ADVERTISEMENT

ലക്ഷദ്വീപാണല്ലോ ഇപ്പോൾ ചർച്ചകളിലാകെ. പ്രധാനമന്ത്രിയുടെ ദ്വീപ് സന്ദർശനത്തോടെയായിരുന്നു തുടക്കം. അവിടത്തെ ബീച്ചിലും ക‍ടലിലുംനിന്നുള്ള പടങ്ങൾ നരേന്ദ്ര മോദി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു പിന്നാലെ മാലദ്വീപിലെ ചില മന്ത്രിമാർ നടത്തിയ പ്രതികരണം വൻവിവാദമായി. മോശം പരാമർശം നടത്തിയ മൂന്നു മന്ത്രിമാരെ മാലദ്വീപ് പ്രധാനമന്ത്രി പുറത്താക്കി. 

ഇതോടെ, മാലദ്വീപിലേക്കുള്ള യാത്രകൾ ഒഴിവാക്കി പകരം ലക്ഷദ്വീപിലേക്കു പോകൂ എന്നാഹ്വാനം ചെയ്യുന്ന വൻ സമൂഹമാധ്യമ ക്യാംപെയ്ൻ ഇന്ത്യയിൽ തുടങ്ങി. മന്ത്രിമാരും രാഷ്ട്രീയക്കാരും സിനിമാ– കായികതാരങ്ങളുമെല്ലാം ലക്ഷദ്വീപ് അനുകൂല പോസ്റ്റുകളുമായി ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നിറഞ്ഞു. ഇക്കൂട്ടത്തിൽ പക്ഷേ, പലർക്കും ചില അബദ്ധങ്ങളും പിണഞ്ഞു. ലക്ഷക്കണക്കിനുപേർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന താരങ്ങൾക്കു പറ്റുന്ന അബദ്ധവും നിമിഷനേരംകൊണ്ടു വൈറലാകുമല്ലോ. അതുതന്നെ സംഭവിച്ചു! 

കേന്ദ്രമന്ത്രി കിരൺ റിജിജു ലക്ഷദ്വീപിന്റെ എന്ന സൂചനയോടെ എക്സിൽ പോസ്റ്റ് ചെയ്ത രണ്ടു ചിത്രങ്ങളും അവിടെനിന്നുള്ളതായിരുന്നില്ല! ഏറ്റവും രസകരമായ കാര്യം മന്ത്രി പങ്കുവച്ച ഒരുചിത്രം മാലദ്വീപിലേതായിരുന്നുവെന്നതാണ്! രണ്ടാമത്തേത്, ഫ്രാൻസിന്റെ ഭാഗമായ ഫ്രഞ്ച് പോളനേഷ്യയിലെ പ്രശസ്തമായ ബോറാ ബോറ ദ്വീപിൽനിന്നുള്ളതും.  ഇതിനു തൊട്ടുമുൻപാണ്, ബോളിവുഡിലെ സൂപ്പർതാരം രൺവീർ സിങ്, ‘ഈ വർഷം നമുക്ക് ഇന്ത്യയെ അറിയാം’ എന്ന കുറിപ്പോടെ എക്സിൽ മനോഹരമായ ചിത്രം പോസ്റ്റ് ചെയ്തത്. റിജിജുവിനുണ്ടായ അബദ്ധം തന്നെയാണ് രൺവീറിനും സംഭവിച്ചത്. ചിത്രം മാലദ്വീപിലേത്! 

