ADVERTISEMENT

കൊറോണ വ്യാപനത്തിനിടെ ഇന്ത്യയ്ക്കെതിരെ യുദ്ധകാഹളം മുഴക്കുന്ന ഷീ ചിൻപിന്റെ ചൈനയുടെ ചിത്രം ലോകം കണ്ടുകഴിഞ്ഞു. ലോകരാജ്യങ്ങൾ കോവിഡ് വൈറസിന്റെ പേരിൽ ചൈനയ്ക്കെതിരെ തിരിഞ്ഞപ്പോൾ ഇന്ത്യയ്ക്കെതിരെ അതിർത്തിപ്രശ്നങ്ങൾ ഉയർത്തുകയായിരുന്നു ചൈന ചെയ്തത്. അണയാത്ത കനൽ പോലെ അതിർത്തിയിലെ സംഘർഷഭീതി സജീവമാക്കിനിർത്താൻ ചൈനയുടെ ശ്രമങ്ങളാണ് പിന്നിട്ട ദിവസങ്ങളിലും കാണുന്നത്.

കോവിഡിന്റെ കാര്യത്തിൽ ചൈന കൈക്കൊണ്ട നടപടികൾ ആ രാജ്യത്തു നിക്ഷേപമിറക്കിയ ബഹുരാഷ്ട്ര കമ്പനികളെ ചൊടിപ്പിച്ചിരുന്നു. വിശ്വാസം നഷ്ടപ്പെടുത്തിയ ചൈനയിൽനിന്നും പിൻമാറാനായിരുന്നു അവർക്ക് താൽപ്പര്യം. ചൈനയേക്കാൾ സുരക്ഷിതവും വിശ്വസനീയവുമായ രാജ്യം ഇന്ത്യയാണെന്ന തിരിച്ചറിവിൽ ചൈനയിലെ നിക്ഷേപങ്ങൾ ഇന്ത്യയിലേയ്ക്ക് മാറ്റുവാൻ പല കമ്പനികളും താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

ചൈനയ്ക്ക് ബദലായി പല രാജ്യങ്ങളും ഇന്ത്യയെ സാമ്പത്തിക രാഷ്ട്രീയ ശക്തിയായി വളർത്താനുള്ള ശ്രമങ്ങൾ മുൻപേ ആരംഭിച്ചിരുന്നു. അതിന്റെ തുടർച്ചയായാണു കൊറോണ വ്യാപനക്കാലത്ത് ബഹുരാഷ്ട്ര കമ്പനികളുടെ ഇന്ത്യൻ അനുകൂല നിലപാടുകളെ ചൈന കണ്ടത്. അയൽരാജ്യമായ ഇന്ത്യയുടെ ജനാധിപത്യത്തിലൂന്നിയ രാഷ്ട്രീയ സുസ്ഥിരതയും സാമ്പത്തിക പുരോഗതിയും ചൈന എക്കാലവും അസഹിഷ്ണതയോടെയാണ് വീക്ഷിച്ചിരുന്നതും.

കൊറോണ വ്യാപനത്തിന്റെ തുടക്കകാലത്തെ സംഭവവികാസങ്ങൾ ചൈനയ്ക്ക് ഏറെ പ്രതികൂലവും ഇന്ത്യയ്ക്ക് ഏറെ അനുകൂലവുമാണെന്ന തിരിച്ചറിവുതന്നെയാകണം അതിർത്തിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ചൈനയെ പ്രേരിപ്പിച്ചതിന്റെ പ്രധാന കാരണമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ ഉറച്ച നിലപാടുകളും ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയുംകൊണ്ടുമാത്രമാണ് ചൈനയുടെ സമ്മർദ്ദതന്ത്രം ഫലിക്കാതെ പോയത്.

തന്ത്രം പാളി ചൈന, രാജ്യാന്തര പിന്തുണ ഇന്ത്യയ്ക്ക്

കൊറോണ വ്യാപനം തുടങ്ങിയതുമുതൽക്കെ ലോകരാജ്യങ്ങൾ പരസ്പരം സഹകരിച്ചുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകിയത്. എന്നാൽ ചൈന ആ അവസരത്തിൽ മുഖ്യധാരയിൽനിന്ന് മാറിനിൽക്കുകയായിരുന്നു. കൊറോണയുടെ ഉത്ഭവരാജ്യമായിരുന്നിട്ടും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുവാനോ രാജ്യാന്തര സമൂഹവുമായി തുറന്ന മനസ്സോടെ സഹകരിക്കാനോ ചൈന തയ്യാറായില്ല.

