sections
MORE

കൊലയാളികള്‍ക്ക് കെജിഎഫ്, കഞ്ചാവ് ലഹരി; മര്‍ദിക്കുമ്പോഴും സിനിമാ ഡയലോഗ്

KGF | Ananthu Murder
SHARE

തിരുവനന്തപുരം∙ നാട്ടുകാര്‍ നോക്കി നില്‍ക്കെ തലസ്ഥാന നഗരിയില്‍ യുവാവിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ അക്രമിസംഘം സിനിമാഭ്രമമുള്ളവരാണെന്നു പൊലീസ്. രാജ്യത്തൊട്ടാകെ മികച്ച വിജയം നേടിയ സിനിമയായ കെജിഎഫ് (കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ്) ആരാധകർ. കോലാര്‍ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് കെജിഎഫ് പറയുന്നത്. 

കൊഞ്ചിറവിള അനന്തു ഭവനില്‍ ഗിരീഷിന്റെയും മിനിയുടേയും മകന്‍ അനന്തുവിനെ (21) കൊലപ്പെടുത്തിയ സംഘം കെജിഎഫ് സിനിമയുടെ അരാധകരായിരുന്നെന്നും, കുറ്റകൃത്യങ്ങളുടെ ലോകത്ത് സിനിമാ നായകനെപോലെ വളരാന്‍ ആഗ്രഹിച്ചിരുന്നതായും പൊലീസ് പറയുന്നു. രൂപത്തിലും സംസാരത്തിലും സിനിമയിലെ നായകനെ അനുകരിക്കാന്‍ ഇവര്‍‌ ശ്രമിച്ചിരുന്നു.

Ananthu Murder Accused Celebration
കൊലപാതകത്തിനു മുൻപ് കാട്ടിനുള്ളിൽ പിറന്നാൾ ആഘോഷം നടത്തിയ കൊലയാളി സംഘത്തിലുള്ളവരുടെ ദൃശ്യങ്ങൾ. ഈ ആഘോഷത്തിനു തൊട്ടുപിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലും കൊലപാതകവും.

അനന്തുവിനെ മര്‍‌ദിക്കുമ്പോഴും അക്രമിസംഘത്തിലെ ചിലര്‍ കെജിഎഫ് സിനിമയിലെ നായകന്റെ വാചകങ്ങള്‍ പറഞ്ഞിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഘത്തിലെ 11 പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുപേരെ ഇനി കണ്ടെത്താനുണ്ട്. ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കവും സംഘട്ടനവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അറസ്റ്റിലായ അഞ്ചു പ്രതികളെ ഈ മാസം 29 വരെ റിമാന്‍ഡ് ചെയ്തു.

കൊലപാതകസംഘത്തിലെ അംഗങ്ങള്‍ ലഹരിമരുന്നിന് അടിമകളായിരുന്നു. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഇവര്‍ ചിത്രീകരിച്ചു സുഹൃത്തുക്കള്‍ക്ക് അയച്ചതായി പൊലീസ് പറയുന്നു. നഗരത്തിലെ ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നയാളുടെ മകനും അക്രമി സംഘത്തിലുണ്ട്.

അനന്തു മരിച്ച വിവരം കൊലക്കേസ് പ്രതിയായ മുന്‍ ഗുണ്ടാ നേതാവിനെ മകന്‍ അറിയിച്ചു. അയാളാണ് പൊലീസിനെ വിവരം അറിയിക്കുന്നത്. അനന്തുവിനെ കൊലപ്പെടുത്തുന്ന വിഡിയോ ഗുണ്ടാ നേതാവിന്റെ മകന്‍ കാമുകിക്ക് അയച്ചതായും സൂചനയുണ്ട്. കാമുകിയെ പൊലീസ് ചോദ്യം ചെയ്തെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. പെണ്‍കുട്ടിയുടെയും അക്രമി സംഘത്തിലുള്ളവരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധനയ്ക്കായി അയച്ചു.

Ananthu Gireesh

കൊലപാതകം നടത്തുന്നതിനു മുന്‍പ് അക്രമിസംഘം കൂട്ടുകാരന്റെ പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ചാക്ക ഐടിഐ വിദ്യാര്‍ഥിയായ അനന്തുവിനെ ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണു നാലുപേര്‍ ചേര്‍ന്ന് തളിയില്‍ അരശുംമൂട്ടില്‍നിന്നു തട്ടികൊണ്ടുപോയത്. അരശുംമൂട്ടിലെ കടയില്‍ ജ്യൂസ് കുടിക്കാന്‍ നിര്‍ത്തിയപ്പോഴാണു ബലമായി സ്വന്തം ബൈക്കില്‍തന്നെ കയറ്റികൊണ്ടുപോയത്.

നാട്ടുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും അക്രമിസംഘം ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോയ വിവരം വീട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ അറിയിച്ചെങ്കിലും കണ്ടെത്താനായില്ല. കൂട്ടുകാരാണു പിറ്റേന്ന് രാവിലെ പത്തരയോടെ കൈമനം - നീറമണ്‍കര റോഡില്‍ അനന്തുവിന്റെ ബൈക്ക് കണ്ടെത്തിയത്. പൊലീസെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് അടുത്തുള്ള ആള്‍താമസമില്ലാത്ത വീട്ടില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തുനിന്ന് മദ്യകുപ്പിയും സിറിഞ്ചും കിട്ടിയിരുന്നു.

English Summary: Ananthu Murderes were fans of KGF film

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA