sections
MORE

അവസാനത്തെ ഇടവും നഷ്ടപ്പെട്ട് ഐഎസ്

HIGHLIGHTS
  • അന്തിമ പോരാട്ടം ഒരു ചെറുപട്ടണത്തിൽ
  • ഐഎസ് തിരിച്ചുവന്നേക്കാമെന്നു ട്രംപ്
elimination-of-isis-from-last-place
ഐഎസിന്റെ മുന്നേറ്റം സിറിയയിലെ ആഭ്യന്തരയുദ്ധത്തെ കൂടുതൽ സങ്കീർണമാക്കി. പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണം അവസാനിക്കാനായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്നവർക്ക് ഐഎസിനെതിരെയും പോരാടേണ്ടിവന്നു)
SHARE

കേരളത്തിന്റെ ഇരട്ടിയിലേറെ വലിപ്പമുള്ള ഒരു പ്രദേശം  (88,000 ചതുരശ്ര കിലോമീറ്റർ) കൈയടക്കി വച്ചിരിക്കുകയായിരുന്നു ഐഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന. സിറിയയിലും ഇറാഖിലുമായി പരന്നുകിടക്കുന്ന അവിടെ അവർ സ്വന്തമായ ഒരു ‘രാഷ്ട്രം’ സ്ഥാപിച്ചതായി പ്രഖ്യാപിക്കുകയുമുണ്ടായി. അഞ്ചു വർഷം കഴിഞ്ഞപ്പോഴേക്കും അതു തകർന്നു. ഐഎസ് നാമാവശേഷമായി. 

ഇറാഖ് അതിർത്തിക്കടുത്തുളള കിഴക്കൻ സിറിയയിലെ ബാഗൂസ് എന്ന ചെറുപട്ടണമാണ് ഏറ്റവും ഒടുവിൽ അവരുടെ അധീനത്തിൽ അവശേഷിച്ചിരുന്നത്. അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളുടെയും പിന്തുണയുള്ള സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസും (എസ്ഡിഎഫ്) അവരും തമ്മിൽ ഏതാനും ആഴ്ചകളായി പൊരിഞ്ഞ പോരാട്ടം നടക്കുകയായിരുന്നു. 

അവിടെനിന്നും അവരെ തുരത്തിയെന്നാണ് ഇക്കഴിഞ്ഞ ശനിയാഴ്ച (മാർച്ച് 23) എസ്ഡിഎഫ് പ്രഖ്യാപിച്ചത്. എട്ടു വർഷമായി തുടർന്നുവരുന്ന സിറിയൻ ആഭ്യന്തര യുദ്ധത്തിലെതന്നെ ഒരു നിർണായക വഴിത്തിരിവാണ് ഈ സംഭവം. 

ഐഎസിന് അവരുടെ രാജ്യം പൂർണമായും നഷ്ടപ്പെട്ടതോടെ അവരിൽനിന്നുള്ള ഭീഷണി എന്നെന്നേക്കുമായി അവസാനിച്ചുവെന്നു കരുതുന്നവരുണ്ട്. എന്നാൽ, ഇറാഖിലും സിറിയയിലും അവരുടെ അടിയുറച്ച പ്രവർത്തകർ ഗണ്യമായ തോതിൽ ഇപ്പോഴും അവശേഷിക്കുകയാണ്രേത. 

isis

അവരുടെ ഖലീഫയായി (നായകൻ) സ്വയം അവരോധിച്ചിരുന്ന അബുബക്കർ അൽബഗ്ദാദി തന്നെ ഇറാഖിലെ അംബാർ പ്രവിശ്യയിൽ എവിടെയോ ഉണ്ടെന്നും പറയപ്പെടുന്നു. നൈജീരിയ, യെമൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയ ചില രാജ്യങ്ങളിൽ ഐഎസിനെ അനുകൂലിക്കുന്ന തീവ്രവാദി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നതും ഒരു യാഥാർഥ്യമാണ്. അതിനാൽ ഐഎസ് പ്രശ്നം തീർത്തും അവസാനിച്ചിട്ടില്ലെന്നു കരുതുന്നവരുമുണ്ട്.  

ഐഎസിന്റെ പ്രതാപകാലത്തു ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും, അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽനിന്നുപോലും, ഒട്ടേറെ പേർ ഐഎസിലേക്ക് ആകൃഷ്ടരാവുകയുണ്ടായി. ഇവരിൽ പലരും യുദ്ധത്തിൽ കൊല്ലപ്പെടുകയും തടവിലാവുകയും ചെയ്തു. അവശേഷിക്കുന്നവർ സ്വന്തം നാടുകൾക്കുതന്നെ ഭീഷണിയാകാനുള്ള സാധ്യതയും അധികമാരും തള്ളിക്കളയുന്നില്ല. 

ഇറാഖിൽ 2003ൽ അമേരിക്ക നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ അരാജകത്വത്തിനിടയിൽ രൂപംകൊണ്ടതാണ്  ഐഎസ്. അടുത്തടുത്തു കിടക്കുന്ന ഇറാഖിലെയും സിറിയയിലെയും പല സ്ഥലങ്ങളും അവർ ഒന്നൊന്നായി പിടിച്ചടക്കി. എങ്കിലും, 2014 ജൂണിൽ മിന്നലാക്രമണത്തിലൂടെ വടക്കൻ ഇറാഖിലെ മൊസൂൽ നഗരം പിടിച്ചടക്കുന്നതുവരെ അവരുടെ ശക്തി വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോവുകയായിരുന്നു.  

തലസ്ഥാനമായ ബഗ്ദാദ് കഴിഞ്ഞാൽ ഇറാഖിലെ ഏറ്റവും വലിയ നഗരവും പ്രമുഖ വ്യവസായ-വാണിജ്യ കേന്ദ്രവുമാണ് മൊസൂൽ. അവിടെയുള്ള എണ്ണപ്പാടങ്ങളും ബാങ്കുകളിലെ പണവും സ്വർണവും ഇറാഖി സൈന്യം ഇട്ടേച്ചുപോയ ടാങ്കുകളും കവചിത വാഹനങ്ങളും മറ്റ് ആയുധങ്ങളുമെല്ലാം അവരുടേതായി.  

ഇത്രയും ചുരുങ്ങിയ കാലത്തിനിടയിൽ ഇത്രയും സമ്പന്നവും സുശക്തവുമായിത്തീർന്ന ഒരു ഭീകരസംഘടന വേറെയില്ല. രാജ്യാന്തര തലത്തിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ ഇതവർക്കു സഹായകമായി.

മൊസൂൽ പിടിച്ചടക്കിയതിന്റെ പത്തൊൻപതാം ദിവസമായിരുന്നു നഗരത്തിലെ എട്ടര നൂറ്റാണ്ടു പഴക്കമുള്ള അൽനൂറി മസ്ജിദിൽ വച്ച് ഐഎസ്തലവൻ അബുബക്കർ അൽ ബഗ്ദാദി നടത്തിയ ഖിലാഫത്ത് പ്രഖ്യാപനം. ബഗ്ദാദി ഖലീഫയും വടക്കൻ സിറിയയിലെ റഖ രാഷ്ട്രതലസ്ഥാനവുമായി. 

പിടിയിലായവരോട് അതിക്രൂരമായ വിധത്തിലാണ് ഐഎസ്പെരുമാറിയത്. അവരെ വരിവരിയായി മുട്ടുകുത്തി നിർത്തി കഴുത്തറുത്തുകൊല്ലുകയും അതിന്റെ വിഡിയോ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. 

SYRIA-CONFLICT-ISIS

തങ്ങളുടെ വിപ്ളവം ലോകത്തിന്റെ പല ഭാഗത്തേക്കും കയറ്റിയയക്കാനുള്ള തിടുക്കത്തിലുമായിരുന്നു ഐഎസ്. നേരിട്ടും ആരാധകർ മുഖേനയും അഞ്ചു വർഷങ്ങൾക്കിടയിൽ അവർ നടത്തിയ ചെറുതും വലുതുമായ ഭീകരാക്രമണങ്ങൾ 140ൽ ഏറെ വരും. മൊത്തം രണ്ടായിരത്തിലേറെ പേർ കൊല്ലപ്പെട്ടുവെന്നും കണക്കുകൾ പറയുന്നു. 

ലിബിയ, യെമൻ, നൈജീരിയ, തുനീസിയ, ബംഗ്ളദേശ്, ഇന്തൊനീഷ്യ, അഫ്ഗാനിസ്ഥാൻ, ഫിലിപ്പീൻസ്, ഇൗജിപ്ത് എന്നിവ മുതൽ ഫ്രാൻസ്, ഇംഗ്ളണ്ട്, തുർക്കി, ബെൽജിയം എന്നിവവരെയുള്ള 29 രാജ്യങ്ങളിൽ ആക്രമണങ്ങൾ നടന്നു. 2015ൽ ഫ്രാൻസിലെ പാരിസിൽ നടന്ന ആക്രമണ പരമ്പരയിൽ 130 പേർ കൊല്ലപ്പെട്ടു. 

ഐഎസിനെ തകർക്കുകയെന്നത് ഇതോടെ രാജ്യാന്തരസമൂഹത്തിന്റെ അടിയന്തരാവശ്യമായിത്തീർന്നു. പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണത്തിൽ അമേരിക്കയും ചില സഖ്യരാജ്യങ്ങളുംകൂടി 2016ൽ സിറിയയിലെ ഐഎസ് താവളങ്ങളിൽ വ്യോമാക്രമണം തുടങ്ങിയത് അങ്ങനെയാണ്. 

ഐഎസിന്റെ മുന്നേറ്റം സിറിയയിലെ ആഭ്യന്തരയുദ്ധത്തെ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തു. പ്രസിഡന്റ് ബഷാർ അൽ അസദിന്റെ ഭരണം അവസാനിക്കാനായി യുദ്ധത്തിൽ ഏർപ്പെട്ടിരുന്നവർക്ക് ഐഎസിനെതിരെയും പോരാടേണ്ടിവന്നു. 

