ADVERTISEMENT

പാട്ടും പാടി ലോകമാകെ പറന്നു നടക്കുമ്പോഴും ഇടയ്ക്കൊക്കെ ഒറ്റയ്ക്കിരുന്ന് കരയാറുണ്ട് അവർ. അസൂയാവഹമാം വിധം സമ്പത്തിന്റെയും സൗഭാഗ്യങ്ങളുടെയും നടുവിൽ ജ്വലിച്ചു നിൽക്കുമ്പോഴും ആരെയും അറിയിക്കാതെ മറച്ചുവയ്ക്കാറുണ്ട് ചില സങ്കടങ്ങൾ. വേദിയിലെത്തി എല്ലാം മറന്നു പാടി കാണികളെ ‘പാട്ടിലാക്കുമ്പോഴും’ അവരുടെ ഹൃദയത്തിൽ ഇടയ്ക്കിടെ ചോര പൊടിയുന്നു. അസാധാരണമായ നേട്ടങ്ങളിലൂടെ ലോകത്തിന്റെ നെറുകയിൽ ചുംബിച്ചു നിൽക്കുന്ന പോപ് രാജകുമാരികളിൽ പലർക്കും ഇരുൾമൂടിയ ഒരു ഭൂതകാലമുണ്ട്. എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും ഇടയ്ക്കൊക്കെ മനസ്സിനെ കൊളുത്തിവലിച്ച് മുറിപ്പെടുത്തുന്ന ഓര്‍മകളുടെ ഒരു നൊമ്പരക്കാലം. അതിജീവനത്തിന്റെ മുഖങ്ങളായി മാറിയ ആ പെൺസ്വരങ്ങളെ ലോകവനിതാ ദിനത്തിൽ പരിചയപ്പെടാം, മനോരമ ഓൺലൈനിലൂടെ. 

Read Also: ഒരു മണിക്കൂർ പാടാൻ 74 കോടി; ലതാ മങ്കേഷ്കറെ ചൊടിപ്പിച്ചവൾ: റിയാനയെന്ന കരീബിയൻ തീ‌ബോംബ്

ലേഡി ഗാഗ

അമേരിക്കൻ പോപ് താരം. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുറിച്ച് പൊതുവേദിയിൽ ഉള്‍പ്പെടെ ഗാഗ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ ഗാഗ എപ്പോഴും വിഷാദവും ഉത്കണ്ഠയും അനുഭവിക്കുന്നു. മാനസികാരോഗ്യത്തിനും വിഷാദ രോഗ മുക്തിക്കും വേണ്ടി മരുന്ന് ജീവിതത്തിന്റെ ഭാഗമാക്കേണ്ടി വന്നു. എന്നാൽ വിഷാദ രോഗത്തിനിരയായപ്പോഴും തന്റെ കഴിവുകളെ കവർന്നെടുക്കാൻ അവൾ രോഗാവസ്ഥയെ അനുവദിച്ചില്ല. സംഗീത പരിപാടിക്കിടെ ഇടുപ്പെല്ലിനുണ്ടായ ക്ഷതം ഗാഗയുടെ ജീവിതം ചക്രകസേരയിലെത്തിച്ചു. ശസ്ത്രക്രിയയിലൂടെ പരുക്ക് പരിഹരിക്കേണ്ട സാഹചര്യമുണ്ടായപ്പോൾ വേദനയെ അതിജീവിക്കാനായി ഗാഗയ്ക്കു ലഹരിയിൽ അഭയം പ്രാപിക്കേണ്ടി വന്നു. അത് പൊടുന്നനെ ഗാഗയെ ലഹരിക്ക് അടിമയാക്കി. പിന്നീട് ലഹരി പദാർഥങ്ങൾ ഓരോന്നായി മാറി മാറി ഉപയോഗിച്ചു. കാലം ഏറെ പിന്നിട്ടപ്പോൾ പിതാവിന്റെ സഹായത്തോടെ ചില ലഹരി വസ്തുക്കൾ ഗാഗ പൂർണമായും ഒഴിവാക്കി. ജീവിതത്തിൽ എന്തൊക്കെ നഷ്ടപ്പെട്ടാലും എവിടെയെങ്കിലും ഒരല്പം വെളിച്ചം അവശേഷിക്കും എന്നും ആ വെളിച്ചം കണ്ടെത്തിയതിൽ താൻ ഭാഗ്യവതിയാണെന്നും ഗാഗ പറയുന്നു. 

monica
മോണിക്ക (ഇൻസ്റ്റഗ്രാം)

മോണിക്ക

1995ൽ ‘മിസ് താങ്’ എന്ന ആൽബത്തിലൂടെ സംഗീത ലോകത്ത് കൊടുങ്കാറ്റായി ആഞ്ഞടിച്ച യുവ ശബ്ദം. ഗായികയുടെ ജീവിതം മാറി മറിയാൻ പക്ഷേ അധിക സമയം വേണ്ടി വന്നില്ല. 2000 ൽ മോണിക്കയുടെ ആൺസുഹൃത്ത് ജാർവിസ് വീംസ് അവളുടെ മുന്നിൽ വച്ച് ആത്മഹത്യ ചെയ്തു. അപകടത്തിൽ മരിച്ച തന്റെ സഹോദരന്റെ കുഴിമാടത്തിനു സമീപമെത്തിയ ശേഷം വീംസ് മോണിക്കയെ ഫോൺ വിളിച്ച് അവിടേയ്ക്കു വരുത്തി. അവൾ കാറിൽ കയറിയ ഉടൻ ഡോർ ലോക്ക് ചെയ്തു. പിന്നീട് തോക്കെടുത്ത് അയാൾ സ്വയം നിറയൊഴിച്ച് തൽക്ഷണം മരിച്ചു. ആ ദുരന്തം മോണിക്കയ്ക്കു താങ്ങാനാകുന്നതിനും അപ്പുറമായിരുന്നു. വീംസിന്റെ അമ്മയടക്കമുള്ള കുടുംബാംഗങ്ങൾ മോണിക്കയെ തുടർച്ചയായി ചോദ്യം ചെയ്തു. അവളുടെ പ്രസ്താവനകളെ അവർ ഒന്നൊന്നായി എതിർത്തു. മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിൽ മോണിക്കയ്ക്കു വ്യക്തമായ പങ്കുണ്ടെന്നും വീംസിന്റെ അമ്മ ആരോപിച്ചു. മോണിക്കയുടെ വാക്കുകൾ വിശ്വസിച്ച പൊലീസിനെയും അവർ നിരന്തരം വിമർശിച്ചു. ജീവിതത്തെയാകെ തകിടം മറിച്ച ആ ദുരന്തത്തിൽ നിന്നു മുക്തി നേടാൻ അവൾക്കു മൂന്നു വർഷം വേണ്ടി വന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പരിപൂർണ പിന്തുണയോടെ അവൾ വീണ്ടും സംഗീത ലോകത്തു സജീവമായി. എങ്കിലും ജാർവിസ് വീംസിന്റെ മരണം ഏൽപ്പിച്ച ആഘാതം ഒരിക്കലും അണയാത്ത ഒരു കനലായി മോണിക്കയുടെ മനസ്സിൽ അവശേഷിക്കുന്നു.

Read Also: യാത്രക്കാരുടെ ദൈവമാണ് ഞങ്ങൾ, അവരുടെ നന്ദി മനസ്സു നിറയ്ക്കും: അധ്യാപിക ജർമൻ ഡ്രൈവറായ കഥ

