ADVERTISEMENT

പദ്ധതികളുടെ എസ്റ്റിമേറ്റ് തുക വൻതോതിൽ ഉയർത്തിക്കാണിച്ച് കരാർ നൽകി അഴിമതി നടത്തുന്നതിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ മുന്നറിയിപ്പു നൽകിയിട്ട് അധികനാളായില്ല. കൊച്ചി ജലവിതരണപദ്ധതിയിൽ എസ്റ്റിമേറ്റ് തുക ഉൗതിപ്പെരുപ്പിച്ചെന്നു മാത്രമല്ല, 16% അധിക തുകയ്ക്കു കരാർ നൽകാനും നീക്കം. 

ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളംചോർന്ന് ഖജനാവിനു തുക നഷ്ടമാകുന്നതു തടയാൻ എഡിബി സഹായത്തോടെയുള്ള പദ്ധതി പണിപ്പുരയിലാണ്. എന്നാൽ, ഇതിന്റെ കൺസൽറ്റൻസി മുതൽ കരാർ വരെ ഖജനാവിന്റെ വലിയ ചോർച്ചയ്ക്ക് ഇടവരുത്തുന്നതാണെന്നാണ് ആരോപണം. 

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ജല അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ പകുതിയോളം പൈപ്പ് പൊട്ടിയും മീറ്ററുകൾ കേടായും നഷ്ടപ്പെടുന്നെന്നാണു കണ്ടെത്തൽ. ജലഅതോറിറ്റിയിൽ ഇതിനു കൃത്യമായ കണക്കില്ലെങ്കിലും എഡിബി പഠനം നടത്തി കണ്ടെത്തിയത് ഇതുവഴി 51% വരുമാന നഷ്ടമെന്നാണ്. 

ഇൗ നഷ്ടം കുറച്ച് ദേശീയ ശരാശരിയായ 20 ശതമാനത്തിലേക്ക് എത്തിക്കുക, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ ദിവസം മുഴുവനും വെള്ളമെത്തിക്കുക, സ്മാർട്ട് മീറ്റർ സ്ഥാപിക്കുക എന്നിവയാണ് എഡിബി പദ്ധതിയുടെ ലക്ഷ്യം. എസ്റ്റിമേറ്റ് തയാറാക്കിയത് എഡിബി തന്നെ നിയോഗിച്ച ഏജൻസിയായിരുന്നു.

2019ൽ വിഭാവനം ചെയ്ത പദ്ധതിയിൽനിന്നു പിന്നീടു തിരുവനന്തപുരത്തെ ഒഴിവാക്കി. കൊച്ചിയിൽ മാത്രമായി നടപ്പാക്കുന്ന പദ്ധതിയുടെ എസ്റ്റിമേറ്റ് തുക ജലഅതോറിറ്റി ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിക്കുന്നു. പദ്ധതിയിൽ ക്രമക്കേടിനു സാധ്യതയുണ്ടെന്നു സിപിഎം അനുകൂല ജീവനക്കാരുടെ സംഘടന മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. എസ്റ്റിമേറ്റിലുള്ള ക്രമക്കേടുകളും അധികച്ചെലവുകളും ചൂണ്ടിക്കാട്ടി അവർ ജലവിഭവമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. എഡിബിയുടെ വായ്പ നഷ്ടപ്പെടാതിരിക്കാനെന്ന ന്യായം പറഞ്ഞ്, എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തി തിടുക്കത്തിൽ ഒരു കമ്പനിയുമായി കരാറിലേക്കു പോകുകയാണെന്നാണ് ആക്ഷേപം. 

