ADVERTISEMENT

പരിചയപ്പെട്ട നാൾമുതൽ, ജസ്റ്റിസ് ഫാത്തിമ ബീവിയുടെ വ്യക്തിത്വത്തിന്റെ സവിശേഷത എന്നെ അദ്ഭുതപ്പെടുത്തിയിരുന്നു. പദവിയിൽ അവരെക്കാൾ താഴെയുള്ളവർ ബഹുമാനിക്കപ്പെടുന്ന സദസ്സുകളിൽപോലും അവർ ആരുടെയും ശ്രദ്ധയാകർഷിക്കാതെ വന്നുപോയതു കണ്ടു ദുഃഖം തോന്നിയിട്ടുമുണ്ട്. അവരെപ്പറ്റി കൂടുതൽ അറിഞ്ഞപ്പോഴാണു ജീവചരിത്രം എഴുതണമെന്ന ചിന്ത എനിക്കുണ്ടായത്. അക്കാര്യം പറഞ്ഞ് 2010 മുതൽ ഞാൻ പിന്നാലെ നടന്നു. അവർ വഴങ്ങിയില്ല. ആറു വർഷത്തെ നിരന്തരശ്രമത്തിനൊടുവിലാണ് സമ്മതം മൂളിയത്.

പുസ്തകത്തിന്റെ ഉള്ളടക്കത്തെപ്പറ്റി അവർ ഒട്ടേറെ വ്യവസ്ഥകൾ വച്ചു. പല വിവാദങ്ങളും ഒഴിവാക്കി. അല്ലെങ്കിൽ ദേശീയതലത്തിൽ ആ ജീവചരിത്രം വലിയ ചർച്ചയായേനെ. പക്ഷേ, അതിലൊന്നും ആനന്ദിക്കുന്നയാളായിരുന്നില്ല അവർ.

ജസ്റ്റിസ് വലിയ ദേഷ്യക്കാരിയാണെന്നായിരുന്നു പലരുടെയും ധാരണ. സത്യം അതല്ല. ചിട്ടകളിലും അച്ചടക്കത്തിലും വളരെ നിഷ്ഠയുള്ളയാളായിരുന്നു. മറ്റുള്ളവരും അങ്ങനെയാകണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ആ രീതി തെറ്റിദ്ധരിക്കപ്പെട്ടതാണ്. അഭിപ്രായ വ്യത്യാസമുള്ളവരെപ്പോലും ചേർത്തുപിടിക്കുകയും സഹായിക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും അവർ പുറത്തു പറഞ്ഞില്ലെന്നേയുള്ളൂ.

കഴിഞ്ഞ പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന കെ.ടി.ജലീൽ ഒരിക്കൽ ജസ്റ്റിസ് ഫാത്തിമ ബീവിയെ കാണാൻ പത്തനംതിട്ടയിലെ വീട്ടിലെത്തി. ഞാൻ അപ്പോൾ ജസ്റ്റിസുമായി ജീവചരിത്ര രചനയുടെ ചർച്ചയിലാണ്. മന്ത്രി വന്ന കാര്യം ആരോ അറിയിച്ചപ്പോൾ മറുപടി: ‘കാണാൻ പറ്റില്ല. ഇത് അഷറഫിനു കൊടുത്ത സമയമാണ്. പിന്നീടു വരട്ടെ’. ഞാൻ പറഞ്ഞു: മന്ത്രിയല്ലേ, തിരക്കുള്ളയാളല്ലേ. കാണണം. ഞാൻ മാറി നിൽക്കാം. ‘അഷറഫിനു കുഴപ്പമില്ലെങ്കിൽ  കാണാം’ എന്നു പറഞ്ഞ് അവർ മന്ത്രിയെ കാണാൻ സമ്മതിച്ചു.

ഉന്നതപദവികൾ വഹിച്ചയാളാണെങ്കിലും സാധാരണക്കാരിയായി ജീവിച്ചയാളാണ്. അത്തരം പദവിയിലിരുന്ന പലരും രാജ്യതലസ്ഥാനത്തോ തിരുവനന്തപുരത്തോ കൊച്ചിയിലോ സ്ഥിരതാമസമാക്കിയപ്പോൾ അവർ ജന്മനാടായ പത്തനംതിട്ടയിലേക്കു മടങ്ങി. പിതാവിന്റെ ഓർമകളുള്ള പത്തനംതിട്ടയിലെ അണ്ണാവീട് അവർക്കു പ്രിയപ്പെട്ട ഇടമായിരുന്നു.

