ഇനി കോവിഡ് കുഞ്ഞുങ്ങളെയും കൊണ്ടുപോകുമോ?

HIGHLIGHTS
  • ഒരു ഭരണകൂടത്തെ സംബന്ധിച്ച് പൗരന്മാരുടെ ജീവൻ രക്ഷിക്കുന്ന‍താണ് പരമപ്രധാനം
  • മൂന്നാം തരംഗത്തിൽ കുട്ടികളും കൗമാരക്കാരും മരിക്കുന്ന ഹൃദയ‍ഭേദകമായ കാഴ്ച കൂടി കാണേണ്ടി വരുമോ
thalakkuri-column-covid-how-india-failed-to-prevent-a-deadly-second-wave-statistics
Representative Image. Photo Credit : ETAP / Shutterstock.com
SHARE

മൂന്നു മാസം മുൻപു വരെ കേരളത്തിൽ കോവിഡ് ബാധിച്ച് മുതിർന്ന പൗരന്മാർ മരിക്കു‍ന്നതായിരുന്നു വാർത്ത. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗ‍ത്തോടെ സ്ഥിതി മാറി. മുതിർന്നവരിൽ 74% പേർ വാക്സീൻ രണ്ട് ഡോസ് എടുത്തതോടെ അവർക്കിടയിലെ മരണനിരക്ക് കുറഞ്ഞു. അതേസമയം, ജനിതക മാറ്റം സംഭവിച്ച രണ്ടാം തരംഗ‍ത്തിലെ മാരകമായ വൈറസ് ചെറുപ്പക്കാരെയും മധ്യവയസ്‍ക്കരെയും മരണത്തിലേക്കു കൂട്ടി‍ക്കൊണ്ട് പോകുന്നതാണ് പിന്നീടു കണ്ടത്. കാരണം, 45 നും 60 നും ഇടയിലുള്ളവരിൽ വാക്സീൻ നൽകിയത് 17 ശതമാനത്തിന്. അതിനു താഴെ 18 നും 45 നും ഇടയിൽ പ്രായമുള്ളവരിൽ ഒരു ഡോസ് എങ്കിലും ലഭിച്ചത് 2.5 ശതമാനത്തിനു മാത്രം. 

ഇനി മൂന്നാം തരംഗത്തിൽ കുട്ടികളും കൗമാരക്കാരും മരിക്കുന്ന ഹൃദയ‍ഭേദകമായ കാഴ്ച കൂടി കാണേണ്ടി വരുമോ എന്ന ഭീതിയിലാണ് പലരും. മൂന്നാം തരംഗം കൂടുതൽ പ്രഹരശേഷി ഉള്ളതായിരി‍ക്കുമെന്നും അതു കുട്ടികളെയാണു ബാധിക്കുക എന്നുമുള്ള വിദഗ്ധരുടെ അഭിപ്രായമാണ് ആശങ്കയ്ക്കു കാരണം. ഈ പ്രായക്കാ‍ർക്ക് ഇനിയും ഒരു ഡോസ് വാക്സീൻ പോലും കൊടുത്തു തുടങ്ങാൻ കഴിഞ്ഞി‍ട്ടുമില്ല.

രാജ്യത്തെ ജനസംഖ്യ കണക്കിലെടുത്താൽ 3.2% പേർക്കു മാത്രമാണ് ഇതുവരെ രണ്ടു ഡോസ് നൽകാൻ കഴിഞ്ഞത്. ഒരു ഡോസ് എങ്കിലും ലഭിച്ചവർ 12.4 %. ഇതുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ജനസംഖ്യയുടെ 21 % നു വാക്സീൻ നൽകാൻ കഴിഞ്ഞു എന്ന് ആശ്വസിക്കാം. അതായത്, മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന്. ഹേ‍ഡ് ഇമ്യൂണിറ്റി‍യിലെത്താൻ ഇനിയും ബഹുദൂരം മുന്നോട്ടു പോകണം എന്നർഥം.

