മരങ്ങാട്ടുപിള്ളിയിലെ വീടും ചിരട്ട മൈക്കിലെ പ്രസംഗവും

km-mani-house-old-pic
മരങ്ങാട്ടുപിള്ളിയിലെ കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കൽ തറവാട് വീടിന്റെ പഴയ ചിത്രം.
SHARE

കുറവിലങ്ങാട് ∙ ‘റബർ പാൽ എടുക്കുന്ന ചിരട്ടയുടെ വായ്ഭാഗം ചിരട്ടപ്പാൽ കൊണ്ടു വലിച്ചുകെട്ടിവയ്ക്കും. ആ ചിരട്ട വീട്ടിലെ പേരയുടെ കൊമ്പിൽ കെട്ടിവയ്ക്കും. മൈക്കാണതെന്നു കരുതിയാണു പ്രസംഗം’ – സ്കൂളിൽ പഠിക്കുമ്പോൾ പ്രസംഗിക്കാൻ പഠിച്ച കഥ കെ.എം. മാണി ഓർത്തെടുത്തത് ഇങ്ങനെയായിരുന്നു.

മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ തൊമ്മൻ മാണി – ഏലിയാമ്മ ദമ്പതികളുടെ മകൻ പ്രസംഗിച്ചും പ്രവർത്തിച്ചും വളർന്നു തലയെടുപ്പുള്ള നേതാവായി മാറിയെങ്കിലും ജന്മനാട് ഒരിക്കലും മനസ്സിൽനിന്നു മാഞ്ഞിരുന്നില്ല. മരങ്ങാട്ടുപിള്ളി – കടപ്ലാമറ്റം റോഡിലെ പഴയ കരിങ്ങോഴയ്ക്കൽ വീട് ഇപ്പോഴില്ല. പുതുക്കിപ്പണിതു. മാണിയുടെ സഹോദര പുത്രൻ തോമസുകുട്ടിയാണ് ഇവിടെ താമസം.

പാലായിലേക്കു താമസം മാറിയിട്ടും മരങ്ങാട്ടുപിള്ളി വഴി പോയാൽ മാണി ജന്മവീട്ടിൽ കയറുമായിരുന്നു. ദശാബ്ദങ്ങളോളം പാലാ നിയോജകമണ്ഡലത്തിന്റെ ഭാഗമായിരുന്നു മരങ്ങാട്ടുപിള്ളി പഞ്ചായത്ത്. ഏതാനും വർഷം മുൻപു കടുത്തുരുത്തിയുടെ ഭാഗമായി. എങ്കിലും മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ പ്രധാനപ്പെട്ട ഏതു ചടങ്ങിനും മാണിയുടെ സാന്നിധ്യം നിർബന്ധമായിരുന്നു. 

ഒന്നാം വീട് കരിങ്ങോഴയ്ക്കൽ വീട്

km-mani-house
പാലായിലെ കെ.എം. മാണിയുടെ കരിങ്ങോഴയ്ക്കൽ വീട്.

മരങ്ങാട്ടുപിള്ളി കരിങ്ങോഴയ്ക്കൽ കെ.എം. മാണി 1965 ലാണു പാലായിലേക്കു താമസം മാറുന്നത്. 1965ലെ തിരഞ്ഞെടുപ്പു വരെ മരങ്ങാട്ടുപിള്ളിയിൽ നിന്നാണു പാലായിലെത്തി മടങ്ങിയിരുന്നത്. പ്രവർത്തനം പാലായിലേക്കു മാറ്റിയതോടെ താമസവും മാറ്റി. 1965ൽ കൊട്ടാരമറ്റത്തിനു സമീപം കുറിച്ചിയേൽ കെ.എം. മാത്യുവിന്റെ (കുഞ്ഞാപ്പൻ) പക്കൽ നിന്ന് 1.65 ഏക്കർ സ്ഥലം വാങ്ങി. ഇവിടെ ഉണ്ടായിരുന്ന പഴയ വീട്ടിലായിരുന്നു താമസം. 1982ലാണു പുതിയ വീട് പണിതത്.

രണ്ടാം വീട്

(കെ.എം. മാണിയുടെ രാഷ്ട്രീയ യാത്രയിലെ പ്രധാന വഴിയമ്പലമായി കോട്ടയത്തെ കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസ്)

kerala-congress-m-office
കോട്ടയത്തെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസ്.

