ആദ്യ മേളയുടെ ഓർമ്മകൾ

thalakuri-iffk
SHARE

മൂന്നുവർഷത്തിന്റെ ഇടവേളയ്ക്കു ശേഷം കോവിഡിനെ അതിജീവിച്ച് ഐ എഫ് എഫ് കെ രാജ്യാന്തര ചലച്ചിത്രമേള പൂർണ രൂപത്തിൽ മടങ്ങിയെത്തുന്നു. 186 സിനിമകളുമായി 14 തിയേറ്ററുകളിൽ മേളയ്ക്ക് ഇന്ന് തിരി തെളിയുമ്പോൾ ഏറെക്കുറെ മൂന്നു പതിറ്റാണ്ട് മുമ്പ് തലസ്ഥാനത്ത് അരങ്ങേറിയ ആദ്യമേള ഓർമ്മ വരുന്നു. 4 ലക്ഷം രൂപയുടെ ബജറ്റിൽ, അന്തരിച്ച സിനിമാ നടൻ സുകുമാരന്റെ അധ്യക്ഷതയിൽ, ചലച്ചിത്ര വികസന കോർപ്പറേഷൻ നേതൃത്വത്തിലായിരുന്നു ആദ്യമേള. ഏതാനും രാജ്യാന്തര സിനിമകളുമായി തലേവർഷം കോഴിക്കോട് അരങ്ങേറിയമേളയുടെ ചുവട് പിടിച്ചായിരുന്നു ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിലെ കന്നി രാജ്യാന്തര മേള. അതിനു മുമ്പു രണ്ടു വർഷം തുടർച്ചയായി സൂര്യ കൃഷ്ണ മൂർത്തി ഡയറക്റ്ററായി നടന്ന രണ്ടു മേളകളെ മറക്കുന്നില്ല. ആ മേളകളാണ് തലസ്ഥാനത്തെ മലയാളികൾക്ക് ആദ്യമായി വ്യത്യസ്ത കാഴ്ച്ചയുടെ വിരുന്നൊരുക്കിയത്. 

കോഴിക്കോട്ട് 1994ൽ ചലച്ചിത്ര വികസന കോർ‍പറേഷൻ തുടങ്ങിവച്ച മേള ഇന്ന് ഐ എഫ് എഫ് കെ എന്ന പേരിൽ രാജ്യാന്തര തലത്തിൽ പ്രശസ്ത‍മായെങ്കിൽ അതിൻറെ പിന്നിൽ പ്രവർത്തിച്ച ഒരു സംഘം ചലച്ചിത്രപ്രവർത്തകരെ ഓർക്കാതെ വയ്യ.

കോഴിക്കോട്ട് അന്നത്തെ മേളയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രി കെ കരുണാകരൻ. വേദി കോഴിക്കോട് ടഗോർ തിയേറ്റർ. ചലച്ചിത്ര പ്രദർശനം നടന്നത് അവിടത്തെ കൈരളി , ശ്രീ തിയേറ്ററുകളിൽ. അന്നു മേളയ്ക്കു ചുക്കാൻ പിടിച്ച രണ്ടുപേർ ചലച്ചിത്ര വികസന കോർ‍പറേഷൻ ചെയർമാനും പ്രശസ്ത നടനുമായ സുകുമാരനും എംഡിയായിരുന്ന കെ. ജയകുമാറും. മേളയിൽ വച്ച് കേരളത്തിനു സ്വന്തമായി ഒരു രാജ്യാന്തര ചലച്ചിത്രമേള എന്ന ആശയത്തിന്റെ വിത്തെറിഞ്ഞത് ചലച്ചിത്ര ഗാനരചയിതാവു കൂടിയായ ജയകുമാർ. പിന്നീടു കെ.ജി. ജോർജ്, എം.ജി. സോമൻ , സൂര്യ കൃഷ്ണമൂർത്തി, രാജീവ് നാഥ്, വി. രാജകൃഷ്ണൻ, എം എഫ് തോമസ് തുടങ്ങിയ ചലച്ചിത്രപ്രവർത്തകർ ആശയത്തിനു പിന്തുണ നൽകി. തൊട്ടടുത്ത വർഷം തിരുവനന്തപുരം നഗരം ചലച്ചിത്ര വികസന കോർപറേഷൻ മുൻകൈയെടുത്ത ആദ്യ മേളയ്ക്കു വേദിയായി.