ഡോ. കെ.ടി.അഷറഫ്
ഡോ. കെ.ടി.അഷറഫ്

നാലു മുതിർന്ന സുപ്രീം കോടതി ജഡ്ജിമാർ പത്രസമ്മേളനം നടത്തി ചീഫ് ജസ്റ്റിസിനെ വിമർശിച്ച സംഭവമുണ്ടായപ്പോൾ പല മാധ്യമങ്ങളും ജസ്റ്റിസ് ഫാത്തിമ ബീവിയോട് അഭിപ്രായം തേടിയതിനു ഞാൻ സാക്ഷിയായിരുന്നു. അവർ പ്രതികരിച്ചില്ല. അതെപ്പറ്റി അവരുടെ അഭിപ്രായം ഇതായിരുന്നു: ഞാൻ സുപ്രീം കോടതി ജഡ്ജിയായിരുന്നയാളാണ്. ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതു ശരിയല്ല. അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല. അതു പറഞ്ഞാലും ഗുണകരമായ മാറ്റമുണ്ടാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നില്ല.

എന്തെങ്കിലും ചെയ്താൽ അതു വാർത്തയാകണമെന്ന ചിന്തയേ അവർക്കില്ലായിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികൾക്കു മാപ്പു നൽകണമെന്ന് അഭ്യർഥിച്ച് അവർ സോണിയ ഗാന്ധിക്കു കത്തെഴുതിയിരുന്നു. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ കത്തിനെപ്പറ്റി ആരും അറിഞ്ഞില്ല. ആരെയും അറിയിക്കാനല്ല അവർ അതു ചെയ്തത്.

തമിഴ്നാട് ഗവർണറായിരുന്നപ്പോഴും ശേഷവും അവിടത്തെ ക്ഷേത്രങ്ങളും മറ്റും വഴി പാവങ്ങളെ സഹായിക്കാൻ ഒരുപാടു കാര്യങ്ങൾ ചെയ്തിട്ടുണ്ട്. അതൊന്നും പരസ്യപ്പെടുത്താൻ സമ്മതിച്ചിട്ടില്ല. സഹായത്തിനു നന്ദി പറഞ്ഞു ട്രസ്റ്റുകളും മറ്റും എഴുതിയ കത്തുകൾ ജീവചരിത്ര രചനയ്ക്കിടയിൽ ഞാൻ കണ്ടിരുന്നു. 

ഫാത്തിമ ബീവിയുടെ ഔദ്യോഗിക ജീവിതത്തിൽ വലിയ വിവാദമാകാവുന്ന ഒട്ടേറെ സംഭവങ്ങൾ‍ ഉണ്ടായിട്ടുണ്ടെന്നു സംഭാഷണങ്ങളിൽനിന്ന് എനിക്കു മനസ്സിലായി. പക്ഷേ, ഒന്നും ജീവചരിത്രത്തിൽ ചേർക്കാൻ അനുവദിച്ചില്ല. അതിന്റെയൊക്കെ പേരിൽ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ അവർക്കു താൽപര്യമില്ലായിരുന്നു.

ജസ്റ്റിസ് ഫാത്തിമ ബീവിയെന്ന പേരു കേൾക്കുമ്പോൾ തന്നെ വാചാലരാകുന്ന പല പ്രമുഖരെയും പുസ്തകരചനയ്ക്കിടയിൽ കണ്ടു. സി.എം.ഇബ്രാഹിം കേന്ദ്രമന്ത്രിയായിരിക്കുമ്പോഴാണ് ജസ്റ്റിസ് ഫാത്തിമ ബീവി തമിഴ്നാട് ഗവർണറായത്. ഇബ്രാഹിമിന്റെ ഭാര്യയാണ് ഫാത്തിമ ബീവിയെ ഗവർണറാക്കിക്കൂടേ എന്ന നിർദേശം ആദ്യം പറഞ്ഞതെന്നു കേട്ടിട്ടുണ്ട്. ജീവചരിത്രത്തിനു വേണ്ടിയുള്ള സംഭാഷണത്തിൽ ജസ്റ്റിസിനെപ്പറ്റിയുള്ള ഓർമകൾ  പറഞ്ഞ് ഇബ്രാഹിം കരഞ്ഞു. ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനുമായി സംസാരിക്കാൻ വിളിച്ചപ്പോൾ ഡൽഹിയിലെ മെട്രോ സ്റ്റേഷനിലേക്ക് അദ്ദേഹം കാർ അയച്ചു. ഒരു ദിവസം മുഴുവൻ അദ്ദേഹം ജസ്റ്റിസ് ഫാത്തിമ ബീവിയെപ്പറ്റി സംസാരിച്ചു. അവരുടെയൊക്കെ ആത്മബന്ധത്തിന്റെ ആഴം അതിലുണ്ടായിരുന്നു.

(ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവചരിത്രകാരനായ ലേഖകൻ വയനാട് മാതമംഗലം ഗവ.എച്ച്എസിൽ അധ്യാപകനാണ്)

English Summary:

Justice Fatima Beevi's personality trait

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com