അത് അസദിനു ഗുണകരമായി. നേരത്തെ തനിക്കു നഷ്ടപ്പെട്ടു പോയ പല സ്ഥലങ്ങളും അതിനിടയിൽ ഇറാന്റെയും റഷ്യയുടെയും സഹായത്തോടെ അസദ് തിരിച്ചുപിടിക്കുകയും ചെയ്തു. 

ഐഎസുമായയുള്ള യുദ്ധത്തിൽ അന്തിമ വിജയം നേടിയ എസ്ഡിഎഫ് സംഘടന കുർദുകളുടെ നേതൃത്വത്തിലുള്ളതാണ്. അമേരിക്കയും സഖ്യരാജ്യങ്ങളും അവരെ സഹായിക്കുന്നു.  അവർക്കു പരിശീലനവും ഉപദേശവും നൽകാനായി രണ്ടായിരം യുഎസ് ഭടന്മാരും സിറിയയിലുണ്ട്. 

lebanese-army-in-syria

പക്ഷേ, ഈ കൂട്ടുകെട്ട് സിറിയയുമായി അതിർത്തി പങ്കിടുന്ന തുർക്കിയെ അസ്വസ്ഥമാക്കുന്നു. കാരണം, എസ്ഡിഎഫിനു നേതൃത്വം നൽകുന്ന കുർദുകൾ  വൈപിജി എന്ന ചുരുക്കപ്പേരുള്ള കുർദ് സായുധസംഘടനയിലുള്ളവരാണ്. തുർക്കി അവരെ കാണുന്നതു തെക്കൻ തുർക്കിയിലെ വിഘടന വാദികളായ പികെകെ എന്ന കുർദ് തീവ്രവാദി സംഘടനയുടെ ഭാഗമെന്ന നിലയിലും.  

അമേരിക്കയുമായുള്ള കൂട്ടുകെട്ട് വൈപിജിക്കു ശക്തി പകരുകയും തുർക്കിയിലെ പികെകെയുടെ വിഘടന പ്രവർത്തനത്തിനു സഹായകമാവുകയും ചെയ്യുമെന്നു തുർക്കി ഭരണകൂടം ഭയപ്പെടുന്നു. അതിനാൽ, അതിർത്തി കടന്ന് അവരെ ആക്രമിക്കാൻ താൻ സൈന്യത്തെ അയക്കുമെന്നുപോലും തുർക്കി പ്രസിഡന്റ് റസിപ് തയ്യിപ്  എർദൊഗാൻ ഭീഷണിപ്പെടുത്തുകയുണ്ടായി. ഇതും സിറിയയിലെ സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. 

ഐഎസിന്റെ മേൽ എസ്ഡിഎഫ് അന്തിമ വിജയം നേടിയത് ഇപ്പോഴാണെങ്കിലും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ ഡിസംബറിൽതന്നെ വിജയം അവകാശപ്പെടുകയുണ്ടായി. അതിനാൽ യുഎസ് ഭടന്മാർ ഇനിയും സിറിയയിൽ നിൽക്കേണ്ട ആവശ്യമില്ലെന്നും അവരെ പൂർണമായി  പിൻവലിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. 

Iraqi-army-members

സഖ്യരാജ്യങ്ങളെ മാത്രമല്ല, ട്രംപിന്റെ ചില സീനിയർ ഉപദേഷ്ടാക്കളെപ്പോലും ഇതു ഞെട്ടിച്ചു. കാരണം ഐഎസ് അപ്പോഴും പൂർണമായി പരാജയപ്പെട്ടു കഴിഞ്ഞിട്ടില്ലെന്ന്  അവർക്ക് ബോധ്യമുണ്ടായിരുന്നു.

യുഎസ് ഭടന്മാർ തിരിച്ചുപോകുന്നതോടെ ഐഎസ് വീണ്ടും ശക്തിപ്രാപിക്കുമെന്നും സിറിയയിൽ റഷ്യയുടെയും ഇറാന്റെയും സ്വാധീനം വർധിക്കാൻ അതു വഴിയൊരുക്കുമെന്നും അവർ ആശങ്കപ്പെട്ടു. പ്രതിരോധ സെക്രട്ടറിയായ ജനറൽ ജിം മാറ്റിസിന്റെ രാജിക്കുപോലും ട്രംപിന്റെ ആ പ്രഖ്യാപനം കാരണമാവുകയുംചെയ്തു.  

ഐഎസിന്റെമേൽ അന്തിമവിജയം നേടിയ വിവരം ഇത്തവണ ട്രംപ് പ്രഖ്യാപിച്ചതു കരുതലോടെയാണ്. അവർ വീണ്ടും ശക്തിപ്പെട്ടേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സിറിയയിൽനിന്നു യുഎസ് സൈന്യത്തെ പിൻവലിക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞുമില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VIDESHARANGOM
SHOW MORE
FROM ONMANORAMA