തലസ്ഥാനത്തെ ടഗോർ തിയേറ്ററിലും കൈരളി, ശ്രീ, കലാഭവൻ തിയറ്ററുകളിലുമായി അരങ്ങേറി. അപ്പോഴും ചെയർമാൻ സുകുമാരനും എംഡി ജയകുമാറും തന്നെ. ഇതിനു തൊട്ടു മുൻപായി തിരുവനന്തപുരത്ത് അരങ്ങേറിയ ഇന്ത്യൻ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലും ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലുമൊക്കെ തലസ്ഥാനത്തെ മലയാളികളിൽ രാജ്യാന്തര സിനിമകളോട് ആഭിമുഖ്യം വളർത്തിയിരുന്നു.  ജയാ ബച്ചൻ അധ്യക്ഷയായ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്ര മേളയിലൂടെയാണ് തലസ്ഥാനത്തുള്ളവർ ആദ്യമായി ഇറാൻ സിനിമയുടെ സൗന്ദര്യം അറിഞ്ഞത്. പിന്നീട് ഇറാൻ സിനിമകൾ മലയാളികളുടെ ഹരമായി. അന്ന് ഫിംലിം ആർക്കൈവ്സിൽ നിന്ന് ലോറിയിലും മറ്റുമായി ഒട്ടേറെ ലോക ക്ളാസിക്കുകളുടെ റീലുകൾ തിരുവനന്തപുരത്തെത്തിച്ച, നാഷണണൽ ഫിലിം ആർക്കൈവ്സിന്റെ സ്ഥാപക ഡയറകടർ പി.കെ. നായരോടു മേള ഏറെ കടപ്പട്ടിരിക്കുന്നു.

ആദ്യത്തെ ചലച്ചിത്രോത്സവം വൻ വിജയമായതോടെ സർക്കാർ തന്നെ മേള ഏറ്റെടുത്തു. നടത്തിപ്പ് ചലച്ചിത്ര അക്കാദമിയെ ഏൽപ്പിച്ചു. ഇന്ത്യയിൽ തന്നെ ഒരു സംസ്ഥാന സർക്കാർ ആദ്യമായി ഒരു രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിക്കുകയായിരുന്നു. തലസ്ഥാനത്തിന്റെ സ്വന്തം ഫിലിം സൊസൈറ്റികളായ ചിത്രലേഖയും ചലച്ചിത്രയും പിന്നെ സൂര്യയുമൊക്കെ അനന്തപുരിയിൽ ഒരു രാജ്യാന്തര മേളയ്ക്കുള്ള അരങ്ങൊരുക്കിയിരുന്നു. സൂര്യ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽസിനിമയുടെ നൂറാം വാർഷികം ആഘോഷിക്കാൻ 100 സിനിമകളുടെ പ്രദർശനം ഒരുക്കിയതും അക്കാലത്ത് അഭിരുചി മാറ്റത്തിന്റെ നാഴികക്കല്ലായി. അന്നത്തെ മേള ഒരു കുടുംബ കൂട്ടായ്മ പോലെയായിരുന്നു. സംഘാടകരും ആസ്വാദകരും ഒന്നുതന്നെയിരുന്നു. ചലച്ചിത്രകാരന്മാരും മാധ്യമ പ്രവർത്തകരും കലാഭവനിൽ ഒന്നിച്ചിരുന്നു പടങ്ങൾ കണ്ടു. അഭിപ്രായങ്ങൾ പങ്കു വച്ചു. അന്നു താടി വച്ച ബുദ്ധിജീവികൾ കുറവായിരുന്നു. സംഘാടകരെ മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുമായി ഓപ്പൺ ഫോറങ്ങൾ ഇല്ലായിരുന്നു. പരാതികൾ സംഘാടകരും ആസ്വാദകരും ഒന്നിച്ചിരുന്നു ചർച്ച ചെയ്തു പരിഹരിച്ചു.

മേളയുടെ ആദ്യകാല ദിനങ്ങളിൽ അതിന് ഊടും പാവും നെയ്ത, സിനിമ തലക്കു പിടിച്ച, ഒട്ടേറെ ചലച്ചിത്ര പ്രവർത്തകരുണ്ടായിരുന്നു. പലരും ഇന്ന് രംഗത്തില്ല. ചിലരൊക്കെ കാലത്തിന്റെ തിരശീലയ്ക്കു പിന്നിലായി. ചിലർ ഡെലിഗേറ്റുകളായി ഇത്തവണയും സിനിമ കാണുന്നുണ്ടാകും. അവരെയൊക്കെ എല്ലാവരും മറന്നു.

Content Summary: Thalakuri - Column by John Mundakkayam on First International Film Festival of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS