ADVERTISEMENT

ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തതിനെതിരായ ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച്  അരവിന്ദ് കേജ്‌രിവാൾ. തെറ്റായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തതെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര വാദം കേൾക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. എന്നാൽ കേജ്‍രിവാളിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല. ചെറിയ പെരുന്നാളായ ഇന്ന് കോടതി അടയ്ക്കും. തിങ്കളാഴ്ചയാണ് കോടതിയുടെ പ്രവർത്തനങ്ങൾ വീണ്ടും പുനരാരംഭിക്കുക. അന്നായിരിക്കും ഹർജി പരിഗണിക്കുക.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്യുന്നത്. ഇതിനെ ചോദ്യം ചെയ്താണ് കേജ്‌രിവാൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അറസ്റ്റും റിമാൻഡും ശരിവച്ച ഡൽഹി ഹൈക്കോടതി, നിയമ നടപടികളിൽ രാഷ്ട്രീയ പശ്ചാത്തലം ഒരു ഘടകമല്ലെന്ന് വ്യക്തമാക്കി. സമൂഹത്തിൽ മുൻനിരയിലുള്ള, വലിയ പിന്തുണയുള്ളവർക്കെതിരായ അന്വേഷണത്തിൽ വേർതിരിവു കാണാനാവില്ലെന്നു പറഞ്ഞ ജസ്റ്റിസ് സ്വർണ കാന്ത ശർമ, അറസ്റ്റ് ചെയ്ത സമയം ഉൾപ്പെടെ ഉന്നയിക്കപ്പെട്ട പരാതികളും പരിഗണിച്ചില്ല.

ജനപ്രാതിനിധ്യനിയമം അനുസരിച്ചു റജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടിയാണു ആംആദ്മി പാർട്ടിയെന്നും ഒരു കമ്പനിയല്ലെന്നുമുള്ള വാദം തള്ളിയ കോടതി, കമ്പനികൾക്കുള്ള പിഎംഎൽഎ നിയമത്തിലെ 70–ാം വകുപ്പ് ഇവിടെ ബാധകമാകുമെന്നു വിലയിരുത്തി. ഒരു കമ്പനി പിഎംഎൽഎ നിയമം ലംഘിച്ചാൽ, അതിന്റെ ചുമതല വഹിച്ചിരുന്നവരെയും കുറ്റവാളിയായി കണക്കാക്കുന്നതാണു പ്രസ്തുത വകുപ്പ്. മാപ്പുസാക്ഷികളുടെ മൊഴിക്കെതിരെയുള്ള വാദങ്ങളും അംഗീകരിച്ചില്ല. 3 പേരാണു കേസിൽ മാപ്പുസാക്ഷികളായി കേജ്‌രിവാളിനെതിരെ മൊഴി നൽകിയത്. 

മദ്യനയവുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു. ‘നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു’– കേജ്‌രിവാളിനും ആംആദ്മി പാർട്ടിക്കും (എഎപി) തിരിച്ചടിയായ വിധിയിൽ പറയുന്നു.

കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തിഹാർ ജയിലിലാണ്. സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് എഎപി അറിയിച്ചു. അറസ്റ്റ് നടപടി അംഗീകരിക്കുന്നതിനു തുല്യമാകുമെന്നതിനാൽ കേജ്‌രിവാൾ ഇതുവരെ ജാമ്യാപേക്ഷ നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.

എഎപി കമ്യൂണിക്കേഷൻ വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന വിജയ് നായർ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യക്കമ്പനിയിൽനിന്നു സ്വീകരിച്ചെന്നും കേജ്‌രിവാളിനും എഎപിക്കും വേണ്ടിയാണിതെന്നു സാക്ഷിമൊഴിയിൽ വ്യക്തമാണെന്നും ഉത്തരവിൽ പറയുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ (പിഎംഎൽഎ) 70–ാം വകുപ്പ് കേസിൽ ബാധമാണ്. കമ്പനികളുടെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട വകുപ്പാണിത്. തിരഞ്ഞെടുപ്പു സമയത്തെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്ന വാദം കോടതി തള്ളി. കള്ളപ്പണക്കേസിലെ അറസ്റ്റിനും കോടതി നടപടികൾക്കും തിരഞ്ഞെടുപ്പു സമയം ബാധകമല്ലെന്നും വിലയിരുത്തി.

മാപ്പുസാക്ഷിമൊഴി നിലനിൽക്കും

മാപ്പുസാക്ഷികളുടെ മൊഴികളിലാണ് കേജ്‌രിവാളിനെതിരെ ആരോപണമുള്ളതെന്നും ഇതിനു പ്രത്യുപകാരമെന്ന നിലയിലാണ് അവരെ ജയിലിൽനിന്നു മോചിപ്പിക്കുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകുകയും ചെയ്തതെന്നുമുള്ള വാദവും കോടതി തള്ളി. ‘മാപ്പുസാക്ഷികളുടെ മൊഴി കോടതിയാണ് രേഖപ്പെടുത്തിയത്; അന്വേഷണ ഏജൻസിയല്ല. അതിനാൽ തന്നെ അതു നിലനിൽക്കുന്നു.’ തിരഞ്ഞെടുപ്പിൽ ആരു ടിക്കറ്റ് നൽകിയെന്നതും ഇലക്ടറൽ ബോണ്ട് ആരു വാങ്ങിയെന്നതും കോടതിയെ ബാധിക്കുന്ന കാര്യമല്ലെന്നും ജസ്റ്റിസ് ശർമ വ്യക്തമാക്കി.

മൊഴി ഗോവ സ്ഥാനാർഥിയുടേത്

ഗോവ തിരഞ്ഞെടുപ്പിൽ എഎപിയുടെ സ്ഥാനാർഥിയായി മത്സരിച്ചയാൾ മാർച്ച് 8നു നൽകിയ മൊഴിയിലാണു കേജ്‌രിവാളിനെതിരെ പരാമർശമുള്ളത്. അന്വേഷണ ഉദ്യോഗസ്ഥൻ സമർപ്പിച്ച കേസ് രേഖകളിലാണ് ഇതുള്ളതെന്നു വ്യക്തമാക്കുന്ന കോടതി പേരു പറയാതെ ‘എക്സ്’ എന്നു പരാമർശിച്ചാണ് ഉത്തരവിൽ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനു വേണ്ടി 90 ലക്ഷം രൂപ എഎപിയുടെ ഡൽഹിയിലെ ഓഫിസിൽനിന്നു ലഭിച്ചുവെന്നും പ്രചാരണത്തിന്റെ പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പറഞ്ഞുവെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി. 

English Summary:

Delhi CM Arvind Kejriwal approached Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com