തുറന്ന ചിരിയോടൊപ്പം ഇടവിട്ടുള്ള ചുമയും തോളിൽ തട്ടി പേരു വിളിച്ചുള്ള സംസാരവും മാണി സാറിന്റെ ട്രേഡ് മാർക്കാണ്. കെ.എം. മാണിയും പാലായും തമ്മിലുള്ള ബന്ധം പോലെ തന്നെയാണ് കോട്ടയത്തെ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫിസുമായുള്ള ബന്ധവും. ടൗണിൽ വന്നാൽ ഓഫിസിൽ എത്താതെ പോകാറില്ല. തിരുനക്കരയ്ക്കു സമീപം പുളിമൂട് ജംക്‌‌ഷനിൽ 3 കിടപ്പുമുറികളടക്കം പന്ത്രണ്ടോളം മുറികളുള്ള വസതിയാണിത്.

1977ലാണു കേരള കോൺഗ്രസ് ചെയർമാന്റെ പേരിൽ ഈ വീട് വാങ്ങുന്നത്. പഴയ പ്രൗഢിയും പ്രതാപവും അതേപടി നിലനിർത്തി ഓഫിസ് സംരക്ഷിച്ചുപോരുന്നു. പഴയ ശൈലിയിൽ പണിത വീട്ടിൽ ഇടയ്ക്കിടെ മിനുക്കുപണികൾ നടത്തുന്നതൊഴിച്ചാൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. കെ.എം. മാണിയുടെ രാഷ്ട്രീയ യാത്രയിലെ പ്രധാന വഴിയമ്പലമാണ് ഈ ഓഫിസ് എന്നു പറയാം. പിളർപ്പിനും വളർച്ചയ്ക്കുമെല്ലാം സാക്ഷിയായി ഈ ഇരുനില വസതിയുമുണ്ടായിരുന്നു.

ഓഫിസിൽ എത്തിയാൽ കെ.എം. മാണി സന്തത സഹചാരികളായ സിബിയെയും ഔസേപ്പച്ചനെയും ഇടയ്ക്കിടെ നീട്ടി വിളിക്കും. പിന്നെ മീറ്റിങ്ങുകളും സംസാരവുമായി കാര്യങ്ങൾ നീളും. ‘രാവിലെ അദ്ദേഹം ഓഫിസിൽ ഉണ്ടെങ്കിൽ പ്രഭാതഭക്ഷണം ആനന്ദമന്ദിരത്തിൽ നിന്നുള്ള ദോശയോ, ഇഡ്ഡലിയോ ആണ്. ബെസ്റ്റോട്ടലിലെ മീൻകറി കൂട്ടിയുള്ള ഊണ് താൽപര്യം. എന്നാൽ, ഇറച്ചിയെ മീനോ നിർബന്ധമില്ല. ഉച്ചഭക്ഷണത്തിനു കൃത്യമായ സമയമില്ല. ചിലപ്പോൾ വൈകുന്നേരമാകും – 32 വർഷം ഓഫിസ് സെക്രട്ടറിയായിരുന്ന ബാബു വഴിയമ്പലം ഓർമിക്കുന്നു. ഊണിനു ശേഷം 10 മിനിറ്റ് മയങ്ങുന്ന ശീലമുണ്ട്. മുകൾനിലയിലെ മുറിയിൽ ശല്യമില്ലാതെ വിശ്രമിക്കും. തടി ഗോവണി കയറാൻ ബുദ്ധിമുട്ട് വന്നതോടെ താഴെയായി പതിവു മയക്കം.

കൃത്യമായ ഇടവേളകളിൽ ചായ നിർബന്ധമായിരുന്നു. പതിവ് അറിയുന്ന സഹായികൾ അടുത്തുള്ള കടയിൽനിന്നു കൃത്യമായി ചായ എത്തിക്കും. കാണാനെത്തുന്നവർക്ക് ‘ഏത്തയ്ക്കാപ്പം’ വാങ്ങിക്കൊടുക്കാൻ സഹായികളെ പറഞ്ഞേൽപിക്കും. വൈകുന്നേരങ്ങളിൽ ചൂടൻ ഉഴുന്നുവട കിട്ടിയാൽ സന്തോഷം. ഇടയ്ക്കിടെ കുളിക്കുന്ന ശീലമുണ്ടായിരുന്നു പണ്ട്. ചുളിവില്ലാത്ത മുണ്ടും ഷർട്ടും കൈയിൽ കരുതും.