മണ്ണിനടിയിലെ പൈപ്പും പുതിയ എസ്റ്റിമേറ്റിൽ

സർക്കാരിന്റെ അംഗീകൃത നിരക്കുകളിൽ എസ്റ്റിമേറ്റ് തയാറാക്കിയാൽ 700 കോടിക്കു തീരേണ്ട പദ്ധതിക്ക് 800 കോടി കണക്കാക്കിയാണ് കരാറിന് ഒരുങ്ങുന്നത്. പൈപ്പുകൾ സ്ഥാപിക്കുന്നതിന് എടുക്കുന്ന കുഴികളുടെ വീതിയും തിരികെ ഇടേണ്ട മണ്ണിന്റെ കണക്കുമൊക്കെ ഇരട്ടിയിലധികമാണ് എസ്റ്റിമേറ്റിലെന്ന് ജലഅതോറിറ്റി എൻജിനീയർമാർ ആരോപിക്കുന്നു. നടത്തിപ്പിലും പരിപാലനത്തിലും ഇരട്ടിത്തുകയാണ് പലതിനും കണക്കാക്കിയിട്ടുള്ളത്. 2019ൽ പദ്ധതി രൂപരേഖ തയാറാക്കിയശേഷം പദ്ധതിമേഖലയിൽ പലയിടത്തും നബാർഡ്, സ്റ്റേറ്റ് പ്ലാൻ, കിഫ്ബി, സ്മാർട്സിറ്റി തുടങ്ങിയ പദ്ധതികളിലൂടെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. ഈ ഭാഗങ്ങളെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയാൽ എസ്റ്റിമേറ്റ് 500 കോടിക്കപ്പുറം പോകില്ലെന്നാണ് ജലഅതോറിറ്റിയിലെ വിദഗ്ധരുടെ അഭിപ്രായം. 

കൺസൽറ്റന്റ് മുതൽ ‘സ്വന്തക്കാർ’

ജപ്പാൻ ശുദ്ധജല പദ്ധതിപ്രകാരം ചേർത്തലയിൽ ഗുണനിലവാരമില്ലാത്ത പൈപ്പ് സ്ഥാപിച്ചതിലും പദ്ധതി നടത്തിപ്പിലും ക്രമക്കേടു കണ്ടെത്തിയിരുന്നു. പൊട്ടിയവയ്ക്കു പകരം പൈപ്പിടാൻ 29 കോടി അധികം ചെലവാക്കേണ്ടിവന്നു. ജലഅതോറിറ്റിക്കുണ്ടായ നഷ്ടം കൺസൽറ്റന്റിന്റെയും കരാറുകാരുടെയും കയ്യിൽനിന്നു തിരിച്ചുപിടിക്കണമെന്നായിരുന്നു കേസ് അന്വേഷിച്ച വിജിലൻസ് നിർദേശിച്ചത്.  

ഇപ്പോൾ എഡിബി പദ്ധതിയിലും അതേ കൺസോർഷ്യത്തിനുതന്നെ കൺസൽറ്റൻസി കരാർ നൽകാനാണു കളമൊരുങ്ങുന്നത്.  ഇവർക്കെതിരെയുള്ള കണ്ടെത്തലുകൾ നിരത്തി ജല അതോറിറ്റി ചീഫ് എൻജിനീയർ എംഡിക്കു റിപ്പോർട്ട് നൽകി. എന്നിട്ടും 30 കോടിയുടെ കരാർ അവർക്കുതന്നെ നൽകാനാണു നീക്കം. 

1207 കോടിയുടെ തിരുവനന്തപുരം പദ്ധതിയുടെയും 844 കോടിയുടെ കൊച്ചി പദ്ധതിയുടെയും നടത്തിപ്പിനായിരുന്നു ആദ്യം കൺസൽറ്റൻസി കരാർ വിളിച്ചത്. പിന്നീടാണ് തിരുവനന്തപുരത്തെ പദ്ധതിയിൽനിന്ന് ഒഴിവാക്കിയത്. പ്രവൃത്തികളുടെ സ്വഭാവം ഗണ്യമായി മാറിയാൽ പുതിയ കൺസൽറ്റൻസി കരാർ വിളിക്കണമെന്നാണ് വ്യവസ്ഥ. ഇതു ചീഫ് എൻജിനീയർ ചൂണ്ടിക്കാട്ടിയെങ്കിലും പരിഗണിച്ചില്ല. 