ഒരു ഭരണകൂടത്തെ സംബന്ധിച്ച് പൗരന്മാരുടെ ജീവൻ രക്ഷിക്കുന്ന‍താണ് പരമപ്രധാനം. അതു കൊണ്ടാണ് സൗജന്യ വാക്സീൻ എത്തിക്കുന്നതിൽ കേന്ദ്രം നടത്തുന്ന ഒളിച്ചുകളിക്കെതിരെ സുപ്രീംകോടതി ശക്തമായി രംഗത്തെത്തിയത്. ഇന്ത്യയിൽ നിർമിക്കുന്ന വാക്സീൻ തന്നെ സൗജന്യ നിരക്കിൽ സ്വകാര്യ ആശുപത്രികൾ വാങ്ങുമ്പോൾ, അതേനിരക്കിൽ കേന്ദ്രം വാങ്ങി സൗജന്യമായി സംസ്ഥാനങ്ങൾക്കു നൽകാത്തത് എന്തുകൊണ്ടാണ് എന്നാണു സുപ്രീംകോടതി ചോദിക്കുന്നത്. പ്രത്യേകിച്ചും, 35000 കോടി രൂപ വാക്സീനു മാത്രമായി കേന്ദ്ര ബജറ്റിൽ വകയിരുത്തിയി‍രിക്കെ.

thalakkuri-column-covid-and-children-john-mundakayam
Representative Image. Photo Credit : Greenaperture / Shutterstock.com

നീതിപൂർവകമായ വാക്സീൻ വിതരണം നടക്കാത്തതു മൂലം ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങൾക്ക് യുഎസിലും മറ്റും നിർമിക്കുന്ന ഗുണനിലവാരം കൂടിയ വാക്സീനുകൾ കിട്ടാത്ത സാഹചര്യം ഉണ്ട്.

ലോകത്തെ ഗ്രസിക്കുന്ന മഹാമാരിക്കിടയിലും വാക്സീന്റെ സാങ്കേതികവിദ്യ കൈമാറാൻ യുഎസ് കോർപറേറ്റ് മരുന്നു കമ്പനികൾ തയാറാകുന്നില്ല. വാക്സീൻ രസക്കൂട്ട് രഹസ്യമാക്കി വച്ച് വൻകിട കമ്പനികൾ മാത്രം ഉൽ‍പാദനം നടത്തിയാൽ ലോകത്ത് 500 കോടി ജനങ്ങൾക്ക് കൊടുത്തു തീരാൻ മൂന്നര വർഷമെങ്കിലും വേണ്ടി വരും. അപ്പോഴേക്കും ജനസംഖ്യയുടെ നല്ലൊരു ഭാഗം ചത്തൊടുങ്ങും.

വാക്സീൻ നിർമാണത്തിനു വേണ്ടി യുഎസിൽ വൻ നിക്ഷേപം നടത്തിയ ബിൽ ഗേറ്റ്സ്, വാക്സീന്റെ ബൗദ്ധിക സ്വത്തവകാശം വികസ്വര രാജ്യങ്ങൾക്ക് കൈമാറുന്നതിനെ എതിർക്കുന്നു. അതിനുള്ള ലബോറട്ടറി നിലവാരം ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾക്ക് ഇല്ല എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ 350 കോടി ജനങ്ങൾക്ക് വാക്സീനേഷൻ നൽകേണ്ട ഇന്ത്യയ്ക്ക് അത്രയും ഡോസ് വാക്സീൻ ഇറക്കുമതി ചെയ്യാനാകില്ല. ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, ഡോ. റെ‍ഡീസ് ലാബ് (സ്പുട്നിക് )എന്നീ കമ്പനികളാണ് ഇപ്പോൾ വാക്സീൻ നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ഈ കമ്പനിക‍ളാകട്ടെ രാജ്യത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വാക്സീൻ ഉൽ‍പാദിപ്പിക്കുന്നുമില്ല.