പ്രതിസന്ധി സാഹചര്യങ്ങൾ മുതലെടുത്തു ലോകത്തിന്റെ നിയന്ത്രണം കൈക്കലാക്കാനുള്ള നീക്കങ്ങളാണ് ചൈന നടത്തുന്നതെന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. യുഎസുമായി നേരത്തെയുണ്ടായിരുന്ന വ്യാപാരയുദ്ധം മൂർച്ഛിച്ചതും പാശ്ചാത്യ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വലിയ വിള്ളലുകൾ വീണതും അസഹിഷ്ണതയോടെ ഇന്ത്യ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളോട് പെരുമാറിയതും ഭാവിയിൽ ചൈനയ്ക്ക് വലിയ തിരിച്ചടികൾ നേടിക്കൊടുക്കുവാനാണ് സാധ്യത.

കൊറോണ വ്യാപന സമയത്ത് ലോകവ്യാപകമായി ഉടലെടുത്ത പ്രതിസന്ധിയെ മുതലെടുത്തു ലോകനേതൃത്വത്തിലേയ്ക്ക് ഉയരാൻ ചൈന നടത്തിയ ശ്രമങ്ങളെയും കൊറോണ വ്യാപന സമയത്തെ നിസ്സഹകരണത്തെയും ലോകരാജ്യങ്ങൾ ഗൗരവത്തോടുകൂടിത്തന്നെയാണ് വിലയിരുത്തുന്നത്.

ജനാധിപത്യ രാജ്യങ്ങളുടെ സാമ്പത്തിക കൂട്ടായ്മകളെയും രാഷ്ട്രീയ കൂട്ടായ്മകളെയും തകർത്തു ലോകത്തിന്റെ ചക്രവർത്തി പദമേറാനുള്ള ചിൻപിന്റെ ശ്രമങ്ങൾ തുടക്കത്തിലെ തകർന്നടിഞ്ഞുകഴിഞ്ഞു. തികഞ്ഞ ജനാധിപത്യ രാജ്യമായ ഇന്ത്യ കൊറോണാവ്യാപനക്കാലത്ത് ലോകരാജ്യങ്ങൾക്ക് നൽകിയ പിന്തുണ ഏറെ മതിപ്പുളവാക്കുന്നതായിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ ലോകത്തിനു നൽകിയ പിന്തുണ ഭാവിയിൽ ഇന്ത്യക്ക് ഏറെ ഗുണപ്രദമാകുവാനാണ് സാധ്യത.

ഒന്നരക്കോടിപ്പേർ ജയിലിൽ; കഴുമരമേറുന്ന സ്വാതന്ത്ര്യം

ലോകം അടക്കി ഭരിക്കുവാൻ വെമ്പൽ കൊള്ളുന്ന ചൈനയ്ക്ക് പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന എന്നാണ് നാമമെങ്കിലും പൗരാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ജനാധിപത്യ ധ്വംസനങ്ങളുടെ കാര്യത്തിലും ഈ രാജ്യം ഏറ്റവും മുന്നിൽത്തന്നെയാണ്. ഭരണകൂടത്തെ വിമർശിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഏറ്റവുമധികം ജനം ജയിലിൽ കിടക്കുന്ന രാജ്യവും ചൈന തന്നെ. ബിബിസിയുടെ പുതിയ കണക്കുകൾ പ്രകാരം ഏകദേശം ഒന്നരക്കോടിയിൽപ്പരം ചൈനീസ് പൗരന്മാർ ജയിലിലാണ്.