എത്ര വൈകിയാലും പാലായിലെ വീട്ടിലെത്തുന്ന അദ്ദേഹം ചുരുക്കം അവസരങ്ങളിൽ മാത്രമാണ് ഓഫിസിൽ കിടന്നിട്ടുള്ളത്. തിരുവനന്തപുരത്തിനോ മറ്റു ദൂരയാത്രകൾക്കോ അത്യാവശ്യമായ സാഹചര്യങ്ങളിൽ മാത്രമായിരുന്നു ഓഫിസിൽ കിടക്കാറുള്ളത്. തിരഞ്ഞെടുപ്പു കാലത്തു പുലർച്ചെ 2 വരെയൊക്കെ ഓഫിസിൽ ഉണ്ടാവുമായിരുന്നു. വൈകുമ്പോൾ വീട്ടിൽനിന്നു കുട്ടിയമ്മയുടെ വിളിയെത്തും. ഒടുവിൽ ‘പാലാ വല്യ ദൂരത്തൊന്നുമല്ലല്ലോ’ എന്നു ചോദിച്ചു ചിരിയോടെ മടങ്ങും... അതായിരുന്നു ശീലം.

കെ.എം. മാണിയുടെ സഹായികൾ: കണ്ണ്, കാത്, കൈ – സിബി, തങ്കച്ചൻ, ഔസേപ്പച്ചൻ

തന്നെ കാണാൻ വരുന്നവരുടെ പേരും മറ്റും നേരത്തേ അറിഞ്ഞുവയ്ക്കും. അവർ അടുത്തെത്തുമ്പോൾ പേരു വിളിച്ച് അവരെ ഞെട്ടിക്കും! ജനങ്ങളുടെ ‌മനസ്സിലുള്ളതു മരത്തിൽ കാണുന്ന കെ.എം. മാണി സ്റ്റൈലിന്റെ പിൻബലം പിന്നണിയാണ്. പഴ്സനൽ സ്റ്റാഫിന്റെയും അണികളുടെയും ഉദ്യോഗസ്ഥരുടെയും പിൻബലം. സമ്മേളന വേദിയിൽ വച്ചു കിട്ടുന്ന അപേക്ഷകളിലും നിവേദനങ്ങളിലും അന്നേരം തന്നെ തീരുമാനമെടുക്കുമായിരുന്നു മാണി സാർ. അതിൽ നോട്ടുകളും കുറിക്കും – 23 വർഷം പിഎയായി ഒപ്പമുണ്ടായിരുന്ന സിബി പുത്തേട്ട് പറയുന്നു. കെ.എം. മാണിയുടെ ഔദ്യോഗിക കാര്യങ്ങളുടെ ചുമതലക്കാരനായിരുന്നു സിബി.

മൊബൈൽ ഫോൺ നേരിട്ടുതന്നെയെടുക്കും. പൊതുയോഗങ്ങളിലോ ചർച്ചയ്ക്കോ പോകുമ്പോൾ ഗൺമാനെയോ പിഎയെയോ ഫോൺ ഏൽപിക്കും. യോഗം കഴിഞ്ഞു തിരിച്ചെത്തിയാൽ വിളിച്ചവരെയെല്ലാം നേരിട്ടു തിരിച്ചുവിളിക്കുകയും ചെയ്യും. മന്ത്രിയായിരിക്കെ ഒരിക്കൽ 4 മണിക്കൂറിനുള്ളിൽ പാലാ മണ്ഡലത്തിൽ 17 ഉദ്ഘാടന സമ്മേളനങ്ങളിൽ വരെ കെ.എം. മാണി പങ്കെടുത്തിട്ടുണ്ട്. പാലായിലെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതു തങ്കച്ചനാണ്. തിരുവനന്തപുരം ഓഫിസിലെ കാര്യങ്ങൾ ഔസേപ്പച്ചൻ നോക്കുന്നു. മൂന്നു പേരും പാലാക്കാരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
FROM ONMANORAMA