ഹിമാചൽ കോൺഗ്രസിൽ ഉൾപ്പോര് പുകയുന്നു; ഫെയ്സ്ബുക്കിൽനിന്ന് ഔദ്യോഗിക പദവികൾ ഒഴിവാക്കി വിക്രമാദിത്യ സിങ്
Mail This Article
ഷിംല∙ ഹിമാചൽ കോൺഗ്രസിൽ തീ അണഞ്ഞിട്ടില്ലെന്ന് സൂചന നൽകി വിക്രമാദിത്യ സിങ്ങ്. ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് തന്റെ ഔദ്യോഗിക പദവികൾ വിശദമാക്കിയ ഭാഗം വിക്രമാദിത്യ നീക്കം ചെയ്തു. പി.ഡബ്ല്യുഡി മന്ത്രി, ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം എന്നായിരുന്നു ഫെയ്സുബുക്കിൽ തന്നെക്കുറിച്ച് വിക്രമാദിത്യ സിങ് എഴുതിയിരുന്നത്. എന്നാൽ അത് നീക്കം ചെയ്ത് ‘ഹിമാചലിന്റെ സേവകൻ’ എന്ന പുതിയ വിശേഷണം ചേർത്തിരിക്കുകയാണ് അദ്ദേഹം.
രാജ്യസഭാ തിരഞ്ഞെടുപ്പോടുകൂടിയാണ് ഹിമാചൽ പ്രദേശ് കോൺഗ്രസിനകത്തെ ഉൾപ്പോര് പ്രകടമായത്. സർക്കാരിന്റെ നിലനിൽപ് തന്നെ ആശങ്കയിലായിരുന്നെങ്കിലും ഡി.കെ.ശിവകുമാർ ഉൾപ്പടെയുള്ള നേതാക്കളുടെ ഇടപെടലിലൂടെ പ്രശ്നം പരിഹരിച്ചെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസിന്റെ ഈ അവകാശവാദത്തെ സംശയിക്കുന്ന നീക്കങ്ങളാണ് ഹിമാചലിൽ തുടരുന്നത്.
Read More:പ്രതിഭയും മകനും ഇടഞ്ഞുതന്നെ? ചോദ്യമുയർത്തി വിമതരെ കണ്ട് വിക്രമാദിത്യ, ബിജെപിയെ പ്രശംസിച്ച് പ്രതിഭ
മുൻമുഖ്യമന്ത്രി വീരഭന്ദ്ര സിങ്ങിന്റെയും കോൺഗ്രസ് പിസിസി അധ്യക്ഷ പ്രതിഭാ സിങ്ങിന്റെയും മകനാണ് വിക്രമാദിത്യ സിങ്. കഴിഞ്ഞ ദിവസം ഇദ്ദേഹം രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയ വിമത കോൺഗ്രസ് എംഎൽഎമാരെ കണ്ടതായി റിപ്പോർട്ട് ഉണ്ടായിരുന്നു. പിറകേ പ്രതിഭാ സിങ്ങും ബിജെപിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു.
ന്യൂഡൽഹിയിലുള്ള വിക്രമാദിത്യ പ്രധാന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. മുൻ മുഖ്യമന്ത്രി ജയ്റാം ഠാക്കൂർ, സംസ്ഥാന പ്രസിഡൻറ് രാജിവ് ബിൻഡാൽ എന്നിവരെയും കാണും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വീരഭദ്ര സിങ്ങിനെ പേര് ചോദിച്ച് വോട്ടുപിടിച്ച കോൺഗ്രസ് അധികാരത്തിലെത്തിയതോടെ അദ്ദേഹത്തെ മറന്നുവെന്ന് വിക്രമാദിത്യ ആരോപിച്ചിരുന്നു. അതേസമയം, സംസ്ഥാന സർക്കാർ വിക്രമാദിത്യ സിങ്ങിന് പകരം ഹിമാചൽ പ്രദേശ് ധനകാര്യ കമ്മിഷന്റെ ചെയർമാനായി രാംപുർ എംഎൽഎ നന്ദലാലിനെ നിയമിച്ചു. പാർട്ടിക്കുള്ളിൽ വിക്രമാദിത്യക്ക് സ്ഥാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്.
രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറിയ എംഎൽഎമാരെ കറുത്ത പാമ്പുകൾ എന്ന് മുഖ്യമന്ത്രി സുഖു വിശേഷിപ്പിച്ചു. ‘‘പണത്തിന് വേണ്ടി അഭിമാനം വിൽക്കാൻ സാധിക്കുന്നവർക്ക് എങ്ങനെയാണ് മണ്ഡലത്തിലെ ആളുകൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകിയ പാർട്ടിയെ വഞ്ചിക്കുന്നവരെ കറുത്ത പാമ്പുകൾ എന്നാണ് വിശേഷിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.