ദാനം മഹാ ദാനം

HIGHLIGHTS
  • പതിവായി ഭിക്ഷയ്ക്കു വരുന്ന ഒരു സന്യാസി വേഷക്കാരൻ ഉണ്ടായിരുന്നു.
  • ദൈവത്തിൽ വിശ്വാസമുണ്ടെങ്കിലും ഒരു പാട് കാശു മുടക്കി വഴിപാട് നടത്തുന്നതിനോട് അമ്മയ്ക്ക് യോജിപ്പില്ല
giving-money-to-homeless
SHARE

"ദാനശീലത്തിലോ കർണന്റെ ചേച്ചി നീ"എന്നല്ലേ ആ പഴയ സിനിമാപാട്ട്. എന്നു വച്ചാൽ ദാനം കൊടുക്കുന്നതിൽ അഗ്രഗണ്യൻ കർണനാണ് എന്നാണ്. അതിലും മീതെ എന്നാൽ ഉത്കൃഷ്ടോത്കൃഷ്ടം (സൂപ്പർലേറ്റീവ് )എന്നർത്ഥം. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് കർണന്റെ ചേച്ചി എന്ന് പറയാവുന്ന രണ്ടുപേരാണ് ഒന്നെന്റെ അമ്മുമ്മയും പിന്നെയൊന്ന് എന്റെ അമ്മയും.

ഒരു പാട് ദാനം ചെയ്തിട്ടാണ് 11  വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു മകളുണ്ടായതെന്നു എന്റെ അമ്മുമ്മ ഉറച്ചു വിശ്വസിച്ചിരുന്നു. ആ അരുമയായ സന്തതിയായിരുന്നു എന്റെ അമ്മ. വിത്ത് ഗുണം പത്തു ഗുണം എന്ന ചൊല്ല് അന്വർത്ഥമാക്കിക്കൊണ്ട് എന്റെ അമ്മയും കർണന്റെ ചേച്ചിയായി. അമ്മയുടെ ദാനങ്ങൾ പരിധി വിടുന്നു എന്ന് കണ്ട അവസരങ്ങളിൽ ഞാൻ അമ്മയോട് പറയാറുണ്ടായിരുന്നു. അവനവനെ മറന്നുള്ള ദാനം പാടില്ല. കർണൻ തന്നെയാണ് ഉത്തമോദാഹരണം. സ്വയരക്ഷക്കായുള്ള കവച കുണ്ഡലങ്ങൾ വരെ ദാനം ചെയ്തതാണല്ലോ കർണന്റെ പതനത്തിനു കാരണമായത്. പക്ഷെ അമ്മ അതൊന്നും ചെവിക്കൊള്ളില്ല. ഭക്ഷണം മുതൽ വസ്ത്രങ്ങളൂം ആഭരണങ്ങളും വരെ ദാനം ചെയ്തങ്ങു തീർക്കുന്നതിൽ അമ്മ വല്ലാത്തൊരാനന്ദം കണ്ടെത്തിയിരുന്നു. ഈ പ്രവണത പ്രായത്തിനൊപ്പം കൂടി വരുന്നത് വീട്ടിലെ മറ്റെല്ലാവരെയും തെല്ല് അമ്പരപ്പിക്കുകയും അസഹ്യപ്പെടുത്തുകയും ചെയ്തിരുന്നു. "അമ്മയ്ക്ക് ഇതൊരു ബാധയായി (ഒബ്സെഷൻ)മാറിയിട്ടുണ്ട്. സൂക്ഷിക്കണം "എന്ന് ഞാൻ അമ്മയെ കളിയാക്കിയിട്ടുണ്ട്. കേട്ട ഭാവം നടിക്കാതെ അമ്മ സ്വന്തം രീതി തുടർന്നു(മരണം വരെ)

ഇതിനിടയിൽ ദാനത്തിന്റെ പേരിൽ കുറെ തമാശകൾ നടന്നു. അമ്മയുടെ സന്തത സഹചാരിയായി കുറേനാൾ കൂടെയുണ്ടായിരുന്ന ഞാൻ അതൊക്കെ നന്നായി ആസ്വദിച്ചു.

വിശക്കുന്നു എന്ന് പറഞ്ഞ് ആര് വന്നാലും ഒരു നേരത്തെ ഭക്ഷണം കൊടുക്കണം എന്നത് പണ്ടു മുതലേ ഞങ്ങളുടെ വീട്ടിലെ രീതിയാണ്. അമ്മയുടെ ദാനശീലം കാരണം ഒരു ദിവസം ഒരാളെങ്കിലും ആഹാരം ചോദിച്ചു വരാതിരിക്കില്ല.