എങ്ങനെയാണ് പ്രമുഖരായ ഈ വ്യക്തികൾക്കുപോലും ഇത്തരത്തിൽ അബദ്ധം പിണഞ്ഞത്? അങ്ങനെയെങ്കിൽ, സാധാരണക്കാരായ നമ്മളൊക്കെ ഷെയർ ചെയ്യുന്ന ചിത്രങ്ങളിൽ എത്രയെണ്ണം മാറിപ്പോയിട്ടുണ്ടാകും! ഈ അബദ്ധം മനഃപൂർവമല്ലെന്നുറപ്പാണല്ലോ. കടലും കടൽത്തീരവും കാഴ്ചകളുമെല്ലാം ലോകത്തിന്റെ പല ഭാഗങ്ങളിലും മിക്കപ്പോഴും ഒരുപോലെയായിരിക്കും. കേരളത്തിലെയും ലക്ഷദ്വീപിലെയും മാലദ്വീപിലെയും ശ്രീലങ്കയിലെയുമൊക്കെ കടൽപ്രദേശങ്ങൾ തമ്മിലുള്ള വ്യത്യാസം ഒറ്റനോട്ടത്തിൽ പലർക്കും തിരിച്ചറിയാൻ കഴിഞ്ഞെന്നു വരില്ല.

റിജിജുവും രൺവീറും ഇന്ത്യയിലേതെന്നു തെറ്റിദ്ധരിച്ചു പോസ്റ്റ് ചെയ്ത മൂന്നു ചിത്രങ്ങളും വർഷങ്ങളായി ഇന്റർനെറ്റിൽ ലഭ്യമാണ്. ഗെറ്റി ഇമേജസ്, ഷട്ടർസ്റ്റോക്ക്, അലാമി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചിത്രങ്ങൾ വിൽപനയ്ക്കു വയ്ക്കുന്ന ഒട്ടേറെ വെബ്സൈറ്റുകളുണ്ട്. സ്വന്തം ഫൊട്ടോഗ്രഫർമാരെടുത്തതും മറ്റു ഫൊട്ടോഗ്രഫർമാരിൽനിന്നു വാങ്ങിയതുമായ ചിത്രങ്ങൾ ഇത്തരം സൈറ്റുകൾ ആവശ്യക്കാർക്കു വിൽക്കും. ഉദാഹരണത്തിന്, ബോറാ ബോറയെക്കുറിച്ച് ഒരു വാർത്ത പ്രസിദ്ധീകരിക്കുമ്പോൾ അതിനൊപ്പം നൽകാൻ അവിടത്തെ പടം വേണമെങ്കിൽ ഈ സൈറ്റുകളെ സമീപിച്ചു പണം നൽകി വാങ്ങാം. മിക്ക മാധ്യമസ്ഥാപനങ്ങളും വലിയ പരസ്യ ഏജൻസികളുമൊക്കെ ഇത്തരം ഏജൻസികളുമായി കരാറിലുമേർപ്പെടാറുമുണ്ട്. ടൂറിസവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പലരും ശേഖരിക്കുന്നത് ഇങ്ങനെയാണ്. ഇത്തരം സൈറ്റുകളിൽനിന്ന് ആരോ വാങ്ങി തെറ്റായ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഷെയർ ചെയ്തുചെയ്ത് മറ്റിടങ്ങളിലേതെന്ന പേരിൽ പ്രചരിക്കുന്നത്!  

മുകളിൽ പറഞ്ഞത് നിർദോഷമായ അബദ്ധമാണെങ്കിൽ, മാലദ്വീപുമായി ബന്ധപ്പെട്ടു വ്യാപകമായ വിദ്വേഷ പ്രചാരണവും സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിലുണ്ടായി. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയോടു മാപ്പുപറഞ്ഞെന്നുള്ള വ്യാജ എക്സ് പോസ്റ്റ് മുതൽ മറ്റു രാജ്യങ്ങളിലുണ്ടായ പല കുറ്റകൃത്യങ്ങളുടെയും ദൃശ്യങ്ങൾ മാലദ്വീപിലേതാണെന്നു പറഞ്ഞുള്ള പ്രചാരണംവരെ ഇക്കൂട്ടത്തിലുണ്ട്. വിവാദങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ അവയുടെ ഉപോൽപന്നമായി ഇത്തരം വ്യാജ–വിദ്വേഷപ്രചാരണം പതിവാണ്. കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കുക എന്നതാണ് ഇത്തരം പ്രവൃത്തികളുടെ ലക്ഷ്യം. 

