‘അവർ വസ്ത്രാക്ഷേപം തുടങ്ങി, ഇനി മഹാഭാരത യുദ്ധം കാണാം’: പ്രതികരണവുമായി മഹുവ
Mail This Article
ന്യൂഡൽഹി∙ ചോദ്യത്തിന് കോഴ വാങ്ങി എന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ സമർപ്പിക്കാനിരിക്കെ പ്രതികരണവുമായി മഹുവ. ‘‘അവർ വസ്ത്രാക്ഷേപം തുടങ്ങിയിരിക്കുന്നു, ഇനി മഹാഭാരത യുദ്ധമാണ് നിങ്ങൾ കാണാൻ പോകുന്നത്’’ എന്നാണ് പാർലമെന്റിലേക്കു കയറുന്നതിനു മുൻപ് മഹുവ മാധ്യമങ്ങളോടു പറഞ്ഞത്.
മഹുവയ്‌ക്കെതിരായ റിപ്പോർട്ട് തീർത്തും പരിമിതമായ സമയത്തിനുള്ളിൽ തയാറാക്കിയതാണെന്നും അതിനു വ്യക്തതയില്ലെന്നും കോൺഗ്രസ് എംപി ശശി തരൂർ ആരോപിച്ചു. കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ, ഉന്നയിച്ച ആരോപണങ്ങളിൽ വിശദമായ പരിശോധന നടത്താതെ തയാറാക്കിയ റിപ്പോർട്ടാണ്. അതുപോലെ ഇത്തരത്തിൽ ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു ലോക്സഭാംഗത്തെ പുറത്താക്കുക എന്ന അനുമാനത്തിലേക്ക് കാര്യമായ പരിഗണനകളോ ചർച്ചകളോ കൂടാതെ എത്തുന്നത് തീർത്തും അപമാനകരമാണ്. ഇത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കുന്ന ഒന്നാണെന്ന് ഇന്ത്യ മുന്നണിക്ക് ബോധ്യമായിട്ടുള്ളതാണ്. ഇത് രാഷ്ട്രീയ കുടിപ്പകയാണെന്നാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം അറിയിച്ചു.
മഹുവയ്‌ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ഇന്ന് 12 മണിക്ക് ലോക്സഭ ചർച്ച്ക്ക് എടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. അതിനിടെ, വിഷയം സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തി. തുടർന്ന് സഭ രണ്ടു മണി വരെ പിരിഞ്ഞു. റിപ്പോർട്ട് എടുക്കുമ്പോൾ സംസാരിക്കാൻ അനുവദിക്കാമെന്ന് സ്പീക്കർ ഓം ബിർല പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.