ADVERTISEMENT

ആരോടും സംസാരിക്കുന്നില്ലെന്നു ഞാൻ തീരുമാനിച്ചതാണ്. നീ വിളിച്ചതുകൊണ്ടുമാത്രം ഇത്രയും പറയാം: ഗവർണർ സ്ഥാനത്തിന്റെ അന്തസ്സ് സംരക്ഷിക്കാനാണ് ഞാൻ രാജിവയ്ക്കുന്നത്. ഇത്രയും വേണമെങ്കിൽ പത്രത്തിലെഴുതിക്കോളൂ’. 

തമിഴ്നാട് ഗവർണർ സ്ഥാനം രാജിവച്ച ദിവസം വൈകിട്ട് ഫാത്തിമ ബീവി ഫോണിലൂടെ പറഞ്ഞത് ഇത്രമാത്രം. എറണാകുളത്തു സിബിഐ സ്പെഷൽ ജഡ്ജിയായിരുന്ന എന്റെ അച്ഛൻ കെ.എൻ.രാധാകൃഷ്ണൻ നായരോടുണ്ടായിരുന്ന വാത്സല്യം അവർ എന്നോടും കാട്ടിയിരുന്നു. അതിനാലാണ് ഞാൻ വിളിച്ചതും അവർ ഫോണെടുത്തതും. രാജിക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കാൻ ഫാത്തിമ ബീവി താൽപര്യപ്പെട്ടിരുന്നില്ല. 

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമപരമായ വിലക്കുണ്ടായിരുന്ന ജയലളിതയെ മുഖ്യമന്ത്രിയായി നിയമിച്ചതുമുതൽ തന്നെ ഗവർണർസ്ഥാനത്തുനിന്നു പുറത്താക്കാൻ നീക്കമുണ്ടെന്നു ഫാത്തിമ ബീവിക്കു ബോധ്യമുണ്ടായിരുന്നു. ഒരിക്കൽ ഡൽഹിയിൽ വന്നപ്പോൾ അതെക്കുറിച്ച് അവർ പറഞ്ഞു: ‘എല്ലാവരും എന്നെ കുറ്റപ്പെടുത്തി. പക്ഷേ, ഭരണഘടനാപരമായി ഞാൻ ശരിയാണു ചെയ്തത്.’

1997ൽ ദേവെഗൗഡ സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി എം.കരുണാനിധിയുടെ താൽപര്യപ്രകാരമാണെന്നു പറയപ്പെടുന്നു, ഫാത്തിമ ബീവി തമിഴ്നാട് ഗവർണറായി നിയമിതയായത്. 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കരുണാനിധിയുടെ ബദ്ധവിരോധി ജയലളിത നയിച്ച അണ്ണാഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനു ഭൂരിപക്ഷം ലഭിച്ചതോടെയാണു ഫാത്തിമ ബീവിയുടെ രാജിക്കു വഴിതെളിച്ച സംഭവങ്ങളുടെ തുടക്കം. 

ടാൻസി അഴിമതിക്കേസിൽ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിനാൽ ജയലളിതയ്ക്കു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. പക്ഷേ, വിജയിച്ചെത്തിയ എംഎൽഎമാർ അവരെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. അതു ഗവർണറെ വിഷമവൃത്തത്തിലാക്കി. രണ്ടു ‌‌സംഗതികളാണ് പരിഗണിക്കേണ്ടിയിരുന്നത്: എംഎൽഎയാവാൻ തടസ്സമുള്ളയാളെ എങ്ങനെ നിയമസഭാകക്ഷി നേതാവായി അംഗീകരിച്ചു മുഖ്യമന്ത്രിയായി നിയമിക്കും? എന്നാൽ, സഭയുടെ വിശ്വാസം പിടിച്ചുപറ്റിയ വ്യക്തിയാവണം സഭാനേതാവും മുഖ്യമന്ത്രിയും. അന്ന് ആ യോഗ്യതയുള്ളതു ജയലളിതയ്ക്കാണ്.