കെച്ചി ഓക്‌വുച്ചി

നൈജീരിയയിൽ ജനിച്ചു വളർന്നു. സംഗീതമാണ് ജീവിത പാതയെന്നു തിരിച്ചറിഞ്ഞതോടെ മനസ്സ് പൂർണമായും അതിൽ അർപ്പിച്ചു. എന്നാൽ 2005ലുണ്ടായ  സൊസോലിസോ വിമാനാപകടം ജീവിതം മാറ്റിമറിച്ചു. ലോകത്തെ നടുക്കിയ ആ അപകടത്തിൽ അദ്ഭുതകരമായി രക്ഷപെട്ട രണ്ടു പേരിൽ ഒരാളാണ് കെച്ചി ഓക്‌വുച്ചി. സഹപാഠികൾക്കൊപ്പം യാത്ര ചെയ്യവേയാണ് വിമാനം അപകടത്തില്‍പ്പെട്ടത്. 109 പേരെ വഹിച്ച വിമാനം നിലത്തു വീണ് തീ പടർന്നു. ആകെ രക്ഷപെട്ട രണ്ടു പേരിൽ ഒരാളായ കെച്ചിക്ക് 65 ശതമാനം പൊള്ളലേറ്റു. ഏഴു മാസത്തോളം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു. ചെറുതും വലുതുമായി നൂറിലേറെ ശസ്ത്രക്രിയകൾക്കു വിധേയയായി. അപകടത്തെക്കുറിച്ചുള്ള ഓർമകൾ ഇന്നും കെച്ചിക്ക് അവ്യക്തമാണ്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയോടെ കെച്ചി പതിയെ പഠന മേഖലയിലേക്കും സംഗീത ജീവിതത്തിലേക്കും തിരിച്ചു വന്നു. ബിരുദവും ബിരുദാനന്തര ബിരുദവും നേടി. എന്നാൽ തന്റെ നേട്ടങ്ങളെല്ലാം വിമാനാപകടത്തിൽ മരിച്ച സഹപാഠികൾക്കും അവരുടെ കുടുംബത്തിനുമുള്ളതാണെന്നു കെച്ചി പറയുന്നു. ശരീരത്തിനേറ്റ മുറിവുകൾ ഇപ്പോഴും അവശേഷിക്കുമ്പോഴും മനസ്സിന്റെ വേദനയെ അവൾ സംഗീതത്തിലൂടെ തുരത്തി. അമേരിക്കാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിൽ 2017ൽ അവസാന ഘട്ടം വരെയെത്തിയിരുന്നു കെച്ചി. പ്രതിസന്ധികളിൽ തളരുന്നവരോട് കെച്ചിക്ക് ഒന്നേ പറയാനുള്ളു, ‘നിങ്ങളെ തടയുന്നുവെന്ന് നിങ്ങൾ കരുതുന്ന ഏത് തടസങ്ങളും മറികടക്കാൻ കഴിയും. നിങ്ങൾ ആരാണ്, എവിടെയാണെന്നത് പ്രശ്നമല്ല. തടസങ്ങളെ നേരിടേണ്ടി വരും, എന്നാൽ ലക്ഷ്യം കൈവിടരുത്’.

lilly-alen
ലില്ലി അലൻ (ഇൻസ്റ്റഗ്രാം)

