ADVERTISEMENT

ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ സുരക്ഷിതരായി പുറത്തെത്തിച്ച സംഭവം നമുക്കൊക്കെ തന്ന ആശ്വാസം കുറച്ചൊന്നുമല്ല. തൊഴിലാളികൾക്കായി 17 നാൾ നീണ്ട രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷവും ശ്വാസമടക്കിപ്പിടിച്ചാണു മാധ്യമങ്ങളിലൂടെ നമ്മൾ അറിഞ്ഞുകൊണ്ടിരുന്നത്. 

ദൗത്യം വിജയിച്ചശേഷം ദൗത്യസംഘത്തിലെ ആളുകളെല്ലാം ചേർന്നു തുരങ്കത്തിനുള്ളിൽ ദേശീയപതാക വിടർത്തിപ്പിടിച്ചെടുത്ത ഇൗ ഫോട്ടോ നമ്മൾ പല മാധ്യമങ്ങളിലൂടെ ഇതിനകം കണ്ടിട്ടുണ്ടാകും. സമൂഹമാധ്യമങ്ങളും വെബ്സൈറ്റുകളും മാത്രമല്ല, ചില ദേശീയ വാർത്താ ഏജൻസികളും ദേശീയ, പ്രാദേശിക പത്രങ്ങളും പോലും (മനോരമയല്ല) ഇൗ ചിത്രം വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. 

മുൻ കേന്ദ്രമന്ത്രിയും ഒളിംപിക്സ് മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് റാത്തോഡ് അടക്കമുള്ള പ്രമുഖരും അല്ലാത്തവരും ഷെയർ ചെയ്തു. 

ആരെയും കുറ്റം പറയാനാകില്ല. കാരണം, ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടെയാണ് എല്ലാ തൊഴിലാളികളെയും രക്ഷപ്പെടുത്തി പുറത്തുകൊണ്ടുവരുന്നത്. അതോടെ, രാജ്യമാകെ ആഘോഷമൂഡിലേക്കു മാറി. ചിത്രങ്ങളും വിഡിയോകളും കിട്ടുന്ന മുറയ്ക്ക് എല്ലാവരും ഷെയർ ചെയ്തു. മതിയായ പരിശോധനയ്ക്കു സമയം മെനക്കെടുത്താതെ പല മാധ്യമങ്ങളും അവയെടുത്ത് ഉപയോഗിക്കുകയും ചെയ്തു. 

എന്താണ് ഇൗ ചിത്രത്തിന്റെ കുഴപ്പം എന്നല്ലേ? അൽപനേരം ഇൗ ചിത്രത്തിലേക്കു സൂക്ഷിച്ചൊന്നു നോക്കിയിരുന്നെങ്കിൽ അതു പിടികിട്ടുമായിരുന്നു. യഥാർഥത്തിലുള്ള ചിത്രമല്ല ഇത്. പലവട്ടം ഇൗ പംക്തിയിൽ പരാമർശിച്ചിട്ടുള്ള നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) ഉപയോഗിച്ചു തയാറാക്കിയ സാങ്കൽപിക ചിത്രമാണ്. അതു കണ്ടെത്താനുള്ള സൂചനകൾ ചിത്രത്തിൽ തന്നെയുണ്ട്. 

പിൻനിരയിലെ രണ്ടുപേർ ഉയർത്തിപ്പിടിച്ചിട്ടുള്ള കയ്യിലെ വിരലുകൾ മടക്കിയിരിക്കുന്നതു ശ്രദ്ധിക്കുക. അതിൽ കൃത്രിമത്വം പെട്ടെന്നു തിരിച്ചറിയാനാകും. പതാക പിടിച്ചിട്ടുള്ളയാളുടെ കൈവിരലുകളിലും ഇതേ പ്രശ്നമുണ്ട്. ആളുകളുടെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കിയാലും അസ്വാഭാവികത കാണാം. 

ഇനി ആരാണിതു സൃഷ്ടിച്ചതെന്ന കാര്യം. അതു കണ്ടുപിടിക്കുക ഒട്ടും ശ്രമകരമായ കാര്യമല്ല. ഇന്റർനെറ്റിൽ വാക്കുകൾ ഉപയോഗിച്ചു സേർച് ചെയ്യുന്നതുപോലെ ചിത്രങ്ങൾ ഉപയോഗിച്ചും സേർച് ചെയ്യാം. റിവേഴ്സ് ഇമേജ് സേർച് എന്നാണ് ഇതിനു പറയുക. 

നമുക്കു സംശയമുള്ള ഇൗ ചിത്രം റിവേഴ്സ് ഇമേജ് സേർച് ചെയ്യുമ്പോൾ, ഇൗ ചിത്രം മുൻപ് ഇന്റർനെറ്റിൽ എവിടെയെങ്കിലും വന്നിട്ടുണ്ടെങ്കിൽ അതു കണ്ടെത്താൻ കഴിയും. അങ്ങനെ അന്വേഷിക്കുമ്പോൾ, പലരെയും കബളിപ്പിച്ച തുരങ്കചിത്രം ആദ്യം പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം പേജ്, എക്സ് (പഴയ ട്വിറ്റർ) അക്കൗണ്ട് എന്നിവയിലേക്കെത്തും. Exclusive minds എന്നാണ് ഇൻസ്റ്റയിലും എക്സിലും ഇൗ അക്കൗണ്ടിന്റെ പേര്. തങ്ങൾ തയാറാക്കിയ എഐ ചിത്രമാണ് വൈറലായതെന്ന് അവർ അവിടെ പറഞ്ഞിട്ടുമുണ്ട്. 

ഉത്തരകാശി തുരങ്കത്തിൽനിന്നു തന്നെയുള്ള വേറെയും എഐ ചിത്രങ്ങൾ അവരുടെ അക്കൗണ്ടുകളിലുണ്ടുതാനും. ഇതൊന്നും അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെയാണ് മാധ്യമങ്ങളും സമൂഹമാധ്യമ അക്കൗണ്ടുകളും യഥാർഥ ചിത്രമെന്ന നിലയിൽ ഇതു പ്രസിദ്ധീകരിച്ചത്. 

എഐ ചിത്രങ്ങൾ അബദ്ധത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ വരുന്നത് ആദ്യമായല്ല. സമീപകാലത്തുതന്നെ, തിരുവനന്തപുരം ബീച്ചിൽനിന്നുള്ള രജനീകാന്തിന്റെ എഐ ചിത്രം പല മാധ്യമങ്ങളിലും (മനോരമയിലല്ല) പ്രസിദ്ധീകരിച്ചത് ഇൗ പംക്തിയിലും സൂചിപ്പിച്ചിരുന്നല്ലോ. 

രജനീകാന്തിന്റെയോ ടണൽ രക്ഷാദൗത്യവിജയാഘോഷത്തിന്റെയോ സാങ്കൽപികചിത്രങ്ങൾ പ്രചരിക്കുന്നത് വലിയ അപകടമൊന്നുമുണ്ടാക്കുന്നില്ലെന്നു നമുക്കു പറയാമെങ്കിലും എപ്പോഴും അങ്ങനെ സമാധാനിക്കാനാകില്ലെന്നതാണു സത്യം . അതിന്റെ നേരനുഭവം തേടി അധികമൊന്നും പോകേണ്ടതില്ല.  ലോകത്തെ ഇപ്പോഴത്തെ ഏറ്റവും വലിയ രണ്ടു സംഘർഷഭൂമികളിൽനിന്നും (യുക്രെയ്ൻ, ഗാസ) എണ്ണമറ്റ എഐ നിർമിത സാങ്കൽപികചിത്രങ്ങളാണു പ്രചരിക്കുന്നത്. അവയുണ്ടാക്കാവുന്ന അപകടങ്ങളെക്കുറിച്ചു പ്രത്യേകം പറയേണ്ടതില്ലല്ലോ.

English Summary:

Photos of rescued workers with National Flag is AI generated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com