പതിവായി ഭിക്ഷയ്ക്കു വരുന്ന ഒരു സന്യാസി വേഷക്കാരൻ ഉണ്ടായിരുന്നു. അയാൾക്ക്‌ പൈസ തന്നെ വേണം പത്തു രൂപയിൽ കുറഞ്ഞു സ്വീകരിക്കുകയുമില്ല. തികച്ചും ആരോഗ്യവാൻ. അധികം വയസ്സായിട്ടുമില്ല. അയാളുടെ ഈ രീതി എനിക്ക് തീരെ ഇഷ്ടമായിരുന്നില്ല. ദേഹമനങ്ങാതെ അന്യന്റെ അദ്ധ്വാനത്തിന്റെ പങ്കു പറ്റി കഴിയുക, അതും അല്പം അവകാശത്തോടെ. പൈസ വാങ്ങി അയാൾ കള്ള്  കുടിക്കുകയും കഞ്ചാവ് വലിക്കുകയുമൊക്കെ ചെയ്യുകയാണ് എന്ന് ഒരയൽവാസി പറഞ്ഞ് ഞാനറിയുകയും ചെയ്തു. ഒരു ദിവസം അയാൾ വന്നതും ഞാൻ അമ്മയോട് പറഞ്ഞു" അയാൾക്ക്‌ വല്ലാതെ വിശക്കുന്നു വല്ലതും തിന്നാൽ വേണമെന്ന്"( സദുദ്ദേശത്തോടെയുള്ള ഒരു ചെറിയ നുണ ).

അമ്മ ഒരു ഇലക്കീറിൽ നാലഞ്ച് ഇഡ്‌ലിയും മീതെ കുറച്ചു സാമ്പാറും ചമ്മന്തിയും ഒക്കെയായി ഉമ്മറത്തെത്തി. അയാൾക്ക്‌ നീട്ടി. അസംതൃപ്തിയോടെ അയാളത് വാങ്ങി. എന്നിട്ട് "പൈസകൂടി തരണം "എന്നുപറഞ്ഞു. "അത് കഴിക്കൂ. പൈസ എന്തിനാ. ചായ വേണമെങ്കിൽ തരാം "എന്ന് അമ്മ പറഞ്ഞു തീർന്നില്ല. അയാൾ ദേഷ്യത്തോടെ ആ ഭക്ഷണം ഞങ്ങളുടെ പൂമുഖത്തേക്ക് വലിച്ചെറിഞ്ഞു. ഇഡ്‌ലിയും കറിയും നിലത്തു ചിതറിത്തെറിച്ചു. ഞാനും അമ്മയും അന്തം വിട്ടുപോയി. ഇങ്ങനെയൊരു ധിക്കാരം ഞങ്ങൾ പ്രതീക്ഷിച്ചില്ലല്ലോ. അമ്മ വല്ലതെ ക്ഷോഭിച്ചു. വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അയാൾ ഇറങ്ങിപ്പോയി (പിന്നീട് വന്നതേയില്ല)ഞാൻ അമ്മയെ നോക്കി ഒരു പ്രത്യേക ചിരി ചിരിച്ചു കൂടെ അമ്മയും. ചമ്മൽ പറ്റിയാലും അത് ആസ്വദിക്കുന്ന രീതിയാണ് അമ്മയുടേത്.