ലില്ലി അലൻ

ഇംഗ്ലിഷ് ഗാനരചയിതാക്കളിൽ പ്രമുഖ. ഗായിക കൂടിയായ ലില്ലി അലൻ, 2007 ൽ സംഗീതജ്ഞൻ എഡ് സിമൺസുമായി അടുപ്പത്തിലാവുകയും ഏതാനും മാസങ്ങൾക്കു ശേഷം താൻ ഗര്‍ഭിണിയാണെന്ന് ആരാധകരെ അറിയിക്കുകയും ചെയതു. എന്നാൽ അധികം വൈകാതെ തന്നെ ആ കുഞ്ഞിനെ നഷ്ടപ്പെട്ടു. രക്തത്തില്‍ അണുബാധയുണ്ടായതിനെത്തുടർന്ന് അലൻ മരണത്തിന്റെ വക്ക് വരെയെത്തി. നിരവധി ശസ്ത്രക്രിയകൾക്കു വിധേയയായതോടെ പതിയെ ജീവിതത്തിലേക്കു തിരിച്ചു വരാൻ തുടങ്ങി. മരണം മുന്നിൽക്കണ്ട നിമിഷം അലനെ ഇപ്പോഴും ഭീതിയിലാഴ്ത്തുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുഞ്ഞിനെ നഷ്ടപ്പെട്ടത് അവൾക്ക് അംഗീകരിക്കാനായില്ല. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകവും വേദനാജനകവുമായ കാര്യം ആയിട്ടാണ് അവൾ ഇപ്പോഴും ആ ഭൂതകാലത്തെ വിശേഷിപ്പിക്കുന്നത്. നീണ്ട കാലത്തെ ആശുപത്രി വാസത്തിനു ശേഷം സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്ന അലനെ മറ്റൊരു ദുരന്തം കാത്തിരുന്നു. എല്ലാ പിന്തുണയും നൽകി ഒപ്പം നിന്ന എഡ് സിമൺസ് അലനെ ഉപേക്ഷിച്ചു പോയി. ആ ദുരന്തത്തിന്റെ പിടിയിലമർന്ന അലന് മാസസികാരോഗ്യം വീണ്ടെടുക്കാൻ ദീർഘ നാളത്തെ ചികിത്സ വേണ്ടി വന്നു. പാട്ടെഴുത്തിലൂടെ അവൾ ജീവിതത്തെ തിരിച്ചു പിടിച്ചു.

Read Also: കസ്റ്റമേഴ്സിനെ ഷെയർ ചെയ്താൽ എന്താണ് തെറ്റ്? രാജ്ഞിമാരുടെ രാജ്ഞിയായി സന്ധ്യ; പോരാട്ടം നെഗറ്റിവിറ്റിക്കെതിരെ

പിന്നീട് അലൻ സാം കൂപ്പറുമായി വിവാഹിതയായി. രണ്ടു പെൺ മക്കൾക്കു ജന്മം നൽകിയെങ്കിലും തനിക്കു നഷ്ടപ്പെട്ട ആദ്യ കുഞ്ഞിനെ സ്വന്തം മകനായി തന്നെയാണ് അലൻ ഇപ്പോഴും കണക്കാക്കുന്നത്. അവളുടെ പൂന്തോട്ടത്തിൽ ആ കുഞ്ഞിന്റെ പേരിൽ ഒരു അമൂല്യ ശില ഇപ്പോഴും സൂക്ഷിക്കുന്നു. നഷ്ടപ്പെട്ട തന്റെ കുഞ്ഞ് എന്നും മനസ്സിലുണ്ടെന്നും മതപരമായ പല ആചാരങ്ങളും താൻ കുഞ്ഞിനു വേണ്ടി ചെയ്യാറുണ്ടെന്നും അലൻ പറയുന്നു. ദുരന്തങ്ങളില്‍ തളർന്നെങ്കിലും ചുറ്റുമുള്ളവരുടെ സ്നേഹവും പരിചരണവും കൊണ്ട് അവൾ സംഗീതലോകത്തേക്കു വീണ്ടും തിരിച്ചെത്തി.