ടെ‍ൻഡർ ഭദ്രമാക്കും; മറ്റു കമ്പനികൾ കടക്കാതെ 

കൊച്ചി പദ്ധതിയുടെ എസ്റ്റിമേറ്റ് ഉൗതിപ്പെരുപ്പിച്ചതാണെന്നു ഭരണപക്ഷ ഓഫിസർമാരുടെ സംഘടനതന്നെ ആരോപിക്കുമ്പോഴാണു ടെൻഡറിലും ക്രമക്കേടിനു നീക്കം നടന്നത്. രാജ്യാന്തരതലത്തിൽ വൻകിട ജോലികൾ ചെയ്യുന്ന പല കമ്പനികൾക്കും പങ്കെടുക്കാൻ കഴിയാത്ത തരത്തിൽ പ്രത്യേക മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയാണ് ടെൻഡർ വിളിച്ചത്. ഉത്തരേന്ത്യൻ കമ്പനിക്കു കരാർ കിട്ടാനാണു ‘പ്രത്യേക’ നിബന്ധനകൾ ചേർത്തതെന്നാണ് ആരോപണം. ടെൻഡറിൽ കുറഞ്ഞത് 2 കമ്പനികളെങ്കിലും പങ്കെടുക്കണം എന്നതിനാൽ മറ്റൊരു ചെറിയ കമ്പനിയും പങ്കെടുത്തു. ഇതും ‘അഡ്ജസ്റ്റ്മെന്റ്’ ആണെന്ന് ആരോപണം ഉയർന്നു. 

ഒരു പ്രവൃത്തിക്കു കരാർ വയ്ക്കണമെങ്കിൽ മൂന്നു കാര്യങ്ങളാണ് പരിഗണിക്കേണ്ടത്.  

1) കരാറുകാർ ക്വോട്ട് ചെയ്ത തുക, 2) എസ്റ്റിമേറ്റ് തുകയിൽനിന്ന് പരമാവധി 10% അധിക തുക, 3) ലോക്കൽ മാർക്കറ്റ് നിരക്ക് (എൽഎംആർ). ഇവയിൽ ഏതാണോ ഏറ്റവും കുറ‍ഞ്ഞത് ആ തുകയ്ക്കു കരാർ ഉറപ്പിക്കാം. പത്തു ശതമാനത്തിലും അധികമാണ് കരാറുകാർ ക്വോട്ട് ചെയ്ത നിരക്കെങ്കിൽ വീണ്ടും കരാർ വിളിക്കണമെന്നാണ് വ്യവസ്ഥ. കൊച്ചിയിലെ കരാറിൽ മൂന്നു മാനദണ്ഡങ്ങളും പാലിച്ചില്ല. കരാറുകാർ ക്വോട്ട് ചെയ്തത് 24% അധികം തുകയാണ്. 

ഇൗ തുകവ്യത്യാസം ചർച്ചയായപ്പോൾ ഉത്തരേന്ത്യൻ കമ്പനിക്കു തന്നെ കരാർ നൽകാനുള്ള നീക്കത്തിന്റെ ഭാഗമായി അധിക തുക 16 ശതമാനമായി കുറയ്ക്കാൻ ധാരണയുണ്ടാക്കി. ലോക്കൽ മാർക്കറ്റ് നിരക്കിലാണ് കരാറെന്നു വരുത്താനായിരുന്നു ശ്രമം. എന്നാൽ ടെൻഡർ തുറന്ന ദിവസത്തെ ലോക്കൽ മാർക്കറ്റ് നിരക്കാണ് ഇക്കാര്യത്തിൽ മാനദണ്ഡം. ടെൻഡർ തുറന്നത് ആറുമാസം മുൻപ്. കരാർ നൽകാൻ പോകുന്നത് ഇപ്പോഴത്തെ ഉയർന്ന നിരക്കുവച്ചാണെന്നും ഓഫിസർമാർ ആരോപിക്കുന്നു. 

ഫയൽ വിടുക, തീരുമാനം മുകളിലെടുക്കും

കരാർ പരിശോധിച്ച് അന്തിമറിപ്പോർട്ട് നൽകുന്ന ടെക്നിക്കൽ എക്സ്പർട്ട് കമ്മിറ്റിയുടെ റിപ്പോർട്ട് മറികടന്നാണ് കരാറിൽ സർക്കാർ തീരുമാനമെടുക്കാൻ പോകുന്നതെന്നാണ് ഉദ്യോഗസ്ഥ സംഘടനയുടെ ആരോപണം. കരാറിൽ അന്തിമ തീരുമാനമെടുക്കേണ്ട ചീഫ് സെക്രട്ടറിതല സമിതിക്കു മുൻപാകെ എക്സ്പർട്ട് കമ്മിറ്റി റിപ്പോർട്ട് എത്തിക്കേണ്ടെന്നാണ് ഇപ്പോൾ തീരുമാനമെന്നും ഇൗ നീക്കം സുതാര്യമല്ലെന്നും ഭരണപക്ഷ സംഘടനയായ ഓൾ കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. ജലഅതോറിറ്റി നിയമപ്രകാരം ചീഫ് എൻജിനീയർ തസ്തികയിൽ ജോലി നോക്കുന്നയാളെ മാത്രമേ ജല അതോറിറ്റിയിൽ ടെക്നിക്കൽ മെംബറായി വയ്ക്കാൻ പാടുള്ളൂ. ഇതിനു വിരുദ്ധമായി, വിരമിച്ചയാൾക്കു കരാർ നിയമനം നൽകിയാണ് ഈ നീക്കങ്ങളെല്ലാം നടത്തിയത്. പിന്നീട്, ടെക്നിക്കൽ മെംബറായി മറ്റൊരു ചീഫ് എൻജിനീയറെ നിയോഗിക്കുകയും ചെയ്തു. 

ആശങ്കകൾ പലതാണ്

വാട്ടർ അതോറിറ്റിയിലെ ഭരണാനുകൂല സംഘടനകൾ കരാറുമായി ബന്ധപ്പെട്ടു മുന്നോട്ടുവയ്ക്കുന്ന ആശങ്കകൾ. 

1. ജലനഷ്ടം സംബന്ധിച്ചു വാട്ടർ അതോറിറ്റിയിൽ പഠനങ്ങളില്ല. 51% ജലനഷ്ടമെന്ന എഡിബിയുടെ കണക്കു യാഥാർഥ്യബോധത്തോടെ ഉള്ളതല്ല.

2. ഈ പ്രവൃത്തിക്കു കരാറുകാർ ക്വോട്ട് ചെയ്യുന്ന ആകെ തുകയുടെ 40 ശതമാനമെങ്കിലും തുടർപരിപാലനത്തിനായിരിക്കണമെന്നും അല്ലാത്തപക്ഷം ടെൻഡർ തള്ളിക്കളയുമെന്നും ടെൻഡർ നോട്ടിസിൽ വ്യവസ്ഥയുണ്ടായിരുന്നു. തുടർപരിപാലനത്തിനു കുറഞ്ഞ തുക ക്വോട്ട് ചെയ്യുകയാണെങ്കിൽ ടെൻഡർ തള്ളിക്കളയില്ല, പകരം പെർഫോമൻസ് ഗാരന്റി നൽകിയാൽ മതിയെന്നു മാത്രമാക്കി വ്യവസ്ഥ ഭേദഗതി ചെയ്തു.

3. ഇപ്പോഴത്തെ ടെൻഡറിൽ കമ്പനി തുടർപരിപാലനത്തിനായി 294.44 കോടി രൂപയാണ് ക്വോട്ട് ചെയ്തിരിക്കുന്നത്. ഇത് ആകെ ക്വോട്ട് ചെയ്ത തുകയുടെ 30% മാത്രമാണ്. 

4 പരിപാലനം ഉൾപ്പെടെ പത്തുവർഷം നീളുന്ന പദ്ധതിയിൽ ‘പ്രൈസ് എസ്കലേഷൻ’ വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത്, കരാർ കാലയളവിൽ നിർമാണ വസ്തുക്കളിലുണ്ടാകുന്ന വിലവ്യത്യാസം അനുസരിച്ചു ക്വോട്ട് ചെയ്ത തുക മാറിക്കൊണ്ടിരിക്കും. അതിനാൽ, കരാറുകാരൻ ക്വോട്ട് ചെയ്ത തുകയെക്കാൾ വലിയ തുക നൽകേണ്ടിവരും. അവസാനത്തെ 3 വർഷം എഡിബി വായ്പ ഉണ്ടാകില്ല. ആ സമയത്തു പരിപാലനത്തിനുള്ള തുക പൂർണമായും വാട്ടർ അതോറിറ്റി വഹിക്കേണ്ടിവരും. ഭാരിച്ച ബാധ്യതയാണ് ഇതുവഴി ഉണ്ടാകുകയെന്നും ഉദ്യോഗസ്ഥർ പറയുന്നു.

നാളെ: ജലജീവനിൽ തലതിരിഞ്ഞ മിഷൻ

English Summary:

Corruption in contract for ADB assisted Kochi water supply project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com