എന്തുകൊണ്ട് ചൈനയിൽ ഇത്രയധികം പൗരന്മാർ ജയിലിൽ അടയ്ക്കപ്പെടുന്നു? അതറിയണമെങ്കിൽ ചൈനയുടെ ഭരണകൂടത്തെ ഒരു പോറൽ പോലുമേൽക്കാതെ നിലനിർത്തിപ്പോരുന്ന നാലു ഭരണഘടനാ തത്വങ്ങളെ അറിയണം. അവയിൽ ഒന്ന് സോഷ്യലിസ്റ്റ് പാതയുടെ നിലനിൽപ്പിനെ ഊട്ടിയുറപ്പിക്കുവാനുള്ളതാണ്. രണ്ടാമത്തേത് രാഷ്ട്രീയ സമഗ്രാധിപത്യം നിലനിർത്തുവാനുള്ളത്. മൂന്നാമത്തേത് രാഷ്ട്രീയ സമഗ്രാധിപത്യത്തിന്മേൽ ചൈനയുടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃനിരയുടെ ഭരണാധികാരം പൂർണ്ണമായും നിലനിർത്തുന്നത്. നാലാമത്തേതാകട്ടെ പാർട്ടിയുടെ പരമോന്നത നേതാവായിരുന്ന മാവോയുടെ തത്വസംഹിതകളെ അടിസ്ഥാനമാക്കി കമ്മ്യൂണിസ്റ്റ് താത്വിക ധാരയുടെ നിലനിൽപ്പിനുവേണ്ടിയുള്ളതും.

ഈ തത്വങ്ങളെ എതിർക്കുന്നവരോ, പ്രത്യക്ഷമായോ, പരോക്ഷമായോ ഇവയ്ക്ക് വിധേയരായി പ്രവർത്തിക്കാത്തവരോ ചൈനയിൽ രാജ്യദ്രോഹികളായ കുറ്റവാളികളാണ്. സമഗ്രാധിപത്യ ഭരണകൂടത്തിന്റെ നിഴൽപറ്റിയ കോടതികൾ ഇത്തരക്കാരിൽ ഭൂരിപക്ഷത്തേയും വധശിക്ഷയ്ക്ക് വിധിക്കുകയാണ് പതിവ്. പലപ്പോഴും വിചാരണകൾ പോലും കൃത്യതയോടെ നടക്കാറുമില്ല.

ചൈനയിലെ ഭരണകൂടം ജനങ്ങൾക്ക് അഭിപ്രായസ്വാതന്ത്ര്യം കൊടുക്കുന്നില്ലേ എന്ന് ചോദിച്ചാൽ ഉണ്ട് എന്നുതന്നെയാണ് ഉത്തരം. പക്ഷെ അത് നിയമത്തിന്റെ ബാഹ്യരൂപത്തിൽ മാത്രം. 1970 കളിലാണ് ചൈന കോടതികളെയും നിയമത്തെയുംപറ്റി ഔദ്യോഗികമായി സംസാരിച്ചുതുടങ്ങിയതുതന്നെ. 1982-ൽ നിലവിൽ വന്ന നിയമത്തിലൂടെ ഈ രാജ്യം പ്രത്യക്ഷത്തിൽ അഭിപ്രായ സ്വാതന്ത്ര്യം ജനത്തിനു നൽകുന്നുണ്ട്. എന്നാൽ ഇത് വെറും തത്വത്തിൽ മാത്രം.

ആദ്യം സൂചിപ്പിച്ച നാല് അടിസ്ഥാന തത്വങ്ങളുമായി ബന്ധപ്പെടുത്തി ഈ നിയമത്തെ നിർജ്ജീവമാക്കി ആരെയും എപ്പോൾ വേണമെങ്കിലും ഭരണകൂടത്തിന് കസ്റ്റഡിയിലെടുക്കാം എന്നതാണ് യാഥാർഥ്യം. മുൻപ് സൂചിപ്പിച്ച നാലു തത്വങ്ങളും മറ്റെല്ലാ ജനകീയ അവകാശങ്ങൾക്കും മുകളിലാണ് നിലനിൽക്കുന്നതും. ഭരണകൂടത്തിന്റെ ചെയ്തികൾക്കെതിരെ ചെറുവിരലനക്കിയാലും ചെറുശബ്ദമുയർത്തിയാലും അത് രാജ്യദ്രോഹമായി വ്യാഖ്യാനിക്കപ്പെടും. അത്തരക്കാരെ കാത്തിരിക്കുന്നത് ലോകത്തിന്റെ കണ്ണിൽ പൊടിയിടുവാൻ ചൈന സാങ്കേതികമായി തയ്യാറാക്കിയ പൗരാവകാശ നിയമങ്ങളല്ല; മറിച്ച് ജയിലറകളും കഴുമരങ്ങളുമാണ്.

പൗരന്മാരെ കെണിയൊരുക്കി തിരഞ്ഞുപിടിച്ച ഭരണകൂടം

ലോകത്തിലെ ജനാധിപത്യ വിശ്വാസികളായ രാജ്യങ്ങളെല്ലാം ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയായ യുണൈറ്റഡ് നേഷനൻസ് ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ(യുഎൻഎച്ച്ആർസി) മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പാലിച്ചാണു പ്രവർത്തിക്കുന്നത്. എന്നാൽ ചൈനയാകട്ടെ, യുഎൻഎച്ച്ആർസിയുടെ നിർദ്ദേശങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകാറില്ല.

ലോകത്തിന്റെ വിശ്വാസം ആർജിച്ചെടുത്ത മനുഷ്യാവകാശ സംഘടനകളെല്ലാം ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളെ അതീവ ജാഗ്രതയോടെയാണ് ഉറ്റുനോക്കുന്നത്. അവർ ശേഖരിച്ചു പുറത്തുവിടുന്ന വിവരങ്ങളിലൂടെയാണ് പലപ്പോഴും ചൈനയുടെ മനുഷ്യാവകാശ ധ്വംസനങ്ങളുടെ ഭീകരചിത്രങ്ങൾ പുറത്തുവരുന്നത്. ഹ്യൂമൻ റൈറ്റ് വാച്ച്, ആംനസ്റ്റി ഇന്റർനാഷനൽ തുടങ്ങിയ സംഘടനകളാണ് ഉരുക്കുമറയ്ക്കുള്ളിൽ മറച്ചുവയ്ക്കപ്പെട്ട ചൈനയുടെ യഥാർത്ഥ മുഖം പലപ്പോഴും ലോകത്തെ അറിയിച്ചുകൊണ്ടിരിക്കുന്നത്.

പൗരാവകാശങ്ങൾക്കായി കൊതിച്ച സ്വന്തം ജനതയെ പൗരാവകാശം നൽകി എന്ന് സ്ഥാപിച്ചുകൊണ്ട് ചതിച്ച പാരമ്പര്യവും ചൈനയ്ക്ക് മാത്രമുള്ളതാണ്. 2008 ലാണ് സംഭവം. പൗരാവകാശങ്ങൾക്ക് വേണ്ടി യാചിക്കുന്ന ചൈനീസ് ജനതയ്ക്ക് ഭരണകൂടം വലിയൊരു ഔദാര്യം ചെയ്തുകൊടുത്തു. മുൻകൂട്ടി അപേക്ഷ നൽകി അനുമതി വാങ്ങി ഒരു പ്രത്യേക സ്ഥലത്ത് പ്രതിഷേധിക്കുവാനുള്ള അവസരം ജനത്തിനു നൽകുന്നുവെന്ന വാഗ്ദാനമായിരുന്നു അത്. ഇതിനായി പ്രൊട്ടസ്ററ് പാർക്ക് എന്ന പേരിൽ വലിയൊരു മൈതാനവും ജനത്തിനു വിട്ടുകൊടുത്തു.

പൗരസ്വാതന്ത്ര്യം ലഭിച്ച സന്തോഷത്താൽ നിരവധിപേർ പ്രതിഷേധിക്കുവാനുള്ള അപേക്ഷ സർക്കാരിൽ സമർപ്പിച്ചു. പക്ഷെ ആർക്കും അനുമതി ലഭിച്ചില്ല. കെണിയൊരുക്കി വീഴ്ത്തുന്നതിൽ ആഹ്ലാദം കണ്ടെത്തുന്ന ചൈനീസ് ഭരണകൂടം അപേക്ഷ നൽകിയ എല്ലാവരെയും തിരഞ്ഞുപിടിച്ച് തടങ്കലിലിട്ടു. ഇതാണ് ചൈനയുടെ പൗരാവകാശ പാരമ്പര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. സ്വന്തം ചെയ്തികളെ ഭയത്തോടെ സമീപിക്കുന്ന ഭരണകൂടമാണ് ചൈനയുടേത്.

ഭരണകൂടവും കമ്മ്യൂണിസ്റ്റ് പാർട്ടിയും പതിറ്റാണ്ടുകളായി കാട്ടുന്ന അനീതികളോട് ജനം പ്രതികരിക്കുമെന്ന് ചൈന ഭയക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സർവാധിപത്യ ഭരണകൂടത്തിന്റെ ഭയമാണത്. ആ ജനഭയത്തെ അടിച്ചമർത്തി നേരിട്ടുകൊണ്ടാണ് അവർ ലോകത്തെ നയിക്കുവാനായി കച്ചകെട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ജനാധിപത്യലോകം ചൈനയെ ഭയക്കുവാൻ മറ്റെന്തു കാരണം വേണം?

കൊറോണ വ്യാപനക്കാലം ലോകത്തിന് നൽകുന്നത് വലിയൊരു മുന്നറിയിപ്പാണ്. ജനാധിപത്യ രാജ്യങ്ങൾ ദുർബലമാകുന്ന പ്രതിസന്ധി ഘട്ടങ്ങൾ ഉടലെടുക്കുമ്പോൾ ഏകാധിപത്യ ശക്തികൾ തല ഉയർത്തുവാൻ ശ്രമിക്കും. ലോകത്തിന്റെ കടിഞ്ഞാൺ ഏകാധിപതിയായ ഒരു വ്യക്തിയിൽ നിക്ഷിപ്തമാക്കുവാനുള്ള ശ്രമങ്ങൾ ഉണ്ടാകും. അത് വിജയിക്കുകയാണെങ്കിൽ ജനാധിപത്യ ഭരണകൂടങ്ങൾ ലോകമാകമാനമായി അട്ടിമറിക്കപ്പെടുകയോ, ദുർബലമാക്കപ്പെടുകയോ ചെയ്യും.

ഏകാധിപത്യത്തിന് അടിമപ്പെട്ടു കഴിയുന്ന രാജ്യങ്ങളിലെ ജനത്തിന്റെ ദുരവസ്ഥ ജനാധിപത്യ രാജ്യങ്ങളിലെ ജനവും അനുഭവിക്കേണ്ടിവരും. ജനാധിപത്യം എന്ന വാക്ക് സ്വന്തം ജനതയ്ക്ക് ഉച്ചരിക്കുവാനുള്ള അവകാശം പോലും കൊടുക്കാത്ത രാജ്യമാണ് ചൈന. ജനകോടികളെ പതിറ്റാണ്ടുകളായി അടിച്ചമർത്തി ഭരണം നടത്തുന്ന ഒരു വ്യവസ്ഥിതിയുടെ നേതാവ് ലോകം ഭരിച്ചാൽ എന്താകും ലോകജനതയുടെ അവസ്ഥ?

ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഏറ്റവും പരിഷ്കൃതമായ രാഷ്ട്രീയ സംവിധാനമാണ് ജനാധിപത്യം. ആ ജനാധിപത്യത്തെ അസഹിഷ്ണതയോടെ കാണുന്നവർ ലോകത്തിന്റെ നേതൃത്വം ആഗ്രഹിക്കുന്നുവെങ്കിൽ ആ അപകടം ലോകരാജ്യങ്ങൾ മുൻകൂട്ടി കണ്ടേ മതിയാകൂ. അതുണ്ടായില്ലെങ്കിൽ ഒരു സേച്ഛാധിപതിയുടെ അടിമകളായി ലോകജനത മാറും. അതുണ്ടാകാതിരിക്കട്ടെ... കൊറോണ വ്യാപനക്കാലം ലോകരാജ്യങ്ങളുടെ തിരിച്ചറിവിന്റെയും, കരുതലിന്റെയും കൂടി കാലമാകട്ടെ.

പരമ്പര അവസാനിച്ചു.

(പരമ്പരയിൽ ലേഖകന്റെ അഭിപ്രായങ്ങൾ വ്യക്തിപരം)

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര 1 - വിരട്ടി വരുതിയിൽ, അല്ലെങ്കിൽ നാശം; കോവിഡിലും തീതുപ്പി ചൈനീസ് വ്യാളി

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര 2 - ‘മഹത്തായ കുതിപ്പി’ന്റെ മാവോയുഗം; കുരുവികളെ നിലം തൊടീക്കാത്ത ജനം

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര 3 - ഇന്ത്യയെ പിന്നിൽനിന്ന് കുത്തി, സ്വാതന്ത്ര്യം തേടിയാൽ രാജ്യദ്രോഹി; മാറ്റമില്ലാതെ ഡെങ്ങും

ചതിക്കുന്ന ചൈന, ഭയക്കുന്ന ലോകം: പരമ്പര 4 - ഇന്ത്യയെ ‘വളഞ്ഞിട്ടു വീഴ്ത്താൻ’ ചൈന; അഭിനവ മാവോ ആകാൻ ഷീ ചിൻപിൻ

English Sumamry: China political analysis series part-5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com