Read Also: ജാനകി പാടും, വിസ്മയത്തോടെ വസന്ത നോക്കിനിൽക്കും; രവി മേനോൻ എഴുതുന്നു

അഡെൽ

സംഗീത ലോകത്ത് ഉന്നതിയിൽ നിൽക്കുന്നുവെങ്കിലും കുട്ടിക്കാലത്ത് അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ മുതൽ ജീവിതത്തെ വിടാതെ പിന്തുടരുന്ന ചില ദുരിതങ്ങളുണ്ട് അഡെലിന്. പ്രതിസന്ധികളിൽ നിന്നും ഒളിച്ചോടാൻ വേണ്ടി ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ചിരുന്നു ഒരുകാലത്ത്. സംഗീത ലോകത്തു തിളങ്ങി നിൽക്കുന്ന സമയത്തു തന്നെ സിമൺ കൊനെക്കിക്കുമായി അടുപ്പത്തിലാവുകയും അധികം വൈകാതെ തന്നെ ഇരുവർക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. എന്നാൽ അമ്മയായതോടെ അഡെലിന്റെ ജീവിതം മാറ്റങ്ങൾക്കു വിധേയമായി. ഗൗരവമേറിയതും എന്നാൽ അധികം ആരും ശ്രദ്ധിക്കാത്തതുമായ പ്രസവാനന്തര വിഷാദത്തിനടിമയായിരുന്നു അഡെൽ. മകന്റെ ജനനത്തോടെ അവൾ മാനസികമായി തളർന്നു. വിഷാദ രോഗം വരിഞ്ഞു മുറുകിയതിനാൽ രണ്ടാമതൊരു കുഞ്ഞിനു ജന്മം നൽകാൻ അവൾക്കു ഭയമായിരുന്നു. കാരണം, അത്രമേൽ വിഷാദാവസ്ഥയിലേക്കു വീണ്ടും എത്തിപ്പെടാൻ അവൾ ആഗ്രഹിച്ചില്ല. വിഷാദ രോഗത്തിൽപ്പെട്ടു വലഞ്ഞപ്പോഴും തന്റെ മനോവിഷമങ്ങളെക്കുറിച്ച് അവൾ ആരോടും സംസാരിച്ചില്ല. എല്ലാവരോടും വിമുഖത കാണിച്ചു. രോഗാവസ്ഥയെ മറികടക്കാൻ അഡെൽ മരുന്ന് കഴിച്ചില്ല. മറിച്ച് മറ്റ് അമ്മമാർക്കും ഗർഭിണിമാർക്കുമൊപ്പം സമയം ചിലവഴിച്ച് ആശ്വാസം കണ്ടെത്തി. അവർക്കൊപ്പമുള്ള നിമിഷങ്ങൾ തന്നെ രോഗവസ്ഥയിൽ നിന്നും മുക്തയാക്കാൻ സഹായിച്ചു എന്ന് ഗായിക തുറന്നു പറയുന്നു. വർഷങ്ങൾക്കു ശേഷം അഡെലും ഭർത്താവും തമ്മിൽ വേർപിരിഞ്ഞു. എന്നാൽ കുഞ്ഞിനെ ഒരുമിച്ച് വളർത്താൻ ഇരുവരും തീരുമാനിച്ചു. അമ്മയായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനം എന്ന് അഡെൽ പല തവണ പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ ജീവിതം തന്നെ സ്വന്തം കുഞ്ഞാണെന്ന് ഗായിക സമ്മതിക്കുന്നു. കുഞ്ഞ് ജനിച്ചതിനു ശേഷം ജീവിതം ഒരുപാട് മാറിയെന്നും ഇപ്പോൾ താന്‍ ജീവിതത്തെക്കുറിച്ചു വളരെ ജാഗ്രത പുലർത്തുന്നു എന്നും അവനു വേണ്ടി ജീവിക്കുന്നതു കൊണ്ട് തനിക്ക് ഇപ്പോൾ മരണത്തെ പേടിയാണെന്നും ഗായിക വെളിപ്പെടുത്തുന്നു. ഒരു കാലത്ത് മദ്യത്തിനും പുകവലിക്കും അടിമയായിരുന്നു അഡെൽ. തുടർച്ചയായ പുകവലി ശബ്ദത്തെ ഗുരുതരമായി ബാധിച്ചു. അതോടെ തൊണ്ടയ്ക്കു ശസ്ത്രക്രിയ ചെയ്യുകയും പല സംഗീത പരിപാടികളും ലോകപര്യടനങ്ങളും റദ്ദാക്കുകയും ചെയ്തു. പുകവലി തന്റെ സംഗീത ജീവിതത്തെ വീണ്ടും ദുഷ്കരമാക്കാതിരിക്കാന്‍ ആ ശീലം പൂർണമായും ഉപേക്ഷിക്കാൻ അഡെൽ നിർബന്ധിതയായി. തുടർച്ചയായ മദ്യപാനവും ക്രമേണ ഒഴിവാക്കി സംഗീതത്തെ ജീവിതത്തിന്റെ ലഹരിയാക്കി മാറ്റി.