ആദ്യഘട്ടത്തിൽ കോവിഡിനെ നിയന്ത്രിക്കുന്നതിൽ കുറച്ചെങ്കിലും വിജയിച്ച കേന്ദ്രസർക്കാരിന് രണ്ടാംഘട്ടത്തിൽ എവിടെയാണ് പാളിയത്? യുഎസിലെ വൻകിട മരുന്നു കമ്പനികളുമായി ചർച്ച നടത്തി എന്തുകൊണ്ടാണ് കൂടുതൽ വാക്സീൻ രാജ്യത്തേക്കു കൊണ്ടുവരാൻ കഴിയാത്തത്? ബൗദ്ധിക സ്വത്തവകാശ നിയമത്തിൽ ഇളവു വാങ്ങി എന്തുകൊണ്ടാണ് ഫൈസർ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളിൽ നിന്ന് സങ്കേതിക‍വിദ്യ വാങ്ങാൻ കഴിയാത്തത്? രാജ്യം ഗുരുതരമായ മഹാമാരി ഭീഷണി നേരിടുമ്പോൾ എന്തുകൊണ്ട് വാക്സീൻ ഇറക്കുമതി സംബന്ധിച്ച നിയന്ത്രണങ്ങളിൽ കേന്ദ്രസർക്കാർ ഇളവു വരുത്തുന്നില്ല?

സംസ്ഥാനങ്ങൾക്ക് വിദേശത്തുനിന്ന് നേരിട്ട് വാക്സീൻ വാങ്ങാം എന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും വൻകിട മരുന്നു കമ്പനികൾ കേന്ദ്രീകൃത‍മായിട്ടേ ഇറക്കുമതി ചെയ്യാൻ ത‍യാറാകൂ എന്ന പ്രശ്നവുമുണ്ട്. കേരളത്തിൽ സ്വകാര്യ ആശുപത്രികൾക്ക് ഇന്ത്യയിലുള്ള മരുന്ന് കമ്പനികളിൽനിന്ന് വാക്സീൻ വാങ്ങി കുത്തി‍വയ്പ് നടത്താൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും വൻ‍കിടക്കാർ ഒഴിച്ചുള്ള സ്വകാര്യ ആശുപത്രികൾക്ക് അവ ലഭ്യമാകുന്നില്ല. കൂടുതൽ സ്വാധീന ശക്തിയുള്ള കോർപറേറ്റ് ആശുപത്രികൾ അവ കൈക്ക‍ലാക്കുന്നുവത്രേ.

എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന് പരസ്യമായി സ്വകാര്യ ആശുപത്രികളോട‍് വാക്സീൻ വാങ്ങി ഉയർന്ന നിരക്കിൽ നൽകാൻ നിർബന്ധിക്കാനാവില്ല എന്നതും മറ്റൊരു പ്രശ്നം. അതേസമയം, കാശുള്ള‍വർക്ക് ഉയർന്ന നിരക്കിൽ വാക്സീൻ ലഭ്യമാക്കിയാൽ സാധാരണക്കാർക്ക് സൗജന്യനിരക്കിൽ കൂടുതൽ വാക്സീൻ വേഗത്തിൽ നൽകാനാകും എന്നതു മറന്നു പോകരുത്. വാക്സീന്റെ കാര്യത്തിൽ യഥാർഥത്തിൽ എന്താണ് സംഭവിക്കുന്ന‍തെന്നും സർക്കാരിന്റെ നയം എന്താണെന്നും സാധാരണ ജനത്തിന് ഇപ്പോഴും അറിയില്ല. കോടികളുടെ സർക്കാർ പദ്ധതികൾ നിർത്തി വ‍ച്ചിട്ടാണെങ്കിലും എത്രയും വേഗം, പരമാവധി വാക്സീൻ വിതരണം ചെയ്ത്, മരണത്തിൽനിന്ന് രക്ഷിച്ചി‍ല്ലെങ്കിൽ പിന്നീട് ഭരിക്കാൻ ഇന്ന് കാണുന്ന പ്രജകൾ പലരും ഉണ്ടാവില്ല എന്ന് ഭരണകൂടവും ചിന്തിക്കുന്നത് നല്ലത്.

Content Summary : Thalakkuri Column - Covid-19 : How India failed to prevent a deadly second wave

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.