ഞങ്ങളുടെ വീട്ടിനു തൊട്ടടുത്ത ഒരമ്പലമുണ്ട്. ദൈവത്തിൽ വിശ്വാസമുണ്ടെങ്കിലും ഒരു പാട് കാശു മുടക്കി വഴിപാട് നടത്തുന്നതിനോട് അമ്മയ്ക്ക് യോജിപ്പില്ല. ആ പൈസ പാവങ്ങൾക്ക് കൊടുക്കണം എന്നാണ് അമ്മയുടെ ദാനചിന്ത അനുശാസിക്കുന്നത്. അമ്പലനടയിൽ യാചകർ സ്ഥിരമായുണ്ടാവുമല്ലോ. അവർക്കെല്ലാം അമ്മ നാണയങ്ങൾ നൽകും."അമ്മാ അമ്മയെ ദൈവം കാക്കും. അമ്മയുടെ മക്കളെ ദൈവം രക്ഷിക്കും. മേൽക്കുമേൽ ഐശ്വര്യം വരും"എന്നിങ്ങനെ അവർ അനുഗ്രഹാശിസ്സുകൾ കോരിചൊരിയുന്നത് കേട്ട് കൊണ്ടാണ് ഞങ്ങളുടെ മടക്കം. ഒരു ദിവസം എവിടെയോ പോയി മടങ്ങും വഴി ഞങ്ങൾ അമ്പലത്തിലൊന്നു കയറി. അല്പം മാറിയാണ് വണ്ടി പാർക്ക് ചെയ്തിരുന്നത്. വണ്ടിയിൽ നിന്ന് പേഴ്‌സ് എടുക്കാൻ അമ്മ വിട്ടുപോയി. കോവിലിന്റെ നടയിലെ ഭിക്ഷക്കാരെ കണ്ടപ്പോഴാണ് അമ്മ അതോർത്തത്. "ഓ സാരമില്ല.എന്നും കൊടുക്കുന്നതല്ലേ "ഞാൻ അമ്മയെ സമാധാനിപ്പിച്ചു. "അമ്മാ വല്ലതും തരണേ തായേ "എന്നൊക്കെയുള്ള വിളി കേട്ട് പടിയിറങ്ങുമ്പോൾ പിന്നിൽ നിന്നുയർന്നു ശാപവാക്കുകൾ." നിങ്ങൾ നരകത്തിൽ പോകും. നശിച്ചു പോകും " അമ്മയ്ക്ക് വല്ലാതെ കോപം വരുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ പൊട്ടിചിരിച്ചുപോയി. ഇത്രയും നാൾ ദാനം കൊടുത്തത് വെറുതെ ആയില്ലേ എന്ന് ചോദിച്ചു. അമ്പലത്തിലെ പൂജാരിക്ക് ശമ്പളം തീരെ കുറവെന്നറിയാവുന്നതു കൊണ്ട് അയാൾക്കുമുണ്ട് ദക്ഷിണ ! ഇനി എന്നാണോ അയാൾ ശപിക്കുക എന്നോർത്തു എനിക്ക് വല്ലാതെ ചിരി പൊട്ടി.

വല്ലപ്പോഴും എനിക്ക് വീട് വൃത്തിയാക്കി തരാൻ വരുന്ന ഒരു സഹായിയുണ്ട്. അഞ്ചാറ് വർഷമായി ഒന്നോ രണ്ടോ മാസം കൂടുമ്പോൾ അവൾ വരും. വരുമ്പോൾ കൂലിക്കു പുറമെ ചായയും ചോറുമൊക്കെ ഞാൻ കൊടുക്കും. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണികഴിഞ്ഞാണ് അവൾ വന്നത്. ഊണ് കഴിച്ചിട്ടുണ്ടാവും. എന്നാലും ഞാൻ തിരക്കി" ചോറ് വേണോ. ചിക്കൻ കറിയേ ഉള്ളു"(അവൾ ചിക്കൻ കൂട്ടുകയില്ല ). പെട്ടന്നവൾ പൊട്ടി തെറിച്ചു. "അല്ലെങ്കിലും നിങ്ങൾക്കൊരിക്കലും കറി ഉണ്ടാവൂല. ഞാനിത്  ആദ്യമല്ലലോ വരുന്നത്. പിന്നെ ഞാൻ പൈസ വാങ്ങുന്നതല്ലേ ഭക്ഷണം തരേണ്ട കാര്യമില്ല "'ഞാനങ്ങു വിളറിപ്പോയി. ചിക്കൻ നീ കൂട്ടാത്തത് എന്റെ കുറ്റമാണോ? നീ ഇന്ന് വരുമെന്ന് എനിക്കറിയാമോ? ഇങ്ങനെയുള്ള വിശദീകരണത്തിനൊന്നും ഞാൻ ഒരുമ്പെട്ടില്ല. ഇത്രയും നാൾ ചോറ് മാത്രമല്ല എന്റെ വീട്ടിൽ എന്ത് വിശേഷ വിഭവമുണ്ടെങ്കിലും ഞാനവൾക്ക് കൊടുക്കും. ഒരുനാൾ ഇല്ലാതെ വന്നപ്പോൾ ഇങ്ങനെ. ഇതാണ് ദാനത്തിന്റെ ഫലം എനിക്ക് അമ്മയെ ഓർമ വന്നു. ദാനമാണ് പുണ്യം എന്ന് കരുതിയിരുന്ന അമ്മ. കർണന്റെ ചേച്ചിയല്ലെങ്കിലും എന്റെ കഴിവ് പോലെ മറ്റൊരാൾക്ക് എന്തെങ്കിലും കൊടുക്കാൻ ഞാനും മടിക്കാറില്ല. ദാനം ചെയ്യുക എന്നത് നമ്മുടെ രീതി ഫലം ചിലപ്പോൾ ഇങ്ങനെയൊക്കെയാവും. നന്ദികേടിനെയും പുഞ്ചിരിയോടെ സ്വീകരിക്കാൻ പഠിക്കാം അല്ലേ ? 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