jennifer
ജെന്നിഫർ ഹഡ്സൺ (ഇൻസ്റ്റഗ്രാം)

ജെന്നിഫർ ഹഡ്സൺ

അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫർ ഓസ്കർ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സംഗീതലോകത്ത് ഉന്നതിയിൽ നിൽക്കുമ്പോഴും ജീവിതത്തിൽ വിവരിക്കാനാകാത്ത വിധം യാതനകൾ അനുഭവിച്ചിട്ടുണ്ട് ജെന്നിഫർ ഹഡ്സൺ. വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിൽ പകച്ചു നിന്ന ഭൂതകാലമുണ്ട് ഗായികയ്ക്ക്. പേരിന്റെയും പ്രശസ്തിയുടെയും മധ്യത്തിൽ ജ്വലിച്ചു നിൽക്കുമ്പോൾ അപ്രതീക്ഷിതമായാണ് ജീവിതത്തിലേക്കു ദുരന്തം എത്തിയത്. ഗായികയുടെ അമ്മയും സഹോദരനും മരുമകനും അതിദാരുണമായി കൊല ചെയ്യപ്പെട്ടു. ജെന്നിഫറിന്റെ ഏഴു വയസുള്ള മകനെ കാണാതായി. മൂന്നു ദിവസങ്ങൾക്കു ശേഷം വെടിയേറ്റു മരിച്ച നിലയിൽ മകന്റെ മൃതദേഹം കണ്ടെത്തി. ജെന്നിഫറിന്റെ സഹോദരി ജൂലിയയുടെ ഭർത്താവ് വില്യം ബാൽഫോർക്ക് ആയിരുന്നു അരും കൊലകൾക്കു പിന്നിൽ. ജൂലിയയും ഭർത്താവും ദീർഘനാളുകളായി അകന്നു കഴിയുകയായിരുന്നു. കൂട്ട മരണങ്ങൾ ഏൽപ്പിച്ച ആഘാതത്തിൽ നിന്നും വിമുക്തയാകാൻ തീവ്രമായി പരിശ്രമിച്ചതിനൊപ്പം കുടുംബം തകർത്ത ഘാതകന് അർഹമായ ശിക്ഷ നേടിക്കൊടുക്കാനും അവൾ ശ്രമിച്ചു. നീതി ലഭിക്കുന്നതു വരെ ഉറ്റവരുടെ കുഴിമാടം സന്ദർശിക്കാൻ പോകില്ലെന്ന് അവൾ ദൃഢനിശ്ചയം ചെയ്തു. ഒടുവിൽ വില്യമിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

Read Also: ‘പറ്റില്ലെന്നു പറഞ്ഞ് ഇറക്കിവിട്ടു, സ്ത്രീകളോട് ഇപ്പോഴും നികൃഷ്ടമായ സമീപനം’; പെൺകളിക്കളവുമായി വിനയ

അകാലത്തിൽ നഷ്ടപ്പെട്ട ഉറ്റവരുടെ സ്മരണാർഥം ജെന്നിഫറും സഹോദരി ജൂലിയയും ജീവകാരുണ്യ പ്രവർത്തനം ആരംഭിച്ചു. സ്വദേശത്തെ അശരണർക്കും അനാഥർക്കുമായി ഇന്നും ആവശ്യമായവയെല്ലാം എത്തിക്കാൻ ജെന്നിഫറും ബന്ധുക്കളും ശ്രദ്ധിക്കുന്നു. ദുരന്തത്തിന്റെ ആഘാതത്തിൽ നിന്നും ജെന്നിഫർ പതിയെ സാധാരാണ ജീവിതത്തിലേക്കു മടങ്ങി വന്നു. ധൈര്യത്തിനും ഊർജത്തിനും വേണ്ടി അവൾ സംഗീതത്തെ മുറുകെ പിടിച്ചു.

English Summary:

Life journey of pop singers women's day special

jennifer
ജെന്നിഫർ ഹഡ്സൺ (ഇൻസ്റ്റഗ്രാം)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com