രണ്ടാമത്തെ വാദത്തിനാണു ഫാത്തിമാ ബീവി അംഗീകാരം നൽകിയത്. ഗവർണറെ ന്യായീകരിച്ച്, ‘സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ ഭരണഘടന പഠിപ്പിക്കേണ്ടതില്ല’ എന്നു ജയലളിത പറഞ്ഞപ്പോൾ, രാഷ്ട്രീയപശ്ചാത്തലമുള്ള ഗവർണറാണു വേണ്ടിയിരുന്നതെന്ന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എൽ.കെ.അഡ്വാനി നടത്തിയ പരാമർശം ഫാത്തിമ ബീവിയെ വേദനിപ്പിച്ചു.

മുഖ്യമന്ത്രിയായ ജയലളിത തന്നെ പണ്ടു നിയമസഭയിൽ അപമാനിച്ച കരുണാനിധിയോടു പകപോക്കൽ തുടങ്ങിയതു ഫാത്തിമ ബീവിക്കു തലവേദനയായി. ഒരു അർധരാത്രി തമിഴ്നാട് പൊലീസ് വീട്ടിൽക്കയറി കരുണാനിധിയെയും കേന്ദ്രമന്ത്രിമാരായിരുന്ന മുരശൊലി മാരനെയും ടി.ആർ.ബാലുവിനെയും അറസ്റ്റ് ചെയ്തു. തുടർന്ന് തമിഴ്നാട്ടിലാകെ രാഷ്ടീയകലാപമായതോടെ സംസ്ഥാനത്തെ ക്രമസമാധാനനിലയെക്കുറിച്ചു കേന്ദ്രം ഗവർണറോടു റിപ്പോർട്ട് ചോദിച്ചു. 

ലഭിച്ച റിപ്പോർ‍ട്ട് കേന്ദ്രത്തിനു സ്വീകാര്യമായില്ല. ഒപ്പം, കേന്ദ്ര ആഭ്യന്തരമന്ത്രാലയം അയച്ച ഉദ്യോഗസ്ഥസംഘവും എൻഡിഎ കൺവീനർ ജോർജ് ഫെർണാണ്ടസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സമിതിയും ഗവർണറുടെ റിപ്പോർട്ടിനു വിരുദ്ധമായ റിപ്പോർട്ട് നൽകി. പിന്നാലെ ഫാത്തിമ ബീവി ഗവർണർസ്ഥാനം രാജിവച്ചു. ജയലളിതയെ മുഖ്യമന്ത്രിയാക്കിയ ഗവർണറുടെ നടപടി ശരിയായില്ലെന്നു സുപ്രീം കോടതിയും കണ്ടെത്തി. തുടർന്ന് ഒ.പനീർസെൽവത്തെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ച് ജയലളിത രാജിവച്ചു. എന്നാൽ, ടാൻസിക്കേസിൽ അപ്പീൽ അംഗീകരിച്ച് കോടതി കുറ്റവിമുക്തയാക്കിയതോടെ ജയലളിത മുഖ്യമന്ത്രിയായി തിരിച്ചെത്തി.  

തന്റെ നടപടിയെ പരസ്യമായി ന്യായീകരിക്കാനോ ‌‌‌‌ചർച്ച ചെയ്യാനോ ഫാത്തിമ ബീവി മുതിർന്നില്ല. അടുത്ത സുഹൃത്തുക്കളോടു മാത്രം പിന്നീടു പറഞ്ഞു : ‘നിയമസഭാകക്ഷി തിരഞ്ഞെടുത്ത നേതാവു സ്വീകാര്യയല്ലെന്നു ഞാൻ പറഞ്ഞിരുന്നങ്കിൽ അതാവുമായിരുന്നു വിവാദം. മാത്രമല്ല, ഞാൻ തിരസ്കരിച്ചശേഷം ജയലളിതയെത്തന്നെ വീണ്ടും നിയമസഭാകക്ഷി തിരഞ്ഞെടുത്തിരുന്നെങ്കിലോ?’’

അനുകൂല വിധിയുമായി ജയലളിത മുഖ്യമന്ത്രി പദത്തിൽ തിരികെയെത്തിയപ്പോഴും പ്രസ്താവനകളൊന്നും നടത്താൻ ഫാത്തിമ ബീവി തയാറായില്ല.

English Summary:

Justice Fatima Beevi- Constitutional right

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com