ഈ റഫീക്ക് അഹമ്മദല്ല ആ റഫീക്ക് അഹമ്മദ് 

നമ്മുടെ പ്രിയ കവി റഫീക്ക് അഹമ്മദിന്റെ പേരിൽ ഒരു കുറിപ്പ് സമൂഹമാധ്യമങ്ങളിലൂടെ കറങ്ങാൻ തുടങ്ങിയിട്ടു വർഷം കുറച്ചായി. ‘‘ബിജെപിയെ അധികാരത്തിൽ എത്തിക്കാൻ സഹായിച്ചത്’ എന്നു തുടങ്ങുന്നതാണു പോസ്റ്റ്. ‘ചിതറിക്കിടന്ന ഹൈന്ദവരുടെ വോട്ട് ഏകീകരിക്കാൻ കാരണം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളാണ്’ എന്നാണു പോസ്റ്റിൽ വിശദീകരിക്കുന്നത്. 

റഫീക്ക് അഹമ്മദ്
റഫീക്ക് അഹമ്മദ്

ഈ പോസ്റ്റിനെക്കുറിച്ചു കവി ‘ഇത് എന്റേതല്ല’ എന്നു മുൻപേ വിശദീകരിച്ചതാണെങ്കിലും ഇപ്പോഴും പ്രചരിക്കുന്നു.  കഴിഞ്ഞ ദിവസവും ഫെയ്സ്ബുക് ഗ്രൂപ്പുകളിൽ ‘വൈറൽ ആയ റഫീക്ക് അഹമ്മദിന്റെ പോസ്റ്റ്...’ എന്ന വിശദീകരണത്തോടെ ഇതു വന്നു. 

കവി റഫീക്ക് അഹമ്മദ് ഇതെക്കുറിച്ച് പറയുന്നു: ‘‘മൂന്നു നാലു വർഷമായി  കറങ്ങി നടക്കുന്ന പോസ്റ്റാണിത്. ഇതു സംബന്ധിച്ചു പലരും ചോദിച്ചു. അന്വേഷിച്ചപ്പോൾ മനസ്സിലായത് ഇതു റഫീക്ക് അഹമ്മദ് എഴുതിയതു തന്നെയാണെന്നാണ്.  ഒരുപാട് റഫീക്ക് അഹമ്മദുമാർ ലോകത്തുണ്ടാവാം. അതുകൊണ്ടു പരാതിക്കു പ്രസക്തിയില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറഞ്ഞു തുലയുന്നത് കവിതയും പാട്ടും എഴുതി കഴിഞ്ഞുകൂടുന്ന വിനീതനായ ഈ റഫീക്ക് അഹമ്മദാകുന്നു. ഇതു ഷെയർ ചെയ്യുന്ന അത്യുത്സാഹികൾ ഒരുപടി കടന്ന് ‘കവി റഫീക്ക് അഹമ്മദിന്റെ പോസ്റ്റ്’ എന്ന ഡെക്കറേഷനും കൊടുക്കുന്നു. ഇതെഴുതിയ ആൾ തന്റെ ഐഡന്റിറ്റി കുറച്ചുകൂടി വ്യക്തമാവുന്ന വിധം പേരെഴുതിയിരുന്നെങ്കിൽ ഈ വല്ലാത്ത പൊല്ലാപ്പിൽനിന്നു രക്ഷപ്പെടാമായിരുന്നു. ഏതായാലും കാലവർഷം വരുന്നതുപോലെ ഏറക്കുറെ കൃത്യമായി മൂന്നു നാലു കൊല്ലമായി ഇതു തുടരുന്നു. തൽപരകക്ഷികൾ പറത്തിവിടുകയും ചെയ്യുന്നു.’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com