഞതോർക്കുന്നു. ഒന്നു കാണാൻ, ഒരു വാക്കു മിണ്ടാൻ കാത്തുകാത്തിരിക്കുന്ന അനുരാഗിയുടെ ആത്മനൊമ്പരം കേൾക്കാം ‘ചെമ്പരത്തിപ്പൂ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ഈ വരികളിൽ. ഓർമച്ചുണ്ടിലേക്ക് അനുരാഗത്തിന്റെ പുല്ലാങ്കുഴൽ ചേർത്തുവയ്ക്കുന്ന ഈ ഗാനം കണ്ണടച്ചൊന്നു കേട്ടിരുന്നാൽ മനസ്സു ചെന്നുനിൽക്കുക ഒരുപക്ഷേ, പിന്നിട്ട കൗമാരകാലത്തെ ആദ്യ പ്രണയത്തിലേക്കായിരിക്കും. കണ്ണിൽകണ്ണുനോക്കിയിരിക്കാൻ തോന്നിയ ആ കരിമിഴികളെ വീണ്ടും ഓർമിപ്പിക്കാതിരിക്കില്ല ഈ ഗാനം.

ഗൃഹാതുരതയെന്നാൽ പലർക്കും ആദ്യ പ്രണയത്തിലേക്കും പ്രണയിയിലേക്കുമുള്ള മടങ്ങിപ്പോക്കുകൂടിയാണ്. ‘കാപ്പിരിത്തുരുത്ത്’ എന്ന ചിത്രത്തിനുവേണ്ടി വിജയ് യേശുദാസ് ആലപിച്ച ഈ ഗാനം ഒന്നു കേട്ടുനോക്കൂ..

ചെറുപ്പത്തിൽ നമ്മൾ രണ്ടും

മണ്ണുവാരി കളിച്ചപ്പോൾ

അന്നു തമ്മിൽ പറഞ്ഞത്

മറന്നുപോയോ?

പലപ്പോഴായി മുന്നിൽവന്ന കാക്കത്തൊള്ളായിരം മുഖങ്ങളിൽ ഒരുവൾ മാത്രം പ്രിയപ്പെട്ടതാകുന്നു...അതുവരെയാരോടും തോന്നാത്തതെന്തോ അവളോടു മാത്രമായി തോന്നുന്നു... കളിക്കുട്ടിക്കാലത്ത് മണ്ണപ്പം ചുട്ടും ഊഞ്ഞാലാടിയും നിഴലുപോലെ കൂടെയുണ്ടായിരുന്ന അവളോടുതോന്നിയത് പ്രണയമായിരുന്നെന്നു പറയാൻ പോലും കഴിയാതെ ഉൾനൊമ്പരമടക്കി പിന്നീട് എത്രകാലം... ജീവിതത്തിന്റെ തിരക്കുകൾക്കൊപ്പം ഒഴുകി ഏതേതോ ദൂരങ്ങളിലെത്തിയവരും ഈ പാട്ടിന്റെ ആദ്യകേൾവിയിൽതന്നെ ആ നഷ്ടപ്രണയത്തിലേക്കു പിൻനടക്കുന്നു.. ഒരു കുഞ്ഞുതേങ്ങലോടെ അവളുടെ ഓർമകളെ ചേർത്തുപിടിക്കുന്നു...

വാനിൽ മിന്നും താരങ്ങൾ

നാളെ മണ്ണിൽ വീണാലും

പൊലിഞ്ഞ മോഹം തിരഞ്ഞു വീണ്ടും

വരുന്ന ജന്മം ചേരും നാം...

ശരിയാണ്... ‘സോളമന്റെ തേനീച്ചകൾ’ എന്ന ചിത്രത്തിൽ വിദ്യാസാഗർ ഈണമിട്ട ഈ ഗാനം പറയുന്ന പോലെ ഓരോ പ്രണയവും ഒരു പ്രതീക്ഷ ബാക്കിവയ്ക്കുന്നുണ്ട്. അതുകൊണ്ടല്ലേ എത്ര നിരർഥമായ ജീവിതത്തിലും പ്രണയം നമ്മുടെ കണ്ണുകളിലിങ്ങനെ കനലായി കത്തിനിൽക്കുന്നത്. ഈ ജന്മത്തിലെ മോഹം തിരഞ്ഞുനാം അടുത്ത ജന്മത്തിലേക്കും ജീവിക്കാൻ കൊതിക്കുന്നത്... ഇനിയുമുണ്ട് ഈ വാലന്റൈൻ ജ്യൂക്ബോക്സിൽ ഒട്ടേറെ പ്രണയഗാനങ്ങൾ... കേട്ടിരുന്നാൽ സ്വയം മറന്നുപോകുന്ന മനോഹരമായ ഈണങ്ങൾ... ഒറ്റയ്ക്കിരുന്നു കേൾക്കുമ്പോഴും ഒപ്പമൊരാളുണ്ടെന്ന് ഓർമിപ്പിക്കുന്ന ഇഷ്ടഗാനങ്ങൾ...

English Summary:

Manorama music presents Valentines Day Special Jukebox

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com